Thursday, September 6, 2012

സുന്ദരയ്യ ജന്മശതാബ്ദി ആഘോഷത്തിന് ഉജ്വല തുടക്കം


തെലങ്കാന സമരനായകനും സിപിഐ എമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയുമായ പി സുന്ദരയ്യയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് പ്രൗഢമായ തുടക്കം. എ കെ ജി പഠനഗവേഷണകേന്ദ്രം സംഘടിപ്പിച്ച ജന്മശതാബ്ദി സെമിനാറോടെയാണ് സംസ്ഥാനത്ത് ആഘോഷങ്ങള്‍ തുടങ്ങിയത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യകാല ശില്‍പ്പികളില്‍ പ്രധാനിയാണ് സുന്ദരയ്യയെന്ന് സെമിനാര്‍ ഉദ്ഘാടനംചെയ്ത സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അനുസ്മരിച്ചു. കാര്‍ഷികവിപ്ലവങ്ങളുടെ തന്ത്രജ്ഞനും ജനങ്ങളുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയ നേതാവുമായിരുന്നു അദ്ദേഹമെന്നും കാരാട്ട് പറഞ്ഞു.

കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരണത്തിന് നേതൃപരമായ പങ്ക് വഹിച്ച സുന്ദരയ്യയെ സ്മരിക്കുകയെന്നത് കേരളത്തിലെ പാര്‍ടിയുടെ ഉത്തരവാദിത്തമാണെന്ന് സെമിനാറില്‍ അധ്യക്ഷനായ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളോടെ കേരളത്തില്‍ സുന്ദരയ്യ ജന്മശതാബ്ദി ആഘോഷിക്കുമെന്നും പിണറായി അറിയിച്ചു.

പാര്‍ടിക്കെതിരെ വിവിധ ഭാഗങ്ങളില്‍നിന്നും രൂക്ഷമായ കടന്നാക്രമണങ്ങള്‍ നേരിടുമ്പോള്‍ സുന്ദരയ്യ ഉയര്‍ത്തിപ്പിടിച്ച മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടനാ തത്വത്തിന്റെ പ്രസക്തി സെമിനാര്‍ വിശകലനംചെയ്തു. കാര്‍ഷികമേഖലയില്‍ സുന്ദരയ്യ മുന്നോട്ടുവച്ച ആശയങ്ങളുടെ പ്രസക്തിയും സെമിനാര്‍ ചര്‍ച്ച ചെയ്തു. "വിപ്ലവാവേശം സുന്ദരയ്യയുടെ മഹത്വം" എന്ന വിഷയത്തില്‍ സിപിഐ എം ആന്ധ്രാപ്രദേശ് സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ ബി വി രാഘവലുവും "ഇടത്-വലത് വ്യതിയാനങ്ങ ളും പി സുന്ദരയ്യയും" എന്ന വിഷയത്തില്‍ പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും "സുന്ദരയ്യയും കര്‍ഷകപ്രസ്ഥാനങ്ങളും" എന്ന വിഷയത്തില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും ആദ്യ സെഷനില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

രണ്ടാം സെഷനില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി അധ്യക്ഷയായി. "പി സുന്ദരയ്യയും യുവജന-വിദ്യാര്‍ഥിപ്രസ്ഥാനങ്ങളും" എന്ന വിഷയത്തില്‍ പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും "ഇന്ത്യയിലെ കാര്‍ഷികബന്ധങ്ങളുടെ ഇന്നത്തെ അവസ്ഥ"യെ സംബന്ധിച്ച് കൊല്‍ക്കത്ത ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. വി കെ രാമചന്ദ്രനും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി എം തോമസ് ഐസക് സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 1200ലേറെ പ്രതിനിധികള്‍ പങ്കെടുത്തു. പ്രമുഖ മാര്‍ക്സിസ്റ്റ് ചിന്തകന്‍ പി ഗോവിന്ദപിള്ളയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യം സെമിനാറിന് ആവേശം പകര്‍ന്നു.

കടന്നാക്രമണങ്ങളെ ശക്തമായി ചെറുക്കണം: കാരാട്ട്

സിപിഐ എമ്മിനെതിരെ ശത്രുക്കളും വലതുപക്ഷ മാധ്യമങ്ങളും നടത്തുന്ന ആക്രമണങ്ങളെ അതിശക്തമായി നേരിടാന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആഹ്വാനംചെയ്തു. എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പി സുന്ദരയ്യ ജന്മശതാബ്ദി സെമിനാര്‍ തലസ്ഥാനത്ത് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ആക്രമണങ്ങള്‍ പാര്‍ടിയുടെ നയങ്ങള്‍ക്കും പ്രത്യയശാസ്ത്രത്തിനും എതിരായി മാത്രമല്ല, പാര്‍ടിഘടനയ്ക്കും അതിന്റെ പ്രവര്‍ത്തനത്തിനും എതിരായിക്കൂടി തിരിഞ്ഞിട്ടുണ്ട്. 2008 മുതല്‍ ഇടതുപക്ഷത്തിനെതിരെ പൊതുവിലും സിപിഐ എമ്മിനെതിരെ വിശേഷിച്ചും സംഘടിതമായ അക്രമമാണ് നടക്കുന്നത്. നവ ഉദാര നയങ്ങള്‍ക്കും അമേരിക്കല്‍ സാമ്രാജ്യത്വത്തിനും എതിരെ പോരാടുന്നതില്‍ പാര്‍ടി വഹിച്ച പങ്കാണ് ഭരണവര്‍ഗത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും കടന്നാക്രമണങ്ങള്‍ക്ക് കാരണം. കേഡര്‍രാജിനെ പ്രതിരോധിക്കുക, പാര്‍ടി ഏകാധിപത്യം അവസാനിപ്പിക്കുക തുടങ്ങിയ വാദങ്ങളാണ് ബംഗാളില്‍ പാര്‍ടിയെ അക്രമിക്കാന്‍ ഉന്നയിച്ചത്. സര്‍ക്കാരിലും പൊതുജീവിതത്തിലും പാര്‍ടിക്കുള്ള ഏകശിലാ സമാനമായ സ്വാധീനത്തെ ആക്ഷേപിച്ചാണ് ത്രിപുരയിലെ അക്രമം. കേരളത്തിലാകട്ടെ പാര്‍ടിയില്‍ ഏകാധിപത്യ മാര്‍ഗങ്ങള്‍, വ്യത്യസ്ത അഭിപ്രായത്തെ അടിച്ചമര്‍ത്തല്‍, ശത്രുനിഗ്രഹം, ജനാധിപത്യത്തെ ശ്വാസംമുട്ടിച്ചു കൊല്ലല്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ആരോപിച്ചാണ് സംഘടിതമായ കള്ളപ്രചാരണം. സിപിഐ എമ്മിനെ സ്റ്റാലിനിസ്റ്റ് പാര്‍ടിയായും പട്ടാളച്ചിട്ടയിലുള്ള സംഘടനാരൂപമായും മുദ്രയടിച്ചാണ് ഇത്തരം വിമര്‍ശങ്ങള്‍. എന്നാല്‍, കമ്യൂണിസ്റ്റ് പാര്‍ടിയുടെ അച്ചടക്കം ലെനിന്‍ അഭിപ്രായപ്പെട്ടതുപോലെ സൈന്യത്തിലെ അച്ചടക്കത്തേക്കാള്‍ ഉയര്‍ന്നതാണ്.

കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംഘടനാപരമായ ഈ സത്തയെ ഗ്രഹിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ വ്യാപൃതനാവുകയുംചെയ്ത നേതാവാണ് പി സുന്ദരയ്യ. റിവിഷനിസവുമായി തെറ്റിപ്പിരിഞ്ഞ് 1964ല്‍ സിപിഐ എം രൂപീകരിച്ചപ്പോള്‍ സുന്ദരയ്യയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത് മൂന്ന് പതിറ്റാണ്ട് കാലം പാര്‍ടി കെട്ടിപ്പടുത്തതിന്റെ അംഗീകാരമാണ്. സിപിഐ എം രൂപീകൃതമായശേഷവും പാര്‍ടിക്കുള്ളില്‍ കടന്നുകൂടിയ റിവിഷനിസത്തിന്റെയും പരിഷ്കരണവാദത്തിന്റെയും അവശിഷ്ടങ്ങളെ സുന്ദരയ്യ കണക്ക് പറഞ്ഞ് ഇല്ലായ്മചെയ്തു.

ജനാധിപത്യ കേന്ദ്രീകരണത്തില്‍ അടിയുറച്ചുപ്രവര്‍ത്തിക്കുന്ന സംഘടനാ സംവിധാനമുള്ളതുകൊണ്ടാണ്, രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും ബഹുജനങ്ങളെ അണിനിരത്തുന്നതുമായ സമരങ്ങള്‍ നടത്താന്‍ സിപിഐ എമ്മിന് കരുത്തുണ്ടാകുന്നത്. രാഷ്ട്രീയ പ്രതിയോഗികളും ഭരണക്കാരും ഇതു മനസിലാക്കിയാണ് പാര്‍ടിയുടെ സംഘടനാപരമായ ശൈലിക്കും രീതികള്‍ക്കും എതിരായി രൂക്ഷമായ ആക്രമണം നടത്തുന്നത്. ഒരു ഭാഗത്ത് പാര്‍ടിയുടെ കേന്ദ്രീകൃത അച്ചടക്കത്തെ സ്റ്റാലിനിസം എന്ന് പേരിട്ട് ആക്രമിക്കുകയും ഒരു വിഭാഗം നേതാക്കളുടെ ഏകാധിപത്യമായി ചിത്രീകരിക്കുകയുംചെയ്യുന്നു. മറുഭാഗത്താകട്ടെ, ഉള്‍പ്പാര്‍ടി ജനാധിപത്യത്തിന്റെ ഉപയോഗം, സ്വതന്ത്രമായ ചര്‍ച്ച, പാര്‍ടിക്കകത്തെ സംവാദങ്ങള്‍ തുടങ്ങിയവയെ അഭിപ്രായ ഭിന്നതയും ഏറ്റുമുട്ടലുകളുമായി ചിത്രീകരിക്കുകയുംചെയ്യുന്നു.

കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ജനാധിപത്യ കേന്ദ്രീകരണത്തിന്റെ മാനദണ്ഡങ്ങള്‍പ്രകാരം എല്ലാ തലതത്തിലുമുള്ള പാര്‍ടി കമ്മിറ്റികള്‍ക്ക് തീരുമാനത്തിലും തീര്‍പ്പിലുമെത്തുന്നതിന് മുമ്പ് എല്ലാ വിഷയങ്ങള്‍ സംബന്ധിച്ചും ചര്‍ച്ച ചെയ്യാനും സംവാദങ്ങള്‍ നടത്താനും അവകാശമുണ്ട്. ഏത് തലത്തിലുള്ള പാര്‍ടി പ്രവര്‍ത്തനത്തെ സംബന്ധിച്ചുള്ള വിമര്‍ശങ്ങളും കാഴ്ചപ്പാടുകളും ബന്ധപ്പെട്ട പാര്‍ടി കമ്മിറ്റികള്‍ക്കകത്ത് ഉന്നയിക്കണം. വിമര്‍ശവും സ്വയം വിമര്‍ശവുമാണ് ഉള്‍പ്പാര്‍ടി ജനാധിപത്യത്തിന്റെ ജീവരക്തം. ഇന്ത്യയിലെ ബൂര്‍ഷ്വാപാര്‍ടികളുടെ സംഘടനാ സംവിധാനങ്ങളൊന്നും ഇത്തരം ചര്‍ച്ചകളോ വിമര്‍ശങ്ങളോ നടത്തുന്നുമില്ല, അനുവദിക്കുന്നുമില്ല. കേരളത്തിലേതുപോലെ ഒരു വന്‍ ബഹുജനശക്തിയായി പാര്‍ടി വളര്‍ന്ന സ്ഥലത്ത് സുന്ദരയ്യയുടെ മാതൃക പിന്തുടരണം. പതിനായിരക്കണക്കിന് പാര്‍ടി കാഡര്‍മാരും അംഗങ്ങളും എല്ലായ്പ്പോഴും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും അവരുടെ ജീവിതപ്രശ്നങ്ങളുമായി താദാത്മ്യം പ്രാപിക്കുകയും വേണമെന്നും കാരാട്ട് ആഹ്വാനംചെയ്തു.

സുന്ദരയ്യയുടെ ആശയസമരം കരുത്തേകി: പിണറായി

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് പ്രത്യക്ഷപ്പെട്ട ഇടത് -വലത് വ്യതിയാനങ്ങള്‍ക്കെതിരെ പി സുന്ദരയ്യ നടത്തിയ ആശയപരമായ സമരം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എതിരാളികളുടെ ഏത് കടന്നാക്രമണങ്ങളെയും നേരിടാനുള്ള സവിശേഷമായ കരുത്ത് പകര്‍ന്നു നല്‍കിയതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒരു കടന്നാക്രമണത്തിനു മുന്നിലും പതറാത്ത കരുത്താണ് കേരളത്തില്‍ സിപിഐ എം ആര്‍ജിച്ചത്. പാര്‍ടിക്കെതിരായ നുണപ്രചാരണങ്ങളുടെ മലവെള്ളപ്പാച്ചിലുകളാണ് സമീപകാലത്ത് കേരളത്തിലുണ്ടായത്. പാര്‍ടി ശത്രുക്കളുടെ ഈ വിധത്തിലുള്ള എല്ലാ കടന്നാക്രമണങ്ങളെയും നുണകളെയും അതിജീവിക്കാന്‍ കഴിഞ്ഞത് സുന്ദരയ്യ നടത്തിയ ആശയസമരത്തിലൂടെ ആര്‍ജിച്ച കരുത്തുകൊണ്ടാണ്. സുന്ദരയ്യ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എ കെ ജി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച സെമിനാറില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു പിണറായി.

കേരളത്തിലെ പാര്‍ടിയുടെ രൂപീകരണത്തിനും അതിന്റെ ആദ്യകാലഘട്ടത്തിലെ വളര്‍ച്ചയ്ക്കുമെല്ലാം സുന്ദരയ്യ നേതൃപരമായ പങ്കാണ് വഹിച്ചത്. പാര്‍ലമെന്ററിയും പാര്‍ലമെന്ററിയിതരവുമായ മാര്‍ഗങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രവര്‍ത്തനരീതി സ്വജീവിതംകൊണ്ട് പ്രയോഗിച്ച നേതാവാണ് സുന്ദരയ്യ. കേരളംപോലുള്ള സംസ്ഥാനത്ത് ഇത്തരം കാഴ്ചപ്പാടിന് ഏറെ പ്രാധാന്യമുണ്ട്. 1967ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ ഒന്നും നേടാനാകില്ലെന്നും എല്ലാം നേടാന്‍ കഴിയുമെന്നുമുള്ള രണ്ട് വ്യതിയാനങ്ങളെയും നേരിട്ട് മുന്നോട്ട് പോകുന്നതിനുള്ള കാഴ്ചപ്പാടാണ് പാര്‍ടി വികസിപ്പിച്ചെടുത്തത്. ആയുധമെടുത്ത് പോരാടുന്ന വിപ്ലവ പ്രവര്‍ത്തനത്തിന്റെ മറ്റൊരു മുഖമാണ് ക്രിയാത്മകമായ രീതിയിലുള്ള പാര്‍ലമെന്ററി പ്രവര്‍ത്തനമെന്ന കാഴ്ചപ്പാട് മുന്നോട്ട് വയ്ക്കുന്നതില്‍ സുന്ദരയ്യയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാര്‍ടിക്ക് ഏറെ സഹായകരമായിരുന്നു.

മദിരാശിയില്‍ കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് സുന്ദരയ്യ കേരളത്തിലെത്തി കൃഷ്ണപിള്ള, ഇ എം എസ്, എന്‍ സി ശേഖര്‍ എന്നിവരുമായി ബന്ധംസ്ഥാപിക്കുന്നത്. വിവിധ വിഷയങ്ങളില്‍ ആശയവ്യക്തത വരുത്തുന്നതിന് സുന്ദരയ്യ ഏറെ ശ്രദ്ധിച്ചിരുന്നു. 1940 കളുടെ മധ്യത്തില്‍ ഒളിവിലിരുന്നുകൊണ്ടുള്ള പ്രവര്‍ത്തനത്തില്‍ കേരളത്തിലെ സഖാക്കളുടെ പുരോഗതി വിലയിരുത്താനും കേരളത്തിലെത്തി. കയ്യൂര്‍ സഖാക്കളെ തൂക്കിക്കൊല്ലുന്നതിന് കുറച്ചു ദിവസംമുമ്പ് ജയിലിലെത്തി സഖാക്കളെ കണ്ടു. അന്ന് അവര്‍ പറഞ്ഞ കാര്യങ്ങള്‍ ആത്മകഥയില്‍ കുറിച്ച സുന്ദരയ്യ, അവരുടെ വാക്കുകള്‍ എന്നെ കൂടുതല്‍ ഉത്തേജിതനാക്കി എന്നും പറയുന്നു- പിണറായി അനുസ്മരിച്ചു.

