കിഫ്ബി ധനസമാഹരണങ്ങളെല്ലാം നടന്നത് നിയതമായ വ്യവസ്ഥകളുടെയും അനുമതികളുടെയും അടിസ്ഥാനത്തിൽ. പാർലമെന്റ് അംഗീകരിച്ച വിദേശനാണ്യ വിനിമയ നിയമം (ഫെമ) അനുസരിച്ചാണ് മസാല ബോണ്ടിറക്കിയത്. ആർബിഐ, സെബി എന്നിവയുടെ മാർഗനിർദേശങ്ങളനുസരിച്ചാണ് കിഫ്‌ബി ധനസമാഹരണം. ഈ ഭരണഘടനാ സ്ഥാപനങ്ങളാണ് രാജ്യത്തെ സാമ്പത്തിക ക്രയവിക്രയങ്ങളെയും ധനസമാഹരണങ്ങളെയും നിയന്ത്രിക്കുന്നത്. ഇവയുടെ അനുമതിയോടെയുള്ള ബോണ്ടുകളാണ് കിഫ്‌ബിയുടെ വിദേശ വാണിജ്യ വായ്‌പകളുടെയടക്കം ഉറവിടം. കിഫ്‌ബി വ്യക്തിഗത നിക്ഷേപം സ്വീകരിക്കുന്നില്ല. കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിക്കാനുമാകില്ല. ഇതെല്ലാം മറച്ചുവച്ചാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കം കള്ളക്കഥ പ്രചരിപ്പിക്കുന്നത്.
വിദേശവായ്‌പ സംബന്ധിച്ച ഭരണഘടന നൽകുന്ന നിയമ നിർമാണാധികാരം ഉപയോഗിച്ചാണ് പാർലമെന്റ് ഫെമ പാസാക്കിയത്. ഇതനുസരിച്ച് 2150 കോടി രൂപയുടെ മസാലബോണ്ടുകൾ ഇറക്കാൻ 2018 ജൂൺ ഒന്നിന് ആർബിഐ കിഫ്‌ബിക്ക് അനുമതിനൽകി. ലോൺ രജിസ്‌ട്രഷൻ നമ്പരും അനുവദിച്ചു. കിഫ്‌ബിയുടെ ഏജന്റുമാരായി സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിനെയും ആക്‌സിസ് ബാങ്കിനെയും നിയമിച്ചതും അംഗീകരിച്ചു. വിദേശ വാണിജ്യ വായ്പാ ഗണത്തിലാണ് മസാല ബോണ്ടിന്റെ സ്ഥാനം. ഫെമയിലെ 6(3)(ഡി) പ്രകാരം ഇത്തരം വായ്പ നിയന്ത്രിക്കേണ്ടത് ആർബിഐയാണ്. ഇതനുസരിച്ച് ആർബിഐ പ്രധാന മാർഗരേഖ (മാസ്റ്റർ സർക്കുലർ) പുറത്തിറക്കി. ഇതിന്റെ മൂന്നാംവകുപ്പിൽ കോർപറേറ്റ്, ബോഡി കോർപറേറ്റുകൾക്ക് മസാല ബോണ്ടിറക്കാമെന്ന് വ്യക്തമാക്കുന്നു.
സംസ്ഥാന നിയമസഭ പാസാക്കിയ നിയമപ്രകാരം കിഫ്ബി കോർപറേറ്റ് സ്ഥാപനമാണ്. കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി നിയമത്തിന്റെ നാലാം വകുപ്പിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്. തീർത്തും നിയമവിധേയമായി പുറപ്പെടുവിച്ച മസാലബോണ്ടിൽ അക്കൗണ്ടന്റ് ജനറലിന്റെ പരാമർശവും ഹൈക്കോടതി ഹർജിയും ഇപ്പോഴത്തെ ഇഡി നീക്കവുമൊക്കെ നിയമപരമായ പിൻബലമില്ലാതെ, മറ്റു താൽപ്പര്യങ്ങൾ മുൻനിർത്തിയാണെന്ന് വ്യക്തം.
