ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ നിസ്വാർഥനായ ദേശീയ നേതാവായിരുന്നു സ. ഇ ബാലാനന്ദൻ. കേരളം ഇന്ത്യക്ക് സംഭാവനചെയ്ത പ്രമുഖ തൊഴിലാളി നേതാവായിരുന്ന സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് പന്ത്രണ്ട് വർഷമാകുന്നു. സംസ്ഥാനത്തെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളാണ്. അലുമിനിയം കമ്പനിയിലെ കൂലിത്തൊഴിലാളിയിൽനിന്ന് രാജ്യത്തെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ അമരക്കാരനായി വളർന്ന അസാധാരണ വിപ്ലവ ഏടാണ് ആ ജീവിതം. കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയിൽ ഒരു ദരിദ്ര തൊഴിലാളികുടുംബത്തിൽ 1924ൽ ജനനം.
ജീവിതപ്രാരാബ്ധംകാരണം നന്നേ ചെറുപ്പത്തിലേ തൊഴിലെടുക്കാൻ നിർബന്ധിതനായി. ഷാപ്പുതൊഴിലാളി, കൂലിപ്പണിക്കാരൻ എന്നിങ്ങനെയെല്ലാം ജീവിതവഴി തേടുന്നതിനിടെ ഏലൂരിലെ അലുമിനിയം കമ്പനിയിൽ പണിക്കാരനായി. പിന്നീടുണ്ടായത് പുതിയ ചരിത്രം. തൊഴിലാളിവർഗരാഷ്ട്രീയത്തിന്റെ ബാലപാഠം അവിടത്തെ പണിശാലയിൽനിന്ന് പഠിച്ചു. അലുമിനിയം ഫാക്ടറി വർക്കേഴ്സ് യൂണിയൻ രൂപീകരിക്കപ്പെട്ടു. അതിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറിയായി. തിരുവിതാംകൂറിൽ രജിസ്റ്റർ ചെയ്യുന്ന ആറാമത്തെ തൊഴിലാളി യൂണിയനായിരുന്നു അത്. ആദ്യം കോൺഗ്രസ് പ്രവർത്തകനായിരുന്ന അദ്ദേഹം 1943ൽ കമ്യൂണിസ്റ്റ് പാർടിയുടെ ആലുവ സെൽ രൂപീകരിച്ചപ്പോൾ അതിലെ അംഗമായി. തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തിയതിനെത്തുടർന്ന് സഖാവിനെ കമ്പനിയിൽനിന്ന് പുറത്താക്കി. ഫാക്ടറിയിൽനിന്ന് പുറത്താക്കപ്പെട്ട സഖാവ് പൂർണസമയ പാർടി പ്രവർത്തകനായി.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ നുണപ്രചാരണം ശക്തിപ്പെട്ടപ്പോൾ അതിനെതിരെ കുറിക്കുകൊള്ളുന്ന ഭാഷയിൽ ഒളിവിലായിരുന്ന സഖാവ് പൊതുയോഗത്തിൽ പ്രസംഗിച്ച് മറുപടി നൽകി. അതേത്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ ഘട്ടങ്ങളിലായി അഞ്ചുവർഷം ജയിൽവാസവും നാലരവർഷത്തോളം ഒളിവുജീവിതവും നയിച്ചു. ഭീകരമായ പൊലീസ് മർദനത്തിന് നിരവധി തവണ ഇരയായി. സിപിഐ എം രൂപീകരിച്ചപ്പോൾ പാർടിയുടെ സംസ്ഥാന കമ്മിറ്റിയംഗമായി. പിന്നീട് സംസ്ഥാന സെക്രട്ടറിയറ്റംഗവുമായി. 1972ൽ മധുരയിൽ ചേർന്ന ഒമ്പതാം പാർടി കോൺഗ്രസിലാണ് കേന്ദ്ര കമ്മിറ്റിയംഗമായത്. 1978ൽ ജലന്ധർ പാർടി കോൺഗ്രസിൽ പൊളിറ്റ്ബ്യൂറോ അംഗമായി തെരഞ്ഞെടുക്കപ്പെട്ടശേഷം മൂന്ന് പതിറ്റാണ്ടോളം ഡൽഹി കേന്ദ്രമാക്കി പ്രവർത്തിച്ചു. എ കെ ജിക്കും ഇ എം എസിനുംശേഷം പാർടി പിബിയിലെത്തിയ മലയാളിയായിരുന്നു അദ്ദേഹം.
