Tuesday, October 15, 2013

പിള്ള ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നത് നിയമപരമല്ല: വിഎസ്

മുന്നോക്ക സമുദായക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് ആര്‍ ബാലകൃഷ്ണപിള്ള തുടരുന്നത് നിയമപരമല്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയെ സുപ്രീംകോടതി അഴിമതിക്കാരനാണെന്ന് കണ്ട് ഒരുവര്‍ഷം തടവിന് ശിക്ഷിക്കുകയും പിള്ള ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. മുന്നോക്കസമുദായ ക്ഷേമകോര്‍പ്പറേഷന്‍ ചെയര്‍മാനാകുന്നതിന് കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന്റെ ഡിന്‍ സെല്ലില്‍ നിന്നും ഡിന്‍ നമ്പര്‍ ലഭിക്കേണ്ടതാണ് (ഡയറക്ടര്‍ ഇന്‍ഡിക്കേഷന്‍ നമ്പര്‍). ഇതിനുവേണ്ടി ബാലകൃഷ്ണപിള്ള നല്‍കിയ അപേക്ഷ ഡിന്‍ സെല്‍ നിരസിച്ചിരിക്കുകയാണ്.

ഒരു കോര്‍പ്പറേഷനിലോ കമ്പനിയിലോ ഡയറക്ടര്‍ ആയി നിയമിക്കുന്ന ആള്‍ മുപ്പത് ദിവസത്തിനകം ഡിന്‍ നമ്പര്‍ സമര്‍പ്പിക്കേണ്ടതാണ്. അപ്രകാരം ഡിന്‍ നമ്പര്‍ സമര്‍പ്പിച്ചാല്‍ പ്രസ്തുത കോര്‍പ്പറേഷന്‍ ഏഴ് ദിവസത്തിനകം റജിസ്ട്രാര്‍ ഓഫ് കമ്പനീസ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതാണ്. ഈ സമയപരിധിയെല്ലാം കഴിഞ്ഞിട്ടും ബാലകൃഷ്ണപിള്ള കോര്‍പ്പറേഷന്റെ ചെയര്‍മാനായി അവിഹിതമായി തുടരുകയാണ്. എന്നുമാത്രമല്ല, കാബിനറ്റ് റാങ്കിന്റെ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റിക്കൊണ്ടിരിക്കുകയാണ്. ജയില്‍ശിക്ഷ അനുഭവിച്ച ആളിനെ കോര്‍പ്പറേഷന്റെ ചെയര്‍മാനാക്കുന്നതിന് നിയമതടസം ഉണ്ടെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഉമ്മന്‍ചാണ്ടി കാബിനറ്റില്‍ ഈ ഫയല്‍ കൊണ്ടുവന്നതും നിയമനം നടത്തിയതും. ഇത് നിയമവ്യവസ്ഥയോടുള്ള അവഹേളനമാണ്. ഇക്കാര്യം അന്നുതന്നെ ചൂണ്ടിക്കാണിച്ചതാണ്.

ഭരണഘടനാസ്ഥാപനങ്ങളായ പിന്നോക്കസമുദായ വികസന കോര്‍പ്പറേഷന്റെയോ, പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെയോ ചെയര്‍മാന്‍മാര്‍ക്ക് കാബിനറ്റ്പദവി നല്‍കാതെയാണ് ഭരണഘടനാസ്ഥാപനം പോലുമല്ലാത്ത മുന്നോക്കസമുദായ ക്ഷേമകോര്‍പ്പറേഷന് കാബിനറ്റ് പദവി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയത്. ഇതുസംബന്ധിച്ച് പിന്നോക്ക സമൂദായ നേതാക്കള്‍ പ്രതികരിച്ചിട്ടില്ലെന്നും വിഎസ് ചൂണ്ടിക്കാട്ടി. ആയതിനാല്‍ നിയമവ്യവസ്ഥ കാറ്റില്‍പ്പറത്തിക്കൊണ്ട് ബാലകൃഷ്ണപിളളയെ ചെയര്‍മാന്‍ സ്ഥാനത്ത് നിയമിച്ചതിനും അദ്ദേഹത്തിന് മാത്രം കാബിനറ്റ് റാങ്ക് നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതിനും മുഖ്യമന്ത്രി കേരളജനതയോട് മാപ്പുപറയണമെന്നും വിഎസ് ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment