Tuesday, October 15, 2013

കേരളത്തിലെ റെയില്‍വേ ഡിവിഷനുകള്‍ വീണ്ടും വിഭജിക്കുന്നു

റെയില്‍വേ സോണിനായി ദീര്‍ഘകാലമായി ആവശ്യം ഉന്നയിക്കുന്ന കേരളത്തിന് ഇരുട്ടടിയായി ഡിവിഷനുകളുടെ വിഭജനം വരുന്നു. ദക്ഷിണ റെയില്‍വേയുടെ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളാണ് വെട്ടിമുറിക്കുന്നത്. കര്‍ണാടകത്തില്‍ മംഗലാപുരം, തമിഴ്നാട്ടില്‍ തിരുനെല്‍വേലി ഡിവിഷനുകള്‍ രൂപീകരിക്കാനാണ് നീക്കം. ഇവ നിലവില്‍വന്നാല്‍ കേരളത്തിലെ റെയില്‍വേ വികസനം സ്തംഭനാവസ്ഥയിലാകും. മംഗലാപുരം ഡിവിഷന്‍ വന്നാല്‍ പാലക്കാടിന്റെ ഭാഗങ്ങളാണ് നഷ്ടമാവുക. സേലം ഡിവിഷന്‍ നിലവില്‍വന്നതോടെ പാലക്കാടിന്റെ 500 കിലോമീറ്ററോളം റെയില്‍വേ ട്രാക്ക് നഷ്ടമായി. മംഗലാപുരം ഡിവിഷന്‍ രൂപീകരിക്കുന്നതോടെ പാലക്കാട് ഡിവിഷന്‍ കൂടുതല്‍ ചെറുതാകും. കേന്ദ്രമന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെയുടെ താല്‍പ്പര്യമാണ് മംഗലാപുരം ഡിവിഷന്‍ രൂപീകരണത്തിനു പിന്നിലെന്നാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന സൂചന. കൂടാതെ തിരുനെല്‍വേലിയില്‍ ഡിവിഷന്‍ രൂപീകരിക്കാന്‍ തമിഴ്നാട്ടില്‍നിന്നുള്ള മന്ത്രിമാരും കേന്ദ്രത്തില്‍ സമ്മര്‍ദം ശക്തമാക്കി. ഇത് നിലവില്‍വന്നാല്‍ തിരുവനന്തപുരം ഡിവിഷനു കീഴില്‍വരുന്ന കന്യാകുമാരി, നാഗര്‍കോവില്‍ അടക്കമുള്ള 300 കിലോമീറ്ററോളം റെയില്‍വേ ട്രാക്ക് കുറയും. ഇതോടെ ഡിവിഷന്‍ തകര്‍ച്ചയിലാകും. പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ കൂട്ടിച്ചേര്‍ത്ത് ഒറ്റ റെയില്‍വേ ഡിവിഷന്‍ എന്ന അവസ്ഥയിലേക്ക് കേരളം ഒതുങ്ങും. റെയില്‍വേ സോണ്‍ ഒരിക്കലും യാഥാര്‍ഥ്യമാവില്ല.

പാലക്കാട് ഡിവിഷന്‍ വെട്ടിമുറിക്കുന്നത് മലബാര്‍ മേഖലയ്ക്ക് വന്‍ ദുരിതമാകുമെന്ന് എം ബി രാജേഷ് എംപി "ദേശാഭിമാനി"യോടു പറഞ്ഞു. കേരളത്തില്‍നിന്ന് എട്ടു കേന്ദ്രമന്ത്രിമാരാണുണ്ടെങ്കിലും റെയില്‍വേയുടെ കാര്യത്തില്‍ ഉള്ള സംവിധാനങ്ങള്‍പോലും സംരക്ഷിക്കാന്‍ അവര്‍ക്കു കഴിയുന്നില്ല. കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിയുടെ 74 ശതമാനം ഓഹരി വഹിക്കാന്‍ പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ താല്‍പ്പര്യപ്പെട്ടതാണ്. അന്ന് റെയില്‍വേ മന്ത്രിയായിരുന്ന പവന്‍കുമാര്‍ ബന്‍സല്‍ കോച്ച് ഫാക്ടറി കേരളത്തിന് ഉറപ്പും നല്‍കി. എന്നാല്‍ ഇത് പിന്നീട് ഉപേക്ഷിച്ചു. ആലപ്പുഴ ജില്ലയില്‍നിന്നു മാത്രം മൂന്ന് കേന്ദ്ര മന്ത്രിമാര്‍ ഉണ്ടെങ്കിലും ചേര്‍ത്തല വാഗണ്‍ ഫാക്ടറി യാഥാര്‍ഥ്യമായില്ല. നേമം ഗുഡ്സ് ഷെഡ് പദ്ധതിയും ഉപേക്ഷിച്ച നിലയിലാണെന്നും എം ബി രാജേഷ് പറഞ്ഞു.
(അഞ്ജുനാഥ്)

deshabhimani

No comments:

Post a Comment