Thursday, October 17, 2013

പാപ്പരത്തത്തിന്റെ വക്കില്‍ യുഎസ്

അമേരിക്ക പാപ്പരത്തം മുന്നില്‍ കാണ്‍കെ വായ്പപരിധി ഉയര്‍ത്താനുള്ള അവസാനവട്ടചര്‍ച്ചകള്‍ തുടരുന്നു. 16.7 ലക്ഷം കോടി ഡോളറിന്റെ വായ്പപരിധി പിന്നിട്ടതിനാല്‍ വ്യാഴാഴ്ചയ്ക്കുമുമ്പ് ഇത് ഉയര്‍ത്തേണ്ടതുണ്ട്. യുഎസ് കോണ്‍ഗ്രസിന് ഇതിന് കഴിഞ്ഞില്ലെങ്കില്‍ അമേരിക്ക അക്ഷരാര്‍ഥത്തില്‍ പാപ്പരാകും. മറ്റൊരു ആഗോള സാമ്പത്തികപ്രതിസന്ധിയിലേക്കാകും കാര്യങ്ങള്‍ നീങ്ങുക. ഇത് ഒഴിവാക്കാന്‍ റിപ്പബ്ലിക്കന്മാരുമായി അവസാനനിമിഷമെങ്കിലും ഒത്തുതീര്‍പ്പിലെത്താനാണ് ഡെമോക്രാറ്റുകളുടെ ശ്രമം. ധാരണയിലെത്തിയാല്‍ വായ്പപരിധി ഉയര്‍ത്തുന്ന ബില്‍ റിപ്പബ്ലിക്കന്മാര്‍ക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭയിലാകും ആദ്യം വോട്ടിനിടുകയെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ ഇരുപക്ഷവും ഏറെക്കുറെ ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. സെനറ്റ് നേതാക്കള്‍ ധാരണയിലെത്തിയെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ കെല്ലി അയോട്ട് പറഞ്ഞു. വായ്പപരിധി ഉയര്‍ത്തിയില്ലെങ്കില്‍ വന്‍ പ്രത്യാഘാതമുണ്ടാകുമെന്ന് രാഷ്ട്രീയനേതാക്കളും ബാങ്കുകളും സാമ്പത്തികവിദഗ്ധരും മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ മേയില്‍തന്നെ അമേരിക്ക പരമാവധി കടത്തിലെത്തിയിരുന്നു. ഇതിനുശേഷം അസാധാരണമായ നടപടികളിലൂടെയാണ് യുഎസ് ട്രഷറി ബില്ലുകളില്‍ പണം അനുവദിച്ചിരുന്നത്. ഈ നടപടി ഒക്ടോബര്‍ 17ന് അവസാനിക്കുമെന്ന് ട്രഷറി സെക്രട്ടറി ജാക്ക് ല്യൂ വ്യക്തമാക്കിയിരുന്നു. ഹ്രസ്വകാലത്തേക്ക് വായ്പപരിധി ഉയര്‍ത്താനുള്ള നിര്‍ദേശം ഒത്തുതീര്‍പ്പുധാരണയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടേക്കും. ഫെബ്രുവരി ഏഴുവരെ വായ്പപരിധി ഉയര്‍ത്താനും ജനുവരി പകുതിവരെ സര്‍ക്കാര്‍ചെലവിന് ബജറ്റ് അനുവദിക്കാനുമുള്ള നീക്കമാണ് നടക്കുന്നത്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ ധാരണപ്രകാരം ബില്‍ പാസാകുമെങ്കിലും റിപ്പബ്ലിക്കന്‍മേധാവിത്വമുള്ള ജനപ്രതിനിധിസഭയില്‍ മതിയായ വോട്ട് ലഭ്യമാകുമോയെന്ന് ആശങ്കയുണ്ട്. ഒബാമയുടെ തെരഞ്ഞെടുപ്പുവാഗ്ദാനമായ ആരോഗ്യ പരിരക്ഷാപദ്ധതിയെ ചൊല്ലിയാണ് റിപ്പബ്ലിക്കന്മാര്‍ ഇടഞ്ഞുനില്‍ക്കുന്നത്. "ഒബാമ കെയര്‍" പദ്ധതി ഉപേക്ഷിക്കുകയോ വൈകിപ്പിക്കുകയോ ചെയ്യാതെ ബജറ്റ് അംഗീകരിക്കില്ലെന്ന ഇവരുടെ നിലപാടിനെ തുടര്‍ന്ന് സാമ്പത്തികവര്‍ഷാരംഭമായ ഒക്ടോബര്‍ ഒന്നുമുതല്‍ അമേരിക്ക സര്‍ക്കാര്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. റിപ്പബ്ലിക്കന്മാരുമായി ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഒബാമ വ്യക്തമാക്കിയതോടെയാണ് വായ്പപരിധി ഉയര്‍ത്താനുള്ള ബില്ലുകളും പ്രതിസന്ധിയിലായത്.

deshabhimani

No comments:

Post a Comment