തൊഴിലാളികളെ വിപ്ലവപാതയിലേക്ക് കൊണ്ടുവരുന്നതിനും അവരുടെ അവകാശപ്പോരാട്ടങ്ങളെ ശക്തമാക്കുന്നതിനും സിഐടിയു നേതാവെന്ന നിലയിൽ വഹിച്ച പങ്ക് എന്നും സ്മരിക്കപ്പെടുന്നതാണ്. 1970ൽ സിഐടിയു രൂപീകരിച്ചപ്പോൾ അതിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയും തുടർന്ന് അഖിലേന്ത്യാ ട്രഷററുമായി. ബി ടി രണദിവേക്കുശേഷം സിഐടിയുവിന്റെ പ്രസിഡന്റായി. ആഗോളവൽക്കരണ നയത്തിനെതിരെ ഇന്ത്യൻ തൊഴിലാളിവർഗത്തെ സമരപാതയിലെത്തിക്കുന്നതിന് നേതൃപരമായ പങ്കാണ് അദ്ദേഹം നിർവഹിച്ചത്. വൈദ്യുതിജീവനക്കാരുടെ സംഘടന ദേശീയമായി കെട്ടിപ്പടുത്തത് അദ്ദേഹത്തിന്റെ മുൻകൈയിലായിരുന്നു. സംഘടനയുടെ സ്ഥാപക പ്രസിഡന്റായി. വൈദ്യുതിജീവനക്കാരുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഏറ്റവും വലുതും ശക്തവുമായ സംഘടനയാണ് അത്. അവസാനകാലംവരെ അതിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു.
മികച്ച പാർലമെന്റേറിയനുമായിരുന്നു അദ്ദേഹം. 1967മുതൽ 1977വരെ കേരള നിയമസഭാംഗമായി. 1980ൽ ലോക്‌സഭാംഗവും പിന്നീട് രണ്ടുതവണ രാജ്യസഭാംഗവുമായി. തൊഴിലാളിവർഗത്തിന്റെ അവകാശങ്ങൾ നേടുന്നതിനുള്ള സമരവേദിയായി പാർലമെന്റിനെ മാറ്റുന്നതിൽ വിജയംകണ്ട വിപ്ലവകാരിയായ പാർലമെന്റേറിയനായി. അസംഘടിത തൊഴിലാളികൾക്കുവേണ്ടി നിയമം കൊണ്ടുവരുന്നതിന് പാർലമെന്റിൽ ഉയർന്ന ഏറ്റവും ശക്തമായ ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. ഇതുമായി ബന്ധപ്പെട്ട നിയമനിർമാണങ്ങളുടെ ഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ ഇടപെടൽ ബിൽ അവതരിപ്പിക്കുന്ന മന്ത്രിയുടെയും പ്രധാനമന്ത്രിയുടെയുംവരെ അഭിനന്ദനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
ഉന്നതവിദ്യാഭ്യാസ ബിരുദങ്ങളല്ല, തൊഴിലാളിവർഗ പ്രവർത്തനങ്ങൾക്ക് ഇടയിലുള്ള അനുഭവങ്ങളാണ് ഏറ്റവും വലിയ ജീവിത ബിരുദമെന്ന് സ്വജീവിതംകൊണ്ട് ബോധ്യപ്പെടുത്തിയ നേതാവായിരുന്നു അദ്ദേഹം. ജീവിതപ്രാരാബ്ധങ്ങൾ കാരണം ഏഴാംക്ലാസിൽ പഠിപ്പ് നിർത്തേണ്ടിവന്നു. പക്ഷേ, ഔപചാരിക വിദ്യാഭ്യാസം വേണ്ടവിധത്തിൽ നേടാൻ കഴിഞ്ഞില്ലെന്ന പോരായ്മയെ മറികടന്നുകൊണ്ട് ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഭാഷകളിൽ നല്ല പ്രാവീണ്യം നേടാനും ശാസ്ത്രവിഷയങ്ങളിലടക്കം ഉയർന്ന പരിജ്ഞാനം സമ്പാദിക്കാനും സ്വപ്രയത്നത്താൽ കഴിഞ്ഞു. അതുകൊണ്ടാണ് പ്രധാനമന്ത്രിമാരുടെവരെ വാദമുഖങ്ങളെ ഖണ്ഡിച്ച് അനർഗളമായി ഇംഗ്ലീഷിൽ വാദപ്രതിവാദം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞത്. ഗഹനമായ വിഷയങ്ങൾപോലും ലളിതമായ ഭാഷയിൽ തൊഴിലാളികൾക്കും സാധാരണക്കാർക്കും മനസ്സിലാകുംവിധം അവതരിപ്പിക്കുന്നതിൽ പ്രത്യേക വൈഭവമുണ്ടായിരുന്നു. പറയേണ്ട കാര്യങ്ങൾ, നന്നായി പഠിച്ച് ഉറപ്പിച്ച് അവതരിപ്പിക്കുന്ന രീതിയായിരുന്നു. മാർക്സിസ്റ്റ് സംവാദത്തിന്റെ എഡിറ്ററായി അവസാനകാലത്ത് പ്രവർത്തിച്ചു. ഓരോ വിഷയത്തെയും മാർക്സിസ്റ്റ് ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിശകലനംചെയ്യുന്നതിൽ അസാമാന്യപാടവമുണ്ടായിരുന്നു. മനസ്സിലാക്കിയ കാര്യങ്ങൾ തനതായ ശൈലിയിൽ അവതരിപ്പിക്കുകയുംചെയ്തു.
ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ സമരപോരാട്ടങ്ങളിൽ നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിച്ച ഇ ബാലാനന്ദന്റെ സ്മരണ പുതുക്കുന്ന ഈ ഘട്ടത്തിൽ, രാജ്യത്തെ കർഷകരും തൊഴിലാളികളും വലിയ വെല്ലുവിളികളെ നേരിടുകയാണ്. കേന്ദ്രസർക്കാർ പാസാക്കിയ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹി അതിർത്തിയിൽ ആരംഭിച്ച സമരം കൂടുതൽ ശക്തമാകുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് സമരസഖാക്കൾ ഡൽഹി കേന്ദ്രീകരിക്കുകയാണ്. കോർപറേറ്റുകൾക്ക് സൗകര്യമൊരുക്കാനുള്ള തന്ത്രങ്ങളാണ് മോഡി സർക്കാർ മെനയുന്നത്. രാജ്യവും ലോകവുമെല്ലാം സമാനതകളില്ലാത്ത പ്രതിസന്ധികളാണ് കോവിഡ്മൂലം നേരിടുന്നത്. മറ്റെല്ലാ രാജ്യങ്ങളിലും കോവിഡ് വിഷമതകൾ നേരിടുന്ന ജനങ്ങളെ സഹായിക്കാനായി വിവിധ ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കുകയും പാക്കേജുകൾ അവതരിപ്പിക്കുകയും ചെയ്തു.
എന്നാൽ, ഇന്ത്യയിൽ കോവിഡിന്റെ മറവിൽ രാജ്യത്തെ വിറ്റുതുലയ്ക്കാനാണ് മോഡി സർക്കാർ ശ്രമിച്ചത്. ദരിദ്രരെ സഹായിക്കുന്നതിനുപകരം വിവിധ പാക്കേജുകൾ അവതരിപ്പിച്ച് കോർപറേറ്റുകൾക്ക് സഹായമൊരുക്കി. പാവപ്പെട്ടവൻ കൂടുതൽ ദുരിതത്തിലേക്ക് നീങ്ങിയപ്പോൾ കോർപറേറ്റുകളുടെ ലാഭം നിരവധി ഇരട്ടിയായി. പൊതുമേഖലാസ്ഥാപനങ്ങളും നവരത്ന കമ്പനികളും പ്രകൃതിവിഭവങ്ങളുമെല്ലാം കോർപറേറ്റ് കൊള്ളയ്ക്ക് വിട്ടുകൊടുത്തു. ഏറ്റവും അവസാനം കർഷകരുടെ മണ്ണുംകൂടി കോർപറേറ്റുകൾക്ക് സമ്മാനിക്കാനാണ് പുതിയ കാർഷികനിയമങ്ങൾ പാർലമെന്റിനെപ്പോലും നോക്കുകുത്തിയാക്കി കൊണ്ടുവന്നത്. പ്രതിഷേധിക്കുന്ന കർഷകരെ ഭീകരൻമാരായി മുദ്രകുത്തുകയാണ്.
