തിരുവനന്തപുരം> കിഫ്‌ബിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) അന്വേഷണം തെരഞ്ഞെടുപ്പ് ലാക്കാക്കിയും വികസന പദ്ധതികള്‍ അട്ടിമറിക്കാന്‍ ലക്ഷ്യംവെച്ചും ബിജെപി നടത്തുന്ന രാഷ്ട്രീയ നീക്കമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം കേന്ദ്ര സര്‍ക്കാര്‍ സംവിധാനമായ ഇ ഡിയുടെ ഇടപെടല്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇ ഡിയെ നിയന്ത്രിക്കുന്ന കേന്ദ്ര ധനമന്തി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ ദിവസം കിഫ്‌ബിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉയര്‍ത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയിലാണ് ഇപ്പോള്‍ തിടുക്കത്തില്‍ ഇ ഡി അന്വേഷണവുമായി എത്തിയത്. ധനമന്ത്രിയുടെ നടപടി അധികാര ദുര്‍വിനിയോഗംവഴി തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണ്.
എല്‍ ഡി എഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ക്കൊപ്പം കക്ഷി-രാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍ നിലയുറപ്പിക്കുന്നതാണ് ബിജെപിയേയും കോണ്‍ഗ്രസ്സിനേയും അസ്വസ്ഥമാക്കുന്നത്. കേരളത്തിലെ വികസന കുതിപ്പിനു പിന്നിലെ ചാലകശക്തി കിഫ്‌ബിയാണെന്നത് പകല്‍ പോലെ വ്യക്തമാണ്. അതുകൊണ്ടാണ് ഇവര്‍ കിഫ്‌ബിയെ തകര്‍ക്കുന്നതിന് ശ്രമിക്കുന്നത്. ഇത് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. ഇത് കേരള ജനത സമ്മതിച്ചു കൊടുക്കില്ല.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി എല്ലാ കേന്ദ്ര അന്വേഷണ ഏജന്‍സികളേയും ഉപയോഗിച്ച് ഇടതുപക്ഷത്തിനെതിരെ നടത്തിയ നീക്കത്തിന് ജനങ്ങള്‍ ചുട്ട മറുപടി നല്‍കിയതാണ്. അതില്‍ നിന്ന് പാഠം പഠിക്കാതെ വീണ്ടും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നതിനാണ് ഇപ്പോള്‍ ബിജെപി ശ്രമിക്കുന്നത്.
കേരളത്തോട് ശത്രുതാപരമായി പെരുമാറുന്ന ബിജെപിയെ, നാടിന്റെ വികസനം ആഗ്രഹിക്കുന്ന ജനത ഒറ്റപ്പെടുത്തുകതന്നെ ചെയ്യും. കേരളത്തിന്റെ വികസനത്തെ അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളെ യു.ഡി.എഫ് പിന്തുണയ്‌ക്കുകയാണ്. കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ശക്തമായി നീങ്ങുന്നില്ലയെന്ന രാഹുല്‍ഗാന്ധിയുടെ ആവലാതി കോണ്‍ഗ്രസ്സ് ബിജെപി കൂട്ടുകെട്ടിന്റെ തെളിവാണ്.സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.
No comments:
Post a Comment