100 ദിവസത്തിൽ 100 പദ്ധതി പ്രഖ്യാപനം ചരിത്രത്തിലേക്ക്. രണ്ടുഘട്ടത്തിലായി 169 ദിവസത്തിൽ പൂർത്തിയാക്കുകയോ ആരംഭിക്കുകയോ ചെയ്തത് 206 പദ്ധതി. മുമ്പെങ്ങുമില്ലാത്ത ക്ഷേമ, വികസന പദ്ധതികളുടെ നിർവഹണമാണ് ഇതിലൂടെ സാധ്യമാക്കിയത്. ഒന്നാം 100 ദിന പരിപാടിയിൽ സെപ്തംബർ 2020 മുതൽ ഡിസംബർ 9 വരെ 134 പദ്ധതി പൂർത്തീകരിച്ചു. ആദ്യം പ്രഖ്യാപിക്കാത്ത പദ്ധതികളും പിന്നീട് ഉൾപ്പെടുത്തി.
രണ്ടാംഘട്ട നൂറുദിന കർമ പരിപാടി തദ്ദേശ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ ഡിസംബർ 17നാണ് ആരംഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്ന ഫെബ്രുവരി 26 വരെ 72 പദ്ധതി പൂർത്തീകരിച്ചു. 278 ഘടക പദ്ധതിയിലായി ഏതാണ്ട് 8,000 കോടിയുടെ വികസന പ്രവർത്തനം പൂർത്തീകരിക്കുകയോ തുടക്കംകുറിക്കുകയോ ചെയ്‌തു.
ഇരുഘട്ടത്തിലുമായി 1,79,385 പേർക്ക് പുതിയ തൊഴിൽ ലഭിച്ചു. രണ്ടാം ഘട്ടത്തിൽ 58,302 പേർക്ക് തൊഴിൽ നൽകി. ആദ്യഘട്ടത്തിൽ 1,21,083 പേർക്കും. നവവത്സര സമ്മാനമായി ജനുവരി ഒന്നുമുതൽ ക്ഷേമപെൻഷനുകൾ 100 രൂപവീതം വർധിപ്പിച്ച് 1500 രൂപയായി ഉയർത്തുമെന്നായിരുന്നു രണ്ടാം നുറുദിന പരിപാടിയിലെ പ്രധാന വാഗ്‌ദാനം. ഇതിനുമപ്പുറം ഏപ്രിൽ ഒന്നുമുതൽ 1600 രൂപയായി പെൻഷൻ ഉയർത്തി ഉത്തരവിറക്കി.
കൂടുതൽ കുടുംബശ്രീ ഭക്ഷണശാലകൾ തുറന്നു. 80 ലക്ഷത്തിൽപ്പരം കുടുംബങ്ങൾക്ക് പലവ്യഞ്ജന കിറ്റ് വിതരണം തുടരുന്നു. പാലക്കാട്ടെ പ്രതിരോധ പാർക്ക്, മെഗാ ഫുഡ് പാർക്ക്, കുട്ടനാട്ടിലെ സംയോജിത റൈസ് ടെക്‌നോളജി പാർക്ക് എന്നിവയടക്കം 17 വ്യവസായ പദ്ധതി ഉദ്ഘാടനം ചെയ്‌തു. വെർച്വൽ കയർ മേളയിലൂടെ 700 കോടിയോളം രൂപയുടെ കയർ ഉൽപ്പന്നങ്ങൾക്ക് ഓർഡർ ഉറപ്പാക്കി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി ഏറ്റെടുക്കുന്നതിനുള്ള ആദ്യഗഡു തുക 72.80 കോടി രൂപ കൈമാറി. ടൂറിസം വകുപ്പിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലെ അഞ്ചു പദ്ധതിയിലായി 68 പ്രവർത്തനം പൂർത്തീകരിച്ചു. ഗെയിൽ പൈപ്പ് ലൈൻ കൊച്ചി-–-മംഗലാപുരം റീച്ച് ഉദ്‌ഘാടനം ചെയ്‌തു. റായ്‌പുർ-–-പുഗലൂർ-–-മാടക്കത്തറ വെദ്യുതി ലൈൻ കമീഷൻ ചെയ്‌തു. കെ -ഫോൺ സംസ്ഥാനതല കൺട്രോൾ റൂം, 14 ജില്ലാതല കേന്ദ്രം, തെരഞ്ഞെടുക്കപ്പെട്ട ഓഫീസുകളുടെ നെറ്റുവർക്കിങ് എന്നിവയടങ്ങുന്ന ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്‌തു.
ജി രാജേഷ് കുമാർ
No comments:
Post a Comment