കിഫ്ബി വായ്പ്പ ഭരണഘടനയുടെ 293–-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നാണ് ഇഡി സ്ഥാപിക്കാൻ ശ്രമിക്കുന്നത്. അനുച്ഛേദം 293 സംസ്ഥാനങ്ങളുടെ വായ്പാ അധികാരത്തെയും പരിധിയെയും വിവരിക്കുന്നു. സംസ്ഥാനത്തിന്റെ കടമെടുപ്പ് എന്നതാണ് ഇതിലെ വിഷയം. കിഫ്ബി സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്; സംസ്ഥാന സർക്കാരല്ല. ഇത്തരം ബോഡി കോർപറേറ്റുകളെകുറിച്ചല്ല അനുച്ഛേദം 293ലെ പ്രതിപാദ്യം. അതിനാൽതന്നെ ഈ അനുച്ഛേദം ഉയർത്തിക്കാട്ടിയുള്ള ഒരു നടപടിയും നിലനിൽക്കില്ല.
ആറു ബാങ്ക് ഇതിനകം കിഫ്‌ബിക്ക് 3015 കോടി രൂപ വായ്‌പ നൽകിയിട്ടുണ്ട്. എല്ലാ നിയമവശവും കിഫ്‌ബിയുടെ സാധുതയും പരിശോധിച്ച ശേഷമാണ് കിഫ്‌ബി ബോണ്ടിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. വിവിധ ബാങ്കുകൾ കിഫ്‌ബിയുടെ ഏജന്റായി പ്രവർത്തിക്കുന്നു.
ഇഡിക്ക് മറുപടി നൽകി ; കിഫ്‌ബി ഉദ്യോഗസ്ഥൻ ഹാജരായില്ല
എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് മുമ്പാകെ കിഫ്‌ബി ഡെപ്യൂട്ടി മാനേജിങ് ഡയറക്‌ടർ വിക്രംജിത് സിങ് ഹാജരായില്ല. വ്യാഴാഴ്‌ച ഇഡിയുടെ കൊച്ചി ഓഫീസിലെത്തണമെന്നായിരുന്നു നോട്ടീസ്. സിഇഒ ഡോ. കെ എം എബ്രഹാമും ഹാജരാകില്ല. വെള്ളിയാഴ്‌ച ഹാജരാകാനാണ് നിർദേശം. എത്താനാകില്ലെന്നുകാട്ടി ഇരുവരും മെയിലിലൂടെയും, രജിസ്‌ട്രേഡ് തപാലിലുടെയും മറുപടി അയച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ നോട്ടീസിന്റെ അസാംഗത്യവും മറുപടിയിൽ ഉന്നയിച്ചു.
ബുധനാഴ്‌ച രാവിലെയാണ് കിഫ്‌ബി മെയിലിൽ ഇരുവർക്കും ഇഡിയുടെ നോട്ടീസ് ലഭിച്ചത്. ചൊവ്വാഴ്‌ചതന്നെ മാധ്യമങ്ങൾക്ക് ഇതു സംബന്ധിച്ച വിവരം ഇഡി കേന്ദ്രത്തിൽനിന്ന് വാട്‌സാപ് സന്ദേശമായി ലഭിച്ചിരുന്നു. നോട്ടീസ് പെരുമാറ്റച്ചട്ടലംഘനമാണെന്ന് ഇരുവരും മറുപടിയിൽ വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും രാഷ്ട്രീയ താൽപ്പര്യം ഇഡി നടപ്പാക്കുന്നതിലൂടെയാണ് പെരുമാറ്റച്ചട്ട ലംഘനമാകുന്നത്.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി 28ന് കൊച്ചിയിൽ ബിജെപി പ്രചാരണ യോഗത്തിലെ പ്രസംഗത്തിൽ കിഫ്ബിക്കും സംസ്ഥാന ബജറ്റിനുമെതിരെ പ്രസംഗിച്ചു. ചുവടുപിടിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും രംഗത്തെത്തി. തുടർന്നാണ് കിഫ്‌ബിയുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥർക്ക് ഇഡി നോട്ടീസ് അയച്ചത്.
