Thursday, October 17, 2013

മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഇറക്കിവിട്ട കുടുംബം തെരുവില്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ഓഫീസിന്റെയും മഹത്വത്തെക്കുറിച്ച് മാധ്യമങ്ങളില്‍വന്ന നിറംപിടിപ്പിച്ച കഥകള്‍ വിശ്വസിച്ചാണ് കരിമും കുടുംബവും കഴിഞ്ഞ മെയ് 17ന് ക്ലിഫ്ഹൗസിലെത്തിയത്. പ്രതീക്ഷയോടെ മുഖ്യമന്ത്രിയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഓഫീസ് ജീവനക്കാരുടെ മുഖംമങ്ങി. മുഖ്യമന്ത്രി സ്ഥലത്തില്ലെന്നും കാണാന്‍ കഴിയില്ലെന്നും അല്‍പ്പംകഴിഞ്ഞ് ഒരാള്‍ പ്രതികരിച്ചു. നിരാശയോടെയെങ്കിലും പ്രതീക്ഷ കൈവിടാതെ ഈ കുടുംബം കാത്തിരുന്നു. പകല്‍ 11നു തുടങ്ങിയ കാത്തിരിപ്പ് രാത്രി 11 വരെ നീണ്ടു. 11 കഴിഞ്ഞപ്പോള്‍ താടിവച്ച ഒരാള്‍ ശകാരവര്‍ഷവുമായി കടന്നുവന്നു. ബലംപ്രയോഗിച്ച് ഇവരെ തള്ളിപ്പുറത്താക്കുകയുംചെയ്തു. മുഖ്യമന്ത്രിയുടെ പിഎ ജോപ്പന്‍ ആയിരുന്നു അതെന്ന് മനസ്സിലായത് സോളാര്‍ കേസില്‍ അറസ്റ്റ്ചെയ്തുകൊണ്ടുപോകുന്ന രംഗം മാധ്യമങ്ങളിലൂടെ കണ്ടപ്പോഴാണെന്ന് കരിം പറഞ്ഞു.

