അടുത്തമാസം ആറിനാണല്ലോ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. തുടർഭരണത്തിനായി ജനങ്ങളെ സമീപിക്കുന്ന എൽഡിഎഫിനെതിരെ യുഡിഎഫും ബിജെപിയും കൈകോർത്തുകൊണ്ട് നീങ്ങുകയാണ് ഇപ്പോൾ. അവർക്ക് കരുത്തേകുന്നതിന് പതിവിൽനിന്നും വ്യത്യസ്‌തമായി മറ്റൊരു കൂട്ടരുംകൂടി അണിചേർന്നിട്ടുണ്ട്. കേന്ദ്ര ധന വകുപ്പിന്റെ കീഴിലുള്ള അന്വേഷണ ഏജൻസികളായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസുമാണ് അത്. കിഫ്‌ബി മസാല ബോണ്ട് സ്വീകരിച്ചത് കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ എന്നുപറഞ്ഞാണ് എൻഫോഴ്‌സ്‌മെന്റിന്റെ നീക്കമെങ്കിൽ സ്വർണക്കടത്തുകേസിൽ ജയിലിൽ കഴിയുന്ന സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ ഉള്ളടക്കം പുറത്തുവിട്ടാണ് കസ്റ്റംസ് എൽഡിഎഫ് വിരുദ്ധ പ്രചാരണത്തിന് തുടക്കമിട്ടത്. കേന്ദ്ര അന്വേഷണ ഏജൻസികളെ തങ്ങളുടെ സങ്കുചിത രാഷ്ട്രീയ താൽപ്പര്യം നേടിയെടുക്കുന്നതിനായി ഏതു രീതിയിലും മോഡി സർക്കാർ ഉപയോഗിക്കുമെന്നതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് ഇത്.
പിണറായി വിജയൻ സർക്കാരിന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിനെതിരെ കോൺഗ്രസ്, ബിജെപി നേതാക്കൾ നിത്യേനയെന്നോണം ആവർത്തിക്കുന്ന കള്ളങ്ങൾ അതേപടി സത്യവാങ്‌മൂലമായി കോടതിയിൽ സമർപ്പിച്ച് തങ്ങളുടെ രാഷ്ട്രീയ വിടുവേല പരസ്യമാക്കിയിരിക്കുകയാണ് കസ്റ്റംസ്. സംഭവങ്ങളുടെ സൂക്ഷ്‌മപരിശോധനയിൽ കസ്റ്റംസ് വിഭാഗത്തിന്റേത് പരസ്യമായ രാഷ്ട്രീയ പ്രചാരണം മാത്രമാണെന്ന് വ്യക്തമാകും. സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിന് ആവശ്യമായ സുരക്ഷ നൽകുന്നുണ്ടെന്നും മറിച്ചുള്ള കീഴ്‌ക്കോടതി പരാമർശങ്ങൾ നീക്കണമെന്നും ആവശ്യപ്പെട്ട് ജയിൽ ഡിജിപി നൽകിയ ഹർജി പരിഗണിക്കവെയാണ് ആ കേസുമായി ഒരു ബന്ധവുമില്ലാത്ത വിവരങ്ങൾ ഉൾപ്പെടുത്തി കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകിയത്. ഈ കേസിൽ കസ്റ്റംസിനെതിരെ ഒരിടത്തും ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നില്ല. എന്നിട്ടും ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും സ്‌പീക്കർക്കും മൂന്നു മന്ത്രിമാർക്കും പങ്കുണ്ടെന്നു കാണിക്കുന്ന സത്യവാങ്‌മൂലം നൽകിയത് എന്തിനാണെന്ന കാര്യമാണ് സംശയമുണർത്തുന്നത്.
