കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ചെന്നിത്തലയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഐ ഗ്രൂപ്പ് നേതൃയോഗത്തിലാണ് സെക്രട്ടറി നിര്‍വ്വാഹകസമിതി അംഗത്തെ അടിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്, മുന്‍മന്ത്രി പി ശങ്കരന് എന്നിവരും സ്ഥലത്തുണ്ടായിരുന്നു. ചെന്നിത്തലയെ മാറ്റി കെ സുധാകരനെ പ്രസിഡന്റാക്കാനുള്ള നീക്കത്തിന് ജയന്ത് ശ്രമിച്ചതായി നിയാസ് ആരോപിച്ചതാണ് അടിയിലേക്ക് നയിച്ചത്. ചെന്നിത്തലക്ക് പകരം ഐ ഗ്രൂപ്പ് പ്രതിനിധിയായി സുധാകരനെ പ്രസിഡന്റാക്കണമെന്നാവശ്യപ്പെട്ട് ജയന്ത് പ്രവര്‍ത്തകരില്‍ പ്രചരണം നടത്തിയെന്ന് നിയാസ് പറഞ്ഞു. ഇക്കാര്യം സോണിയാഗാന്ധിക്ക് ഫാക്സ്-ഇ മെയില്‍ വഴി അയക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് മൊബൈല്‍ഫോണില്‍ സന്ദേശമയച്ചിരുന്നു. കേരളത്തിലെ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കെ സുധാകരനെ പ്രസിഡന്റാക്കണമെന്നായിരുന്നു സന്ദേശം. ഇതിനെ നിയാസ് വിമര്‍ശിച്ചതോടെ പ്രകോപിതനായ ജയന്ത് നിയാസുമായി കടുത്ത വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്നാണ് നിയാസിന് അടിയേറ്റത്.
ഈ സംഭവം പുറത്തറിയിക്കാതെ ചെന്നിത്തലയും നേതാക്കളും ഒതുക്കുകയായിരുന്നു. എന്നാല്‍ നിയാസ് പരാതിയും നടപടിയുമാവശ്യപ്പെട്ടതോടെയാണ് സംഭവം പരസ്യമായത്. പുനസംഘടനയില്‍ ഐ ഗ്രൂപ്പിനുള്ള അവകാശവാദവും വീതംവെപ്പും ചര്‍ച്ചചെയ്യാനായിരുന്നു ചെന്നിത്തലയുടെ നേതൃത്വത്തില്‍ അര്‍ധരാത്രി യോഗം ചേര്‍ന്നത്. അടിയെ തുടര്‍ന്ന് ചര്‍ച്ച നിര്‍ത്തുകയായിരുന്നു. ഐ ഗ്രൂപ്പിനുള്ളില്‍ അടുത്തകാലത്തായി ശക്തമാകുന്ന പടലപ്പിണക്കമാണ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ പൊട്ടിത്തെറിച്ചത്. കെ സുധാകരന്റെ നേതൃത്വത്തില്‍ ഗ്രൂപ്പില്‍ കുറുമുന്നണി രൂപപ്പെട്ടുവരികയായിരുന്നു. നേരത്തെ വയലാര്‍ രവിയുടെ വിശ്വസ്തനായി നാലാം ഗ്രൂപ്പിലായിരുന്ന സുധാകരന് ഐഭാഗത്തേക്ക് വന്നപ്പോള്‍ സ്വന്തം പക്ഷം ശക്തമാക്കുന്ന നിലപാട് സ്വീകരിച്ചതായി ആക്ഷേപമുയര്‍ന്നതാണ്. അതിന്റെ കൂടി തെളിവാണ് ചെന്നിത്തലയുടെ മുന്നിലുണ്ടായ കയ്യാങ്കളി.
അടിയേറ്റത് സത്യമാണെന്നും വാക്കാല്‍ ചെന്നിത്തലക്ക് പരാതി നല്‍കിയതായും നിയാസ് പറഞ്ഞു. എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണമാണെന്നാണ് ജയന്ത് പറയുന്നത്. തന്നെ ഒതുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും പറഞ്ഞു. തനിക്കാരും പരാതി നല്‍കിയിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് കെ സി അബു പറഞ്ഞു. എന്നാല്‍ നിയാസിന് അടിയേറ്റത് കെപിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തിലായതിനാല് അന്വേഷണം ആവശ്യമില്ലെന്നും നടപടിയാണാവശ്യമെന്നും എ ഗ്രൂപ്പുകാരനായ അബു പറഞ്ഞു.
deshabhimani
No comments:
Post a Comment