Wednesday, October 16, 2013

കുട്ടനാട് പാക്കേജ്: കരാറുകാര്‍ വിട്ടുനില്‍ക്കുന്നു

കുട്ടനാട് പാക്കേജില്‍പ്പെടുത്തി ജലസേചന വകുപ്പ് ആവിഷ്കരിച്ച പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതില്‍നിന്ന് കരാറുകാര്‍ വിട്ടുനില്‍ക്കുന്നു. കുട്ടനാട്ടിലെ 54 പാടശേഖരങ്ങളുടെ ബണ്ട് നിര്‍മാണം ഇതോടെ അനിശ്ചിതത്വത്തിലായി. ടെന്‍ഡര്‍ ക്ഷണിച്ചിട്ടും ഇതുവരെയും ആരും കരാര്‍ ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നിട്ടില്ല. ഇതിനിടെ പ്രവൃത്തികള്‍ കര്‍ഷകരെക്കൊണ്ട് ഏറ്റെടുപ്പിക്കാന്‍ അധികൃതര്‍ ശ്രമം തുടങ്ങി. 84 പാടശേഖരങ്ങളുടെ ബണ്ട് നിര്‍മാണംകൂടി അടുത്ത ദിവസങ്ങളിലായി ടെന്‍ഡര്‍ ചെയ്യുമെന്ന് പാക്കേജ് ഇറിഗേഷന്‍ ഓഫീസ് അധികൃതര്‍ പറഞ്ഞു. രാമങ്കരി പഞ്ചായത്തില്‍ 14, നീലംപേരൂരില്‍ 25, കൈനകരിയില്‍ 4 പ്രവൃത്തികളാണ് ടെന്‍ഡര്‍ ചെയ്തത്. ഇ ടെന്‍ഡര്‍ ആയതിനാല്‍ ഓരോ ടെന്‍ഡറും അപ്ലോഡ് ചെയ്യാന്‍ ഒരു മണിക്കൂറിലേറെ വേണ്ടിവരും. ഇതിനാല്‍ തുടര്‍ പ്രവൃത്തികളുടെ ടെന്‍ഡര്‍ ക്ഷണിക്കുന്ന നടപടികളും അടുത്ത ദിവസങ്ങളില്‍ പൂര്‍ത്തിയാകും.

എന്നാല്‍ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ കുട്ടനാടിന് പുറത്തുള്ള കരാറുകാര്‍ ആരും തയ്യാറാകുന്നില്ല. 390ലേറെ പാടശേഖരങ്ങളുടെ പുറംബണ്ട് നിര്‍മാണമാണ് രണ്ടാംഘട്ടമായി നടപ്പാക്കുന്നത്. നിലവില്‍ പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍പോലും സാങ്കേതിക കുരുക്കില്‍ കുടുക്കി പണം അനുവദിക്കാത്തതിലും അസംസ്കൃത സാധനങ്ങള്‍ ലഭ്യമാക്കുന്നതില്‍ സര്‍ക്കാരും ജില്ലാ ഭരണകേന്ദ്രവും വരുത്തിയ വീഴ്ചയും ചൂണ്ടിക്കാട്ടിയാണ് കരാറുകാര്‍ പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതില്‍നിന്ന് പിന്മാറുന്നത്. പ്രവൃത്തികള്‍ സംബന്ധിച്ച് പാക്കേജ് ഓഫീസില്‍നിന്ന് കരാറുകാരെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ആരും സന്നദ്ധത അറിയിച്ചില്ല.

പാടശേഖരങ്ങളുടെ ബണ്ട് നിര്‍മാണത്തിന് വന്‍തോതില്‍ കരിങ്കല്ലും ഗ്രാവലും ആവശ്യമാണ്. എന്നാല്‍ ഇവ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കരാറുകാര്‍ പറയുന്നു. കരാറെടുക്കുന്നവരെ കുടുക്കിലാക്കുന്ന സ്ഥിതിയാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്നും കരാറുകാര്‍ പറയുന്നു. ഒന്നാംഘട്ടമായി ഏറ്റെടുത്ത 16 പ്രവൃത്തികളില്‍ മൂന്നെണ്ണം പൂര്‍ണമായും ബാക്കിയുള്ളവ 95 ശതമാനവും പണി പൂര്‍ത്തിയാക്കി. എന്നാല്‍ പൂര്‍ത്തീകരിക്കപ്പെട്ട പ്രവൃത്തികളുടെപോലും പണം നല്‍കിയിട്ടില്ല. പ്രവൃത്തികള്‍ പരിശോധിച്ച് പൂര്‍ത്തീകരിക്കല്‍ രേഖ നല്‍കുന്നതിന് പാക്കേജ് ഓഫീസും കോട്ടയത്തെ രാജീവ്ഗാന്ധി എന്‍ജിനിയറിങ് കോളേജുമായി ധാരണാപത്രം ഉണ്ടാക്കിയിരുന്നു. ഇതനുസരിച്ച് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് പണം അനുവദിക്കാന്‍ തടസമെന്ന് പാക്കേജ് അധികൃതര്‍ പറഞ്ഞു. ഇതിനിടെ പ്രവൃത്തികള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് അധികൃതര്‍ പാടശേഖര സമിതികള്‍ക്ക് പ്രത്യേക അപേക്ഷാഫോറം തയ്യാറാക്കി വിതരണംചെയ്തു. പ്രവൃത്തി ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് ഇതിനകം ചില പാടശേഖര സമിതികള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ നോമിനി വര്‍ക്കായി പ്രവൃത്തികള്‍ ഏറ്റെടുക്കുന്ന കര്‍ഷകര്‍ക്ക് എസ്റ്റിമേറ്റില്‍ അധികരിച്ച തുക ലഭിക്കില്ല. കൂടാതെ കരാറുകാര്‍ക്ക് നല്‍കുന്ന 10 ശതമാനം ലാഭവും ലഭിക്കില്ല. ഇത്തരം കാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടായാലേ പ്രവൃത്തികള്‍ ഏറ്റെടുക്കാനാകൂ എന്ന നിലപാടിലാണ് പാടശേഖര സമിതികള്‍.
(ജി അനില്‍കുമാര്‍)

deshabhimani

No comments:

Post a Comment