Saturday, October 19, 2013

കണ്ണീരൊഴുക്കി വോട്ടുപിടിക്കാന്‍ കോണ്‍ഗ്രസ്

"അമ്മ ഇടയ്ക്കിടെ രോഗശയ്യയിലാണ്, സഹോദരന് ഭാരിച്ച ഉത്തരവാദിത്തങ്ങളും; പ്രിയങ്ക ഫൂല്‍പ്പുരില്‍ മത്സരിക്കണം"- ഉത്തര്‍പ്രദേശിലെ അലഹബാദിനടുത്തുള്ള ഫൂല്‍പ്പുരില്‍ കോണ്‍ഗ്രസ് പ്രചാരണ ബോര്‍ഡിലെ വാചകങ്ങളാണിവ. ഇതുയര്‍ത്തിയ ഹസീബ് അഹമ്മദിനെയും ശ്രീഷ്ചന്ദ്ര ദുബെയെയും കോണ്‍ഗ്രസ് സസ്പെന്‍ഡുചെയ്തു. എന്നാല്‍, പ്രശ്നം അവിടെ തീര്‍ന്നില്ല. ഇരുവരും അലഹബാദിലെ നെഹ്റു കുടുംബവീടായ ആനന്ദഭവനു മുന്നില്‍ മരണംവരെ നിരാഹാരവ്രതം തുടങ്ങി. സോണിയ ഗാന്ധിയാണ് പ്രചാരണബോര്‍ഡില്‍ പരാമര്‍ശിക്കപ്പെട്ട അമ്മ. സഹോദരന്‍ രാഹുല്‍ഗാന്ധിയും. ചികിത്സയ്ക്ക് സോണിയ വിദേശത്തു പോകുന്നത് രഹസ്യമല്ല.

ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കുമ്പോള്‍ ലോക്സഭയില്‍ ഹാജരാകാന്‍ വയ്യാത്തവിധം സോണിയ ഗാന്ധി അവശയായിരുന്നുവെന്ന് മകന്‍ രാഹുല്‍ പറയുന്നു. ബില്‍ പാസാക്കാന്‍ വോട്ടുചെയ്യാന്‍ കഴിയാത്തതില്‍ സങ്കടപ്പെട്ട് സോണിയ കരഞ്ഞ കഥ മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പു റാലിയിലാണ് രാഹുല്‍ വൈകാരികമായി അവതരിപ്പിച്ചത്. ന്യൂയോര്‍ക്കിലെ സ്ലൊവാന്‍ കെറ്ററിങ് ക്യാന്‍സര്‍ സെന്ററില്‍ 2011 ആഗസ്തിലായിരുന്നു സോണിയക്ക് ശസ്ത്രക്രിയ. സോണിയയുടെ അസുഖമെന്തെന്ന് കോണ്‍ഗ്രസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സോണിയയുടെ അസുഖം കോണ്‍ഗ്രസ് പ്രചാരണായുധമാക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.

ഭരണനേട്ടങ്ങളൊന്നും യുപിഎയ്ക്ക് അവകാശപ്പെടാനില്ല. തകര്‍ന്ന സമ്പദ്വ്യവസ്ഥ, കുതിക്കുന്ന വില, അഴിമതിയുടെ ഘോഷയാത്ര എന്നിവയാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ പ്രധാന സംഭാവനകള്‍. ഇക്കാര്യങ്ങളില്‍ രാഷ്ട്രീയസംവാദം ആത്മഹത്യാപരമാവുമെന്ന് കോണ്‍ഗ്രസ് മനസിലാക്കുന്നു. വൈകാരികത ഉയര്‍ത്തി ജനങ്ങളെ സ്വാധീനിക്കുകയാണ് ലക്ഷ്യം. നെഹ്റു വിജയിച്ച മണ്ഡലമായ ഫൂല്‍പ്പുരില്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ ഡിസിസി അധ്യക്ഷന്റെ അനുമതി തേടിയിരുന്നെന്ന് ഹസീബും ദുബെയും പറയുന്നു. പ്രിയങ്കയെ ഇവിടെ മത്സരിപ്പിക്കണമെന്ന ഒരു വിഭാഗത്തിന്റെ അഭിപ്രായമാണ് ബോര്‍ഡില്‍ പ്രതിഫലിച്ചത്. പ്രചാരണത്തെ രാഷ്ട്രീയ സംവാദ വേദിയാക്കാനില്ലെന്ന് തെളിയിക്കുന്നു രാഹുലിന്റെ ഗ്വാളിയര്‍ പ്രസംഗം. വികസനത്തെപ്പറ്റി പ്രസംഗിക്കുന്ന ബിജെപി നേതാക്കള്‍ നിങ്ങളുടെ വീട്ടില്‍ വന്ന് അന്തിയുറങ്ങിയിട്ടുണ്ടോ എന്നും അവര്‍ നിങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിച്ചിട്ടുണ്ടോ എന്നുമൊക്കെയാണ് ചോദ്യം. തെരഞ്ഞെടുപ്പിനെ വികാരപ്രകടനത്തിനുള്ള വേദിയാക്കാനാണ് ശ്രമം. ഇന്ദിരവധത്തിനു ശേഷം 1984ലും രാജീവ് വധത്തിനുശേഷം 1991ലും കോണ്‍ഗ്രസ് കളിച്ച കളിയുടെ മറ്റൊരു രൂപമായിരിക്കും 2014ല്‍.
 (വി ജയിന്‍)

deshabhimani

No comments:

Post a Comment