കർഷകരെ മാത്രമല്ല, രാജ്യത്തെ തൊഴിലാളികളെയും കുത്തുപാളയെടുപ്പിക്കുന്ന നയങ്ങളാണ് മോഡി സർക്കാർ സ്വീകരിച്ചുവരുന്നത്. അതിനുള്ള ഏറ്റവും പ്രധാന ഉദാഹരണമാണ് നാല് തൊഴിൽ കോഡ്. വർഷങ്ങൾ നീണ്ട പോരാട്ടത്തിലൂടെ തൊഴിലാളിവർഗം നേടിയ എട്ട് മണിക്കൂർ ജോലിയടക്കമുള്ള അവകാശങ്ങളെ ഇല്ലാതാക്കി കോർപറേറ്റുകൾക്ക് ചൂഷണം വർധിപ്പിക്കാൻ ഉതകുന്ന രീതിയിലാണ് തൊഴിൽകോഡുകൾ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. അതിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ തൊഴിലാളികളെയും ജീവനക്കാരെയും വർഗീയമായി ചേരിതിരിച്ച് സമരങ്ങളെ ദുർബലമാക്കാനാണ് നീക്കം.
ദേശീയമായി ഇരുണ്ട ഈ അന്തരീക്ഷത്തിലും ബദൽ രാഷ്ട്രീയത്തിന്റെ പ്രകാശം പരത്തുന്നത് കേരളത്തിലെ എൽഡിഎഫ് സർക്കാരാണ്. പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന ഈ സർക്കാർ നാടിന്റെ വികസനത്തിനും ജനതയുടെ ക്ഷേമത്തിനും ഉറച്ച ചുവടുവയ്പുകളാണ് നടത്തുന്നത്. പുതിയ കാലത്തിന്റെ സാധ്യതകളും വെല്ലുവിളികളും ഏറ്റെടുക്കുകയും തൊഴിൽസാധ്യത വർധിപ്പിക്കുകയും സാമൂഹ്യപ്രതിബദ്ധത കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന വികസനക്ഷേമ ബജറ്റ് ഇതിനുള്ള ഒടുവിലെ ഉദാഹരണമാണ്. എൽഡിഎഫ് സർക്കാരിന്റെ ഈ ജനപക്ഷനയങ്ങൾക്കുള്ള അംഗീകാരമാണ് ഇത്തവണത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ജനവിധി.
കോവിഡിന്റെയും പ്രളയത്തിന്റെയുമെല്ലാം കെടുതികളിൽനിന്ന് ജനങ്ങളെ സംരക്ഷിച്ച പിണറായി സർക്കാരിനും ഇടതുപക്ഷത്തിനുമൊപ്പമാണ് കേരളത്തിലെ ജനങ്ങളുടെ മനസ്സ് എന്ന് വ്യക്തമാണ്. കേന്ദ്രത്തിലെ ബിജെപി ഭരണത്തിന്റെ അമിതാധികാര വാഴ്ചയെയും വെറുപ്പിന്റെ രാഷ്ട്രീയത്തെയും പ്രതിരോധിക്കാൻ ഇടതുപക്ഷ സർക്കാർ വേണമെന്ന ബോധം മതനിരപേക്ഷ വിഭാഗങ്ങളിലടക്കം ശക്തമാണ്. ഇക്കാര്യത്തിൽ കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് പൂർണപരാജയമാണ്. അതിനാൽ, എൽഡിഎഫ് സർക്കാരിന് തുടർഭരണം ഉണ്ടാകണമെന്നത് കേരളത്തിന്റെ പൊതുബോധമായി വളരുകയാണ്. അതിനായി എൽഡിഎഫിനെയും സിപിഐ എമ്മിനെയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾക്ക് സ. ഇ ബാലാനന്ദൻ സ്മരണ കരുത്തുപകരും.
എ വിജയരാഘവൻ
No comments:
Post a Comment