Tuesday, October 15, 2013

കന്യാകുമാരി തീരത്ത് ആയുധശേഖരവുമായി യുഎസ് കപ്പല്‍ പിടികൂടി

ആയുധശേഖരവുമായി ഇന്ത്യന്‍ തീരത്ത് എത്തിയ അമേരിക്കന്‍ ചരക്ക് കപ്പല്‍ കന്യാകുമാരി ഭാഗത്ത് തീരരക്ഷാസേനയുടെ പിടിയിലായി. ആയുധങ്ങള്‍ കടത്താനുള്ള മതിയായ രേഖ ഹാജരാക്കാന്‍ കപ്പല്‍ജീവനക്കാര്‍ക്ക് കഴിഞ്ഞില്ല. ഇന്ത്യന്‍ തീരത്തേക്ക് കടന്നതിനും വിശദീകരണം നല്‍കാനായില്ല. തൂത്തുക്കുടി തീരസുരക്ഷാ പൊലീസ് കപ്പല്‍ അധികൃതര്‍ക്ക് എതിരെ കേസെടുത്തു. സംശയകരമായ സാഹചര്യത്തില്‍ തീരത്ത് ആയുധവുമായി അമേരിക്കന്‍ കപ്പല്‍ എത്തിയതിനെ കുറിച്ച് കേന്ദ്ര ആഭ്യന്തരവകുപ്പ് തമിഴ്നാട് സര്‍ക്കാരിനോട് വിശദീകരണം തേടി. രണ്ടുമാസത്തിനിടെ രണ്ടാംതവണയാണ് ഈ കപ്പല്‍ പിടിയിലാകുന്നത്. മുമ്പ് കൊച്ചി തീരത്ത്വച്ച് കപ്പല്‍ കോസ്റ്റ്ഗാര്‍ഡ് പിടികൂടിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വിട്ടയയ്ക്കുകയായിരുന്നുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയിലെ വിര്‍ജീനിയ ആസ്ഥാനമായ അഡ്വന്റ്ഫോര്‍ട്ട് കമ്പനിയുടെ ഉടമസ്ഥതയിലുള്ള എംവി സീമാന്‍ ഗാര്‍ഡ് ഒഹിയോ എന്ന ചരക്ക് കപ്പലാണ് വെള്ളിയാഴ്ച കന്യാകുമാരി തീരത്ത് വച്ച് തീരരക്ഷാസേന വളഞ്ഞിട്ട് പിടിച്ചത്. വിശദപരിശോധനകള്‍ക്ക് ശേഷം തിങ്കളാഴ്ചയാണ് കേസെടുത്തത്. 31 യന്ത്രത്തോക്കും അയ്യായിരത്തോളം റൗണ്ട് തിരയും കപ്പലില്‍ നിന്ന് കണ്ടെത്തി. പ്രാദേശികഏജന്റ് വഴി ഇന്ത്യയില്‍ നിന്നും 1500 ലിറ്റര്‍ ഡീസല്‍ അനധികൃതമായി വാങ്ങാന്‍ ശ്രമിച്ചതിന് അവശ്യവസ്തു നിയമപ്രകാരവും കേസെടുത്തു. കപ്പലില്‍ പത്ത് ജീവനക്കാരും(രണ്ട് യുക്രയിന്‍കാരും എട്ട് ഇന്ത്യക്കാരും) 25 സായുധരായ സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്.(ആറ് ബ്രിട്ടീഷ്, 14 എസ്തോണിയ, 1 യുക്രയിന്‍, 4 ഇന്ത്യക്കാര്‍) ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കടല്‍ക്കൊള്ളക്കാരുടെ ശല്യമുള്ള മേഖലയിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് സായുധസുരക്ഷ ഒരുക്കുന്നതിന്റെ ചുമതലയുള്ള കമ്പനിയുടേതാണ് കപ്പലെന്നാണ് ക്യാപ്റ്റന്റെ വിശദീകരണം. എന്നാല്‍, ഇത് സാധൂകരിക്കാനുള്ള രേഖകളോ സാക്ഷ്യപത്രങ്ങളോ ഇവരുടെ കൈവശമില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തൂത്തുക്കുടി തുറമുഖത്ത് എത്തിച്ച കപ്പലിലെ ജീവനക്കാരെ തീരരക്ഷാസേന, നാവികസേന, കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തുവരുന്നു. കപ്പലിന്റെ യഥാര്‍ഥ ലക്ഷ്യം ഇതുവരെ കണ്ടെത്താനായില്ല.

deshabhimani

No comments:

Post a Comment