Sunday, October 20, 2013

ശമ്പളം കൂട്ടല്‍ തട്ടിപ്പ്; റെയില്‍വേയില്‍ ഇനി നിയമനമില്ല

ഗ്രൂപ്പ് സി, ഡി ജീവനക്കാര്‍ക്ക് ശമ്പളവര്‍ധന നടപ്പാക്കിയെന്ന് പറഞ്ഞ് തസ്തിക ഇല്ലാതാക്കി റെയില്‍വേയുടെ തട്ടിപ്പ്. തസ്തിക ഉയര്‍ത്തി പുനഃക്രമീകരിച്ചാണ് (കേഡര്‍ റീസ്ട്രക്ചറിങ്) ശമ്പളവര്‍ധന നടപ്പാക്കുന്നത്. ഇതുവഴി ഒഴിവാകുന്ന തസ്തികയില്‍ പിന്നീട് നിയമനം നടത്തില്ല. "മാച്ചിങ് സറണ്ടര്‍"എന്നറിയപ്പെടുന്ന ഇത്തരം വെട്ടിക്കുറയ്ക്കലിലൂടെ ഉണ്ടാകുന്ന സാമ്പത്തികലാഭമാണ് വര്‍ധിപ്പിച്ച ശമ്പളമായി നല്‍കുന്നത്. ഇതുവഴി റെയില്‍വേക്ക് ഒരുവിധ സാമ്പത്തികബാധ്യതയും ഉണ്ടാകുന്നില്ല. എന്നാല്‍,ജീവനക്കാര്‍ക്ക് 10 മുതല്‍ 20 ശതമാനംവരെ ശമ്പളവര്‍ധന വരുത്തിയെന്നുംഇതുമൂലം റെയില്‍വേക്ക് പ്രതിവര്‍ഷം 1600 കോടി രൂപ അധികബാധ്യതയുണ്ടാകുമെന്നും കഴിഞ്ഞദിവസം കേന്ദ്രമന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞിരുന്നു. ഇത് അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെതന്നെ ഉത്തരവില്‍ വ്യക്തമാകും. തസ്തിക പുനഃക്രമീകരിച്ച് "സ്വാശ്രയ" സംവിധാനത്തില്‍ ശമ്പളവര്‍ധന നടത്തണമെന്ന് റെയില്‍വേ ബോര്‍ഡ് ഒക്ടോബര്‍ രണ്ടിന് പുറത്തിറക്കിയ ഉത്തരവില്‍ 12-ാമത് നിര്‍ദേശമായി പറയുന്നു. തസ്തിക ഇല്ലാതാക്കാതെയുള്ള പുനഃക്രമീകരണം ഉണ്ടാവില്ലെന്ന് നിര്‍ദേശം 12.1 ലും വ്യക്തമാക്കിയിട്ടുണ്ട്.

തസ്തിക ഇല്ലാതാക്കല്‍ റെയില്‍വേയില്‍ വ്യാപകമാകുകയാണെന്ന് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നു. ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ (ഡിആര്‍എം) പോലുള്ള ഉയര്‍ന്ന സ്ഥാനത്തേക്ക് ഉദ്യോഗക്കയറ്റം നല്‍കുന്നതുപോലും തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ സ്വീകരിച്ച നടപടി പരിഗണിച്ചാണ്. തിരുവനന്തപുരം ഡിവിഷനു കീഴില്‍ 40 സ്റ്റേഷന്‍മാസ്റ്റര്‍ തസ്തികകള്‍ ഡിആര്‍എം നിര്‍ത്തലാക്കിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് നടപടി പിന്നീട് മരവിപ്പിച്ചെങ്കിലും പുതിയ നിയമനങ്ങള്‍ നടത്തിയില്ല. കൊല്ലത്തും കോട്ടയത്തും ഉണ്ടായിരുന്ന പരിശോധനാ സ്ക്വാഡുകളുടെ ഡിപ്പോകളും അടച്ചുപൂട്ടി. നേരത്തേ ഒരു കോച്ചില്‍ ഒരു ടിടിഇ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ നാലു കോച്ചില്‍ ഒന്ന് എന്ന നിലയിലായി. റെയില്‍വേയുടെ കഴിഞ്ഞ ബജറ്റ്റിപ്പോര്‍ട്ട് അനുസരിച്ച് ആകെ 12,85,000 ജീവനക്കാരാണുള്ളത്. അതേസമയം മൂന്നു ലക്ഷം തസ്തിക ഒഴിഞ്ഞുകിടക്കുന്നു. ഇതില്‍ 2.4 ലക്ഷം തസ്തികകള്‍ ഇല്ലാതാക്കുകയാണ്. 60,000 ജീവനക്കാരെ ഉടന്‍ നിയമിക്കുമെന്ന് നേരത്തെ റെയില്‍വേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഖാര്‍ഗെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത് 30,000 ജീവനക്കാരെ ഉടന്‍ നിയമിക്കുമെന്നാണ്. പ്രഖ്യാപിച്ച 60,000 നിയമനവും പകുതിയാക്കി കുറയ്ക്കുകയാണെന്ന് ചുരുക്കം.
(അഞ്ജുനാഥ്)

പണമില്ലെന്ന് റെയില്‍വേ; എംപിമാരുടെ യോഗം പ്രഹസനമാക്കി

ആവശ്യത്തിന് ഫണ്ട് ലഭിക്കാത്തത് സംസ്ഥാനത്തെ റെയില്‍വേ വികസന പദ്ധതികള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്ന് റെയില്‍വേ അധികൃതര്‍. ഫണ്ട് വെട്ടിക്കുറയ്ക്കല്‍ കേരളത്തിന്റെ കാര്യത്തില്‍ മാത്രമാവരുതെന്നും പദ്ധതികള്‍ നടപ്പാക്കുന്നതിലെ കെടുകാര്യസ്ഥത റെയില്‍വേ അവസാനിപ്പിക്കണമെന്നും എംപിമാര്‍. റെയില്‍വേ ബജറ്റിന് മുന്നോടിയായി ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ എംപിമാര്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി. ഇതിനു മുമ്പ് എംപിമാരുടെ യോഗത്തില്‍ ഉയര്‍ന്നുവന്ന ആവശ്യങ്ങളില്‍ ഏതെല്ലാം പരിഹരിക്കപ്പെട്ടുവെന്നതിനെക്കുറിച്ചുള്ള കുറിപ്പ് പോലും വിതരണംചെയ്യാതെ റെയില്‍വേ അധികൃതര്‍ യോഗം പ്രഹസനമാക്കി.

എന്തൊക്കെ കാര്യങ്ങള്‍ ചെയ്തുവെന്ന് വ്യക്തമാക്കാതെ പേരിന് യോഗം ചേരുന്നതില്‍ കാര്യമില്ലെന്ന് എം പിമാര്‍ ചൂണ്ടിക്കാട്ടി. യോഗത്തിന്റെ അജന്‍ഡയും എംപിമാര്‍ക്ക് നേരത്തെ എത്തിച്ചില്ല. വികസന പദ്ധതികള്‍ക്ക് ഫണ്ടിന്റെ ലഭ്യത പ്രശ്നമാകുന്നുണ്ടെന്നും പാതകളുടെ നിര്‍മാണം, ഇരട്ടിപ്പിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ക്ക് കാലതാമസം വരുന്നുവെന്നും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ രാകേഷ് മിശ്ര മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചില്ലെങ്കിലും നേരത്തെ പ്രഖ്യാപിച്ചവ സമയബന്ധിതമായി നടപ്പാക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. പണമില്ലെന്ന് പറയുന്ന റെയില്‍വേ, ഒരു കോടി രൂപ ചെലവഴിച്ച് വര്‍ക്കല സ്റ്റേഷനില്‍ നിര്‍മിച്ച കെട്ടിടം ഇതുവരെ യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കാത്തത് എന്തുകൊണ്ടാണെന്നും യോഗത്തില്‍ ചോദ്യമുയര്‍ന്നു. ഓട്ടോമേറ്റഡ് സിഗ്നലിങ് സംവിധാനം സംസ്ഥാനവ്യാപകമായി നടപ്പാക്കണമെന്നും പാതയിരട്ടിപ്പിക്കല്‍ ജോലികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും ആവശ്യമുയര്‍ന്നു.

കഞ്ചിക്കോട് കോച്ച് ഫാക്ടറി, ചേര്‍ത്തല വാഗണ്‍ ഫാക്ടറി, നേമത്തെ കോച്ചിങ് യാര്‍ഡ്, പേട്ട റെയില്‍വേ മെഡിക്കല്‍ കോളേജ്, പുനലൂര്‍-ചെങ്കോട്ട, പാലക്കാട്-പൊള്ളാച്ചി ഗേജ് മാറ്റത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കുക, മെമു സര്‍വീസുകള്‍ കാര്യക്ഷമമാക്കുക, ടെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നു. കേന്ദ്രമന്ത്രിമാരായ ശശി തരൂര്‍, കെ സി വേണുഗോപാല്‍, എം പിമാരായ സി പി നാരായണന്‍, കെ എന്‍ ബാലഗോപാല്‍, പി കെ ബിജു, എ സമ്പത്ത്, എന്‍ പീതാംബരക്കുറുപ്പ്, ഇ ടി മുഹമ്മദ് ബഷീര്‍, പി ടി തോമസ്, എം കെ രാഘവന്‍, എം ഐ ഷാനവാസ്, കെ പി ധനപാലന്‍, കന്യാകുമാരി എംപി ഹെലന്‍ ഡേവിഡ്സണ്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment