Saturday, October 19, 2013

യുഎന്‍ അവാര്‍ഡിന് അയച്ച അപേക്ഷയുടെ പകര്‍പ്പില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ രണ്ടാം ഘട്ടം പൊടിപൊടിക്കുമ്പോള്‍ ഇതിന്റെ പേരില്‍ ഐക്യ രാഷ്ട്രസഭയുടെ അവാര്‍ഡിനായി അയച്ച അപേക്ഷയുടെ പകര്‍പ്പുപോലും സൂക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇലക്ട്രോണിക് മീഡിയവഴി അപേക്ഷിച്ചതിനാല്‍ പകര്‍പ്പു സൂക്ഷിച്ചിട്ടില്ലെന്നാണ് വിവരാവകാശപ്രകാരം അഡ്വ. ഡി ബി ബിനു നല്‍കിയ അപേക്ഷയ്ക്ക് മറുപടി നല്‍കിയത്.

ആദ്യ ജനസമ്പര്‍ക്ക പരിപാടിക്കായി ചെലവിട്ട തുകയില്‍ പൊരുത്തക്കേടുകളും നിരവധി. ജനസമ്പര്‍ക്ക പരിപാടിയുടെ ചെലവും പരിഹരിച്ച പരാതികളുടെ എണ്ണവും, യുഎന്‍ അവാര്‍ഡിനായി അയച്ച അപേക്ഷയുടെ പകര്‍പ്പും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിവരാവകാശപ്രകാരം അപേക്ഷ സമര്‍പ്പിച്ചത്. ഇതുസംബന്ധിച്ച ഒരു കണക്കും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇല്ലാത്തതിനാല്‍ വിവിധ കലക്ടറേറ്റുകളിലേക്ക് അപേക്ഷ കൈമാറുകയായിരുന്നു. ജനസമ്പര്‍ക്ക പരിപാടിയുടെ പേരിലുള്ള അവാര്‍ഡായതിനാല്‍ പരിഹരിച്ച പരാതികളുടെയും ധനസഹായത്തിന്റെയും ചെലവിന്റെയും വിശദവിവരങ്ങള്‍ അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. യഥാര്‍ഥ കണക്കുകളില്‍നിന്ന് വ്യത്യസ്തമായ കണക്ക് രേഖപ്പെടുത്തി അപേക്ഷ സമര്‍പ്പിച്ചതിനാലാണ് ഇതു ലഭ്യമാക്കാന്‍ മടിക്കുന്നതെന്നാണ് സൂചന.

ആദ്യ ജനസമ്പര്‍ക്ക പരിപാടിക്കായി ചെലവായ തുകയില്‍ വിവിധ ജില്ലകളില്‍ പന്തല്‍, ഭക്ഷണം എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാനായി ഉപയോഗിച്ച തുകയില്‍ കാര്യമായ അന്തരമുണ്ട്. പാലക്കാട് ജില്ലയാണ് ഈയിനത്തില്‍ ഏറ്റവും കുറവുതുക ചെലവഴിച്ചത്, 1.46 ലക്ഷം രൂപ. തൃശൂര്‍ ജില്ല 1.57 ലക്ഷം. തിരുവനന്തപുരത്ത് 1.81 ലക്ഷം ചെലവിട്ടു. എന്നാല്‍ ആലപ്പുഴയില്‍ 53.61 ലക്ഷം ചെലവിട്ടാണ് ജനസമ്പര്‍ക്ക പരിപാടി നടത്തിയത്. കണ്ണൂര്‍ ജില്ലയില്‍ 40.18 ലക്ഷവും എറണാകുളത്ത് 40.53 ലക്ഷവും കോട്ടയത്ത് 30 ലക്ഷവും ചെലവിട്ടാണ് ജനസമ്പര്‍ക്കം ആഘോഷിച്ചത്. കൊല്ലം ജില്ലയില്‍ രണ്ടുപ്രാവശ്യമായി നല്‍കിയ അപേക്ഷയില്‍ ചെലവായ തുകയില്‍തന്നെ വ്യത്യാസമുണ്ട്. 2013 ജൂണില്‍ നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയില്‍ ജില്ലയിലാകെ 22,30,594 ലക്ഷം രൂപയാണ് ചെലവ്. റവന്യൂവിഭാഗം 1,25,000 രൂപയും പിഡബ്ല്യുഡി കെട്ടിടവിഭാഗം 14.52 ലക്ഷവും പിഡബ്ല്യുഡി ഇലക്ട്രിക്കല്‍വിഭാഗം 4.5 ലക്ഷവും പിഡബ്ല്യുഡി ഇലക്ട്രോണിക്സ്വിഭാഗം 1.66 ലക്ഷവും പിആര്‍ഡി 36,740 രൂപയും ചെലവഴിച്ചു. എന്നാല്‍ അതിനുശേഷം നല്‍കിയ മറ്റൊരു അപേക്ഷയില്‍ കൊല്ലത്തെ ചെലവ് 14.52 ലക്ഷം രൂപയാണെന്നായിരുന്നു മറുപടി. ഏറ്റവും കൂടുതല്‍ പരാതി ലഭിച്ച തൃശൂര്‍ ജില്ലയില്‍ ധനസഹായം ഒന്നും നല്‍കിയിട്ടില്ല. 90,688 പരാതികളില്‍ 52713 എണ്ണമാണ് പരിഹരിച്ചത്. വില്ലേജ്, താലൂക്ക് ഓഫീസ്തലങ്ങളില്‍ പരിഹരിക്കാവുന്ന പരാതികളാണ് ഇത്തരത്തില്‍ മുഖ്യമന്ത്രി സമയവും പണവും ദുര്‍വ്യയംചെയ്ത് പരിഹരിച്ചത്. പല അപേക്ഷകര്‍ക്കും തുച്ഛമായ പണം നല്‍കിയാണ് പരിഹരിച്ചതായി കണക്കുണ്ടാക്കിയത്. കോഴിക്കോട് ജില്ലയില്‍നിന്നാണ് കുറവു പരാതികള്‍ ലഭിച്ചത്. 13,871 പരാതികളില്‍ 13,790 എണ്ണം പരിഹരിച്ചതായാണ് മറുപടി.
(അനിത പ്രഭാകരന്‍)

deshabhimani

No comments:

Post a Comment