Tuesday, October 8, 2013

"കോശത്തിനുള്ളിലെ ഗതാഗത"ത്തിന് വൈദ്യശാസ്ത്ര നൊബേല്‍

വൈദ്യശാസ്ത്രത്തിനുള്ള നോബെല്‍ 3 പേര്‍ക്ക്

സ്റ്റോക്ഹോം: 2013ലെ വൈദ്യശാസ്ത്രത്തിനുള്ള നോബെല്‍ സമ്മാനം ഇത്തവണ മൂന്ന് പേര്‍ക്ക് സമ്മാനിക്കും. ജയിംസ് ഇ റോത്മാന്‍, റാന്‍ഡി ചെക്മാന്‍, തോമസ് സുദോഫ് എന്നിവര്‍ക്ക് കോശകലകളുടെ പഠനത്തിനാണ് പുരസ്ക്കാരം. 110 ലക്ഷം യു എസ് ഡോളറാണ് പുരസ്ക്കാരം.

അമേരിക്കകാരായ ജയിംസ് റോത്മാനും റാന്‍ഡി ചെക്മാനും ജര്‍മന്‍ സ്വദേശി തോമസ് സുദോഫ് എന്നിവര്‍ അമേരിക്കന്‍ സര്‍വ്വകലാശാലയിലാണ് പഠനം നടത്തിയത്. കോശകലകളിലൂടെയുള്ള പദാര്‍ത്ഥങ്ങളുടെ കൈമാറ്റമാണ് പഠനത്തിനാധാരമായത്. പ്രധാനമായും ഇന്‍സുലിന്‍ ഹോര്‍മോണിന്റെ ഉല്‍പാദനവും അവയുടെ വിതരണവും സംബന്ധിച്ചുള്ള വിശകലനം ആധുനീക വൈദ്യശാസ്ത്രത്തിന് ഏറെ ഗുണകരമാണെന്ന് കമ്മിറ്റി വിലയിരുത്തി.

റോത് മാന്‍ യേല്‍ സര്‍വ്വകലാശാലയിലേയും ചെക്മാന്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലേയും സുദോഫ് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലേയും പ്രൊഫസര്‍മാരാണ്. വരും ദിവസങ്ങളില്‍ ഫിസിക്സ്, കെമിസ്ട്രി, സാഹിത്യ, സമാധാന, സാമ്പത്തീക മേഖലകളിലെ നോബെല്‍ പുരസ്ക്കാരം പ്രഖ്യാപിക്കും.

"കോശത്തിനുള്ളിലെ ഗതാഗത"ത്തിന് വൈദ്യശാസ്ത്ര നൊബേല്‍

കോശത്തിനുള്ളിലെ "ഗതാഗതസംവിധാനം" സംബന്ധിച്ച കണ്ടെത്തലുകള്‍ക്ക് വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം. അമേരിക്കക്കാരായ ജയിംസ് റോത്മാന്‍, റാന്‍ഡി ഷെക്മാന്‍, ജര്‍മന്‍ വംശജനായ ഗവേഷകന്‍ തോമസ് സുഡോഫ് എന്നിവര്‍ പുരസ്കാരം പങ്കിട്ടു. കോശത്തിനുള്ളില്‍ ഹോര്‍മോണുകളും എന്‍സൈമുകളും മറ്റു സുപ്രധാന പദാര്‍ഥങ്ങളും എങ്ങനെ സഞ്ചരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് വിവിധ കാലഘട്ടങ്ങളിലായി ഇവര്‍ വെവ്വേറെ നടത്തിയ കണ്ടെത്തലുകള്‍. ഇതുവഴി പ്രമേഹമടക്കമുള്ള രോഗങ്ങള്‍, പ്രതിരോധസംവിധാനത്തിലെ പാളിച്ചകള്‍ എന്നിവയെക്കുറിച്ച് കൂടുതല്‍ വ്യക്തത കൈവന്നതായി പുരസ്കാരനിര്‍ണയസമിതി വിലയിരുത്തി. അപസ്മാരത്തിന്റെ ഗുരുതരമായ അവസ്ഥ കുട്ടികളിലെ രോഗപ്രതിരോധസംവിധാനത്തിന്റെ അപര്യാപ്തതയും തിരിച്ചറിയാന്‍ ഈ കണ്ടെത്തലുകള്‍ ഡോക്ടര്‍മാര്‍ക്ക് പ്രയോജനപ്പെട്ടതായി നൊബേല്‍ സമിതി സെക്രട്ടറി ഗോരാന്‍ ഹന്‍സണ്‍ പറഞ്ഞു.

ലക്ഷക്കണക്കിനാളുകള്‍ നൂറുകണക്കിന് തെരുവുകളില്‍ കൂടി സഞ്ചരിക്കുന്നതുപോലെയാണ് കോശത്തിനുള്ളില്‍ വിവിധ പദാര്‍ഥങ്ങള്‍ സഞ്ചരിക്കുന്നത്. ഇതില്‍ ഓരോ പദാര്‍ഥങ്ങളുടെയും കൃത്യമായ സഞ്ചാരം വേര്‍തിരിച്ച് മനസ്സിലാക്കുന്നതാണ് മൂവരുടെയും കണ്ടെത്തല്‍. കൃത്യമായ സ്ഥലത്ത് യഥാസമയം എങ്ങനെയാണ് പദാര്‍ഥങ്ങള്‍ എത്തിക്കുന്നതെന്ന് മനസ്സിലാക്കാന്‍ മൂവരുടെയും കണ്ടെത്തല്‍ വഴിയൊരുക്കി- ഹന്‍സണ്‍ പറഞ്ഞു.

"വെസിക്കിള്‍സ്" എന്നറിയപ്പെടുന്ന സൂക്ഷ്മ അറകളാണ് കോശത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവശ്യ പദാര്‍ഥങ്ങളെ എത്തിക്കുന്നത്. വെസിക്കിളിന്റെ സഞ്ചാരത്തിന് നിതാനമായ രണ്ടു ജീന്‍ 1970കളിലാണ് ഷെക്മാന്‍ കണ്ടെത്തിയത്. സ്തരങ്ങളിലേക്ക് പല്ലുകള്‍ തമ്മിലുള്ള പൂട്ടുപോലെ പ്രോട്ടീനുകള്‍ പറ്റിച്ചേരുന്നത് എങ്ങനെയെന്ന് 1980കളിലും 1990കളിലും കണ്ടെത്തലുകളിലൂടെ റോത്മാന്‍ വിശദീകരിച്ചു. വെസിക്കിളുകള്‍ അവ വഹിക്കുന്ന ചരക്കുകള്‍ സൂക്ഷ്മതയോടെ യഥാസ്ഥാനത്ത് നിക്ഷേപിക്കുന്നത് എങ്ങനെയെന്ന് ഇക്കാലയളവില്‍ സുഡോഫ് വിശദീകരിച്ചു. കണക്ടിക്കട്ടിലെ യേല്‍ സര്‍വകലാശാലയില്‍ പ്രൊഫസറാണ് റോത്മാന്‍ (62). ഷെക്മാന്‍ കലിഫോര്‍ണിയ സര്‍വകലാശാലയിലാണ്. അമ്പത്തേഴുകാരനായ സുഡോഫ് 2008 മുതല്‍ കലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ പ്രൊഫസറാണ്. താനും തന്റെ വിദ്യാര്‍ഥികളും ചേര്‍ന്നു നടത്തിയ പ്രയത്നത്തിനുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് ഷെക്മാന്‍ പ്രതികരിച്ചു. ഒറ്റ രാത്രികൊണ്ട് സംഭവിച്ചതല്ല ഇതെന്നും പതിറ്റാണ്ടുകളുടെ ഗവേഷണഫലമാണ് ഇതെന്നും റോത്മാന്‍ പറഞ്ഞു. ഇതേ ഗവേഷണത്തിനുള്ള ഗ്രാന്റ് നഷ്ടമായിരിക്കയാണെന്നും നൊബേല്‍ ലഭിച്ചതിനാല്‍ ഫണ്ടിനായി വീണ്ടും അപേക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

deshabhimani

No comments:

Post a Comment