Thursday, October 17, 2013

പശ്ചിമഘട്ടത്തിന്റെ 37% പരിസ്ഥിതി ദുര്‍ബല മേഖലയാക്കും

പശ്ചിമഘട്ടമേഖലയിലെ 60,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ പരിസ്ഥിതി ദുര്‍ബലമേഖലയായി നിര്‍ദേശിച്ചുള്ള ഡോ. കെ കസ്തൂരിരംഗന്‍ സമിതിയുടെ ശുപാര്‍ശ സ്വീകരിക്കാന്‍ കേന്ദ്ര പരിസ്ഥിതിമന്ത്രാലയം തീരുമാനിച്ചു. ഭൂരിഭാഗം നിര്‍ദേശങ്ങളും അംഗീകരിച്ചുള്ള കരട് റിപ്പോര്‍ട്ടിന് മന്ത്രാലയം രൂപംനല്‍കി. റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധപ്പെടുത്തും. കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന പശ്ചിമഘട്ടമേഖലയുടെ സംരക്ഷണത്തിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഡോ. മാധവ് ഗാഡ്ഗില്‍ സമിതിയെയാണ് പരിസ്ഥിതിമന്ത്രാലയം ആദ്യം ചുമതലപ്പെടുത്തിയത്. ജയ്റാം രമേശ് വകുപ്പുമന്ത്രിയായിരിക്കെ നിയോഗിക്കപ്പെട്ട ഗാഡ്ഗില്‍ സമിതിയുടെ ശുപാര്‍ശകളെ ആറു സംസ്ഥാനങ്ങളും എതിര്‍ത്തതോടെയാണ് കസ്തൂരിരംഗന്‍ സമിതിയെ നിയോഗിച്ചത്. ഗാഡ്ഗില്‍ ശുപാര്‍ശകള്‍ പരിശോധിച്ച് നിര്‍ദേശങ്ങള്‍ വയ്ക്കാനായിരുന്നു കസ്തൂരിരംഗന്‍ സമിതിയോട് പുതിയ വകുപ്പുമന്ത്രി ജയന്തി നടരാജന്‍ ആവശ്യപ്പെട്ടത്. ഗാഡ്ഗില്‍ സമിതി നിര്‍ദേശങ്ങള്‍ പൂര്‍ണമായും തള്ളിയുള്ള നിര്‍ദേശങ്ങളാണ് കസ്തൂരിരംഗന്‍ സമിതി വച്ചത്. ഇതിനെതിരെ പരിസ്ഥിതി സംഘടനകള്‍ രംഗത്തുവന്നതോടെ രണ്ട് റിപ്പോര്‍ട്ടുകളുടെ കാര്യത്തിലും തീരുമാനമെടുക്കാനാകാതെ മന്ത്രാലയം കുഴങ്ങി.

ഗാഡ്ഗില്‍ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന ആവശ്യവുമായി പരിസ്ഥിതി സംഘടനകള്‍ ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചു. ഏത് റിപ്പോര്‍ട്ടാണ് സ്വീകരിക്കുകയെന്ന് പലവട്ടം ട്രിബ്യൂണല്‍ കേന്ദ്രത്തോട് ആരാഞ്ഞെങ്കിലും പ്രതികരണമുണ്ടായില്ല. കേസ് കഴിഞ്ഞതവണ പരിഗണിച്ചപ്പോള്‍ പരിസ്ഥിതിമന്ത്രാലയത്തെ നിശിതമായി വിമര്‍ശിച്ച ട്രിബ്യൂണല്‍ 25,000 രൂപ പിഴ ചുമത്തി. നവംബര്‍ 12ന് മുമ്പ് മന്ത്രാലയം തീരുമാനമെടുത്തില്ലെങ്കില്‍ വകുപ്പുസെക്രട്ടറിയെ വിളിച്ചുവരുത്തുമെന്ന മുന്നറിയിപ്പും നല്‍കി. ട്രിബ്യൂണല്‍ ശക്തമായ നിലപാട് സ്വീകരിച്ച പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ തീരുമാനം. പരിസ്ഥിതി ദുര്‍ബലമേഖലയില്‍ ഖനനവും ക്വാറി പ്രവര്‍ത്തനങ്ങളും മണല്‍ ഖനനവും പൂര്‍ണമായി നിരോധിക്കും. നിലവില്‍ പ്രവര്‍ത്തിക്കുന്ന ഖനികള്‍ അഞ്ചുവര്‍ഷത്തിനകം നിര്‍ത്തണം. താപവൈദ്യുതിനിലയങ്ങള്‍ പാടില്ല. ജലവൈദ്യുതി പദ്ധതികള്‍ നിയന്ത്രണങ്ങളോടെ അനുവദിക്കാം. പാരിസ്ഥിതികാഘാതം കൂടുതലായ റെഡ് വിഭാഗത്തില്‍ വരുന്ന വ്യവസായങ്ങള്‍ക്കും നിരോധമുണ്ട്. വന്‍കിട നിര്‍മാണങ്ങള്‍ അനുവദിക്കില്ല. ആകെ 1,64,280 ചതുരശ്ര കിലോമീറ്ററാണ് പശ്ചിമഘട്ടമേഖല. ഇതില്‍ 59 ശതമാനം മേഖലയെ ജനവാസമുള്ള സാംസ്കാരിക ഭൂപ്രകൃതിയായും ശേഷിക്കുന്ന 41 മേഖലയെ സ്വഭാവിക ഭൂപ്രകൃതിയായും തിരിച്ചുള്ളതാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്.

സ്വഭാവിക ഭൂപ്രകൃതിയുടെ 90 ശതമാനം വരുന്ന 37 ശതമാനം പശ്ചിമഘട്ട മേഖലയെയാണ് പരിസ്ഥിതി ദുര്‍ബലമായി കണക്കാക്കുക. കേരളത്തില്‍ 17,214 ചതുരശ്ര കിലോമീറ്റര്‍ പശ്ചിമഘട്ടമേഖല സാംസ്കാരിക ഭൂപ്രകൃതിയും 12,477 ചതുരശ്ര കിലോമീറ്റര്‍ സ്വാഭാവിക ഭൂപ്രകൃതിയുമാണ്. ഇതിന്റെ 90 ശതമാനം പരിസ്ഥിതി ദുര്‍ബലമേഖലയില്‍ ഉള്‍പ്പെടും. ഈ മേഖലയില്‍ എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും ഗ്രാമസഭകളുടെ അനുമതി നിര്‍ബന്ധമാക്കും. ഉയര്‍ന്ന ജനസാന്ദ്രതയുള്ള മേഖലകളെ നിയന്ത്രിതമേഖലയില്‍നിന്ന് ഒഴിവാക്കും. എന്നാല്‍, ഇവിടെ പരിസ്ഥിതി സുസ്ഥിര പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കും. ടൗണ്‍ഷിപ്പുകളും 20,000 ചതുരശ്ര അടിയിലധികം വരുന്ന നിര്‍മാണങ്ങളും നിരോധിക്കുമെങ്കിലും നിലവില്‍ പ്രവര്‍ത്തനം തുടങ്ങിയ പദ്ധതികളെ തുടരാനനുവദിക്കും. നിയന്ത്രണങ്ങളോടെ കാറ്റാടിയന്ത്രങ്ങള്‍ അനുവദിക്കും. കേരളത്തിലെ അതിരപ്പിള്ളി, കര്‍ണാടകത്തിലെ ഗുണ്ടിയ ജലവൈദ്യുതിപദ്ധതികള്‍ പരിസ്ഥിതി ദുര്‍ബലമേഖലാ വിജ്ഞാപനത്തില്‍നിന്ന് ഒഴിവാക്കും.

deshabhimani

No comments:

Post a Comment