Tuesday, October 15, 2013

ഒഡിഷയ്ക്കല്ല; മികവ് തങ്ങള്‍ക്കെന്ന് കേന്ദ്രം

ഫൈലിന്‍ ചുഴലിക്കാറ്റ് വന്‍ വിനാശം സൃഷ്ടിക്കാതിരുന്നത് തങ്ങളുടെ പ്രവര്‍ത്തനമികവ് കൊണ്ടാണെന്ന അവകാശവാദവുമായി കോണ്‍ഗ്രസ്. ചുഴലിക്കാറ്റ് നേരിടാന്‍ ഒഡിഷ സര്‍ക്കാര്‍ സ്വീകരിച്ച ഒരുക്കങ്ങളെ മാധ്യമങ്ങള്‍ പ്രശംസിച്ച പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ രംഗപ്രവേശം. ശാസ്ത്ര- സാങ്കേതികമന്ത്രി ജയ്പാല്‍ റെഡ്ഡിയും ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനുമാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും യുപിഎ സര്‍ക്കാരുമാണ് പ്രശംസ അര്‍ഹിക്കുന്നതെന്ന് വാദിച്ചത്. തിങ്കളാഴ്ച എഐസിസി ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

കെടുതികള്‍ നേരിടാന്‍ ഒഡിഷ സര്‍ക്കാരും ജീവനക്കാരും ഒരാഴ്ചയായി നടത്തിയ അക്ഷീണശ്രമത്തെ പ്രശംസിക്കുന്ന റിപ്പോര്‍ട്ടുകള്‍ തിങ്കളാഴ്ച മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡി സര്‍ക്കാര്‍ നേട്ടങ്ങളാകെ കൊണ്ടുപോകുമോയെന്ന ആശങ്കയെ തുടര്‍ന്നാണ് പതിവു തെറ്റിച്ച് കേന്ദ്രമന്ത്രിമാര്‍ പാര്‍ടി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തിയത്. മുഖ്യമായും രണ്ട് കാര്യങ്ങളാണ് കേന്ദ്രത്തിന്റെ നേട്ടമായി മന്ത്രിമാര്‍ അവതരിപ്പിച്ചത്. ഒന്ന്, ചുഴലിക്കാറ്റ് എത്തുമെന്ന് മുന്‍കൂട്ടി അറിയിച്ചു. രണ്ട്, ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് രൂപം നല്‍കിയത് യുപിഎ സര്‍ക്കാരാണ്. ഉത്തരാഖണ്ഡില്‍ എന്തുകൊണ്ട് കേന്ദ്രത്തിന്റെ ഈ നേട്ടങ്ങള്‍ പ്രകടമായില്ലെന്ന ചോദ്യത്തിന് അവിടെ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നെന്ന് റെഡ്ഡി മറുപടി നല്‍കി. അവിടെ പ്രകൃതിക്ഷോഭത്തിന് വിവിധ തലങ്ങളുണ്ടായിരുന്നു. അപ്രതീക്ഷിതമായി പെയ്ത മഴയും അണക്കെട്ടുകളുടെ തകര്‍ച്ചയുമാണ് ദുരന്തത്തിന് വഴിയൊരുക്കിയത്. ഫൈലിന്‍ വീശുമെന്ന മുന്നറിയിപ്പ് ഒരാഴ്ചമുമ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കി. കാലാവസ്ഥാ വകുപ്പിനെ സാങ്കേതികമായി മെച്ചപ്പെടുത്താന്‍ 750 കോടിയാണ് ചെലവിട്ടത്. വകുപ്പുമായി ബന്ധപ്പെട്ട കാര്യം എന്തുകൊണ്ട് പാര്‍ടി ആസ്ഥാനത്തില്‍ ഇരുന്ന് പറയുന്നുവെന്ന ചോദ്യത്തിന് തങ്ങളാരും സന്യാസിമാരല്ലെന്നായിരുന്നു റെഡ്ഡിയുടെ മറുപടി. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് കാലാവസ്ഥാ വകുപ്പില്‍ പുരോഗതിയുണ്ടായത്. ചുഴലിക്കാറ്റിന്റെ ദിശയും തീവ്രതയും കൃത്യമായി പ്രവചിച്ചു. പത്തുലക്ഷത്തോളം പേരെ മാറ്റിയത് ലോകറെക്കോഡാണ്- റെഡ്ഡി പറഞ്ഞു.

ഒഡിഷ സര്‍ക്കാരിന് നേട്ടമൊന്നും അവകാശപ്പെടാനാകില്ലേയെന്ന ചോദ്യത്തിന് അവരും കുഴപ്പമില്ലാതെ പ്രവര്‍ത്തിച്ചെന്ന് അദ്ദേഹം മറുപടി നല്‍കി. മുല്ലപ്പള്ളി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയാണ് പുകഴ്ത്തിയത്. ദുരന്തനിവാരണ അതോറിറ്റി യുപിഎയുടെ സൃഷ്ടിയാണെന്ന് മുല്ലപ്പള്ളി അവകാശപ്പെട്ടു.