കാര്‍ഷികമേഖലയെ കോണ്‍ക്രീറ്റ് കാടുകളാക്കുന്നു: വി എസ്

കാര്‍ഷികമേഖലയെ യുഡിഎഫ് സര്‍ക്കാര്‍ കോണ്‍ക്രീറ്റ് കാടുകളാക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അരി ഉല്‍പ്പാദിപ്പിക്കുന്ന കൃഷിസ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ ഉയരുമ്പോള്‍ നീതിപീഠത്തിന് പോലും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കേണ്ടിവന്നിരിക്കുന്നു. കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും ഉയര്‍ത്തുന്ന പ്രതിഷേധത്തെ സര്‍ക്കാര്‍ അവഗണിക്കുന്നു. കൃഷിക്കാര്‍ക്കെതിരായ ഏകാധിപത്യനടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പി സുന്ദരയ്യ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ "സുന്ദരയ്യയും കര്‍ഷകപ്രസ്ഥാനവും" എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ജീവല്‍പ്രധാനമായ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് കര്‍ഷകപ്രസ്ഥാനം വന്‍ പോരാട്ടം നടത്തേണ്ടിയിരിക്കുന്നു. ഈ ഘട്ടത്തില്‍ സുന്ദരയ്യയുടെ ഓര്‍മകള്‍ നമുക്ക് ആവേശം പകരും. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ എന്ന് സുന്ദരയ്യയെ വിശേഷിപ്പിച്ചാല്‍ തെറ്റില്ല. പല തവണ കേരളത്തില്‍വന്ന് തൊഴിലാളിവര്‍ഗ വിപ്ലവപ്രസ്ഥാനത്തിന് അടിത്തറ പാകുന്നതില്‍ സുന്ദരയ്യ ഉജ്വലനേതൃത്വം നല്‍കി. ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ കര്‍ഷകമുന്നേറ്റമായ തെലങ്കാന സമരത്തിന്റെ നായകനാണ് സുന്ദരയ്യ. 64 മാസം നീണ്ടുനിന്ന തെലങ്കാന സമരം ലോകത്തിലെ ഏറ്റവും വലിയ കാര്‍ഷിക കലാപങ്ങളിലൊന്നാണ്. ഇന്ത്യയില്‍ ഇതിന് സമാനമായ സമരങ്ങളില്ല. രാജ്യത്തെ ഭൂപ്രശ്നം, സര്‍ക്കാര്‍നയം, കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഭാവി പരിപാടി എന്നിവയുമായി ബന്ധപ്പെട്ടെല്ലാം തെലങ്കാന സമരം നിര്‍ണായകമായിരുന്നു. "കൃഷിഭൂമി കൃഷിക്കാരന്" എന്ന ആശയം സമരത്തിന്റെ പ്രധാന ചര്‍ച്ചാവിഷയമാക്കി. ഭൂപരിഷ്കരണം എന്ന ആശയത്തിന് പ്രാമുഖ്യമുണ്ടാക്കി. തെലങ്കാന സമരം, പുന്നപ്ര-വയലാര്‍ ചെറുത്തുനില്‍പ്പ്, മലബാറിലെ കര്‍ഷക കലാപം എന്നിവയെ തുടര്‍ന്ന് പാര്‍ടിപ്രവര്‍ത്തകര്‍ കടുത്ത മര്‍ദനത്തിനും പീഡനത്തിനും ഇരയായി. തെലങ്കാനയില്‍ സമരം പിന്‍വലിക്കേണ്ടിവന്നതോടെ പാര്‍ടി തീരെ ഒറ്റപ്പെട്ടെന്ന് ഭരണവര്‍ഗം വീമ്പടിക്കുകയും പാര്‍ടിയിലെ ഒരുവിഭാഗം അങ്ങനെ ഭയക്കുകയും ചെയ്തു. എന്നാല്‍, ഒന്നാം പൊതുതെരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ പാര്‍ടി വന്‍മുന്നേറ്റമുണ്ടാക്കി. 29 പാര്‍ടി എംപിമാരില്‍ 19 പേരും തെലങ്കാന മേഖലയില്‍നിന്നായിരുന്നു. തെലങ്കാന സമരത്തെ ജനങ്ങള്‍ എത്രമാത്രം പിന്തുണച്ചെന്ന് തെളിയിക്കുന്നതായിരുന്നു ഈ വിജയമെന്നും വി എസ് ചൂണ്ടിക്കാട്ടി.

ഇടപെടല്‍ മാതൃകാപരം: കോടിയേരി

ഇടത്-വലതു വ്യതിയാനങ്ങളെ പ്രതിരോധിക്കുന്നതില്‍ സുന്ദരയ്യയുടെ പ്രവര്‍ത്തനം രാജ്യത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മുതല്‍ക്കൂട്ടായെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ശരിയായ ആശയഗതികളില്‍ ഉറച്ചുനിന്ന് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടനാ രീതിയില്‍ പോരാടിയായ നേതാവായിരുന്നു സുന്ദരയ്യ. "ഇടത്-വലത് വ്യതിയാനങ്ങളും പി സുന്ദരയ്യയും"എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു കോടിയേരി.

