ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർടി സ്ഥാപിതമായതിന്റെ നൂറാംവർഷം പൂർത്തിയാകുന്ന വേളയിലാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യനേതാവായിരുന്ന സി എച്ച് കണാരന്റെ 48–-ാം ചരമവാർഷികദിനം ആചരിക്കുന്നത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ 20നാണ് സഖാവ് വേർപിരിഞ്ഞത്. സി എച്ചിന്റെ പൊതുപ്രവർത്തനത്തിന്റെ ആരംഭവും കമ്യൂണിസ്റ്റ് പാർടി രൂപീകരിച്ചതുപോലെതന്നെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിട്ടായിരുന്നു. ബഹുജനങ്ങളെ സംഘടിപ്പിക്കുന്നതിലും അച്ചടക്കവും കരുത്തുമുള്ള പ്രസ്ഥാനമായി പാർടിയെ മാറ്റുന്നതിലും സി എച്ച് കാട്ടിയ മാതൃക എന്നും സ്മരിക്കപ്പെടുന്നതാണ്.
കോഴിക്കോട് ജില്ലയിലെ അഴിയൂരാണ് സഖാവ് ജനിച്ചത്. പുന്നോലിലെ സർക്കാർ സ്കൂളിലെ പ്രാഥമികവിദ്യാഭ്യാസം കഴിഞ്ഞ് തുടർപഠനവേളയിൽത്തന്നെ ദേശീയപ്രസ്ഥാനത്തിന്റെ ആശയം സ്വാധീനം ചെലുത്തി. ജന്മിനാടുവാഴിത്തത്തിന്റെയും ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെയും മർദകവാഴ്ചയുടെ കാലത്തായിരുന്നു സി എച്ചിലെ രാഷ്ട്രീയപ്രവർത്തകൻ രൂപംകൊള്ളുന്നത്. ആദ്യകാലത്ത് അധ്യാപകവൃത്തിക്കൊപ്പമായിരുന്നു രാഷ്ട്രീയപ്രവർത്തനം. അതുവഴി വിപുലമായ ജനവിഭാഗവുമായി ബന്ധം സ്ഥാപിക്കുന്നതിനു കഴിഞ്ഞു. അക്കാലത്തുയർന്നുവന്ന നവോത്ഥാനപ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തനങ്ങളേറ്റെടുക്കാൻ സജീവമായി മുൻനിരയിലുണ്ടായിരുന്നു.
ജാത്യാചാരങ്ങൾക്കും മതസങ്കുചിതത്വത്തിനുമെതിരായി അക്കാലത്ത് വലിയ സമരങ്ങൾതന്നെ ഉയർന്നുവന്നിരുന്നു. പുരോഗമന ജനാധിപത്യ മതനിരപേക്ഷ ഉള്ളടക്കത്തോടെയുള്ള നിലപാടുമായി പൊരുതിനിന്നവരാണ് സി എച്ചും സഹപ്രവർത്തകരും. നവോത്ഥാന ആശയങ്ങൾ പ്രചരിപ്പിച്ച സംഘടനയായിരുന്നു"കോട്ടയം താലൂക്ക് സ്വതന്ത്ര ചിന്താസമാജം'. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായി പ്രതികരിക്കാൻ രൂപംകൊണ്ട സംഘടനയായിരുന്നു ഇത്. അക്കാലത്ത് നിലനിന്ന പലവിധ അനാചാരങ്ങളെയും ശക്തിയുക്തം എതിർക്കാൻ അവർ തയ്യാറായിരുന്നു. ആദ്യഘട്ടത്തിൽ നവോത്ഥാനവാദികളോട് വെറുപ്പും വിദ്വേഷവും പ്രകടിപ്പിച്ചവർതന്നെ പിന്നീട് അനാചാരങ്ങൾക്കെതിരായി ശബ്ദിക്കാൻ തയ്യാറായെന്നത് ചരിത്രസത്യമാണ്. ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾ സി എച്ചിന്റെ സാമൂഹ്യവീക്ഷണത്തെ സ്വാധീനിച്ചിരുന്നു. ജാത്യാചാരങ്ങൾക്കും സാമൂഹ്യതിന്മകൾക്കുമെതിരായ ആദ്യകാല പ്രവർത്തനങ്ങളിൽത്തന്നെ ഇത് കാണാനാകും.
