Thursday, October 17, 2013

ഗ്രീന്‍വാള്‍ഡ് "ഗാര്‍ഡിയന്‍" വിട്ടു

എഡ്വേഡ് സ്നോഡെന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അമേരിക്കയുടെ ആഗോള ചാരപ്പണിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ ഗ്ലെന്‍ ഗ്രീന്‍വാള്‍ഡ് ബ്രിട്ടീഷ് പത്രം "ഗാര്‍ഡിയനി"ലെ ജോലി ഉപേക്ഷിച്ചു.

തന്റെ സ്വപ്നപദ്ധതി യാഥാര്‍ഥ്യമാക്കാനാണ് ഗാര്‍ഡിയന്‍ വിട്ടുപോകുന്നതെന്ന് ഗ്രീന്‍വാള്‍ഡ് പറഞ്ഞു. ഗാര്‍ഡിയന്‍ വിടാനുള്ള തീരുമാനം എളുപ്പമായിരുന്നില്ല. എന്നാല്‍, ഒരു മാധ്യമപ്രവര്‍ത്തകനും നിരസിക്കാനാകാത്ത അവസരം കൈവന്നപ്പോള്‍ അതു സ്വീകരിച്ചു. മികച്ച രീതിയിലുള്ള മാധ്യമ സംരംഭമാണ് മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരം അദ്ദേഹം വ്യക്തമാക്കിയില്ല.

അമേരിക്കക്കാരനായ ഗ്രീന്‍വാള്‍ഡ് ഇപ്പോള്‍ ബ്രസീലിലാണ് താമസം. സിഐഎയുടെ കരാര്‍ കമ്പനി ജീവനക്കാരനായിരുന്ന സ്നോഡെന്‍ അമേരിക്കയുടെ "പ്രിസം" ചാരപ്പണിയുടെ വിവരങ്ങള്‍ ചോര്‍ത്തിയശേഷം ഹോങ്കോങ്ങിലേക്ക് കടക്കുകയായിരുന്നു. ഇവിടെനിന്ന് ഗ്രീന്‍വാള്‍ഡാണ് ഗാര്‍ഡിയന്‍ വഴി റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ഇതേതുടര്‍ന്ന് അമേരിക്ക വേട്ടയാടുന്ന സ്നോഡെന് ഇപ്പോള്‍ റഷ്യയില്‍ അഭയത്തിലാണ്. സ്നോഡെന്റെ പക്കലുള്ള വിവരങ്ങളില്‍ ചെറിയ പങ്ക് മാത്രമാണ് പുറത്തുവന്നതെന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ബാക്കിയുണ്ടെന്നും ഗ്രീന്‍വാള്‍ഡ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

deshabhimani


No comments:

Post a Comment