ഓരോ രാജ്യത്തിന്റെയും സവിശേഷമായ സാഹചര്യങ്ങളെ വിലയിരുത്തുകയാണ് മാര്‍ക്സിസം-ലെനിനിസം പ്രയോഗിക്കപ്പെടുന്നത്. ഇത്തരത്തില്‍ പ്രയോഗിക്കപ്പെടുമ്പോള്‍ അതിന്റെ വിപ്ലവപരതയില്‍ വെള്ളം ചേര്‍ക്കാന്‍, വലതുപക്ഷ വ്യതിയാനങ്ങളും ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുന്ന ഇടതുപക്ഷ വ്യതിയാനങ്ങളും പ്രത്യക്ഷപ്പെടുന്ന നിലയും ഉണ്ടാകാറുണ്ട്. റഷ്യയില്‍ ഇടതുതീവ്ര നിലപാടെടുത്ത നരോദിസ്റ്റുകള്‍ക്കും വലതുപക്ഷ നിലപാടെടുത്ത മെന്‍ഷെവിക്കുകള്‍ക്കും എതിരെ പോരാടിയാണ് ലെനിന്‍ വിപ്ലവപ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാര്‍ക്സിസം-ലെനിനിസം പ്രയോഗിക്കുന്നതിന്റെ ഭാഗമായും ഇത്തരം വ്യതിയാനങ്ങള്‍ പ്രത്യക്ഷപ്പെടുകയും അവയ്ക്കെതിരെ പോരാടുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. പാര്‍ടിക്കകത്ത് നടന്നുവന്ന വലതുപക്ഷ വ്യതിയാനങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടത്തിന് നേതൃത്വംനല്‍കാന്‍ സുന്ദരയ്യയ്ക്ക് കഴിഞ്ഞു. പാര്‍ടി നേതൃത്വം ഉള്‍പാര്‍ടി ജനാധിപത്യത്തിന്റെ മര്യാദകള്‍ ലംഘിച്ച് വലതുപക്ഷ സമീപനങ്ങളുമായി മുന്നോട്ടു പോയപ്പോള്‍ 1964 ഏപ്രിലില്‍ നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍നിന്ന് 32 പേരുടെ ഇറങ്ങിപ്പോക്കിന് സുന്ദരയ്യ നേതൃത്വപരമായി പങ്കുവഹിച്ചു. പാര്‍ടിയെ ശരിയായ വിപ്ലവപാതയില്‍ നയിക്കുന്നതിന് സുന്ദരയ്യ കാണിച്ച പാടവും എടുത്തുപറയേണ്ടതാണ്. വലതുപക്ഷ പാളിച്ചയ്ക്കെതിരായി ശക്തമായി പോരടിച്ച പാര്‍ടിക്കകത്ത് പില്‍ക്കാലത്ത് ഇടതുപക്ഷ വ്യതിയാനവും കടന്നു വന്നു. വലതുപക്ഷ വ്യതിയാനങ്ങള്‍ക്കെതിരെ പോരാടിയ സുന്ദരയ്യയ്ക്ക് ഇടതുപക്ഷ വ്യതിയാനങ്ങള്‍ക്കെതിരെയും പോരാട്ടം ഏറ്റെടുക്കേണ്ടി വന്നു. നക്സലിസത്തിന്റെ സ്വാധീനത്തില്‍നിന്ന് പാര്‍ടിയെ മോചിപ്പിക്കാന്‍ സുന്ദരയ്യ നേതൃത്വം നല്‍കിയതായും കോടിയേരി ചൂണ്ടിക്കാട്ടി.

ദിശാബോധം പകര്‍ന്നു: ബേബി

രാജ്യത്തെ വിദ്യാര്‍ഥി-യുവജനപ്രസ്ഥാനങ്ങള്‍ക്ക് ശരിയായ രീതിയിലുള്ള കാഴ്ചപ്പാട് പകര്‍ന്ന നേതാവാണ് പി സുന്ദരയ്യയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. "പി സുന്ദരയ്യയും യുവജന വിദ്യാര്‍ഥിപ്രസ്ഥാനങ്ങളും" എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു ബേബി.