നവംബർ 30ന് എറണാകുളം മജിസ്‌ട്രേട്ട് കോടതിയിൽ സ്വപ്‌ന സുരേഷ് നൽകിയ രഹസ്യമൊഴിയിലെ വിവരങ്ങളാണ് സത്യവാങ്‌മൂലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജൂലൈയിൽ അറസ്റ്റിലായ സ്വപ്‌നയെ എൻഐഎയും ഇഡിയും മറ്റും ആറു മാസക്കാലം ചോദ്യം ചെയ്‌തിട്ടും കിട്ടാത്ത കാര്യമാണ് തങ്ങൾക്ക് രഹസ്യമൊഴിയിലൂടെ ലഭിച്ചതെന്ന് പറഞ്ഞാണ് സത്യവാങ്‌മൂലം നൽകിയിട്ടുള്ളത്. മാത്രമല്ല, രഹസ്യമൊഴി രേഖപ്പെടുത്തിയിട്ട് മൂന്നു മാസം കഴിഞ്ഞതിനുശേഷം മാർച്ച് നാലിനു മാത്രം അത് പുറത്തുവിടാനുണ്ടായ ചേതോവികാരം എന്താണ്? അതിനുള്ള ഉത്തരം നിയമസഭാ തെരഞ്ഞെടുപ്പ് എന്നാണ്. സത്യവാങ്‌മൂലം കോടതിയിൽ എത്തുന്നതിനുംമുമ്പ് പ്രതിപക്ഷനേതാവിനും മാധ്യമങ്ങൾക്കും അത് ലഭ്യമാക്കിയതും ഇതേ ലക്ഷ്യംവച്ചാണ്.
പ്രതിയെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയാണ് രഹസ്യമൊഴി നൽകാൻ പ്രേരിപ്പിച്ചതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. കുറ്റസമ്മതമൊഴിക്ക് മജിസ്‌ട്രേട്ടിന് അപേക്ഷ നൽകിയതുപോലും കസ്റ്റംസായിരുന്നു. തീർത്തും അസാധാരണ നടപടിയായിരുന്നു ഇത്. കുറ്റസമ്മതമൊഴി നൽകാൻ കസ്റ്റംസ് പ്രേരിപ്പിച്ചെന്ന് ഇതിൽനിന്നുതന്നെ വ്യക്തമാകുന്നു. രഹസ്യമൊഴി നൽകിയിട്ട് മൂന്നു മാസം പിന്നിട്ടിട്ടും ആ മൊഴിയിൽ പറഞ്ഞ കാര്യങ്ങൾക്ക് തെളിവ് നൽകാൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നതാണ് വിചിത്രമായ കാര്യം. 15 പേജ് വരുന്ന സത്യവാങ്‌മൂലത്തിലെ എട്ടാം പേജിലെ പത്താം ഖണ്ഡികയിൽ കസ്റ്റംസ് പറയുന്നത് മുഖ്യമന്ത്രിക്കും മറ്റുമെതിരെയുള്ള സ്വപ്‌നയുടെ ആരോപണം തെളിയിക്കുന്നതിന് തങ്ങളുടെ പക്കൽ തെളിവൊന്നുമില്ലെന്നാണ്. രഹസ്യമൊഴിയിലുള്ളത് സ്വപ്‌നയ്‌ക്കു മാത്രം അറിവുള്ള കാര്യമാണെന്നും സത്യവാങ്‌മൂലം പറയുന്നു. അതായത് എൽഡിഎഫ് വിരുദ്ധശക്തികൾക്ക് രാഷ്ട്രീയലാഭം കൊയ്യാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ തയ്യാറാക്കിയ തിരക്കഥയാണ് പുതിയ സത്യവാങ്‌മൂലം.
സ്വർണക്കടത്തും ഈന്തപ്പഴം ഖുർആൻ കടത്തും മറ്റും ഉയർത്തി തദ്ദേശ തെരഞ്ഞെടുപ്പിൽ വലതുപക്ഷ ശക്തികൾക്ക് നേട്ടമുണ്ടാക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ കിണഞ്ഞുശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല. യുഡിഎഫും ബിജെപിയും പരാജയത്തിന്റെ രുചിയറിഞ്ഞു. ഇതിൽനിന്നും ഒരു പാഠവും പഠിക്കാൻ യുഡിഎഫും ബിജെപിയും തയ്യാറായില്ലെന്ന് കേന്ദ്ര അന്വേഷണ ഏജൻസികളെ കൂട്ടുപിടിച്ചു നടത്തുന്ന പുതിയ നീക്കങ്ങൾ വ്യക്തമാക്കുന്നു. കേരളത്തിലെ എഴുത്തും വായനയും അറിയുന്ന പ്രബുദ്ധരായ ജനസമൂഹത്തിനു നേരെയാണ് ഇവർ കൊഞ്ഞനംകുത്തുന്നത്. ജനവിധിയിലൂടെ ചുട്ട മറുപടി നൽകാൻ അവർക്കറിയാം. അതവർ ചെയ്യുക തന്നെ ചെയ്യുമെന്ന് ഉറപ്പിക്കാം.
deshabhimani editorial 080321
No comments:
Post a Comment