Wednesday, October 16, 2013

യുഎസ് കപ്പലിലെ ആയുധങ്ങള്‍ മാവോയിസ്റ്റുകള്‍ക്കുള്ളത്

കന്യാകുമാരി തീരത്ത് തീരസുരക്ഷാ സേന പിടികൂടിയ അമേരിക്കന്‍ കപ്പലില്‍നിന്ന് കണ്ടെടുത്ത ആയുധങ്ങള്‍ ഇന്ത്യയുടെ കിഴക്കന്‍തീരത്ത് മാവോയിസ്റ്റുകള്‍ക്ക് കൈമാറാന്‍ കൊണ്ടുവന്നതാണെന്നതിന് നിരവധി തെളിവുകള്‍. അമേരിക്കന്‍ സുരക്ഷാ സ്ഥാപനമായ അഡ്വന്റ്ഫോര്‍ട്ടിന്റെ എം വി സീമാന്‍ ഗാര്‍ഡ് ഓഹിയോ എന്ന കപ്പല്‍ ഒന്നരമാസമായി ഇന്ത്യന്‍ മഹാസമുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിലും കറങ്ങിനടന്നത് പറ്റിയ അവസരത്തിനുവേണ്ടിയായിരുന്നെന്ന് സംശയിക്കുന്നു. കപ്പലില്‍ ഡീസല്‍ നിറയ്ക്കാന്‍ നിയമവിരുദ്ധമായി ചിലരെ കപ്പലിലുള്ളവര്‍ സമീപിച്ചതും സംശയമുയര്‍ത്തുകയാണ്.

1995 ഡിസംബറിലെ പുരുളിയ ആയുധവര്‍ഷത്തിനു സമാനമായ രീതിയില്‍ വന്‍തോതില്‍ ആയുധങ്ങളെത്തിക്കുന്ന പദ്ധതിയുടെ ഭാഗമാണിതെന്നാണ് കരുതുന്നത്. 2012 ആഗസ്ത് 29ന് ജാര്‍ഖണ്ഡിലെ ഹസാരിബാഗ്, ബിഹാറിലെ ഗയ ജില്ലകളുടെ അതിര്‍ത്തിയിലെ സിലോദാര്‍ വനത്തില്‍നിന്ന് മാവോയിസ്റ്റ് നേതാക്കളായ അനില്‍ യാദവ്, പ്രഭുല്ല മലാക്കര്‍ എന്നിവരില്‍നിന്ന് പിടിച്ചെടുത്ത ആയുധങ്ങളില്‍ അമേരിക്കന്‍ സൈന്യം ഉപയോഗിക്കുന്ന കോള്‍ട്ട് എം-16 ഇനത്തില്‍ പെട്ട റൈഫിള്‍ ഉണ്ടായിരുന്നു. എട്ടു ലക്ഷം രൂപ വിലയുള്ളതാണ് ഈ റൈഫിള്‍. "അമേരിക്കന്‍ സേനയുടെ വക" എന്ന് റൈഫിളില്‍ രേഖപ്പെടുത്തിയിരുന്നു. അമേരിക്കന്‍ ആയുധം മാവോയിസ്റ്റുകളില്‍നിന്ന് കണ്ടെടുത്തത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ ആശങ്കയിലാഴ്ത്തിയിരുന്നു. കേസ് 2012 ഡിസംബര്‍ 24ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)ക്ക് കൈമാറിയെങ്കിലും പിന്നീട് ഒന്നും കേട്ടിട്ടില്ല.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍വഴിയാവും ഈ ആയുധം മാവോയിസ്റ്റുകളുടെ കൈയില്‍ എത്തിയതെന്നാണ് എന്‍ഐഎ നിഗമനം. അമേരിക്കയില്‍നിന്ന് നേരിട്ട് എത്താനുള്ള സാധ്യത എന്‍ഐഎ പരിശോധിച്ചതേയില്ല. ഇപ്പോള്‍ പിടിയിലായ അമേരിക്കന്‍ കപ്പല്‍ ഈ സൂചനയാണ് നല്‍കുന്നത്. കടല്‍ക്കൊള്ളക്കാരില്‍നിന്ന് മര്‍ച്ചന്റ് കപ്പലുകള്‍ക്ക് സുരക്ഷ നല്‍കാനാണ് ഈ സ്വകാര്യ ഏജന്‍സിയുടെ കപ്പല്‍ റോന്തുചുറ്റുന്നതെന്നാണ് വിശദീകരണം. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്തും ഏദന്‍ ഉള്‍ക്കടലിലും സഞ്ചരിക്കാന്‍ അനുമതിയുള്ള ഈ കപ്പല്‍ എങ്ങനെ കൊച്ചിയിലും ബംഗാള്‍ ഉള്‍ക്കടലിലും കടന്നു എന്ന അന്വേഷണമാണ് നടക്കേണ്ടത്.

