Saturday, March 6, 2021

വി മുരളീധരൻ മന്ത്രിയായതിന്‌ ശേഷം നടന്ന സ്വർണക്കടത്തിന്‌ കണക്കുണ്ടോ?; വിരട്ടൽ കൊണ്ട് വിറപ്പിക്കാൻ നോക്കേണ്ടെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം > വി മുരളീധരൻ കേന്ദ്രവിദേശകാര്യ സഹമന്ത്രിയായതിന് ശേഷം എത്ര സ്വർണക്കടത്ത് നടന്നു എന്നതിന് വല്ല കണക്കുമുണ്ടോ എന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മിഡില്‍ ഈസ്റ്റിന്റെ ചുമതലയാണ് അദ്ദേഹത്തിന് എന്നാണ് പറയുന്നത്. ഈ മന്ത്രി ചുമതലയിൽ വന്ന ശേഷമല്ലേ നയതന്ത്രചാനലിലൂടെ സ്വ‌ർണക്കടത്ത് നടന്നത്?. സ്വർണക്കടത്ത് നടന്നത് നയതന്ത്രബാഗേജ് വഴിയല്ല എന്ന് പ്രതിയെ പറയാൻ പ്രേരിപ്പിച്ച വ്യക്തിയുമായി ഇദ്ദേഹത്തിനുള്ള ബന്ധമെന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു.

നയതന്ത്ര ബാഗിലാണ് സ്വര്‍ണക്കടത്ത് നടത്തിയത് എന്ന് പാര്‍ലമെന്റില്‍ ധനസഹമന്ത്രി പറഞ്ഞപ്പോള്‍ അതിനു വിരുദ്ധമായ നിലപാട് ഈ സഹമന്ത്രി ആവര്‍ത്തിച്ച് എടുത്തത് എന്തിനായിരുന്നു? ഒരു പ്രതിയെ വിട്ടുകിട്ടാത്തതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴല്ലേ, അത് വിദേശകാര്യ വക്താവിനോട് ചോദിക്കണമെന്ന് ഈ സഹമന്ത്രി മറുപടി പറഞ്ഞത്. ആ സഹമന്ത്രി ഇപ്പോൾ വാളും ചുഴറ്റി ഇറങ്ങണ്ട.

ജനക്ഷേമം കണ്ട് മുന്നോട്ട് പോകുന്ന ഇടതിനെ ജനങ്ങൾക്കിടയിൽ ഇകഴ്ത്താൻ ഇത് മതിയാകില്ല. സർക്കാരിന്‍റെ യശസ്സിനെ ഇകഴ്ത്തുകയാണ് ഉദ്ദേശം. ഇടതുപക്ഷം ജനമനസ്സിൽ പിടിച്ച സ്ഥാനം വലുതാണ്. ഞങ്ങൾ ജനങ്ങൾക്കൊപ്പമാണ്. ആ വിശ്വാസം ജനങ്ങൾക്കും ഞങ്ങൾക്കുമുണ്ട്. ഈ വിരട്ടൽ കൊണ്ട് വിറപ്പിക്കാൻ നോക്കണ്ട. ആ വ്യാമോഹം അങ്ങ് മനസ്സിൽ വച്ചാൽ മതി. അത് തന്നെയാണ് ഇന്നലെയും ഇന്നും നാളെയും പറയാനുള്ളത് ‐ മുഖ്യമന്ത്രി പറഞ്ഞു.

തെളിഞ്ഞ അന്തരീക്ഷത്തിൽ തെരഞ്ഞെടുപ്പ് നടക്കരുതെന്നും, ജനങ്ങളിൽ വിഭ്രാന്തിയും ആശങ്കയുമുണ്ടാകണമെന്നും ബിജെപിയും കോൺഗ്രസും ഒരുപോലെ ആഗ്രഹിക്കുന്നു. കസ്റ്റംസ് രീതികൾ തുടക്കം മുതൽ നമ്മൾ കണ്ടു. കോൺഗ്രസ്, ബിജെപി കേരളതല സഖ്യം സ്വർണക്കടത്ത് ആഘോഷിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കസ്റ്റംസിനെ വിളിച്ചെന്നായിരുന്നു ആദ്യ ആരോപണം. അക്കാര്യം അന്നത്തെ കസ്റ്റംസ് ജോയിന്‍റ് കമ്മീഷണറോട് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം ഓർമയില്ലേ? മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ല എന്ന് സത്യസന്ധമായി പറഞ്ഞ ആ ഉദ്യോഗസ്ഥൻ എവിടെയുണ്ട്? നാഗ്പൂരിലേക്കാണ് നാടുകടത്തിയത്. കേസ് മുന്നോട്ട് പോകുമ്പോൾ അന്വേഷണരംഗത്തുണ്ടായിരുന്ന പത്ത് പേരെ ഒറ്റയടിക്ക് സ്ഥലം മാറ്റിയതെന്തിന്? ഒരു അസിസ്റ്റന്‍റ് കമ്മീഷണറെ ഉടൻ മാറ്റിയതെന്തിന്? അന്ന് തന്നെ അത് ചർച്ചയായില്ലേ? ഇതിൽ കൃത്യം ചില കളികൾ നടക്കുകയാണ്. കണ്ണടച്ച് പാലു കുടിച്ചാൽ ആർക്കും മനസ്സിലാവില്ലെന്ന ചിന്ത പൂച്ചകൾക്കേ ചേരൂ - മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment