Wednesday, October 16, 2013

ഇ എം എസ് ഭവനപദ്ധതി: യുഡിഎഫ് സര്‍ക്കാര്‍ സാധാരണക്കാരെ വലയ്ക്കുന്നു

പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് തുക പൂര്‍ണമായും ലഭിച്ചില്ല

പാലക്കാട്: ഇ എം എസ് ഭവനപദ്ധതി യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചതോടെ പദ്ധതിയിലുള്‍പ്പെട്ട ജില്ലയിലെ നൂറുകണക്കിന് സാധാരണക്കാര്‍ തുക പൂര്‍ണമായും ലഭിക്കാതെ വലയുന്നു. ആദ്യഗഡു കൈപ്പറ്റി ഭവനനിര്‍മ്മാണം തുടങ്ങിയവര്‍ക്ക് രണ്ടാംഗഡു ലഭിക്കാത്ത സാഹചര്യമാണ്. രണ്ടാംഗഡു വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ഇതേവരെ നടപടിക്രമം പൂര്‍ത്തിയായിട്ടില്ല. ജില്ലയില്‍ ഏകദേശം 2,500ഓളം പേര്‍ക്ക് പൂര്‍ണമായും ആനുകൂല്യം ലഭിച്ചിട്ടില്ല. 2012 മാര്‍ച്ച് 31ന് യുഡിഎഫ്സര്‍ക്കാര്‍ പദ്ധതി പൂര്‍ണമായും നിര്‍ത്തലാക്കി ഉത്തരവിറക്കിയത്. എന്നാല്‍, പകരം പദ്ധതിയോ നിലവില്‍ പദ്ധതിയിലുള്‍പ്പെട്ടവരുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളോ സര്‍ക്കാര്‍ പ്രഖ്യാപിച്ചില്ല. ഇതോടെയാണ് ആദ്യഗഡു വാങ്ങി വീടു നിര്‍മാണം തുടങ്ങിയവര്‍ പ്രതിസന്ധിയിലായത്. ചിലര്‍ പണി നിര്‍ത്തി. രണ്ടാം ഗഡു കിട്ടുമെന്ന പ്രതീക്ഷയോടെ കടം വാങ്ങി പണി തുടര്‍ന്നവര്‍ സാമ്പത്തികപ്രതിസന്ധിയിലുമായി.
ഭവനനിര്‍മാണത്തിന് ഗഡുക്കളായി തുക ബാങ്കുകള്‍വഴിയാണ് നല്‍കി വന്നിരുന്നത്. ഇതിന് ഓരോ തവണയ്ക്കും പ്രത്യേക അപേക്ഷയും നല്‍കണം. ആദ്യഗഡു ലഭിച്ച് നിര്‍മാണം ആരംഭിച്ചവര്‍ തുടര്‍നിര്‍മാണത്തിന് തുക ലഭിക്കാന്‍ അപേക്ഷ നല്‍കാന്‍ ചെന്നപ്പോഴാണ് പ്രശ്നം മനസ്സിലായത്. പദ്ധതി നിര്‍ത്തലാക്കിയെങ്കിലും നിലവില്‍ ആനുകൂല്യംപറ്റിയവരുടെ തുടര്‍നടപടി സംബന്ധിച്ച് നിര്‍ദേശമില്ലാത്തത് ആശയക്കുഴപ്പത്തിനിടയാക്കി. പാവപ്പെട്ടവര്‍ക്ക് ഭവനനിര്‍മാണത്തിന് സഹായകമാകുന്നതിന് ലക്ഷ്യമിട്ട് എല്‍ഡിഎഫ് സര്‍ക്കാരാണ് ഇ എം എസ് ഭവനപദ്ധതിക്ക് തുടക്കമിട്ടത്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. ജില്ലയില്‍ത്തന്നെ 2011-12 വര്‍ഷത്തില്‍ ഏകദേശം 5,000 അപേക്ഷകളാണ് ജില്ലയില്‍ സമര്‍പ്പിക്കപ്പെട്ടത്. പാവപ്പെട്ടവര്‍ക്ക് ഏറെ ആശ്വാസമേകുന്ന ഒരു ക്ഷേമപദ്ധതി യുഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയപ്പോള്‍ പകരം പുതിയ പദ്ധതി വരുമെന്ന പ്രഖ്യാപനം ഇതുവരെയും നടപ്പാക്കിയിട്ടില്ല. ഭവനരഹിതരായ ലക്ഷക്കണക്കിനു പേരാണ് ഇതു മൂലം വലയുന്നത്. ജില്ലയില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇപ്പോഴും ഭവനരഹിതരാണ്്. ജനക്ഷേമം മുന്‍നിര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഇ എം എസ് ഭവനപദ്ധതിയെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചപ്പോള്‍ പാവപ്പെട്ടവരുടെ വീടെന്ന സ്വപ്നമാണ് തകര്‍ന്നത്.

അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ ഫ്ളൂറൈഡ് കലര്‍ന്ന വെള്ളം

അഗളി: ഊരുകളില്‍ ആദിവാസികള്‍ കുടിക്കുന്നത് ഫ്ളൂറൈഡ് കലര്‍ന്ന വെള്ളമെന്ന് പഠന റിപ്പോര്‍ട്ട്. വിവിധ സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് വെള്ളത്തില്‍ ഫ്ളൂറൈഡിന്റെ അംശം ഉയര്‍ന്നതോതില്‍ കണ്ടെത്തിയത്. കിഴക്കന്‍അട്ടപ്പാടിയിലെ ജലാശയങ്ങളിലാണ് ഫ്ളൂറൈഡ് കൂടുതലായി കണ്ടെത്തിയത്. നാല് സ്കൂളുകളിലെ കുട്ടികളിലും 20 ജലസ്രോതസ്സുകളിലുമാണ് പരിശോധന നടത്തിയത്. കുട്ടികളുടെ പല്ലിന് രോഗം ബാധിച്ചതായും നിരവധിപേര്‍ക്ക് രോഗസാധ്യതയും കണ്ടെത്തി. നവജാതശിശുക്കളുടെ കൂട്ടമരണത്തെത്തുടര്‍ന്നാണ് പഠനം നടന്നത്.

അട്ടപ്പാടിയുടെ കിഴക്കന്‍പ്രദേശത്തെ ഭൂരിഭാഗം ഊരുകളിലും മലിനജലമാണ് ലഭിക്കുന്നതെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ശുദ്ധജലത്തിന്റെ അഭാവം ആദിവാസി ഊരുകളെ കാര്യമായി ബാധിച്ചിട്ടുണ്ട്. തോടുകളും അരുവികളും ഗണ്യമായി കുറഞ്ഞതോടെ കുടിക്കാന്‍ വെള്ളമില്ലാതെ അലയുകയാണ് ആദിവാസികള്‍. പുതൂര്‍ പഞ്ചായത്തിലെ മിക്ക ഊരുകളിലും കുടിക്കാന്‍ വെള്ളമില്ല. ഷോളയൂര്‍ പഞ്ചായത്തിലും ജലക്ഷാമം രൂക്ഷമാണ്. പഴയ പദ്ധതികളുടെ പുനരുദ്ധാരണത്തിനുപുറമെ പുതിയതായി നിരവധി പദ്ധതികളും ഓരോവര്‍ഷവും സ്ഥാപിക്കുന്നുണ്ട്. എന്നാല്‍, എവിടെയും കുടിക്കാന്‍ ശുദ്ധജലമില്ല.

deshabhimani

No comments:

Post a Comment