നേപ്പാളില്‍നിന്ന് ബിഹാര്‍വഴി ജാര്‍ഖണ്ഡിലേക്കും ഒറീസയിലേക്കുമുള്ള ആയുധക്കടത്ത് നിലച്ച സാഹചര്യത്തിലാണ് കടല്‍മാര്‍ഗമുള്ള ആയുധക്കടത്തിന് മാവോയിസ്റ്റുകളുടെ ഒരുക്കം. സുരക്ഷാസേനയില്‍നിന്ന് ആയുധങ്ങള്‍ തട്ടിയെടുത്താണ് മാവോയിസ്റ്റുകള്‍ ആയുധശേഖരം വര്‍ധിപ്പിച്ചിരുന്നത്. 2008ല്‍ സുരക്ഷാസേനയില്‍ നിന്ന് ആയുധം പിടിച്ചെടുത്ത 1200 സംഭവങ്ങളുണ്ടായപ്പോള്‍ 2011ല്‍ അത് 67 ആയി കുറഞ്ഞു. വിദേശത്തുനിന്ന് മാവോയിസ്റ്റുകള്‍ക്ക് ആയുധമെത്തുന്നുവെന്ന് 2012 നവംബറില്‍ സിആര്‍പിഎഫ് മേധാവി പറഞ്ഞിരുന്നു. അമേരിക്കന്‍ കപ്പല്‍ 1500 ലിറ്റര്‍ ഡീസലാണ് അനധികൃതമായി വാങ്ങിയത്. കപ്പലില്‍നിന്ന് എന്തെങ്കിലും അവര്‍ക്ക് കൈമാറിയിട്ടുണ്ടോ എന്ന അന്വേഷണവും പ്രധാനം. അമേരിക്ക ഉള്‍പ്പെട്ട നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍. മാവോയിസ്റ്റുകളെപ്പോലുള്ള തീവ്രവാദ ഗ്രൂപ്പുകളെ വളര്‍ത്തിയാണ് അന്താരാഷ്ട്ര ആയുധ വ്യാപാരലോബി വിപണി കണ്ടെത്തുന്നത്.
(വി ജയിന്‍)

