ന്യൂഡൽഹി> രാജ്യത്ത് നല്‍കിവരുന്ന ഭക്ഷ്യസബ്‌സിഡിയില്‍ അരലക്ഷം കോടിയോളം വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം. ഇതിനായി ഇപ്പോള്‍ സൗജന്യനിരക്കില്‍ റേഷന്‍ വാങ്ങുന്ന ഗുണഭോക്താക്കളില്‍ പത്തുകോടിപ്പേരെ ഒഴിവാക്കാന്‍ നിതി ആയോഗ് നിർദേശം. ഗ്രാമങ്ങളിൽ 60 ശതമാനത്തിനും നഗരങ്ങളിൽ 40 ശതമാനത്തിനും മാത്രമായി റേഷന്‍ ചുരുക്കണമെന്ന് വകുപ്പുകൾക്ക് അയച്ച മാർഗരേഖയിൽ നിതി ആയോഗ് നിര്‍ദേശിച്ചു. ഇതോടെ ജനസംഖ്യയുടെ പകുതി റേഷന്‍ സംവിധാനത്തിന് പുറത്താകും.
നിലവിൽ ഗ്രാമത്തില്‍ 75 ശതമാനത്തിനും നഗരത്തില്‍ 50 ശതമാനത്തിനുമാണ് സബ്സിഡി റേഷന്‍ കിട്ടുന്നത്. ജനസംഖ്യയിൽ 67 ശതമാനം പേർക്ക്, അതായത് 81.35 കോടിയോളം പേര്‍ക്ക് റേഷന്‍ ലഭിക്കുന്നു. നിതി ആയോഗ് നിർദേശം നടപ്പായാല്‍ റേഷന്‍ ഗുണഭോക്താക്കള്‍ ജനസംഖ്യയുടെ 50 ശതമാനം മാത്രമാകും. ഇതിലൂടെ കേന്ദ്രത്തിന് സബ്‌സിഡി ചെലവിൽ ലാഭം 47,229 കോടി രൂപ. നിലവിലെ പട്ടികയില്‍ തന്നെ അര്‍ഹരായ കോടിക്കണക്കിനാളുകള്‍ പുറത്താണ്. ഇതു മാനിക്കാതെയാണ് പത്തുകോടിപേരെ കൂടി പുറത്താക്കുന്നത്. ലോക പട്ടിണി സൂചികയിലെ 107 രാജ്യങ്ങളിൽ ഇന്ത്യ 94–-ാം സ്ഥാനത്ത് നാണംകെട്ട് നിൽക്കെയാണ് കേന്ദ്രത്തിന്റെ കഴുത്തറുപ്പൻ പരിഷ്‌കാരനിർദേശം.
സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യം ലഭിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്ന ഭക്ഷ്യസുരക്ഷ പദ്ധതി രണ്ടാം യുപിഎ സർക്കാർ കൊണ്ടുവന്നപ്പോൾ ഇതിന്റെ അപകടം ഇടതുപക്ഷം ചൂണ്ടിക്കാട്ടിയതാണ്. അന്ന് ഉയർന്ന പ്രതിഷേധം കോൺഗ്രസും ബിജെപിയും അവഗണിച്ചു. 2011ലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതിയിൽ ദാരിദ്ര്യരേഖയുടെ മാനദണ്ഡം സംബന്ധിച്ചും തർക്കം ഉയർന്നു. അർഹരായ കോടിക്കണക്കിനുപേർ അന്ന് പദ്ധതിയിൽനിന്ന് പുറത്തായി.
അന്നം കവരുന്നതും കുത്തകകള്‍ക്കായി
കാർഷികനിയമങ്ങൾക്ക് തുടർച്ചയായി റേഷന്‍വിതരണം ചുരുക്കുന്ന കേന്ദ്രനീക്കത്തിന് പിന്നിലും കോർപറേറ്റ് താൽപര്യം. റേഷന്‍ കിട്ടുന്നവരുടെ എണ്ണംകുറഞ്ഞാല്‍ എഫ്‌സിഐ ഗോഡൗണുകളിൽ ധാന്യശേഖരം അധികമാകും. ഇതിന്റെ പേരില്‍ ക്രമേണ സംഭരണത്തിൽ കുറവ് വരുത്താം. പുതുതായി റേഷന് പുറത്താകുന്ന പത്തുകോടിപ്പേർ സ്വകാര്യമേഖലയെ ആശ്രയിക്കേണ്ടിവരും.
ഓര്‍ക്കണം സബ്സിഡി ഗ്യാസായത്
പാചകവാതകം 2013 വരെ എല്ലാവര്‍ക്കും സബ്‌സിഡി നിരക്കിലാണ് ലഭിച്ചത്. രണ്ടാം യുപിഎ സർക്കാരാണ് വിപണിവിലയിൽ സിലിൻഡർ എടുക്കണമെന്ന പരിഷ്കാരം കൊണ്ടുവന്നത്. സബ്‌സിഡി ആധാർ ബന്ധിത ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. ഒന്നാം മോഡിസർക്കാരിന്റെ കാലത്ത് സബ്‌സിഡി കിട്ടുന്നവരുടെ എണ്ണം വൻതോതിൽ കുറഞ്ഞു. 2020 മെയ് മുതൽ ആര്‍ക്കും സബ്‌സിഡി കിട്ടുന്നില്ല.
സെഞ്ച്വറി അടിച്ച പെട്രോള്‍
പെട്രോൾ, ഡീസൽ വിലനിയന്ത്രണം ഒഴിവാക്കിയപ്പോൾ കേന്ദ്രം അവകാശപ്പെട്ടത് രാജ്യാന്തരവിപണിയിലെ വില വ്യത്യാസത്തിന്റെ നേട്ടം ജനങ്ങളിലെത്തിക്കുമെന്ന്. ആഗോളഎണ്ണവില കുറഞ്ഞപ്പോൾ കേന്ദ്രം തീരുവ കുത്തനെ കൂട്ടി വിലക്കുറവിന്റെ ആശ്വാസം നിഷേധിച്ചു. വില ഉയരുമ്പോൾ ഇന്ധനവില അനുദിനം കുതിച്ചുയരുന്നു.
സാജൻ എവുജിൻ
No comments:
Post a Comment