ഇഎംഎസിനൊപ്പം സിഎച്ച് കണാരൻ (ഫയൽചിത്രം)
തലശേരിയിലെ തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രത്തിൽ അവർണവിഭാഗങ്ങളെ പ്രവേശിപ്പിക്കുമായിരുന്നില്ല. അവർണ വിഭാഗക്കാരുടെ ക്ഷേത്രപ്രവേശനത്തിനുവേണ്ടി സി എച്ചിന്റെ നേതൃത്വത്തിൽ വലിയ ഇടപെടലുകൾ നടത്തേണ്ടിവന്നു. ജനങ്ങളെ സംഘടിപ്പിച്ച് ക്ഷേത്രത്തിലേക്ക് മാർച്ച് നടത്തി അധികാരികളെ അമ്പരപ്പിക്കുകയുണ്ടായി. ക്ഷേത്രവിലക്ക് ലംഘിച്ച് ക്ഷേത്രക്കുളത്തിൽ കുളിച്ചത് മറ്റൊരു പ്രധാന സംഭവമാണ്. പിന്തിരിപ്പൻ ജാതി, മതശക്തികൾ കേരളത്തെ വീണ്ടും അന്ധവിശ്വാസജടിലമായ ഭൂതകാലത്തേക്ക് നയിക്കാൻ ശ്രമിക്കുമ്പോൾ തീർച്ചയായും സി എച്ചിനെപ്പോലുള്ളവരുടെ ഇന്നലെകളിലെ നവോത്ഥാനസമരങ്ങൾ ഓർക്കേണ്ടതുണ്ട്. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ പ്രസംഗിച്ചതിന്റെ പേരിലാണ് സി എച്ചിനെ പൊലീസ് ആദ്യമായി അറസ്റ്റ് ചെയ്തത്. 1932 ൽ. തുടർന്ന്, ജയിലിലടയ്ക്കപ്പെട്ട വേളയിലാണ് വിപ്ലവകാരികളുമായി അടുത്തിടപഴകുന്നത്. ആ ഘട്ടത്തിലാണ് കമ്യൂണിസ്റ്റ് ആശയം ആഴത്തിൽ പതിയുന്നത്. 1942ൽ ബോംബെ പാർടി പ്ലീനത്തിൽ പങ്കെടുത്തിരുന്നു. ജയിലറകളും കേസുകളുമൊന്നും സി എച്ചിലെ പോരാളിയെ ദുർബലപ്പെടുത്തിയില്ല. കൂടുതൽ കരുത്തോടെ പ്രവർത്തനരംഗത്ത് സജീവമാകുന്നതിനാണ് ഇതൊക്കെ കാരണമായത്.
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിക്കകത്ത് രൂപപ്പെട്ട വലതുപക്ഷ അവസരവാദ രാഷ്ട്രീയ സമീപനത്തിനെതിരെ നിരന്തര സമരമാണ് സി എച്ചിന്റെ നേതൃത്വത്തിൽ നടന്നത്. അക്കാലത്ത് റിവിഷനിസത്തിനെതിരായി പാർടിയിൽ സുചിന്തിതമായി നിലപാടെടുക്കുകയും വിശദീകരിക്കുകയും ചെയ്ത നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം. റിവിഷനിസത്തിനെതിരെ കേരളത്തിലെ പാർടിയെ അണിനിരത്തുന്നതിൽ സി എച്ചിന്റെ സംഭാവന സമാനതകളില്ലാത്തതാണ്. ഇ എം എസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത് "ഞാൻ കണ്ട ഏറ്റവും മികച്ച സംഘാടകൻ' എന്നാണ്. സി എച്ച് അന്തരിച്ച 1972നുശേഷം കേരളരാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അന്നത്തെ മാർക്സിസ്റ്റ് വിരുദ്ധ മുന്നണി ഇന്നത്തെ വലതുപക്ഷ മുന്നണിയേക്കാൾ ശക്തമായിരുന്നു. അടിയന്തരാവസ്ഥയിലെ കടുത്ത ആക്രമണവും ഇടതുപക്ഷപ്രസ്ഥാനത്തിന് നേരിടേണ്ടിവന്നു. 1979 അവസാനത്തോടെ ഒരു ദശകമായി നിലനിന്ന മാർക്സിസ്റ്റ് വിരുദ്ധ മഹാമുന്നണി തകർന്നു.
