Sunday, October 13, 2013

ടി പി രാജീവന്‍ സാംസ്കാരികമന്ത്രിയുടെ ഉപദേഷ്ടാവ് സ്ഥാനം ഒഴിയുന്നു

സാംസ്കാരികമന്ത്രി കെ സി ജോസഫിന്റെ ഉപദേഷ്ടാവ് സ്ഥാനത്തുനിന്നും കവിയും നോവലിസ്റ്റുമായ ടി പി രാജീവന്‍ രാജിവയ്ക്കുന്നു. അടുത്തയാഴ്ച സ്ഥാനമൊഴിയും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ രാഷ്ട്രീയ-സാംസ്കാരിക മുഖം വികൃതമായ അവസ്ഥയില്‍ തുടരുന്നത് സാംസ്കാരിക ആത്മഹത്യയാകുമെന്ന തിരിച്ചറിവാണ് മന്ത്രിയെയും സര്‍ക്കാരിനെയും ഉപേക്ഷിക്കാന്‍ രാജീവന് പ്രേരണയെന്നാണ് സൂചന.

നേരത്തെ സാഹിത്യ അക്കാദമി വൈസ്പ്രസിഡന്റ് ബാലചന്ദ്രന്‍ വടക്കേടത്തും മന്ത്രി ജോസഫുമായുള്ള ഭിന്നതയുടെ പേരില്‍ പുറത്തുപോയിരുന്നു. വടക്കേടത്തിനെ അക്കാദമിയില്‍നിന്ന് ഒഴിവാക്കുന്നതിന് പിന്നില്‍ സാംസ്കാരിക ഉപദേഷ്ടാവാണെന്ന ആരോപണവും അന്ന് ഉയര്‍ന്നിരുന്നു. തിരുവനന്തപുരത്ത് വിശ്വമലയാള മഹോത്സവം നടത്തുകയും നോവലിസ്റ്റ് സി വി രാമന്‍പിള്ളക്ക് പകരം ശാസ്ത്രജ്ഞന്‍ സി വി രാമന്റെ പടംവയ്ക്കുന്നതടക്കമുള്ള സാംസ്കാരികാഭാസത്തരങ്ങളെ വിമര്‍ശിച്ചായിരുന്നു വടക്കേടത്ത് പുറത്തുപോയത്. അന്നെല്ലാം മന്ത്രിക്ക് എല്ലാവിധ പിന്തുണയും ഉപദേശവും നല്‍കി സാംസ്കാരികവകുപ്പിന്റെ ശക്തനായ വക്താവായി രാജീവന്‍ നിലയുറപ്പിച്ചിരുന്നു.

അതേസമയം രാഷ്ട്രീയമായ യാതൊരു കാരണവുമല്ല രാജി തീരുമാനത്തിന് പിന്നിലെന്നാണ് രാജീവന്റെ പരസ്യപ്രതികരണം. വായനയും എഴുത്തും മുടങ്ങുന്നതാണ് ജോലി വിടാന്‍ കാരണമെന്നാണ് അവകാശപ്പെട്ടിരിക്കുന്നത്. ഇറ്റലിയില്‍ നിന്നുള്ള ഫെല്ലോഷിപ്പ് ലഭിച്ചതിനാല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സ്ഥാനം വിടുന്നതെന്ന് രാജീവന്‍ "ദേശാഭിമാനി"യോട് പറഞ്ഞു. ഗണ്‍മോനടക്കമുള്ള കാര്യങ്ങളിലുള്ള വിയോജിപ്പല്ലെന്നും പറഞ്ഞു. കലിക്കറ്റ് സര്‍വകലാശാല പിആര്‍ഒയായിരുന്ന രാജീവന്‍ രണ്ടരവര്‍ഷം മുമ്പാണ് സാംസ്കാരിക ഉപദേഷ്ടാവ് പദവിയുള്ള അഡീഷണല്‍ പ്രൈവറ്റ്സെക്രട്ടറിയായി ചുമതലയേറ്റത്.

deshabhimani

No comments:

Post a Comment