Monday, May 19, 2014

നായനാരുടെ ഓര്‍മ പോരാട്ടങ്ങള്‍ക്ക് കരുത്താകും

ജനമനസ്സുകളില്‍ എല്ലാ പരിഗണനകള്‍ക്കും അതീതമായി ഇടംനേടിയ സ. ഇ കെ നായനാര്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് പത്തുവര്‍ഷം തികയുന്നു. ബാലസംഘത്തിലും വിദ്യാര്‍ഥിരംഗത്തും സജീവമായി പ്രവര്‍ത്തിച്ച് പൊതുപ്രവര്‍ത്തനത്തിലേക്കുവന്ന സഖാവിന്റെ രാഷ്ട്രീയജീവിതം ആധുനിക കേരളത്തിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ടതാണ്. ദേശീയപ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിക്കുമ്പോള്‍തന്നെ കര്‍ഷകപോരാട്ടങ്ങളുടെയും കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെയും സംഘാടകനും നേതാവുമായി സഖാവ് ഉയര്‍ന്നു.

ഇടപെട്ട മേഖലകളിലെല്ലാം നായനാര്‍ വ്യക്തിമുദ്ര പതിപ്പിച്ചു. പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ സജീവപങ്ക് വഹിച്ച അദ്ദേഹം ജനകീയപ്രശ്നങ്ങളോട് പ്രതികരിക്കുന്ന പത്രാധിപരെന്ന നിലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചു. സാഹിത്യത്തെയും തന്റെ യാത്രാനുഭവങ്ങളെയും ജനജീവിതവുമായി കൂട്ടിച്ചേര്‍ക്കുന്നതില്‍ നായനാര്‍ കാണിച്ച മിടുക്ക് എടുത്തുപറയേണ്ടതാണ്. പാര്‍ലമെന്റിതര പ്രവര്‍ത്തനങ്ങളില്‍ എന്നപോലെ പാര്‍ലമെന്ററിരംഗത്തും ശ്രദ്ധേയ ഇടപെടല്‍ നടത്തി. ജനകീയപ്രശ്നങ്ങള്‍ പാര്‍ലമെന്ററി വേദികളില്‍ അവതരിപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു. ആരുമായും ഇടപഴകുമ്പോഴും തന്റെ കാഴ്ചപ്പാടുകളില്‍നിന്ന് അണുവിട വ്യതിചലിക്കാതെ പ്രവര്‍ത്തിക്കാന്‍ സഖാവ് കാണിച്ച ശേഷി മാതൃകാപരമാണ്.

ജന്മിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരായി നാട്ടില്‍ രൂപപ്പെട്ട ബഹുജനമുന്നേറ്റങ്ങളുടെ അടിത്തറയില്‍നിന്നാണ് സഖാവിന്റെ വ്യക്തിത്വം രൂപപ്പെട്ടത്. ആദ്യം കോണ്‍ഗ്രസ്, പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി, അതിനുശേഷം കമ്യൂണിസ്റ്റ് പാര്‍ടി എന്നിങ്ങനെ വിപ്ലവകരമായ മുന്നേറ്റങ്ങളുടെ ഭാഗമായാണ് നായനാരുടെ രാഷ്ട്രീയ നിലപാടുകള്‍ വികസിച്ചത്.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് പ്രത്യക്ഷപ്പെട്ട ഇടത്-വലത് പ്രവണതകള്‍ക്കെതിരായി സന്ധിയില്ലാതെ പൊരുതുന്നതിലും പാര്‍ടിയെ വിപ്ലവപന്ഥാവിലൂടെ മുന്നോട്ടുനയിക്കുന്നതിലും സഖാവ് കാണിച്ച ആശയവ്യക്തത എടുത്തുപറയേണ്ടതാണ്. പാര്‍ടി നിലപാടുകള്‍ ജനങ്ങളില്‍ എത്തിക്കാനും പാര്‍ടിയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ പ്രശ്നങ്ങളെ വിശകലനംചെയ്ത് ലളിതമായി അവതരിപ്പിക്കുന്നതിലും നായനാര്‍ കാണിച്ച മാതൃക അനുകരണീയമാണ്. അവതരണത്തിന്റെ ശൈലിയും അതില്‍ ഉള്‍ക്കൊള്ളിക്കുന്ന രാഷ്ട്രീയ സമീപനവും നിഷ്കളങ്കമായ ഇടപെടലും നായനാരെ ജനങ്ങളുടെ കണ്ണിലുണ്ണിയാക്കി. ജനങ്ങളുടെ ദുഃഖങ്ങളില്‍ അവരോടൊപ്പം കരയാനും സന്തോഷങ്ങളെ അതേപോലെ ഉള്‍ക്കൊള്ളാനും കഴിയുംവിധമായിരുന്നു നായനാരുടെ ഇടപെടല്‍. മുഖംമൂടിയില്ലാത്ത ഈ സമീപനം ജനങ്ങളെ ഏറെ ആകര്‍ഷിച്ചു.

പാര്‍ടി ഏല്‍പ്പിച്ച വിവിധങ്ങളായ ചുമതലകള്‍ സഖാവ് ഭംഗിയായി നിര്‍വഹിച്ചു. പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, ദേശാഭിമാനി ചീഫ് എഡിറ്റര്‍ എന്നീ നിലകളില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചു. കേരളത്തിന്റെ ഏതു പ്രദേശവും അവിടങ്ങളിലെ സവിശേഷപ്രശ്നവും നായനാര്‍ക്ക് ഹൃദിസ്ഥമായിരുന്നു. സമരസംഘാടകനായും സമഗ്രപോരാളിയായും ജ്വലിച്ചുനിന്ന സഖാവിന്റെ ഇടപെടലുകള്‍ സര്‍വരാലും അംഗീകരിക്കപ്പെട്ടു. രാഷ്ട്രീയ എതിരാളികളുടെപോലും ആദരവും അംഗീകാരവും പിടിച്ചുപറ്റാന്‍ കഴിയുംവിധം വിപുലീകരിക്കപ്പെട്ടതായിരുന്നു നായനാരുടെ വ്യക്തിത്വം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചത് നായനാരാണ്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, മാവേലി സ്റ്റോറുകള്‍, സമ്പൂര്‍ണ സാക്ഷരത, ജനകീയാസൂത്രണം തുടങ്ങിയ കേരള വികസനത്തിലെ നാഴികക്കല്ലുകളായി മാറിയ പരിഷ്കാരങ്ങളുടെയെല്ലാം അമരക്കാരനായി സഖാവ് ഉണ്ടായിരുന്നു.

1957ലെ സര്‍ക്കാര്‍ അടിത്തറയിട്ട വികസനപ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകുന്നതിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എടുത്തുപറയേണ്ടതാണ്. പതിനാറാം ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്ന ഘട്ടത്തിലാണ് ഇക്കുറി നായനാരുടെ ചരമദിനം ആചരിക്കുന്നത്. ആഗോളവല്‍ക്കരണ നയങ്ങള്‍ അതിതീവ്രമായി നടപ്പാക്കിയ യുപിഎ സര്‍ക്കാര്‍ ജനങ്ങളെ മറന്ന് കോര്‍പറേറ്റുകള്‍ക്ക് രാജ്യത്തെ തീറെഴുതുകയായിരുന്നു. ഇതിന്റെ ഫലമായി ജനജീവിതം ദുരിതപൂര്‍ണമായി. വിലക്കയറ്റം എല്ലാ സീമകളെയും ലംഘിച്ച് മുന്നോട്ടുപോയി. രാജ്യത്തിന്റെ സമ്പദ്ഘടനയെത്തന്നെ ബാധിക്കുന്ന തരത്തില്‍ അഴിമതി വ്യാപകമായി. രാജ്യത്തിന്റെ വിശ്വവിഖ്യാതമായ വിദേശനയവും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കായി മാറ്റിയെഴുതുന്ന നിലയുണ്ടായി. ഇത്തരം നയങ്ങള്‍ക്കെതിരായ വമ്പിച്ച വികാരമാണ് കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പില്‍ തകര്‍ത്തെറിഞ്ഞത്. ജനങ്ങളെ മറന്ന് കോര്‍പറേറ്റുകള്‍ക്കുവേണ്ടി നടത്തിയ പാദസേവയ്ക്ക് ജനം നല്‍കിയ ശിക്ഷയാണ് കോണ്‍ഗ്രസിന്റെ കനത്ത പരാജയം. യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍നിന്ന് ഒഴിയുമ്പോള്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്ന ആപല്‍ക്കരമായ അവസ്ഥയാണ് ഉണ്ടായത്. കോണ്‍ഗ്രസിന്റെ അതേ സാമ്പത്തികനയങ്ങളാണ് ബിജെപിയും പിന്തുടരുന്നത്. ബിജെപി അധികാരത്തിലിരുന്ന ഘട്ടത്തില്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ അത്തരത്തിലുള്ളതായിരുന്നു. നിലവിലെ ലോക്സഭയില്‍തന്നെ കോര്‍പറേറ്റുകള്‍ക്കനുകൂലമായ നിയമനിര്‍മാണങ്ങള്‍ക്കെല്ലാം ബിജെപിയും കോണ്‍ഗ്രസും ഒന്നായിച്ചേര്‍ന്നാണ് മുന്നോട്ടുപോയത്. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ ഉള്‍പ്പെടെ തകര്‍ത്തെറിഞ്ഞത് ഇത്തരത്തിലുള്ള നയപരമായ യോജിപ്പിന്റെ ഫലമായാണ്. അതുകൊണ്ടുതന്നെ, രാജ്യത്തെ ജനങ്ങളുടെ ജീവിതദുരിതത്തിന് എന്തെങ്കിലും തരത്തിലുള്ള പരിഹാരം ഈ ഭരണമാറ്റത്തിലൂടെ ഉണ്ടാവുകയില്ല. കോര്‍പറേറ്റുകളുടെ പിന്തുണയോടെ കൊട്ടിഘോഷിക്കപ്പെട്ട ഗുജറാത്ത് മോഡലാവട്ടെ കോര്‍പറേറ്റുകള്‍ക്ക് നേട്ടമുണ്ടാക്കുന്നതും സാധാരണക്കാരുടെ ജീവിതത്തെ തകര്‍ക്കുന്നതുമാണ്. ഗുജറാത്തിലെ സാധാരണക്കാരന്റെ ജീവിതം സംബന്ധിച്ച കണക്കുകള്‍ അതാണ് സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ അടിസ്ഥാനപരമായ പല മൂല്യങ്ങളും തകരുന്ന സാഹചര്യം സൃഷ്ടിക്കപ്പെടാന്‍ പോവുകയാണ്. ജനാധിപത്യത്തെയും ഫെഡറലിസത്തെയും മതേതരത്വത്തെയും അംഗീകരിക്കുന്നതല്ല സംഘപരിവാറിന്റെ അജന്‍ഡകള്‍. ഈ സംഘപരിവാറിന്റെ വക്താവായ മോഡി അധികാരത്തില്‍ വരുന്നതോടെ ദേശീയ പ്രസ്ഥാന പാരമ്പര്യത്തിന്റെ ഭാഗമായി നാം വളര്‍ത്തിക്കൊണ്ടുവന്ന മൂല്യങ്ങള്‍ ഒന്നിനുപുറകെ ഒന്നായി തകര്‍ക്കപ്പെടുന്ന സാഹചര്യം രൂപപ്പെടും. ജനാധിപത്യത്തെക്കുറിച്ചുള്ള സംഘപരിവാറിന്റെ ധാരണകള്‍ അവരുടെ ആശയാടിത്തറയായി നില്‍ക്കുന്ന "വിചാരധാര"യില്‍ മുന്നോട്ടുവയ്ക്കുന്നു. ""ജനാധിപത്യ വ്യവസ്ഥ ആത്മ പ്രശംസ, പരദൂഷണം എന്നീ രണ്ട് ദോഷങ്ങള്‍ വളര്‍ത്തുന്നു. അവ മനുഷ്യമനസ്സിന്റെ ശാന്തിയെയും പരിശുദ്ധിയെയും വിഷമയമാക്കുകയും വ്യക്തിയും സമാജവും തമ്മിലുള്ള സ്വരച്ചേര്‍ച്ച താറുമാറാക്കുകയും ചെയ്യുന്നു.""(പേജ് 31) ഇതിന്റെ വക്താവായ മോഡി അധികാരത്തില്‍ വരുന്ന സാഹചര്യമാണിപ്പോള്‍. "ഗുജറാത്ത് മോഡല്‍" രാജ്യത്താകമാനം വ്യാപിപ്പിക്കാനുള്ള ശ്രമം ഉണ്ടാകുമെന്നുറപ്പാണ്. യുപിയില്‍ വിജയം ഉറപ്പിക്കാന്‍ സംഘപരിവാര്‍ ആസൂത്രണംചെയ്ത മുസഫര്‍നഗര്‍ കലാപവും തുടര്‍ന്നുണ്ടായ മറ്റ് വര്‍ഗീയ കലാപങ്ങളും നമ്മെ ഓര്‍മിപ്പിക്കുന്നത് അതാണ്. അതുകൊണ്ടുതന്നെ, ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ മതേതര ജനാധിപത്യ ശക്തികള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട ആവശ്യകതയാണ് തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നത്.

ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ദേശീയതലത്തില്‍ തെരഞ്ഞെടുപ്പുഫലങ്ങള്‍ ആവേശകരമായില്ല. എങ്കിലും കേരളത്തില്‍ സീറ്റ് നാലില്‍നിന്ന് എട്ടായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ത്രിപുരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം വര്‍ധിച്ചു. പശ്ചിമബംഗാളില്‍ ജനങ്ങളുടെ യഥാര്‍ഥവികാരം പ്രകടിപ്പിക്കാന്‍ കഴിയുംവിധം തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായി. സംസ്ഥാനത്തെ സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ജനപിന്തുണ പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പ് ഫലമല്ല ഉണ്ടായത്. 3200 ബൂത്തുകളിലാണ് വമ്പിച്ച ക്രമക്കേട് നടന്നത്. ആകെയുള്ള 42 മണ്ഡലങ്ങളില്‍ 32 എണ്ണത്തിലും നിഷ്പക്ഷമായ വോട്ടെടുപ്പ് നടന്നില്ല. തെരഞ്ഞെടുപ്പ് കമീഷനാവട്ടെ ഇതില്‍ ഇടപെട്ടതുമില്ല. 16 ബൂത്തില്‍മാത്രമാണ് റീപോളിങ് നടത്താന്‍ തയ്യാറായത്. ഇത്തരം പ്രതിസന്ധികളെ നേരിട്ടാണ് ബംഗാളില്‍ പാര്‍ടിക്ക് പ്രവര്‍ത്തിക്കേണ്ടിവന്നത്. അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ചയ്ക്കെതിരായി പോരാടി വിജയം നേടിയ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് ബംഗാളിലേത്. ഇത്തരം പ്രതിസന്ധികളെ മുറിച്ചുകടന്ന് ബംഗാളിലെ വിപ്ലവപ്രസ്ഥാനം മുന്നോട്ടുപോകുമെന്നതില്‍ തര്‍ക്കമില്ല.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ 4,93,143 വോട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് വര്‍ധിച്ചപ്പോള്‍ യുഡിഎഫിന് 1,10,503 വോട്ടുകള്‍ കുറയുകയാണുണ്ടായത്. ഇടതുപക്ഷത്തിന്റെ അടിത്തറ കൂടുതല്‍ വിപുലപ്പെടുകയാണ് ചെയ്തത് എന്ന് ഇത് വ്യക്തമാക്കുന്നു. എങ്കിലും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ നേടേണ്ടിയിരുന്ന വിജയം ഉണ്ടായില്ല എന്നത് വസ്തുതയാണ്. ദേശീയതലത്തില്‍ ആര്‍എസ്എസ് നേതൃത്വത്തില്‍ നരേന്ദ്രമോഡി ഉയര്‍ത്തിയ വെല്ലുവിളി നേരിടാന്‍ കോണ്‍ഗ്രസിനാണ് സാധ്യത എന്ന ധാരണയില്‍ കേരളത്തിലെ മതന്യൂനപക്ഷ വിഭാഗങ്ങള്‍ പൊതുവെ യുഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിച്ചതുകൊണ്ടാണ് യുഡിഎഫിന് 12 സീറ്റില്‍ വിജയിക്കാനായത്. ദേശീയ സാഹചര്യം മനസിലാക്കുന്നതില്‍ ഉണ്ടായ വീഴ്ചയാണ് ഇതിന് കാരണമായത്. കോണ്‍ഗ്രസിന് മൂന്നക്കം തികയ്ക്കാന്‍ കഴിയില്ലെന്ന് ഇടതുപക്ഷം ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. എന്നാല്‍, ഇത് വെറും രാഷ്ട്രീയ പ്രചരണമാണെന്നാണ് പലരും കരുതിയത്. തെരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോള്‍ യാഥാര്‍ഥ്യം ഏവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ടാവും.

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ വിജയമല്ല ഉണ്ടായത്. 2009ല്‍ ലഭിച്ച 16 സീറ്റിനേക്കാള്‍ ഒരു സീറ്റ് എങ്കിലും അധികം നേടും എന്ന് പ്രഖ്യാപിച്ചുനടന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷയ്ക്ക് വിരുദ്ധമായ ഫലമാണുണ്ടായത്. 2009ല്‍ ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് യുഡിഎഫ് വിജയിച്ച മണ്ഡലങ്ങളില്‍ ഇക്കുറി ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. പോരായ്മകള്‍ സൂക്ഷ്മമായി പരിശോധിച്ച് ആവശ്യമായ തിരുത്തല്‍ വരുത്തി കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ടി ആവിഷ്കരിക്കുന്നതാണ്.

തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ടിയെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചിലര്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍, ഇത്തരത്തിലുള്ള നിരവധി പ്രതിസന്ധികളെ മുറിച്ചുകടന്ന പാര്‍ടി ഇതിനെയും അതിജീവിക്കും. ഈ സാഹചര്യത്തില്‍ പാര്‍ടിക്കെതിരായ എല്ലാ കള്ളപ്രചാരവേലകളെയും പ്രതിരോധിക്കുക എന്നത് പാര്‍ടിയെ സ്നേഹിക്കുന്ന ഏവരുടെയും ഉത്തരവാദിത്തമാണ്. പാര്‍ടിയെ തകര്‍ക്കുന്നതിനായി നടത്തുന്ന ഇത്തരം പ്രചാരവേലകളെ പ്രതിരോധിക്കുന്നതിന് തന്റെ സ്വതസിദ്ധമായ ജനകീയ ശൈലിയില്‍ നായനാര്‍ എന്നും മുന്‍പന്തിയില്‍തന്നെയായിരുന്നു. പാര്‍ടിയെ തകര്‍ക്കുന്നതിനുള്ള കള്ള പ്രചാരവേലകളെ പ്രതിരോധിക്കുന്നതിനും കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുന്നതിനും നായനാരുടെ ഓര്‍മകള്‍ നമുക്ക് കരുത്താകും.

പിണറായി വിജയന്‍

No comments:

Post a Comment