Monday, February 3, 2014

ചരിത്രം അവസാനിച്ചില്ല, ലോകം മറുപടി നല്‍കുന്നു: ബേബി

ലഖ്നൗ: പുതിയ സമൂഹനിര്‍മാണത്തിനായി സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും നടന്ന പരീക്ഷണങ്ങള്‍ക്ക് തിരിച്ചടിയുണ്ടായതോടെ ചരിത്രം അവാസാനിച്ചുവെന്ന് അഹങ്കാരത്തോടെ വീമ്പിളക്കിയവര്‍ക്ക് ലോകം മറുപടി നല്‍കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. വാള്‍സ്ട്രീറ്റ് പിടച്ചെടുക്കല്‍ സമരവും 2008 ലെ ലോകസാമ്പത്തികക്കുഴപ്പവും ലാറ്റിനമേരിക്കയിലും മധ്യഅമേരിക്കയിലും ഇരമ്പുന്ന ഇടതുപക്ഷ വിജയങ്ങളും ഈജിപ്തിലെയും ടുണീഷ്യയിലെയും രാഷ്ട്രീയ അനുഭവങ്ങളും പറയുന്നത് ചരിത്രം അവസാനിച്ചിട്ടില്ലെന്നാണ്. ഉത്തര്‍പ്രദേശിലെ പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും കമ്യൂണിസ്റ്റ് നേതാവും സിപിഐ എം സംസ്ഥാന സെക്രട്ടറിയുമായിരുന്ന ശങ്കര്‍ ദയാല്‍ തിവാരിയുടെ 25- ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന "കമ്യൂണിസത്തിന്റെ ഭാവി" സെമിനാറില്‍ സംസാരിക്കുകയായിരുന്നു ബേബി.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തിരിച്ചടികളേറ്റിട്ടുണ്ട്. ഏതാനും സംസ്ഥാനങ്ങളില്‍ സ്വാധീനം ഒതുങ്ങി നില്‍ക്കുന്നു. പശ്ചിമബംഗാളില്‍ സിപിഐ എം പ്രവര്‍ത്തകരുടെ കൂട്ടക്കൊലകളും തുടരുന്നു. പരിമിത സ്വാധീനമുള്ള സംസ്ഥാനങ്ങളിലെ മരവിപ്പും ഗൗരവമായി കാണേണ്ടതാണ്. കമ്യൂണിസ്റ്റുകാര്‍ ജനങ്ങള്‍ക്കു വേണ്ടി നടത്തിയ പോരാട്ടങ്ങളും അതിലൂടെയുണ്ടായ നേട്ടങ്ങളും കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ നടപ്പാക്കിയ ജനപക്ഷ പരിപാടികളും ജനങ്ങളുടെ ഭാഷയില്‍ പറഞ്ഞുകൊടുക്കാന്‍ കഴിഞ്ഞാല്‍ ഇതുപോലുള്ള മേഖലകളിലെ പ്രയാസം പരിഹരിക്കാനാവും. തെലങ്കാനയില്‍ 300 ഗ്രാമങ്ങളിലെ ഭൂമി ജനങ്ങള്‍ക്ക് വിതരണംചെയ്യാന്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് കഴിഞ്ഞു. ബംഗാളിലും ത്രിപുരയിലും ഭൂപരിഷ്കരണ രംഗത്ത് വന്‍ നേട്ടമുണ്ടാക്കി. എന്നാല്‍, ഇപ്പോള്‍ ആളുകളുടെ ഓര്‍മയിലുള്ളത് ഒരു വിഭാഗം മാധ്യമങ്ങളുടെ ബോധപൂര്‍വമായ ഇടപെടലിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട പ്രതീതികളാണ്. വ്യവസായവല്‍ക്കരണത്തിനായി ബംഗാളില്‍ ഭൂമി ഏറ്റെടുത്തപ്പോഴുണ്ടായ ചെറുതും വലുതുമായ തെറ്റുകളുടെ അതിശയോക്തിപരമായ അവതരണങ്ങളാണത്. ത്രിപുരയില്‍ മൂന്നിലൊന്ന് ആദിവാസികളുടെ സംരക്ഷണത്തിന് ഭൂമിയുടെ മൂന്നില്‍ രണ്ടും ലഭ്യമാക്കിയ ഇടതുമുന്നണി സര്‍ക്കാരിന്റെ ധീരനടപടി മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് വിഷയമല്ല.

അധികാരവികേന്ദ്രീകരണം, ജനകീയാസൂത്രണം, പരിസ്ഥിതിസംരക്ഷണം, സ്ത്രീതുല്യത, അഴിമതിരഹിതമായ പ്രവര്‍ത്തനവും ജീവിതവും പാര്‍ടിയിലും ഗവണ്‍മെന്റിലും എടുത്തുപറയാവുന്ന വ്യത്യസ്തതകളാണ്. ഇവ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ സംഭവിക്കുന്ന കുറവുകളാണ് സ്വയം വിമര്‍ശപരമായി നാം തിരുത്തേണ്ടത്. "ഉത്തര്‍പ്രദേശിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും ചരിത്രവും പ്രശ്നങ്ങളും" എന്ന വിഷയം ഇര്‍ഫാന്‍ ഹബീബ് അവതരിപ്പിച്ചു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ പാര്‍ലമെന്റംഗങ്ങള്‍ മണ്ഡലത്തിലും സംസ്ഥാനത്തും പ്രവര്‍ത്തനം ഒതുക്കാതെ എ കെ ജിയെപ്പോലെ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗങ്ങളായി പ്രവര്‍ത്തിക്കണമെന്ന് ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. പ്രമുഖ ചലച്ചിത്രകാരനും ശങ്കര്‍ദയാല്‍ തിവാരിയുടെ മകനുമായ അതുല്‍ തിവാരി ചടങ്ങില്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറി കാശ്യപ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വിജയ്ശാന്ത് എന്നിവര്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment