Friday, March 5, 2021

കോടതി ആവശ്യപ്പെടാത്ത സത്യവാങ്മൂലത്തിൽ സ്വപ്ന‌യുടെ മൊഴിയുമായി കസ്റ്റംസ്

 കൊച്ചി > സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജയിലിൽ ആവശ്യമായ സുരക്ഷ നൽകുന്നുണ്ടെന്നും മറിച്ചുള്ള കീഴ്‌ക്കോടതി പരാമർശം നീക്കണമെന്നും ആവശ്യപ്പെട്ട് ജയിൽ ഡി ജി പി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മുഖ്യമന്ത്രിക്കെതിരെ പരാമർശമുള്ള സത്യവാങ് മൂലവുമായി കസ്റ്റംസ്. കോടതി കസ്റ്റംസിനോട് സത്യവാങ്ങ്മൂലം ഫയൽ ചെയ്യാൻ ആവശ്യപ്പെടാത്ത കേസിലാണ് തെരെഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ഈ നീക്കം. കസ്റ്റംസിനെതിരെ ഈ കേസിൽ ആരോപണങ്ങൾ ഉന്നയിക്കപെട്ടിട്ടില്ല. അത്തരമൊരു കേസിലാണ് ഒരു ബന്ധവുമില്ലാത്ത വിവരങ്ങൾ ഉൾപ്പെട്ടുത്തി സത്യവാങ്ങ്മൂലം സമർപ്പിച്ചത്.

യുഎഇ കോൺസുലേറ്റ് വഴി നടന്ന നിയമവിരുദ്ധമായ ഇടപാടുകളിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കും മുഖ്യമന്ത്രിയുടെ ഒരു പേഴ്‌സണൽ സ്റ്റാഫിനും പങ്കുണ്ടന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതായാണ് സത്യവാങ് മൂലത്തിൽ കസ്റ്റംസ് അവകാശപ്പെടുന്നത്. സ്വപ്ന സുരേഷ് എറണാകുളം മജിറ്റേറ്റ് കോടതിയിൽ നൽകിയ രഹസ്യമൊഴിയിലെ വിവരങ്ങളാണ് ഇതെന്നാണ്  കസ്റ്റംസ് കമ്മിഷണർ സുമിത് കുമാർ  സത്യവാങ്ങ്മൂലത്തിൽ പറയുന്നത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ തന്നെ നിർബ്ബന്ധിക്കുന്നതായും അങ്ങനെ ചെയ്‌താൽ കേസിൽ മാപ്പുസാക്ഷിയാക്കാമെന്നു അന്വേഷണ ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തതായും വെളിപ്പെടുത്തുന്ന സ്വപനയുടെ ശബ്ദരേഖ മുമ്പ് പുറത്തുവന്നിരുന്നു.

2020 നവംബർ മുപ്പതിന് കോടതിയിൽ ഹാജരാക്കിയപ്പോൾ സ്വപ്ന നൽകിയ മൊഴിയിൽ അവർക്ക് ഭീഷണി ഉള്ളതായി പറയുന്നുണ്ടെന്നും സുരക്ഷ നൽകണമെന്നും  പ്രത്യേക സാമ്പത്തീക കോടതി ഉത്തരവിൽ പരാമർശിച്ചിരുന്നു. എന്നാൽ സ്വപ്നക്ക് മതിയായ സുരക്ഷ ജയിലിൽ ഉണ്ടെന്നും അതുകൊണ്ട് ഉത്തരവിലെ പരാമർശങ്ങൾ നീക്കണമെന്നും ആവശ്യപ്പെട്ടാണ്  ജയിൽ ഡി ജി പി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

No comments:

Post a Comment