1980ൽ ഇടതുപക്ഷ ജനാധിപത്യമുന്നണി രൂപംകൊണ്ടതിനുശേഷമുള്ള സംസ്ഥാന കേരളരാഷ്ട്രീയത്തിൽ ഇടതുപക്ഷ ശക്തികൾ ഒരു ഭാഗത്തും വലതുപക്ഷം മറുഭാഗത്തുമായുള്ള ധ്രുവീകരണത്തിന് ആക്കംകൂടി. ബിജെപിയുടെ ജനനം 1980ൽ ആണെങ്കിലും ആർഎസ്എസിന്റെ സാന്നിധ്യം സംസ്ഥാനത്ത് സ്വാതന്ത്ര്യപ്രാപ്തിക്ക് മുമ്പുമുതലേ നിലനിന്നിരുന്നു. ഹിന്ദുമഹാസഭയും ആർഎസ്എസുമാണ് അതിനുള്ള പ്രവർത്തനങ്ങൾ നടത്തിയത്. എന്നാൽ, 1990 കളിൽ വാജ്പേയിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ ബിജെപി ഭരണം വന്നതോടെ കേന്ദ്രഭരണം ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രീയ ഇടപെടലുകളും കുതന്ത്രങ്ങളും ഉണ്ടായി. 2014ൽ മോഡി സർക്കാർ അധികാരത്തിൽ വന്നതോടെ കേന്ദ്രഭരണാധികാരം
ഉപയോഗപ്പെടുത്തിയുള്ള ഭരണകൂട ഇടപെടലുകളും സംഘപരിവാറിന്റെ രാഷ്ട്രീയ അധാർമികപ്രവർത്തനങ്ങളും സമാനതകളില്ലാത്ത വിധത്തിൽ വളർന്നു. 2015ലെ തദ്ദേശഭരണതെരഞ്ഞെടുപ്പിൽ ബിഡിജെഎസിനെ ഉൾപ്പെടുത്തിയുള്ള വിശാല ഹിന്ദു ഏകീകരണ മുന്നണിയുമായിട്ടാണ് ബിജെപി പോരിനിറങ്ങിയത്. അതിന് പശ്ചാത്തലമൊരുക്കി നൂറോളം ഹിന്ദു സംഘടനകളെ കൂട്ടിയുള്ള വർഗീയക്കളിക്ക് പ്രധാനമന്ത്രിതന്നെ നേതൃത്വം നൽകുകയുംചെയ്തു. എൽഡിഎഫിനെ മുഖ്യശത്രുവായി കണ്ടുകൊണ്ടുള്ള ബിജെപിയുടെ ഇത്തരം വർഗീയരാഷ്ട്രീയ നീക്കങ്ങൾക്ക് ഒത്താശ ചെയ്യുകയായിരുന്നു കോൺഗ്രസ് ചെയ്തത്.
യുഡിഎഫും ബിജെപിയും തമ്മിലാണ് കേരള രാഷ്ട്രീയത്തിൽ ഏറ്റുമുട്ടൽ നടക്കുക എന്ന പ്രതീതി സൃഷ്ടിച്ച് എൽഡിഎഫിനെ കളത്തിന് പുറത്താക്കാൻ കോൺഗ്രസും മുസ്ലിംലീഗും നയിക്കുന്ന യുഡിഎഫ് കളിച്ചു. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ഈ തന്ത്രം പരസ്യപ്പെടുത്തി. എന്നാൽ, ജനവിധി യുഡിഎഫ് തന്ത്രത്തെ പൊളിച്ചു. ബിജെപി മൂന്നാം സ്ഥാനത്തെത്തുകയും പോരാട്ടം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്ന് വ്യക്തമാകുകയും ചെയ്തു. ആർഎസ്‌എസ് ഭീഷണിയെ നേരിടാൻ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തിയേ കഴിയൂ എന്ന ബോധം മതനിരപേക്ഷ ശക്തികളിലും ന്യൂനപക്ഷ വിഭാഗങ്ങളിലും ശക്തിപ്പെട്ടു. അതിന്റെ വിളംബരമായിരുന്നു 2015ലെ തദ്ദേശഭരണതെരഞ്ഞെടുപ്പിലെയും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലെയും ഫലങ്ങൾ. 2016ൽ എൽഡിഎഫ് ഭരണം വന്നതോടെ ആ സർക്കാരും അതിന്റെ പ്രവർത്തനങ്ങളും ഒരു ദേശീയ ബദലായി പരിവർത്തനപ്പെട്ടു. ഇന്ത്യയിലെ ഒരേ ഒരു ഇടതുപക്ഷഭരണം എന്നനിലയിൽ എൽഡിഎഫ് ഗവൺമെന്റിന്റെ നയങ്ങൾ ലോകമാകെ ശ്രദ്ധിക്കാൻ തുടങ്ങി.
കോൺഗ്രസിനും ബിജെപിക്കും പകരം വയ്ക്കാവുന്ന ശക്തി ഇടതുപക്ഷമാണെന്ന് കേരളത്തിലെ പിണറായി സർക്കാർ വിളിച്ചറിയിച്ചു. പൊതുമേഖലയുടെ വളർച്ച, പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തൽ, പരിസ്ഥിതി സംരക്ഷണം, എല്ലാവർക്കും വീടും വെളിച്ചവും കുടിവെള്ളവും ആരോഗ്യവും, മതനിരപേക്ഷത കാക്കൽ, സാമൂഹ്യനീതി ഉറപ്പാക്കിയുള്ള സർവതലസ്പർശിയായ വികസനം–- ഇതെല്ലാം എൽഡിഎഫ് ഗവൺമെന്റിന്റെ സവിശേഷനയവും പ്രായോഗികമാക്കിയ പദ്ധതികളുമായി മാറി. അസാധ്യമെന്ന് കരുതി യുഡിഎഫ് തള്ളിയ വികസനപദ്ധതികൾ പിണറായി വിജയൻ സർക്കാർ യാഥാർഥ്യമാക്കി. മതന്യൂനപക്ഷങ്ങളെ തളയ്ക്കാൻ ലാക്കാക്കി കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഒരു സംസ്ഥാന സർക്കാർ ഇന്ത്യയിൽ ആദ്യം പ്രഖ്യാപിച്ചത് കേരളത്തിലാണ്. ഏത് മതത്തിൽ വിശ്വസിക്കുന്നവരും ഒരു മതത്തിലും വിശ്വസിക്കാത്തവരും സുരക്ഷിതമായി കഴിയാനുള്ള ഒരു ഇടം എൽഡിഎഫ് ഭരിക്കുന്ന കേരളമാണെന്ന് ലോകം തിരിച്ചറിഞ്ഞു.
ഇത്തരത്തിലെ ഒട്ടേറെ നിലപാടുകളുടെയും നയങ്ങളുടെയും പദ്ധതികളുടെയും ഫലമായി ഇടതുപക്ഷത്തിന് തുടർഭരണം നൽകണം എന്ന ആശയം ജനമനസ്സുകളിൽ ശക്തിപ്പെട്ടു. തുടർഭരണം ഉറപ്പാക്കി ഒരു ടിവി ചാനൽ സർവേ ഫലം പുറത്തുവിട്ടു. അതോടെ കേരളത്തിലെ വലതുപക്ഷ ശക്തികൾക്ക് ഹാലിളകി. ബിജെപിയുടെയും യുഡിഎഫിന്റെയും ആഭിമുഖ്യത്തിൽ സമാന്തരമായി സർക്കാർവിരുദ്ധ അക്രമസമരങ്ങൾ സംഘടിപ്പിച്ചു. അപ്രഖ്യാപിത വിമോചനസമരമാണ് ആസൂത്രണം ചെയ്തത്. സംസ്ഥാനസർക്കാരിന് ഒരു ബന്ധവുമില്ലാത്ത സ്വർണക്കടത്തിന്റെ പേരുപറഞ്ഞ് നട്ടാൽ കുരുക്കാത്ത എത്രയെത്ര നുണക്കഥകൾ പ്രചരിപ്പിച്ച് കലാപം അഴിച്ചുവിട്ടു. പക്ഷേ, അതിന് ജനപിന്തുണ കിട്ടിയില്ല. ഇപ്പോഴാകട്ടെ, കേന്ദ്രസർക്കാർ നേരിട്ട് ഇടപെട്ട് കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ കോടാലിക്കൈകളാക്കി എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ നോക്കുകയാണ്. "അങ്ങാടിയിൽ തോറ്റതിന് അമ്മയോട്' എന്ന നെറികേടാണ് കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള പരിശ്രമം.
എന്നാൽ, ഇത് തിരിച്ചടിക്കപ്പെടുക സംസ്ഥാനത്തെ വലതുപക്ഷ മുന്നണിയെയാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയക്കളിയിൽ യുഡിഎഫ് സന്തതസഹചാരിയാണ്. ഈ വഴിപിഴച്ച പോക്കിൽ പ്രതിഷേധമുള്ള കക്ഷികളും നേതാക്കളും അണികളും യുഡിഎഫിലുണ്ട്. അവർ പല ഘട്ടങ്ങളിലായി ഈ മുന്നണിയെ ഉപേക്ഷിക്കുകയും ഇടതുപക്ഷവും എൽഡിഎഫ് സർക്കാരുമാണ് ശരി എന്ന നിലപാടിലെത്തുകയും ചെയ്യും. അതിന്റെ സുവ്യക്തമായ പ്രഖ്യാപനമാണ് യുഡിഎഫുമായുള്ള 39 വർഷത്തെ ബന്ധം ഉപേക്ഷിച്ച് എൽഡിഎഫിനൊപ്പം പ്രവർത്തിക്കാനുള്ള കേരള കോൺഗ്രസ് എമ്മിന്റെ പ്രബുദ്ധമായ രാഷ്ട്രീയപ്രഖ്യാപനം. കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് ഇനി പ്രസക്തിയില്ല എന്നതിന്റെ പരസ്യവിളംബരമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.
കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനം യുഡിഎഫിന്റെ ബഹുജന അടിത്തറയെ വലിയതോതിൽ ചോർത്തുകയും രാഷ്ട്രീയ അടിത്തറ ദുർബലമാക്കുകയും ചെയ്യുന്നു. എൽഡിഎഫിന്റെ ഇപ്പോൾത്തന്നെ ഭദ്രമായിട്ടുള്ള ബഹുജന അടിത്തറയെ ഇത് കൂടുതൽ ശക്തിപ്പെടുത്തും. എന്നാൽ, ധന–-മൂലധന ശക്തികളുടെ പിന്തുണയോടെയും കോർപറേറ്റ് മാധ്യമങ്ങളുടെ സഹായത്തോടെയും വലതുപക്ഷ ശക്തികളെ ആകെ ഏകോപിപ്പിച്ച് ഇടതുപക്ഷത്തെ നേരിടാനുള്ള കളമൊരുക്കമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടിയെ യുഡിഎഫിൽ ചേർക്കുമെന്ന യുഡിഎഫ് കൺവീനറുടെ പ്രസ്താവന. ഈ സംഘടനയുടെ നേതാക്കളുമായി യുഡിഎഫ് കൺവീനർ ചർച്ച നടത്തിയ വാർത്ത പുറത്തുവന്നിരുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് ജനപിന്തുണയുള്ള കക്ഷികൾ ഉപേക്ഷിച്ച യുഡിഎഫ് ഫലത്തിൽ മുസ്ലിംലീഗിനാൽ നയിക്കപ്പെടുന്ന മുന്നണിയായി ചുരുങ്ങുന്നു എന്നതാണ്. ഈ അവസരം ആർഎസ്എസ് മുതലാക്കി, തീവ്രവർഗീയതയെ ആളിക്കത്തിക്കുന്നതിന് ഉപയോഗപ്പെടുത്തുകയാണ്.
