Thursday, May 15, 2014

ചിരസ്മരണയുടെ ദശകമെത്തുന്നു

കണ്ണൂര്‍: അനശ്വര കമ്യൂണിസ്റ്റ് നേതാവ് ഇ കെ നായനാരുടെ വിയോഗത്തിന് പത്തു വര്‍ഷം തികയുന്നത് വീണ്ടുമൊരു ജനവിധിക്ക് രാജ്യം സാക്ഷിയാകുന്ന വേളയില്‍. 2004 മെയ് 13ന് കേരളത്തില്‍ 18 സീറ്റ് നേടി എല്‍ഡിഎഫ് അത്യൂജ്വല മുന്നേറ്റം നടത്തുമ്പോള്‍ നായനാര്‍ ഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു. 19ന് അതുല്യമായ ആ ജീവിതം മരണത്തിന് വഴിമാറി. പയ്യാമ്പലത്തെ സ്മൃതികുടീരം തൊട്ട് കേരളത്തിന്റെ ഒരോതരി മണ്ണിലും തിരയടിക്കുന്ന ആ വിപ്ലവകാരിയുടെ ഓര്‍മകള്‍ ലോകമെങ്ങുമുള്ള മലയാളികളുടെ മനസില്‍ ഇന്നും ആവേശജ്വാലയാണ്. കല്യാശേരി "ശാരദാസി"ല്‍ വിശ്രമജീവിതം നയിക്കുന്ന പ്രിയസഹധര്‍മിണി ശാരദടീച്ചറുടെ ഉള്ളിലും നിത്യഹരിതമായ സ്നേഹസ്മൃതികളുടെ കടലിരമ്പം.

""വിശ്വസിക്കാനാവുന്നില്ല സഖാവില്ലാതെ പത്തുവര്‍ഷം പിന്നിട്ടെന്നത്. അദ്ദേഹം വിടപറഞ്ഞെന്നത് യാഥാര്‍ഥ്യം. എന്നാലും, അങ്ങനെ വിചാരിക്കാന്‍പോലും ഇടനല്‍കാതെ നായനാരുടെ പ്രിയ ജനത എന്നെ പിന്താങ്ങിയിട്ടുണ്ട്""-

സഖാവിന്റെ ഓര്‍മച്ചിത്രങ്ങള്‍ നിറഞ്ഞ സ്വീകരണമുറിയിലിരുന്ന് ടീച്ചര്‍ മനസ്സു തുറക്കുന്നു. ദശാസന്ധികളിലൂടെയാണ് കേരളം പത്തുവര്‍ഷം സഞ്ചരിച്ചത്. വിവാദവും പ്രതിസന്ധികളും നിറഞ്ഞ നിമിഷങ്ങളില്‍ കേരളം നഷ്ടബോധത്തോടെ ഓര്‍മിച്ചിരിക്കണം- "നായനാരുണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക"യെന്ന്. വലിയ പൊട്ടിച്ചിരിയിലേക്കുള്ള നര്‍മവും ചിന്തയുടെ കനല്‍തരിയും നിറഞ്ഞ നായനാരുടെ വാക്കുകള്‍ക്കായാണ് നാട് എന്നും കാതോര്‍ത്തിരുന്നത്. പത്തുവര്‍ഷം മുമ്പത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലം. അസുഖബാധിതനായിരുന്ന നായനാര്‍ക്ക് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതിന്റെ സങ്കടങ്ങളായിരുന്നു അവസാനകാലത്ത് അദ്ദേഹം ടീച്ചറോട് പങ്കിട്ടത്.

"ദേശാഭിമാനി"യുടെ കട്ടിങ്ങുകള്‍ സസൂക്ഷ്മം വെട്ടിയെടുത്ത് "എനക്കൊരു കലക്ക് കലക്കണം ശാരദേ" എന്ന നായനാരുടെ വാക്കുകള്‍ ഒരു പൊട്ടിച്ചിരിയുടെ അകമ്പടിയോടെ ടീച്ചറുടെ ഉള്ളിലിപ്പോഴും മുഴങ്ങുന്നുണ്ട്. തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് വിമാനം കയറുന്നതിന് മുമ്പ് കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് "ഓള്‍റൈറ്റ്, ലാല്‍സലാം" എന്ന പതിവ് അഭിവാദ്യവുമായി പുസ്തകങ്ങള്‍ മാറത്തടുക്കിയുള്ള ആ യാത്രപറച്ചില്‍ ക്രാന്തദര്‍ശിയായ നേതാവിന്റെ വിടചൊല്ലല്‍കൂടിയായിരുന്നെന്ന് ടീച്ചര്‍ നഷ്ടബോധത്തോടെ തിരിച്ചറിയുന്നു. ആ വിലാപയാത്രപോലും കേരളത്തെ ഒരു കണ്ണീര്‍ച്ചാലാക്കി. നായനാരുടെ ഓര്‍മകള്‍ക്കൊപ്പം അദ്ദേഹം ഉപയോഗിച്ച വസ്തുക്കളും ടീച്ചര്‍ക്ക് കൂട്ടിനുണ്ട്. ഓവര്‍കോട്ട്, കുപ്പായങ്ങള്‍, പോപ്പ് സമ്മാനിച്ച കൊന്ത.. എന്തിനധികം ഒരുകെട്ട് ബീഡിയും തീപ്പെട്ടിയും വരെ. ""കുറേ സാധനങ്ങള്‍ പലരും വാങ്ങിക്കൊണ്ടുപോയി. ബാക്കിയുള്ളവ നായനാര്‍ അക്കാദമിക്ക് നല്‍കണം""- ടീച്ചര്‍ പറയുന്നു.

നായനാരുടെ വിടവാങ്ങലിനുശേഷം ശാരദാസിലേക്ക് സന്ദര്‍ശക പ്രവാഹമായിരുന്നു. അവര്‍ ടീച്ചറോട് പങ്കിട്ടത് അതുല്യനായ ജനായകനോടുള്ള സ്നേഹാദരം. അവരില്‍ വലിയ നേതാക്കള്‍ മുതല്‍ സാധാരണക്കാര്‍വരെയുണ്ട്. പലരും നായനാരുടെ ഓര്‍മയില്‍ വികാരഭരിതരാകുമ്പോള്‍ ടീച്ചറുടെയും കണ്ണ് നിറയും. ഒരുനാട് ഇത്രമേല്‍ ഒരുനേതാവിനെ, ഭരണാധികാരിയെ സ്നേഹിച്ചിട്ടുണ്ടോയെന്ന് സന്ദേഹിച്ച്. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ടി സിദ്ദിഖ് തന്നെ സന്ദര്‍ശിച്ച് അത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദുരുപയോഗിച്ചത് മാത്രമാണ് ഇക്കാലത്തിനിടയിലെ ഏക മുറിവ്. "കെ പി ആറിന്റെ മരുമകളെ മനസിലാക്കുന്നതില്‍ അവര്‍ക്ക് പിഴവ് പറ്റി"യെന്ന് ടീച്ചര്‍ പരിതപിക്കുന്നു. എല്ലാ അനുസ്മരണദിനത്തിലുമെന്നപോലെ ഇക്കുറിയും ശാരദാസില്‍ നായനാരുടെ മക്കളും മരുമക്കളുമെല്ലാം ഒത്തുചേരുന്നുണ്ട്. കയ്യൂര്‍ സമരനായകന്റെ ചിരസ്മരണയുടെ ചെരാത് തെളിച്ച് നാടും.

സതീഷ് ഗോപി deshabhimani

No comments:

Post a Comment