Wednesday, October 16, 2013

ഒന്നാംപ്രതി പ്രധാനമന്ത്രി: മുന്‍ സെക്രട്ടറി

കല്‍ക്കരി കുംഭകോണ കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും പ്രതി ചേര്‍ക്കണമെന്ന് കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പ്രകാശ്ചന്ദ്ര പരഖ്. മന്‍മോഹന്‍ സിങ് കല്‍ക്കരിവകുപ്പ് കൈകാര്യം ചെയ്തപ്പോഴാണ് കുമാര്‍ മംഗലം ബിര്‍ലയുടെ ഹിന്‍ഡാല്‍കോ കമ്പനിക്ക് ഒഡിഷയില്‍ കല്‍ക്കരിപ്പാടം അനുവദിക്കാന്‍ തീരുമാനിച്ചതെന്ന് പരഖ് പറഞ്ഞു. വകുപ്പു സെക്രട്ടറിയായിരുന്ന തനിക്കെതിരെയും ഹിന്‍ഡാല്‍കോയ്ക്കെതിരെയും സിബിഐ കേസെടുക്കുന്നുണ്ടെങ്കില്‍ പ്രധാനമന്ത്രിക്കെതിരെയും കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിര്‍ല നിവേദനം നല്‍കി. താന്‍ നിര്‍ദേശം വെച്ചു. പ്രധാനമന്ത്രി അത് പരിശോധിച്ച് തീരുമാനമെടുത്തു. ഒന്നാം പ്രതിസ്ഥാനത്ത് പ്രധാനമന്ത്രി വരും- പരഖ് പറഞ്ഞു.

പരഖിന്റെ പ്രതികരണത്തിന് പിന്നാലെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ടികള്‍ ഒന്നടങ്കം രംഗത്തുവന്നു. ഗൂഢാലോചകരില്‍ ഒരാള്‍ പ്രധാനമന്ത്രിയാണെന്ന പരഖിന്റെ ആരോപണം തന്നെയാണ് എല്ലാ രാഷ്ട്രീയ പാര്‍ടികളും പാര്‍ലമെന്റില്‍ മുന്നോട്ടുവച്ചിട്ടുള്ളതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. പ്രധാനമന്ത്രിയാണ് കല്‍ക്കരിവകുപ്പ് കൈയാളിയിരുന്നത്. അന്വേഷണം എത്രയും വേഗം പൂര്‍ത്തീകരിക്കണം. ആരൊക്കെ എന്തൊക്കെ ചെയ്തുവെന്നത് വെളിപ്പെടണം. അതിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകണം. ഏറെ പണിപ്പെട്ട് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഒരു പ്രസ്താവന നടത്തിയിരുന്നെങ്കിലും പല ചോദ്യങ്ങള്‍ക്കും ഇപ്പോഴും ഉത്തരം കിട്ടാനുണ്ട്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. അത് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം- യെച്ചൂരി ആവശ്യപ്പെട്ടു.

പരഖിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം ആവര്‍ത്തിക്കുകയാണെന്ന് ബിജെപി രാജ്യസഭാ ഉപനേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സുതാര്യമായ അന്വേഷണം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി രാജിവച്ചേ തീരൂവെന്ന് അദ്ദേഹം പറഞ്ഞു. ഹിന്‍ഡാല്‍കോയ്ക്ക് ഒഡിഷയിലെ തലബിര കല്‍ക്കരിപ്പാടം നല്‍കാനുള്ള തീരുമാനത്തില്‍ ഒപ്പുവച്ചത് പ്രധാനമന്ത്രിയാണെന്ന് പരഖ് ഹൈദരാബാദില്‍ പറഞ്ഞു. ഹിന്‍ഡാല്‍കോയും പൊതുമേഖലാ സ്ഥാപനമായ നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷനും ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിന് കല്‍ക്കരിപ്പാടം നല്‍കാനായിരുന്നു തുടക്കത്തിലുള്ള തീരുമാനം. ഇതില്‍ തെറ്റുണ്ടായിരുന്നില്ല. എന്നാല്‍, ഗൂഢാലോചനയുണ്ടെന്ന് സിബിഐ കരുതുകയാണെങ്കില്‍ ഇതില്‍ പങ്കാളികളായ എല്ലാവര്‍ക്കെതിരെയും അന്വേഷണം വേണം. താനും ബിര്‍ലയും മാത്രമല്ല പ്രധാനമന്ത്രിയും ഇതിലുള്‍പ്പെടും- പരഖ് പറഞ്ഞു. കല്‍ക്കരിപ്പാടങ്ങള്‍ ക്രമരഹിതമായി വിതരണം ചെയ്യുന്നതിനെതിരെ പ്രതികരിക്കുകയും മത്സരലേലത്തിലൂടെ വേണം വിതരണമെന്ന് നിര്‍ദേശിക്കുകയും ചെയ്ത തനിക്കെതിരെ കേസ് വന്നത് അത്ഭുതകരമാണെന്നും പരഖ് പറഞ്ഞു.

കല്‍ക്കരി മേഖലയില്‍ സുതാര്യത കൊണ്ടുവരാന്‍ ശ്രമം നടത്തിയ വ്യക്തിയാണ് താനെന്നും പരഖ് അവകാശപ്പെട്ടു. 2004 ജുെലൈ മുതല്‍ 2005 നവംബര്‍ വരെയാണ് പരഖ് കല്‍ക്കരി സെക്രട്ടറിയായി തുടര്‍ന്നത്. മത്സരലേലം ഉറപ്പാക്കാന്‍ കല്‍ക്കരി ഖനന നിയമത്തില്‍ ഭേദഗതി വരുത്തിയുള്ള ഓര്‍ഡിനന്‍സ് പരഖ് തയ്യാറാക്കിയെങ്കിലും സര്‍ക്കാര്‍ തീരുമാനമെടുക്കാതെ മാറ്റി. കല്‍ക്കരിപ്പാടങ്ങളുടെ വിതരണത്തിലെ ക്രമക്കേടുകളെക്കുറിച്ച് വിവരം നല്‍കിയ പരഖിനെ അഴിമതി തുറന്നുകാട്ടുന്ന വ്യക്തിയായി സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
(എം പ്രശാന്ത്)

deshabhimani

No comments:

Post a Comment