Saturday, October 19, 2013

ജോര്‍ജിന് ഭ്രാന്തെന്ന് "വീക്ഷണം" ഉമ്മന്‍ചാണ്ടിക്കും കുത്ത്

ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജിന് ഭ്രാന്തെന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. ജോര്‍ജിനെ തളയ്ക്കേണ്ടത് ചീഫ് വിപ്പ് പദവിയിലല്ലെന്നും മാനസിക രോഗാശുപത്രികളായ ഊളന്‍പാറയിലോ കുതിരവട്ടത്തോ ആയിരിക്കണമെന്നും "പി സി ജോര്‍ജ്- യുഡിഎഫിന്റെ ആരോഗ്യത്തിന് ഹാനികരം" എന്ന തലക്കെട്ടില്‍ എഡിറ്റ് പേജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ചീഫ്വിപ്പ് പി സി ജോര്‍ജിനെ അഴിച്ചുവിട്ടിരിക്കുന്നതില്‍ കെ എം മാണിക്ക് ഉത്തരവാദിത്തമുണ്ട്. കേരള കോണ്‍ഗ്രസും മാണിയും കര്‍ശനമായി നിയന്ത്രിക്കാത്തതിനാലാണ് ജോര്‍ജ് ഭരണത്തിന് തലവേദനയായി തുടരുന്നതെന്നും പാര്‍ടി പത്രം വിമര്‍ശിക്കുന്നു.

ലേഖനത്തിലൂടെ ഐ ഗ്രൂപ്പിന് ആധിപത്യത്തിലുള്ള മുഖപത്രം ലക്ഷ്യമിടുന്നത് ഉമ്മന്‍ചാണ്ടിയെക്കൂടിയാണ്. ജോര്‍ജിനെ നിയന്ത്രിക്കാന്‍ യുഡിഎഫ് നേതൃത്വം കെല്‍പ്പ് കാണിക്കണമെന്നു പറയുന്നത് യുഡിഎഫ് ചെയര്‍മാന്‍കൂടിയായ ഉമ്മന്‍ചാണ്ടിക്കുള്ള കുത്താണ്. ജോര്‍ജ് വഴിവിട്ട് പെരുമാറുന്നത് പാര്‍ടി നേതൃത്വം ശക്തമായി പ്രതികരിക്കാത്തതുകൊണ്ടാണെന്ന എ ഗ്രൂപ്പ് ആക്ഷേപത്തിന് ഐ വിഭാഗത്തിന്റെ മറുപടികൂടിയാണ് ലേഖനം.

യുഡിഎഫിനകത്ത് പി സി ജോര്‍ജ് പരത്തിക്കൊണ്ടിരിക്കുന്ന ദുര്‍ഗന്ധം അസഹനീയമായതായി ലേഖനം പറയുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയാകാനാകാത്ത കൊതിക്കെറുവാണ് ജോര്‍ജിന്. മുന്നണിമര്യാദകളുടെ എല്ലാ സീമയും സാമാന്യമര്യാദകളുടെ ലക്ഷ്മണരേഖകളും മറികടന്ന് സര്‍വരെയും പുലഭ്യം പറയുന്ന രോഗത്തിന് വൈദ്യശാസ്ത്രഭാഷയില്‍ "ഭ്രാന്ത്" എന്നാണ് പേര്. കേരളത്തിലെ കോണ്‍ഗ്രസ് സംഘടനയുടെ പരമ പ്രധാനവേദിയായ കെപിസിസി എക്സിക്യൂട്ടീവ് ഏത് അണ്ടനും അടകോടനും കേറിയിരിക്കാനുള്ള സ്ഥലമാണെന്ന പരാമര്‍ശം നടത്തിയ ജോര്‍ജിന് നല്‍കേണ്ടത് ബോര്‍ഡും ലൈറ്റും ഘടിപ്പിച്ച കാറല്ല, പടിയടച്ച് പിണ്ഡംവയ്ക്കലാണ്. സര്‍ക്കാര്‍ വക ചെല്ലും ചെലവുംപറ്റി അതേ സര്‍ക്കാരിനെ തകര്‍ക്കുന്ന കോടാലിക്കൈയായി മാറിയിരിക്കുന്ന ജോര്‍ജിന്റെ ഇരിപ്പിടം പ്രതിപക്ഷത്താണ്. പാര്‍ടിക്കകത്തുനിന്ന് ലഭിക്കേണ്ട ചൂരല്‍ക്കഷായത്തിന്റെ അഭാവമാണ് മഹത്തായ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ അധിക്ഷേപിക്കാന്‍ ധൈര്യം നല്‍കുന്നത്. കെ എം മാണിയും കേരള കോണ്‍ഗ്രസും ജോര്‍ജ് പറയുന്നത് അംഗീകരിക്കില്ലെങ്കിലും ഇത് ജോര്‍ജിന്റെ വിടുവായത്തമായിമാത്രം അംഗീകരിക്കാനാകില്ല. പുകഞ്ഞകൊള്ളി പുറത്തുകളഞ്ഞില്ലെങ്കില്‍ അത് പുരതന്നെ ചുട്ടുചാമ്പലാക്കും. കെപിസിസി എക്സിക്യൂട്ടീവിനെ അധിക്ഷേപിക്കുന്നത് ഇന്ദിരാഭവന്റെ പൂമുഖത്ത് കയറി മലമൂത്രവിസര്‍ജനം ചെയ്യുന്നതിനു തുല്യമാണ്. ജോര്‍ജ് കാട്ടുന്ന ധിക്കാരം അതാണ്. ഒരുവോട്ടിന്റെ പിന്തുണകാട്ടിയാണ് ജോര്‍ജ് തുമ്മുന്നതെങ്കില്‍ തുമ്മട്ടെ. അങ്ങനെ തെറിക്കുന്ന മൂക്കാണെങ്കില്‍ അതും തെറിക്കട്ടെ എന്നും ലേഖനത്തില്‍ പറഞ്ഞു.

നിലയ്ക്കുനിര്‍ത്തും: ചെന്നിത്തല ഉമ്മാക്കി വേണ്ടെന്ന് ജോര്‍ജ്

കോണ്‍ഗ്രസ് നേതൃത്വത്തെയും സര്‍ക്കാരിനെയും രൂക്ഷഭാഷയില്‍ വിമര്‍ശിക്കുന്ന ചീഫ്വിപ്പ് പി സി ജോര്‍ജും കോണ്‍ഗ്രസ്-യുഡിഎഫ് നേതൃത്വവും തമ്മിലുള്ള ആക്ഷേപവും വെല്ലുവിളിയും തുടരുന്നു. ജോര്‍ജിനെതിരെ കടുത്ത നിലപാടെടുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഒരുവിഭാഗം മന്ത്രിമാര്‍ പി സി ജോര്‍ജിനെതിരെ ആഞ്ഞടിച്ചിരുന്നു. വെള്ളിയാഴ്ചയും വിവിധ വേദികളില്‍ മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളും ജോര്‍ജിനെതിരെ ആക്ഷേപം ചൊരിഞ്ഞു. അതേസമയം ജോര്‍ജിനെ വിമര്‍ശിക്കുന്നു എന്ന ഭാവേന ഐ ഗ്രൂപ്പ് ആധിപത്യമുള്ള കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ എ വിഭാഗത്തെ പരോക്ഷമായി കുറ്റപ്പെടുത്തുന്ന ലേഖനവും വന്നു.

തനിക്കെതിരെ ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ച തിരുവഞ്ചൂരിനെ വെല്ലുവിളിച്ച് ജോര്‍ജ് തിരിച്ചടിച്ചു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തനിക്കെതിരെ ചില കാര്യങ്ങളുണ്ടെന്നും വെളിപ്പെടുത്തുമെന്നുമാണ് തിരുവഞ്ചൂര്‍ പറയുന്നത്. അതങ്ങ് കൈയില്‍ വച്ചാല്‍ മതി. ഉള്ളകാര്യങ്ങള്‍ വെളിപ്പെടുത്താന്‍ വെല്ലുവിളിക്കുന്നു. കോണ്‍ഗ്രസ് മുഖപത്രം ജോര്‍ജിനെ പരിഹസിച്ച് ലേഖനമെഴുതിയതിനെ കുറിച്ച് ചേദിച്ചപ്പോള്‍ "കോടിക്കണക്കിന് ജനങ്ങള്‍ വായിക്കുന്നതല്ലേ ആകെ കുഴപ്പമാകും" എന്ന് പരിഹസിച്ചു.

യുഡിഎഫില്‍ അതിരുവിടുന്ന ഘടകകക്ഷി നേതാക്കളെ നിലയ്ക്കുനിര്‍ത്താനുള്ള കഴിവ് കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. പത്തനംതിട്ടയില്‍ ജില്ലാ കോണ്‍ഗ്രസ് സമിതി സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. ഐക്യത്തോടെ യുഡിഎഫിനെ നയിക്കേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ട്. അതുകൊണ്ടാണ് ഘടകകക്ഷി നേതാക്കള്‍ക്ക് മറുപടി പറയാത്തത്. കോണ്‍ഗ്രസ് പ്രസിഡന്റ് ശക്തമായി പ്രതികരിക്കണമെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസ് മാന്യത കാണിക്കുകയാണ്. അത് കഴിവുകേടായി കാണരുതെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നതകളുണ്ടെന്ന് പത്തനംതിട്ടയിലെ സമ്മേളനത്തില്‍ കെപിസിസി വക്താവ് പന്തളം സുധാകരന്‍ പറഞ്ഞത് യുഡിഎഫിലെ കുഴപ്പങ്ങളുടെ യഥാര്‍ഥ ചിത്രം വെളിപ്പെടുത്തുന്നതായി. കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കാണ് മുന്നണിക്കു തലവേദനയെന്ന് കേരള കോണ്‍ഗ്രസ്(ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ തൊടുപുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഘടക കക്ഷികള്‍ പ്രശ്നം ഉണ്ടാക്കിയിട്ടില്ല. ഘടകകക്ഷികള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ. പി സി ജോര്‍ജിനെ മാറ്റുന്ന കാര്യം യുഡിഎഫ് അജന്‍ഡയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പാര്‍ലമെന്റ് സീറ്റില്‍ മത്സരിക്കാന്‍ പോകുന്ന കെ എം മാണിയുടെ മകന്‍ ജോസ് കെ മാണിയെ തോല്‍പ്പിക്കലാണ് ജോര്‍ജിന്റെ ലക്ഷ്യമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. ഗണേശ്കുമാര്‍ പ്രശ്നത്തില്‍ താനുമായി കോര്‍ത്തിട്ടുള്ള ഷിബുവിന്റെ ഈ ആരോപണത്തിന് ജോര്‍ജ് മറുപടി പറയാന്‍ തയ്യാറായില്ല.

deshabhimani

No comments:

Post a Comment