തൃക്കാക്കര സ്വദേശിയായ പീടികപ്പറമ്പില്‍ പരേതനായ കാദര്‍പിള്ളയുടെ മകന്‍ കരിം (40) ഭാര്യക്കും രണ്ടു മക്കള്‍ക്കുമൊപ്പം 20 വര്‍ഷമായി വാടകവീട്ടിലായിരുന്നു താമസം. ബസ് ക്ലീനറായും ഓട്ടോറിക്ഷ ഓടിച്ചും കുടുംബം പോറ്റിയിരുന്ന കരീമിന്റെ നട്ടെല്ലിന് തേയ്മാനം സംഭവിച്ചുതുടങ്ങിയതോടെ പണിക്കുപോകാന്‍ പറ്റാതായി. വാടക കുടിശ്ശിക വന്നപ്പോള്‍ വീട്ടുടമ ഇറക്കിവിടുകയുംചെയ്തു. മറ്റൊരു വീട് ലഭിക്കണമെങ്കിലും 10,000 രൂപ മുന്‍കൂര്‍ നല്‍കണം. എല്ലാ വാതിലുകളും അടഞ്ഞപ്പോഴാണ് ഭാര്യയോടും മക്കളോടുമൊപ്പം തിരുവനന്തപുരത്തേക്ക് വണ്ടികയറിയത്. ക്ലിഫ്ഹൗസില്‍നിന്ന് അര്‍ധരാത്രി ഇറക്കിവിട്ടപ്പോള്‍ ഒരു പരിചയവുമില്ലാത്ത തിരുവനന്തപുരം നഗരത്തിലൂടെ രാത്രി അലഞ്ഞു. ഒടുവില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് അഭയംനല്‍കുന്ന ഒരു ജീവകാരുണ്യകേന്ദ്രത്തിലാണ് അന്തിയുറങ്ങിയത്. പിറ്റേന്നു പുലര്‍ച്ചെതന്നെ നാട്ടിലേക്കു മടങ്ങുകയുംചെയ്തു. ഈ കുടുംബം ഇപ്പോള്‍ താമസിക്കുന്നത് വാഴക്കുളം പഞ്ചായത്തിലെ ചെമ്പറക്കിയില്‍ ആലുവ-മൂന്നാര്‍ റോഡിന്റെ അരികില്‍ പ്ലാസ്റ്റിക് ഷീറ്റിട്ട ഷെഡ്ഡിലാണ്. ഇടതടവില്ലാതെ വാഹനങ്ങള്‍ ചീറിപ്പായുന്ന ഈ റോഡില്‍ അപകടത്തിന്റെ ഓരത്താണ് ഇവര്‍ കഴിഞ്ഞുകൂടുന്നത്. മകന്‍ പ്ലസ്വണ്ണിനും മകള്‍ പത്തിലും പഠിക്കുന്നു. കണ്ടന്തറ മുസ്ലിം ജമാഅത്തില്‍നിന്ന് അനുവദിച്ച ചെറിയ പെട്ടിക്കട ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇതിനോടു ചേര്‍ന്നാണ് ഷെഡ്ഡ്. നടുനിവര്‍ത്താന്‍പോലും പറ്റാത്ത പെട്ടിക്കടയിലാണ് ഭാര്യ ലൈലയും മകള്‍ ഫെമിനയും രാത്രി കിടക്കുന്നത്. കരിം ഷെഡ്ഡിലെ ബെഞ്ചില്‍. മകന്‍ മുഹമ്മദ് ഫസല്‍ കൂട്ടുകാരുടെ വീടുകളില്‍ മാറിമാറി അന്തിയുറങ്ങും. കഴിഞ്ഞവര്‍ഷം കാക്കനാട്ടുനടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലും അപേക്ഷയുമായി കരീം ചെന്നിരുന്നു. അന്ന് മുഖ്യമന്ത്രിയെ കാണാനോ അപേക്ഷ കൊടുക്കാനോ സംഘാടകര്‍ അവസരം നല്‍കിയില്ല. ഇതിനിടെ തന്റെ വൃക്കകളില്‍ ഒന്നു വിറ്റ് സ്ഥലത്തിനു തുക കണ്ടെത്താന്‍ കരിം ശ്രമിച്ചു. കരിം തന്നെ മുന്‍കൈ എടുത്ത് ആവശ്യക്കാരനെ കണ്ടെത്തുകയും നാലുലക്ഷം രൂപ വില നിശ്ചയിക്കുകയുംചെയ്തു. എന്നാല്‍, എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ പരിശോധിച്ചപ്പോള്‍ ജനിതക സവിശേഷതമൂലം വൃക്ക മാറ്റിവയ്ക്കാന്‍ പര്യാപ്തമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് കരിം തെരുവില്‍ അഭയം പ്രാപിച്ചത്.

പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിക്കുന്നത് തൊട്ടടുത്തുള്ള പെട്രോള്‍പമ്പ് ഉടമയുടെ കാരുണ്യത്തിലാണ്. പെട്ടിക്കടയും ഷെഡ്ഡും നീക്കംചെയ്യാന്‍ ഇതിനിടെ പിഡബ്ല്യുഡി അധികൃതര്‍ മണ്ണുമാന്തിയന്ത്രവുമായി എത്തി. പരിസരവാസികള്‍ അധികൃതരുടെ നീക്കം തടയുകയായിരുന്നു. ഫ്ളക്സ് ബോര്‍ഡുകള്‍കൊണ്ടു മറച്ച ഷെഡ്ഡിലായിരുന്നു കരിമിന്റെ ബക്രീദ് ആഘോഷം. ദൈവപ്രീതിക്കായി മകനെ ബലിനല്‍കാന്‍ തയ്യാറായ ഇബ്രാഹിംനബിയുടെ ത്യാഗസന്നദ്ധതയെ അനുസ്മരിക്കുന്ന ബലിപെരുന്നാള്‍ ദിനത്തില്‍ കുടുംബത്തിനു തലചായ്ക്കാന്‍ എന്തു ത്യാഗത്തിനും തയ്യാറെടുത്തുനില്‍ക്കുന്ന കരിമിന് "ഈദ് മുബാറക്ക്" നേരാന്‍പോലും ആരുമെത്തിയില്ല. പടച്ചോന്റെ പരീക്ഷണങ്ങള്‍ എന്നുകരുതി സ്വയം സമാശ്വസിക്കുകയാണ് പൂര്‍ണ വിശ്വാസിയായ കരിമും കുടുംബവും.
(എം ഐ ബീരാസ്)

deshabhimani

No comments:

Post a Comment