ആള്‍നാശം കുറച്ചത് ആസൂത്രിത മുന്‍കരുതല്‍

ഇരുനൂറ് കിലോമീറ്ററിലേറെ വേഗത്തില്‍ ഫൈലിന്‍ ആഞ്ഞുവീശിയിട്ടും ആള്‍നാശം കുറയ്ക്കാനായത് ഒഡിഷ സര്‍ക്കാര്‍ സ്വീകരിച്ച മുന്നൊരുക്കങ്ങള്‍. ഒഡിഷ ഭരണനേതൃത്വവും ഉദ്യോഗസ്ഥരും ദുരന്ത നിവാരണ വകുപ്പും പൊലീസുമെല്ലാം ഒരാഴ്ചയായി ഒത്തിണക്കത്തോടെ സ്വീകരിച്ച ദുരന്തനിവാരണ നടപടികള്‍ പൂര്‍ണ അര്‍ഥത്തില്‍ ഫലം കണ്ടു. ദുത്രകര്‍മ സേനയെയും സൈന്യത്തെയുമെല്ലാം കേന്ദ്രം അയച്ചിരുന്നെങ്കിലും അവര്‍ക്ക് കാര്യമായ ജോലികള്‍ ഉണ്ടായില്ല.

ഒഡിഷയിലും ആന്ധ്രാപ്രദേശിലുമായി പത്തുലക്ഷത്തോളം പേരെയാണ് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയത്. മുന്നറിയിപ്പ് ലഭിച്ചയുടന്‍ സംസ്ഥാനം കര്‍മസജ്ജമായി. ദസറ ആഘോഷവേളയായിട്ടും ഉദ്യോഗസ്ഥരും ജീവനക്കാരും അവധി റദ്ദാക്കി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ക്യാമ്പുകള്‍ മുന്‍കൂട്ടി തയ്യാറാക്കി. ക്യാമ്പിലേക്ക് മാറ്റിപാര്‍പ്പിക്കേണ്ടി വരുന്നവര്‍ക്ക് ഒരാഴ്ച കഴിയാനുള്ള ഭക്ഷണവും കുടിവെള്ളവും ശുചിയായ അന്തരീക്ഷത്തില്‍ തയ്യാറാക്കി പായ്ക്കുചെയ്തു. പത്തുലക്ഷത്തോളം പേര്‍ ക്യാമ്പുകളിലെത്തിയതെങ്കിലും ആര്‍ക്കും അസൗകര്യം ഉണ്ടായില്ല. ആവശ്യത്തിന് ഉപകരണങ്ങളോടെ ദുരന്തനിവാരണ സേനയെ സജ്ജമാക്കിയിരുന്നു. ഹെലികോപ്റ്ററും ബോട്ടും തയ്യാറാക്കി നിര്‍ത്തി. കാറ്റുവീശുന്ന ദിശയില്‍ കടന്നുപോകേണ്ട ട്രെയിനുകളും ഭുവനേശ്വറില്‍നിന്നുള്ള വിമാനസര്‍വീസുകളും സര്‍ക്കാര്‍ ഇടപെട്ട് റദ്ദാക്കി. റോഡുഗതാഗതവും തടഞ്ഞു.

ചുഴലിക്കാറ്റ് എത്തുംമുമ്പേ ഹെല്‍പ്ലൈനുകളും കണ്‍ട്രോള്‍ റൂമുകളും എല്ലാവിധ വിവരവിനിമയ സംവിധാനങ്ങളോടെയും സ്ഥാപിച്ചു. ജില്ലാ ആസ്ഥാനങ്ങളിലും മറ്റ് പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും സാറ്റലൈറ്റ് ഫോണുകളും ജനററ്റേറുകളും സ്ഥാപിച്ച് ഏത് പ്രതിസന്ധിഘട്ടത്തിലും വിവരവിനിമയം സാധ്യമാകുമെന്ന് ഉറപ്പുവരുത്തി. കാറ്റില്‍ ടെലിഫോണ്‍-വൈദ്യുതി ബന്ധം താറുമാറാകുമെന്ന് തീര്‍ച്ചയുണ്ടായിരുന്നതിനാല്‍ എത്രയും വേഗം ഇവ പുനഃസ്ഥാപിക്കുന്നതിന് ഒരുങ്ങി നില്‍ക്കണമെന്ന നിര്‍ദേശം ഊര്‍ജ- ടെലികോം കമ്പനികള്‍ക്ക് മുന്‍കൂര്‍ നല്‍കി. മത്സ്യത്തൊഴിലാളികളാരും കടലില്‍ ഇറങ്ങില്ലെന്ന് ഉറപ്പുവരുത്തി. പാകമായ വിളകള്‍ എത്രയും വേഗം കൊയ്തെടുത്ത് സൂക്ഷിക്കാന്‍ കര്‍ഷകരോട് നിര്‍ദേശിച്ചു. 1999 ലെ ദുരന്തത്തിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ദുരന്തനിവാരണ നടപടികള്‍ ഫലംകണ്ടു.

deshabhimani

No comments:

Post a Comment