ഇവിടെ പ്രകടമാകുന്ന ഒരു വൈരുധ്യവും സമാനതയുമുണ്ട്. ഇടതുപക്ഷത്തെ മുഖ്യശത്രുവായി കണ്ട് ഒരു ഭാഗത്ത് ആർഎസ്എസ്–-ബിജെപിയും മറുഭാഗത്ത് യുഡിഎഫും തീവ്ര വർഗീയത വളർത്തുകയാണ്. ഇതൊക്കെ ചെയ്താലും ഇടതുപക്ഷത്തെ ഒറ്റപ്പെടുത്താൻ കഴിയില്ല എന്ന തിരിച്ചറിവിൽ കോൺഗ്രസും മുസ്ലിംലീഗും ആർഎസ്എസുമായി ബന്ധപ്പെട്ട് 1991ലെപ്പോലെ കോ–-ലീ–-ബി സഖ്യത്തിനുള്ള അണിയറ നീക്കം മുറുകുന്നു. അതിന്റെ ഭാഗമാണ് മുൻ ആഭ്യന്തരമന്ത്രിയായ കോൺഗ്രസ് നേതാവ് ആർഎസ്എസ് കാര്യാലയത്തിൽ പോയി ചർച്ച നടത്തിയത്. കൈപ്പത്തിയിൽ താമര വിരിയിക്കാനും താമരയിൽ കൈപ്പത്തി ഉയർത്താനും വേണ്ടിയുള്ള രാഷ്ട്രീയ അവിശുദ്ധനീക്കമാണ് കോട്ടയത്ത് ദൃശ്യമായത്. വടകര–-ബേപ്പൂർ മോഡൽ കൂട്ടുകെട്ട് മാത്രമല്ല, 2016ലെ നേമം മോഡൽ സഖ്യവും തരാതരംപോലെ നട്ടുവളർത്താനാണ് തറയൊരുക്കം നടത്തുന്നത്.
കേരള കോൺഗ്രസ് എം യുഡിഎഫ് വിട്ടതിന്റെ ഭാഗമായി യുഡിഎഫിനുണ്ടായ തളർച്ച ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, ആർഎസ്എസ് എന്നിവയുമായി പരസ്യമായും രഹസ്യമായും കൂട്ടുകെട്ടും ധാരണയും ഉണ്ടാക്കി മറികടക്കാൻ കഴിയുമോ എന്ന പരീക്ഷണത്തിലാണ് കോൺ്ഗ്രസും മുസ്ലിംലീഗും. എന്നാൽ, ഇതുകൊണ്ടൊന്നും എൽഡിഎഫിന്റെ തുടർഭരണസാധ്യതയെ അട്ടിമറിക്കാൻ കഴിയില്ല. കോൺ്ഗ്രസും മുസ്ലിംലീഗും സ്വീകരിക്കുന്ന രാഷ്ട്രീയപാപ്പരത്തം ആ പാർടികൾക്ക് അകത്തും യുഡിഎഫിനകത്തും വരുംനാളുകളിൽ വൻ പൊട്ടിത്തെറിക്ക് ഇടയാക്കും.
യുഡിഎഫിന്റെ അടിത്തറയെയും കെട്ടുറപ്പിനെയും ഇത് കൂടുതൽ ശിഥിലമാക്കും. മുസ്ലിം തീവ്രവാദി സംഘടനകളെയും യുഡിഎഫിനെയും കൂട്ടി എൽഡിഎഫിനെ ഒറ്റപ്പെടുത്താനുള്ള ബിജെപി നയം അവർക്കുതന്നെ വിനാശമാകും. ഇതെല്ലാം വ്യക്തമാക്കുന്നത് കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മുന്നണി രാഷ്ട്രീയം സംസ്ഥാനത്ത് കൂടുതൽ ജനപിന്തുണ നേടും എന്നതാണ്. ഇതിന് പ്രാപ്തി നൽകുന്നത് സി എച്ചിനെപ്പോലുള്ള നേതാക്കൾ നടത്തിയ പ്രവർത്തനത്തിന്റെ ഫലമാണ്.
ഇടതുപക്ഷപ്രസ്ഥാനത്തെ തകർക്കാൻ ശത്രുവർഗം ആവനാഴിയിലെ എല്ലാ ആയുധങ്ങളും ഉപയോഗിക്കും. അതിനെ ചെറുക്കാൻ ധൈര്യമായി മുന്നോട്ടുപോകാനുള്ള പാഠമാണ് സി എച്ചിന്റെ ജീവിതം. കേന്ദ്രഭരണത്തിന്റെയടക്കം കടന്നാക്രമണങ്ങളിൽനിന്ന് എൽഡിഎഫ് പ്രസ്ഥാനത്തെയും സർക്കാരിനെയും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാൻ സി എച്ച് സ്മരണ ആവേശം പകരും.
കോടിയേരി ബാലകൃഷ്ണൻ
No comments:
Post a Comment