Thursday, October 17, 2013

ചൂഷണത്തിന്റെ ഇരകള്‍, ക്ഷേമവും അകലെ

വിതുര: അനിതയുടെ ഓര്‍മകള്‍ കൊങ്ങംമരുതുംമൂട് ആദിവാസി സെറ്റില്‍മെന്റിന് തീരാനൊമ്പരമാണ്. കതിരന്‍ കാണിയുടെയും സുലോചനയുടെയും ഏക മകളായ അനിത കഴിഞ്ഞ ജൂണ്‍ ഒന്നിന് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളത്തുകയായിരുന്നു. അനിതയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ എത്തിച്ചെങ്കിലും ഒരാഴ്ചയ്ക്ക് ശേഷം മരിച്ചു. നാലുമാസം അനിതയുടെകൂടെ താമസിച്ച യുവാവിനെ പിന്നീട് കണ്ടിട്ടില്ല. മൃതദേഹം കോളനിയില്‍ കൊണ്ടുവന്നു സംസ്കരിച്ചത് വൈകിട്ട് അഞ്ചിനാണ്. രാത്രി എട്ടോടെ ഇയാള്‍ ബൈക്കില്‍ സ്ഥലംവിട്ടു. അനിതയുടെ മരണത്തില്‍ ഇയാള്‍ ഉത്തരവാദിയാണെന്ന് അതിരന്‍കാണിക്കും സുലോചനയ്ക്കും അറിയാം. പക്ഷേ, പൊലീസിന്റെ അന്വേഷണം ആ വഴിക്കൊന്നും നീങ്ങിയില്ല. ഏതാനും മാസം മുമ്പ്് അനിതയെ പരിചയപ്പെട്ട ഇയാള്‍ കൊങ്ങംമരുതുംമൂട് സെറ്റില്‍മെന്റില്‍ വന്ന് താമസം ആരംഭിക്കുകയായിരുന്നു.

അനിതയ്ക്ക് വീട് വയ്ക്കാന്‍ ലഭിച്ച പണം ഇയാള്‍ കൈകാര്യംചെയ്തു. വീട് പണി അതോടെ പാതിവഴിയില്‍ നിന്നു. പണം തീര്‍ന്നതോടെ ഇയാള്‍ അനിതയുമായി തെറ്റി. ഇതിന്റെയെല്ലാം മാനസികാഘാതത്തില്‍ അനിത മരണവഴി തെരഞ്ഞെടുക്കുകയായിരുന്നു. അനിതയുടെ രണ്ടു മക്കളെയും വളര്‍ത്തേണ്ട ചുമതല ഇപ്പോള്‍ കതിരന്‍ കാണിക്കും സുലോചനയ്ക്കുമാണ്. അനിതയുടെ മകന്‍ മിഥുന്‍ ഇവര്‍ക്കൊപ്പം കഴിയുമ്പോള്‍ മകള്‍ മേഘ അഞ്ചുതെങ്ങിലെ ഒരു കോണ്‍വെന്റില്‍ കന്യാസ്ത്രീകളുടെ കാരുണ്യത്തില്‍ പഠിക്കുന്നു. ഇത്തരം ചൂഷണങ്ങളുടെ കഥകളാണ് ഊരുകള്‍ക്ക് പറയാനുള്ളത്.

കൊങ്ങംമരുതുംമൂട് ആദിവാസി സെറ്റില്‍മെന്റിലേക്ക് പുറമേനിന്ന് സമൂഹ്യവിരുദ്ധര്‍ കടന്നുകയറിയിരുന്നു.പൊലീസിന്റെ ഇടപെടലോടെ അതിന് ശമനമുണ്ടായി. വിതുര മേഖലയിലെ ആറാനക്കുഴി, മൊട്ടമൂട്, നാരകത്തുംകാല ഊരുകൂട്ടങ്ങളിലും ക്ഷേമപ്രവര്‍ത്തനങ്ങള്‍ അകലെ. വിതുര പഞ്ചായത്തിലെ കല്ലാര്‍ വാര്‍ഡില്‍പ്പെട്ട മുല്ലമൂട് സെറ്റില്‍മെന്റില്‍ 12 ആദിവാസി കുടുംബങ്ങളുണ്ട്. പുതുതായി ഒരു വീടുപോലും അനുവദിക്കപ്പെട്ടിട്ടില്ല. കുടിവെള്ള ക്ഷാമവും രൂക്ഷം. വേനലില്‍ കുടിവെള്ളം തേടി കിലോമീറ്ററുകള്‍ താണ്ടണം. ഇടമണ്‍കുളം സെറ്റില്‍മെന്റ് മഴക്കാലത്ത് ഒറ്റപ്പെടും. പരിച്ചിലാണിതോട്ടില്‍ വെള്ളംപൊങ്ങുന്നതാണ് കാരണം. 18 ആദിവാസി കുടുംബങ്ങള്‍ ഇവിടെയുണ്ട്. പുതിയ വീടിനുള്ള പദ്ധതികളൊന്നുമില്ല. സഞ്ചാരയോഗ്യമല്ലാത്ത റോഡാണ് ആറാനക്കുഴി സെറ്റില്‍മെന്റിലെ ദുരിതം. മുപ്പതോളം കുടുംബങ്ങളുള്ള ആറാനക്കുഴി സെറ്റില്‍മെന്റില്‍നിന്ന് കല്ലാര്‍ എല്‍പി സ്കൂളിലേക്കും ആനപ്പാറ, വിതുര ഹൈസ്കൂളുകളിലേക്കും വിദ്യാര്‍ഥികള്‍ നടന്നുതന്നെ പോകണം.
(ആര്‍ സാംബന്‍)

deshabhimani

No comments:

Post a Comment