ആയുധക്കപ്പലിന്റെ യാത്രയുടെ ഉപഗ്രഹചിത്രം പരിശോധിക്കും

കൊച്ചി: ആയുധശേഖരവുമായി തൂത്തുക്കുടിയില്‍ പിടിയിലായ കപ്പലിനെക്കുറിച്ച് തീരസംരക്ഷണസേന കൂടുതല്‍ അന്വേഷണത്തിന്. കപ്പലില്‍ ആയുധം ശേഖരിച്ചതിനെക്കുറിച്ചാണ് അന്വേഷിക്കുന്നത്. കപ്പലിന്റെ സഞ്ചാരപഥത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിക്കും. അമേരിക്കയിലെ വിര്‍ജീനിയ ആസ്ഥാനമായ അഡ്വന്റ്ഫോര്‍ട്ട് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സീമാന്‍ ഗാര്‍ഡ് ഒഹയോ എന്ന ചരക്കുകപ്പല്‍ വെള്ളിയാഴ്ചയാണ് തൂത്തുക്കുടിയില്‍ പിടിയിലായത്. ആഗസ്ത് 28ന് കപ്പല്‍ കൊച്ചി തുറമുഖത്ത് എത്തിയിരുന്നു. കടല്‍ക്കൊള്ളക്കാരുടെ ആക്രമണമുള്ള യാത്രാപാതയില്‍ സുരക്ഷാ ചുമതലയുള്ള കപ്പലെന്നായിരുന്നു കൊച്ചിയില്‍ ഹാജരാക്കിയ യാത്രാരേഖയിലുണ്ടായിരുന്നത്. തീരസേന കപ്പല്‍ പരിശോധിച്ചിരുന്നു. അന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല. ഇതിനുശേഷം ഒന്നരമാസത്തോളം കഴിഞ്ഞാണ് ആയുധങ്ങളുമായി തൂത്തുക്കുടിയില്‍ പിടിയിലായത്. 31 യന്ത്രത്തോക്കുകളും അയ്യായിരത്തോളം ചുറ്റുതിരകളും കപ്പലില്‍നിന്ന് കണ്ടെടുത്തു. കൊച്ചിയില്‍നിന്ന് കപ്പല്‍ എങ്ങോട്ടാണ് പോയതെന്ന് തീരസേന അന്വേഷിക്കുന്നു. രണ്ടുമാസത്തോളമായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ഉണ്ടായിരുന്നെന്നു വ്യക്തമായിട്ടുണ്ട്.

അന്താരാഷ്ട്ര കപ്പലോട്ട നിയമം അനുസരിച്ച് ചരക്കു കപ്പലുകളുടെ സുരക്ഷയ്ക്കായി പ്രത്യേക സാഹചര്യങ്ങളില്‍ സായുധ സൈനികരെ നിയോഗിക്കാം. എന്നാല്‍ രാജ്യങ്ങളുടെ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിക്കുമ്പോള്‍ സൈനികരുടെ ആയുധങ്ങള്‍ ക്യാപ്റ്റന്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ പൂട്ടി സൂക്ഷിക്കണം. തൂത്തുക്കുടിയില്‍ പിടിയിലായ കപ്പല്‍ ഇതു ചെയ്തിട്ടില്ല. മാത്രമല്ല, സുരക്ഷയ്ക്ക് ആവശ്യമുള്ളതിലും വളരെ കൂടുതല്‍ ആയുധശേഖരമുണ്ടായിരുന്നു. അന്താരാഷ്ട്ര ആയുധക്കടത്തുമായുള്ള ബന്ധവും അന്വേഷിക്കുന്നു. ഫൈലിന്‍ ചുഴലിക്കാറ്റിന്റെ ഭീഷണിയെത്തുടര്‍ന്നാണ് ഇന്ത്യന്‍ തീരത്തു കടന്നതെന്നാണ് അഡ്വന്റ്ഫോര്‍ട്ട് കമ്പനിയുടെ പ്രതിനിധികള്‍ തീരസേനയോടു പറഞ്ഞത്. ചുഴലിക്കാറ്റു ഭീഷണിമൂലം നിരവധി കപ്പലുകള്‍ ഇങ്ങനെ എത്തിയിരുന്നു. അവയൊക്കെ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നു. എന്നാല്‍ ഈ അമേരിക്കന്‍ കപ്പല്‍ അനുമതി തേടിയിരുന്നില്ല. കപ്പലിനെപ്പറ്റി കേന്ദ്ര ആഭ്യന്തരവകുപ്പ് തമിഴ്നാട് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.

deshabhimani

No comments:

Post a Comment