Tuesday, October 15, 2013

മുഖ്യമന്ത്രിയുടെ വരവ്; തൃശൂര് നഗരത്തില്‍ പൊലീസ് ഭീകരത

മുഖ്യമന്ത്രിയുടെ വരവു പ്രമാണിച്ച് എല്‍ഡിഎഫ് സമരത്തെ നേരിടാന്‍ നഗരത്തില്‍ വന്‍ പൊലീസ്സന്നാഹം. പൊലീസിന്റെ സുരക്ഷാസന്നാഹങ്ങളില്‍ നഗരം വീര്‍പ്പുമുട്ടി. നൂറുകണക്കിനു പൊലീസുകാരെ വിന്യസിച്ച് പ്രധാനറോഡുകളെല്ലാം തടസ്സപ്പെടുത്തിയായിരുന്നു സുരക്ഷാക്രമീകരണം. ഇതോടെ നഗരത്തിന്റെ വിവിധയിടങ്ങളില്‍ കുടുങ്ങി യാത്രക്കാര്‍ വലഞ്ഞു.

സാഹിത്യ അക്കാദമിയില്‍ നടക്കുന്ന സ്വകാര്യചടങ്ങില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി തിങ്കളാഴ്ച തൃശൂരിലെത്തിയത്. വൈകിട്ട് 4.20ഓടെ എത്തിയ അദ്ദേഹം 5.35 ഓടെയാണ് നഗരം വിട്ടത്. മുഖ്യമന്ത്രിയുടെ വരവു പ്രമാണിച്ച് രാവിലെമുതല്‍ പൊലീസ് നഗരത്തില്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഉച്ചകഴിഞ്ഞതോടെ പരിപാടി നടക്കുന്ന പാലസ് റോഡിലേക്കുള്ള മുഴുവന്‍റോഡുകളും തടഞ്ഞു. എന്‍ജിഒ യൂണിയന്‍ ഓഫീസ്പരിസരം, ചെമ്പൂക്കാവ് ജങ്ഷന്‍, മോഡല്‍ ബോയ്സിനു മുന്‍വശം, സെന്റ്തോമസ് കോളേജ് റോഡ്, സാഹിത്യഅക്കാദമിക്കു പിന്‍വശമുള്ള റോഡ് എന്നിവിടങ്ങളിലെല്ലാം പൊലീസ് ബാരിക്കേഡുകള്‍വച്ചു. സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് പാലസ് റോഡിലേക്ക് യാത്രക്കാര്‍ കടക്കുന്നതും നിരോധിച്ചു. വഴിയാത്രക്കാര്‍ ഉള്‍പ്പെടെ ആരെയും കടന്നുപോകാന്‍ അനുവദിച്ചില്ല. മാധ്യമപ്രവര്‍ത്തകരെപോലും കടക്കാന്‍ അനുവദിച്ചില്ല. ഐജി എസ് ഗോപിനാഥ്, സിറ്റി പൊലീസ് കമീഷണര്‍ പി പ്രകാശ് എന്നിവരുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് പൊലീസ് നിലയുറപ്പിച്ചത്.

സംഘര്‍ഷം സൃഷ്ടിക്കാന്‍ യൂത്ത് കോണ്‍ഗ്രസ്; കാഴ്ചക്കാരായി പൊലീസ്

തൃശൂര്‍: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കുനേരെ കോണ്‍ഗ്രസ്þയൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘര്‍ഷത്തിന് ശ്രമിച്ചു. സമരകേന്ദ്രത്തിലേക്ക് പോവുകയായിരുന്ന എല്‍ഡിഎഫ് പ്രവര്‍ത്തകനെ സാഹിത്യഅക്കാദമിക്കുമുന്നില്‍വച്ച് ഇവര്‍ മര്‍ദിച്ചു. അക്രമികള്‍ക്ക് മുന്നില്‍ പൊലീസ് കാഴ്ചക്കാരായത് പ്രതിഷേധത്തിനിടയാക്കി.

ടൗണ്‍ഹാളില്‍ നിന്ന് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം തുടങ്ങിയത്. ചെമ്പൂക്കാവ് ജങ്ഷനില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി. എല്‍ഡിഎഫ് നേതാക്കള്‍ ഇടപെട്ട്് പ്രവര്‍ത്തകര്‍ പ്രകോപിതരാവാതെ നിയന്ത്രിച്ചു. ഇതോടെയാണ് കാഴ്ചക്കാരായി നിന്ന പൊലീസുകാരും ഇടപെട്ടത്. ടൗണ്‍ഹാളില്‍ നടന്ന യൂത്ത്കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞുനിര്‍ത്തിയതിനെ നേതാക്കള്‍ ചോദ്യംചെയ്തു. പൊലീസിനെ ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പ്രവര്‍ത്തകരെ പാലസ് റോഡിലേക്ക് കടത്തിയത്. എല്‍ഡിഎഫ് സമരം നടക്കുമ്പോള്‍ ജാഥയായി മുദ്രാവാക്യം മുഴക്കിയാണ് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോയത്. ജാഥയിലും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. പൊലീസ് വിലക്ക് ലംഘിച്ച് പ്രകടനം നടത്തുകയും ചെയ്തു. ടൗണ്‍ഹാളിനു മുന്നിലും സാഹിത്യ അക്കാദമിക്ക് മുന്നിലും യൂത്ത് സംഘങ്ങള്‍ അസഭ്യമുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ഏറെനേരം നിലയുറപ്പിച്ചത്.

deshabhimani

No comments:

Post a Comment