ചട്ടമ്പിത്തരമെങ്കിൽ ഇഡിക്ക് ചുട്ടമറുപടി: ഐസക്
മറ്റു സംസ്ഥാനത്ത് പയറ്റിയ ചട്ടമ്പിത്തരം കേരളത്തിൽ കാണിക്കാനാണ് ഭാവമെങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ചുട്ടമറുപടി നേരിടേണ്ടിവരുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. തുടലഴിച്ചുവിട്ട കേന്ദ്ര ഏജൻസികളെ കണ്ട് ഭയന്നോടുന്നവരല്ല കേരളം ഭരിക്കുന്നതെന്ന് പറഞ്ഞതിൽ കേന്ദ്രമന്ത്രി വി മുരളീധരൻ രോഷാകുലനാണ്. എന്നാൽ, തുടലു പിടിക്കുന്ന കരങ്ങളെയും സർക്കാരിന് ഭയമില്ല. കിഫ്ബിയെ തകർത്ത് കേരള വികസനം സ്തംഭിപ്പിക്കാനുള്ള ബിജെപി ശ്രമത്തിന് ശക്തമായ തിരിച്ചടി ജനം നൽകും.
മസാല ബോണ്ടുവഴി പണം സമാഹരിച്ചതിനെ വിദേശത്തുനിന്നും പണം കൈപ്പറ്റിയെന്ന് കേന്ദ്രമന്ത്രി പ്രചരിപ്പിക്കുന്നു. ചരിത്രത്തിലില്ലാത്ത രീതിയിൽ കമീഷനും അഴിമതിയും പാർടി ഫണ്ട് സമാഹരണവും നടത്തിയിട്ടുള്ള ബിജെപിയുടെ മന്ത്രിക്ക് അങ്ങനെ തോന്നിയതിൽ അത്ഭുതപ്പെടേണ്ടതില്ല. തങ്ങളെപ്പോലെയാണ് ബാക്കിയുള്ളവരെല്ലാമെന്നാണ് ധാരണ. മസാല ബോണ്ടിൽ കിഫ്ബി ഏതു ചട്ടമാണ് ലംഘിച്ചതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കണം.
മസാല ബോണ്ടുവഴി പണം സമാഹരിക്കാൻ എൻടിപിസിയും എൻഎച്ച്എഐയും പിന്തുടർന്ന ചട്ടങ്ങളെല്ലാം കിഫ്ബിയും പാലിച്ചിട്ടുണ്ട്. വിദേശനാണ്യ വിനിമയ നിയമം (ഫെമ) അനുസരിച്ചും റിസർവ് ബാങ്കുവഴിയുമാണ് കിഫ്ബി മസാല ബോണ്ടിൽ പണം കണ്ടെത്തിയത്. ഫെമ നടപ്പാക്കുന്ന റിസർവ് ബാങ്കിന് കിഫ്ബി ചട്ടം ലംഘിച്ചുവെന്ന് ആക്ഷേപമില്ല. കേന്ദ്രധന വകുപ്പും വിശദീകരണമൊന്നും ആവശ്യപ്പെട്ടിട്ടില്ല. നേരിട്ട് ഇതുവരെ ഉന്നയിക്കാത്ത കാര്യത്തിൽ ഇഡിയെക്കൊണ്ട് തെരഞ്ഞെടുപ്പുകാലത്ത് നടപടിയെടുപ്പിക്കാനാണ് ശ്രമം. ഇത് തെരഞ്ഞെടുപ്പുചട്ട ലംഘനമാണ്.
ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും മനോവീര്യം തകർക്കാമെന്ന മോഹവുമായി ഇഡി കേരളത്തിൽ കറങ്ങിനടക്കണ്ട. വസ്‌തുത അറിയാനാണ് അന്വേഷണമെങ്കിൽ സഹകരിക്കും. ബിജെപി പിന്നിലുണ്ടെന്ന ഹുങ്കുമായി എന്തും ചെയ്യാമെന്ന് ഇഡിയുടെ കൊച്ചി യൂണിറ്റ് കരുതുന്നുവെങ്കിൽ, അതിനൊത്ത പ്രതികരണം ഉണ്ടാകുമെന്നും ധനമന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.
ജി രാജേഷ് കുമാർ
No comments:
Post a Comment