സ്വന്തം ജീവിതാനുഭവങ്ങള്‍ വിദ്യാര്‍ഥി -യുവജന സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് കാഴ്ചപ്പാട് പകരുന്നതിന് സുന്ദരയ്യയെ സഹായിച്ചു. സാമൂഹിക പ്രതിബദ്ധതയുടെ അടിത്തറയില്‍ നിന്നുകൊണ്ടുള്ളതായിരുന്നു ആ സമീപനങ്ങള്‍. വിദ്യാര്‍ഥി ജീവിത കാലത്ത് സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് അദ്ദേഹം മാതൃക കാട്ടി. വിദ്യാര്‍ഥി ജീവിതകാലത്തുതന്നെ പ്രതിഭാശാലികളും സമര്‍പ്പിതചിത്തരുമായ യുവാക്കളെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം മനസ്സിലാക്കി. വിദ്യാര്‍ഥി-യുവജനസംഘടനകള്‍ കെട്ടിപ്പടുക്കുമ്പോള്‍ സംഘടനാപരമായ ജാഗ്രത പുലത്തിയ സുന്ദരയ്യ ഓരോ കേഡറില്‍നിന്നും സമൂഹത്തിന് പ്രയോജനം ഉറപ്പാക്കാന്‍ ശ്രദ്ധചെലുത്തി. ഇന്ത്യയെപ്പോലുള്ള രാജ്യത്ത് തൊഴിലാളിവര്‍ഗ വിപ്ലവപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് വിവിധ ബജുജനമുന്നണികളില്‍ സംഘടനാ സമരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അസംഖ്യം കേഡര്‍മാരെ ആവശ്യമുണ്ട്. വിദ്യാര്‍ഥി യുവജനമുന്നണികളില്‍നിന്ന് പ്രതിബദ്ധത തെളിയിച്ച് സമരങ്ങളിലൂടെ വളര്‍ന്നുവന്ന പ്രവര്‍ത്തകരെ തൊഴിലാളി, കര്‍ഷക, കര്‍ഷകത്തൊഴിലാളി, മഹിളാ മുന്നണികളിലും പാര്‍ടി സംഘടനാരംഗത്തും നിയോഗിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചു. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും സുന്ദരയ്യയുടെ സംഘടനാ കാഴ്ചപ്പാടിന്റെയും വ്യക്തിജീവിതമാതൃകകളുടെയും സ്പര്‍ശമുള്ള കേഡര്‍മാര്‍ ഇപ്പോള്‍ പ്രധാന ചുമതലകളിലുണ്ട്. 1974ല്‍ എസ്എഫ്ഐയുടെ കല്‍ക്കത്ത സമ്മേളനത്തില്‍ സുന്ദരയ്യ നടത്തിയ ഉദ്ഘാടനപ്രസംഗം പഠനക്ലാസ് പോലെയായിരുന്നുവെന്നും ബേബി അനുസ്മരിച്ചു.

സുന്ദരയ്യയുടെ ജീവിതം മുഴുവന്‍ മാതൃക: ശ്രീമതി

പി സുന്ദരയ്യയുടെ ജീവിതം മുഴുവന്‍ മാതൃകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. സ. പി സുന്ദരയ്യ ജന്മശതാബ്ദി സെമിനാറിന്റെ രണ്ടാം സെഷനില്‍ അധ്യക്ഷയായി സംസാരിക്കുകയായിരുന്നു അവര്‍. കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും വളര്‍ത്തുന്നതിലും നിര്‍ണായക സംഭാവന നല്‍കിയവരില്‍ പ്രഥമഗണനീയനാണ് സുന്ദരയ്യ. ഓരോ കമ്യൂണിസ്റ്റുകാരനും മാതൃകയാക്കേണ്ട ഗുണങ്ങളാണ് സുന്ദരയ്യ ജീവിതത്തിലുടനീളം പ്രകടിപ്പിച്ചത്. കമ്യൂണിസ്റ്റുകാര്‍ക്ക് ഏറ്റവും അഭിമാനിക്കാന്‍ കഴിയുന്ന നിശ്ചയദാര്‍ഢ്യത്തിന് ഉടമയായിരുന്നു അദ്ദേഹം. കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും സംഘടിപ്പിക്കുന്നതില്‍ തീവ്രമായ താല്‍പ്പര്യം അദ്ദേഹം എക്കാലവും പ്രകടിപ്പിച്ചതായും പി കെ ശ്രീമതി പറഞ്ഞു.

ബഹുമുഖ സംഭാവന നല്‍കി: ഐസക്

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചയില്‍ നിര്‍ണായക സംഭാവന നല്‍കിയ നേതാവായിരുന്നു പി സുന്ദരയ്യയെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും സെമിനാര്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനറുമായ ഡോ. തോമസ് ഐസക് പറഞ്ഞു. ഇ എം എസ്, എ കെ ജി എന്നിവര്‍ക്കൊപ്പം കേരളം സുന്ദരയ്യക്ക് പരിഗണന നല്‍കുന്നു. സുന്ദരയ്യ നാടിന് നല്‍കിയ സംഭാവനകള്‍ ബഹുമുഖമാണ്. ഇന്ത്യയിലെ വിപ്ലവ മുന്നേറ്റങ്ങള്‍ക്ക് തെലുങ്കാന സമരത്തിലൂടെ പ്രായോഗിക രൂപം നല്‍കി. ഇന്ത്യയിലെ കാര്‍ഷികപ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതില്‍ നടത്തിയ പഠനങ്ങളും സംഭാവനകളും നിര്‍ണായകമായി. യുവതലമുറയില്‍നിന്ന് കേഡര്‍മാരെ വളര്‍ത്തിയെടുക്കുന്നതിലും സുന്ദരയ്യ ശ്രദ്ധചെലുത്തിയതായി ഡോ. തോമസ് ഐസക് സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.

ഭൂവിനിയോഗം കമ്പോളതാല്‍പ്പര്യത്തിന് വിട്ടുകൊടുക്കരുത്: ഡോ. വി കെ രാമചന്ദ്രന്‍

ഭൂവിനിയോഗം വമ്പന്‍ കുത്തകകളുടെ കമ്പോളതാല്‍പ്പര്യങ്ങള്‍ക്ക് വിട്ടുകൊടുക്കരുതെന്ന് കൊല്‍ക്കത്ത ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. വി കെ രാമചന്ദ്രന്‍ പറഞ്ഞു. നീതിയും പരിസ്ഥിതി സുസ്ഥിരതയും ദേശീയസുരക്ഷയും ഉറപ്പു വരുത്താന്‍ ഇത് അനിവാര്യമാണ്. ഭൂവിനിയോഗനയം ആസൂത്രിതവും പൊതു ഇടപെടല്‍ അനുവദിക്കുന്നതുമാകണം. പട്ടിണിയും ഭവനരാഹിത്യവും വര്‍ധിപ്പിക്കുന്നതാകരുത്- അദ്ദേഹം പറഞ്ഞു. പി സുന്ദരയ്യ ജന്മശതാബ്ദി സെമിനാറില്‍ ഇന്ത്യയിലെ കാര്‍ഷികബന്ധങ്ങളുടെ ഇന്നത്തെ അവസ്ഥയെപ്പറ്റി പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു രാമചന്ദ്രന്‍.

ഭക്ഷ്യസുരക്ഷയുടെയും ദേശീയ ഭക്ഷ്യസ്വയംപര്യാപ്തയുടെയും ലക്ഷ്യങ്ങള്‍ ഭൂവിനിയോഗത്തിലും കൃഷിരീതിയിലും മാറ്റം വരുത്തുന്നതാകരുത്. വനവും കൃഷിഭൂമിയും കാര്‍ഷികേതര ഭൂമിയും തമ്മിലുള്ള സന്തുലനം സര്‍ക്കാര്‍ ഉറപ്പാക്കണം. കാര്‍ഷികനയത്തിലും നയരൂപീകരണത്തിലും വന്‍കിട, വിദേശ കോര്‍പറേറ്റുകളുടെ ഇടപെടലുകള്‍ രാജ്യത്തിന് നാശം വിതക്കും. സമഗ്രമായ കാര്‍ഷികപരിഷ്കരണം നടപ്പാക്കിയില്ലെങ്കില്‍ രാജ്യം ഗുരുതരമായ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും. പഴയതും പുതിയതുമായ എല്ലാതരത്തിലുമുള്ള ഭൂപ്രഭുത്വം ഇല്ലാതാക്കണം. ചെറുകിട കര്‍ഷകരെയും തൊഴിലാളികളെയും പട്ടിണിയില്‍നിന്നും ദാരിദ്ര്യത്തില്‍നിന്നും മോചിപ്പിച്ച് അവര്‍ക്ക് ജീവിക്കാനാവശ്യമായ വരുമാനം സര്‍ക്കാര്‍ ഉറപ്പാക്കണം. ഗ്രാമീണമേഖലയിലെ തൊഴിലാളികള്‍ക്ക് പാര്‍പ്പിടങ്ങളും ശുചിത്വമുള്ള ജീവിത പരിസരവും ഉറപ്പാക്കണം. പട്ടികജാതി, പട്ടികവര്‍ഗവിഭാഗങ്ങള്‍ സ്ത്രീകള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ എന്നിവരെ ദുരിതത്തില്‍നിന്ന് മോചിപ്പിക്കാന്‍ സാഹചര്യമൊരുക്കണം. ഔപചാരികവും സാര്‍വലൗകീകവുമായ വിദ്യാഭ്യാസം ഉറപ്പാക്കണം- രാമചന്ദ്രന്‍ പറഞ്ഞു.

deshabhimani 060912

1 comment:

  1. സിപിഐ എമ്മിനെതിരെ ശത്രുക്കളും വലതുപക്ഷ മാധ്യമങ്ങളും നടത്തുന്ന ആക്രമണങ്ങളെ അതിശക്തമായി നേരിടാന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആഹ്വാനംചെയ്തു. എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പി സുന്ദരയ്യ ജന്മശതാബ്ദി സെമിനാര്‍ തലസ്ഥാനത്ത് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete