തിരുവനന്തപുരം > ഇഡിയ്‌ക്കു മുന്നിൽ ഹാജരാനാവില്ലെന്ന് കിഫ്ബി ഉദ്യോഗസ്ഥർ ഔദ്യോഗികമായി അറിയിച്ചതായി മന്ത്രി തോമസ് ഐസക്. വാക്കാലുള്ള മൊഴി നൽകാൻ ഇന്ന് രാവിലെ പത്തു മണിയ്ക്ക് ഹാജരാകാനായിരുന്നു ഏമാന്മാരുടെ ഇണ്ടാസ്. അത് അനുസരിക്കാൻ ഉദ്ദേശിക്കുന്നില്ല. മനസില്ല എന്നു തന്നെ വ്യാഖ്യാനിച്ചോളൂ. എന്തു ചെയ്യുമെന്ന് കാണട്ടെയെന്നും ഐസക് ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.
മൊഴിയെടുക്കാനെന്ന പേരിൽ കിഫ്ബിയിലെ ഒരു സീനിയർ ഉദ്യോഗസ്ഥയെ നേരത്തെ ഇഡി സംഘം വിളിച്ചു വരുത്തിയിരുന്നു. പൊതുമനസാക്ഷിയുടെ ചോര തിളപ്പിക്കുന്ന അനുഭവമാണ് അവർക്കുണ്ടായത്. അക്കാര്യം ഇന്നലെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. അവർ നേരിട്ട ദുരനുഭവം കിഫ്ബി സിഇഒ ചീഫ് സെക്രട്ടറിയെ രേഖാമൂലം ധരിപ്പിച്ചിട്ടുണ്ട്. നിയമപരമായ നടപടികൾ സർക്കാർ ആലോചിച്ചു വരുന്നു.
അന്വേഷണമെന്ന പേരിൽ വനിതാ ഉദ്യോഗസ്ഥയോടു മര്യാദ കെട്ടു പെരുമാറുന്ന ധിക്കാരത്തിന്റെ ഉറവിടം ബിജെപിയുടെ പിൻബലമാണ്. ഉത്തരേന്ത്യയുടെ പലഭാഗങ്ങളിലും അവർ നടത്തുന്ന അഴിഞ്ഞാട്ടം കണ്ട് രോമാഞ്ചം കൊള്ളുന്നവരായിരിക്കും ഇഡിയുടെ ഉദ്യോഗസ്ഥർ. പക്ഷേ, ബോംബും വടിവാളുമേന്തി തെരുവിലിറങ്ങിയ അക്കൂട്ടരെ നിലയ്ക്കു നിർത്തിയ പാരമ്പര്യമാണ് ഈ നാടിനുള്ളത്. അത് ഇഡി ഉദ്യോഗസ്ഥർക്കും മനസിലാകും. വിശേഷിച്ചൊന്നും അറിയാനല്ല ഈ അന്വേഷണ പ്രഹസനം. സമൻസ് തയ്യാറാക്കി ആദ്യം മാധ്യമങ്ങൾക്കാണ് ചോർത്തിക്കൊടുത്തത്. മൂന്നാം തീയതിയാണ് അറിയിപ്പ് കിഫ്ബി ഓഫീസിലെത്തുന്നത്. പക്ഷേ, രണ്ടാം തീയതി തന്നെ കാര്യങ്ങൾ എല്ലാ മാധ്യമങ്ങളും അറിയുകയും അവർ ആഘോഷത്തോടെ റിപ്പോർട്ടു ചെയ്യുകയും ചെയ്തു. ആ രാഷ്ട്രീയക്കളിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ചോദ്യങ്ങൾക്കൊന്നും ഒരു വ്യക്തതയുമില്ല. എന്ത് കാര്യത്തിനാണ് അന്വേഷണമെന്ന എവിടെയും വ്യക്തമാക്കിയിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാൻ സമൻസ് അയയ്ക്കുന്നത് എങ്ങനെ ആയിരിക്കണമെന്നൊക്കെ സുപ്രിംകോടതി നിർദ്ദേശമുണ്ട്. വ്യക്തമായ കാരണങ്ങൾ രേഖപ്പെടുത്തി വേണം സമൻസ് അയയ്ക്കാൻ. സുപ്രിംകോടതിയൊന്നും തങ്ങൾക്ക് ബാധകമല്ലെന്നാണ് കൊച്ചിയിലെ ഇഡി ഏമാന്മാരുടെ ഭാവം. ബിജെപിക്കാരുടെ ചരടിനൊപ്പിച്ച് തുള്ളുന്ന പാവകൾക്ക് എന്തു സുപ്രിംകോടതി?. ഏതായാലും അഞ്ചാം തീയതി തങ്ങൾക്കു മുന്നിൽ വന്നിരിക്കണം എന്ന ഇഡിയുടെ കൽപന അനുസരിക്കാൻ സൗകര്യമില്ലെന്നും, എന്തു ചെയ്യുമെന്ന് കാണട്ടെയെന്നും ഐസക് പറഞ്ഞു.
ഇ.ഡിയെ ബിജെപി രാഷ്‌ട്രീയമായി ഉപയോഗിക്കുന്നു; ഭീഷണിക്ക് ഒരിഞ്ചുപോലും വഴങ്ങില്ലെന്ന് ഐസക്
തിരുവനന്തപുരം > കിഫ്‌ബി വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് ഏറ്റുമുട്ടാനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ഭാവമെങ്കിൽ നേരിടുമെന്ന് മന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പ് കാലത്ത് ഇ.ഡിയുടെത് ചട്ടലംഘനമാണ്. പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനത്തിന് കേന്ദ്ര ധനമന്ത്രി തന്നെ നേതൃത്വം കൊടുക്കുകയാണ്. കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മസാലബോണ്ട് സംബന്ധിച്ച് കിഫ്ബിയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത സാഹചര്യത്തില്‍ പത്രസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കിഫ്‌ബിയെക്കുറിച്ച് ഒന്നും അറിയാത്ത ഉദ്യോഗസ്ഥരാണ് ഇഡിയിലെന്ന് ഐസക് പറഞ്ഞു. കേന്ദ്ര ധനമന്ത്രി നേരിട്ടാണ് കിഫ്‌ബിയെ തകർക്കാൻ ഉദ്യോഗസ്ഥരെ ഇറക്കിയിരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണ്. മുൻപ് കേരളത്തിൽ വന്നപ്പോൾ നടത്തിയ പ്രസംഗവും കിഫ്‌ബിയെക്കുറിച്ചായിരുന്നു. മനീഷ് എന്നൊരു വിദ്വാനെ രാജസ്ഥാനിൽനിന്ന് ഇറക്കിയിട്ടുണ്ട്. ജുഞ്ചുനു ജില്ലയിലെ ബിജെപി നേതാവ് ഹരിസിങ് ഗോദരയുടെ മകനാണ് അദ്ദേഹം. ബിജെപിക്കുവേണ്ടി രാഷ്‌ട്രീയ ലക്ഷ്യത്തോടെ പല സംസ്ഥാനങ്ങളിലും കോൺഗ്രസ് അടക്കമുള്ള രാഷ്‌ട്രീയ നേതാക്കന്മാരുടെ വീടുകളിൽ റെയ്‌ഡ് നടത്തുന്നതാണ് അയാളുടെ പ്രധാന പണി. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെതിരായി കളിക്കിറക്കിയതും ഈ മനീഷിനെയാണ്. അദ്ദേഹത്തെ ഇവിടെ കൊണ്ടുവന്ന് സ്ഥാപിച്ചിരിക്കുകയാണ്.
തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ രാഷ്‌ട്രീയ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കുകയാണ് നിർമല സീതാരാമൻ. ഇ.ഡിയെ ബിജെപി ഉപയോഗിക്കുകയാണ്. രണ്ടുവട്ടം കിഫ്‌ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. അവർക്ക് ചോദ്യങ്ങൾക്കുള്ള ഉത്തരമല്ല വേണ്ടത്. അവർക്കുവേണ്ട ഉത്തരമാണ് വേണ്ടത്. ഭീഷണിയാണ്. ഒരുകാര്യം ഇഡിയോട് വ്യക്തമാക്കാം. ഇവർ കേരള സർക്കാരിന്റെ ഉദ്യോഗസ്ഥരാണ്. ഭീഷണിപ്പെടുത്താനാണ് ഉദ്ദേശമെങ്കിൽ, ഇത് വടക്കേ ഇന്ത്യയിലെ കോൺഗ്രസ് നേതാക്കളല്ല എന്നോർക്കണം. കേരളം ഭരിക്കുന്നത് ഇടതുപക്ഷമാണ്. ഇവിടെ നിയമപാലനത്തിന് പൊലീസ് ഉണ്ട്. പേടിച്ചൊന്നും പിൻമാറാൻ തീരുമാനിച്ചിട്ടില്ല.
ഇവരുടെ ഉദ്ദേശം കിഫ്‌ബിയെ ഞെക്കി കൊല്ലുക എന്നതാണ്. കേന്ദ്ര ധനമന്ത്രിതന്നെ നേരിട്ട് ഇറങ്ങിയിരിക്കുകയാണ്. ബോണ്ട് എന്നുപറഞ്ഞാൽ എന്താണ് എന്ന് മനസ്സിലാക്കണം. എപ്പോ വേണമെങ്കിലും വിൽക്കാവുന്ന ഒന്നാണത്. ഈ തെരഞ്ഞെടുപ്പ് കാലത്ത് കിഫ്‌ബിയെ ഒന്ന് പൊളിക്കാൻ നോക്കുന്നതാണ്. ഇവരുടെ സ്വഭാവം നന്നായി അിയാവുന്നകൊണ്ട് മുൻകരുതൽ എടുത്തിട്ടുണ്ട്.
കേരളത്തിലെ സ്‌കൂളുകളും ആശുപത്രികളും ഇങ്ങനെ മാറ്റിയതാണോ സർക്കാർ ചെയ്‌ത തെറ്റ്?. 2040 വരെ കേരളത്തിൽ വൈദ്യുതി കട്ട് ഉണ്ടാകില്ല എന്നതോ?. ഈ വികസന പദ്ധതികളെ തകർക്കുക തന്നെയാണ് ലക്ഷ്യം. ഇതെല്ലാം നാടിന്റെ സമ്പത്താണ്. ഇതിനൊപ്പം നിൽക്കാനാണ് ബിജെപിയായാലും കോൺഗ്രസ് ആയാലും ചെയ്യേണ്ടത്. ഭീഷണിക്ക് ഒരിഞ്ചുപോലും വഴങ്ങാൻ പോകുന്നില്ല.
ഇക്കാര്യത്തിൽ ഒളിച്ചുകളി നടത്തുന്ന യുഡിഎഫിനെ ലൈഫ് മിഷന്റെ കാര്യത്തിലെന്നപോലെ ജനങ്ങൾ അവരുടെ നിലപാട് തിരുത്തിക്കും. കേരളത്തിന്റെ വികസനത്തെ അട്ടിമറിക്കാനുള്ള വലിയ ഗൂഢാലോചനയാണ് നടക്കുന്നത്. മസാല ബോണ്ട് വിദേശനാണയ വിനിമയചട്ടത്തിന്റെ (ഫെമ) ലംഘനമാണെന്നാണ് ഇ.ഡി. ആരോപിക്കുന്നത്. വിദേശ വായ്പ സംബന്ധിച്ച് നിയമം ഉണ്ടാക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിനാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാരിനു മാത്രമേ വിദേശ വായ്പ എടുക്കാനാവൂ എന്ന സിഎജിയുടെ കണ്ടെത്തല്‍ വിഡ്ഢിത്തമാണ്.
ഫെമ നിയമത്തിനു കീഴില്‍ വായ്പ എടുക്കുന്നതു സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതില്‍ ആര്‍ക്കൊക്കെയാണ് വായ്പയെടുക്കാന്‍ അവകാശമുള്ളത് എന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ അനുമതിയുണ്ടെങ്കില്‍ ഇന്ത്യയിലെ ഏത് ബോഡി കോര്‍പറേറ്റിനും വായ്പയെടുക്കാം. മാര്‍ഗനിര്‍ദേശ പ്രകാരം കിഫ്ബി ബാങ്കുകള്‍ വഴി ആര്‍ബിഐയുടെ അനുമതിക്ക് അപേക്ഷിക്കുകയും അനുമതി ലഭിക്കുകയും ചെയ്തു. അങ്ങനെയാണ് വായ്പയെടുത്തത്. അത് എന്തിനുവേണ്ടി വിനിയോഗിച്ചു എന്ന കാര്യത്തില്‍ റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.
കേരള സര്‍ക്കാരല്ല വായ്‌പയെടുത്തിരിക്കുന്നത്. കിഫ്ബി നിയമം പ്രകാരം ബോര്‍ഡി കോര്‍പറേറ്റ് എന്നാണ് കിഫ്ബിയെ നിര്‍വചിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളെടുക്കുന്ന വായ്പാ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം 293നു കീഴില്‍ കിഫ്ബി വരില്ല. അതുകൊണ്ടുതന്നെ ഭരണഘടനാ ലംഘനവുമല്ല.
ആരുടെയും കള്ളപ്പണം വെളുപ്പിക്കാന്‍ കിഫ്ബിയെ ഉപയോഗിക്കാന്‍ സാധിക്കില്ല. കിഫ്ബി എങ്ങനെയാണ് ധനസമാഹരണം നടത്തുന്നതെന്ന് പ്രാഥമിക ധാരണ പോലും ഇല്ലാതെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ് ഇ.ഡി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment