Friday, November 8, 2013

ഒക്ടോബര്‍ വിപ്ലവസ്മരണയില്‍ റഷ്യയും ലോകവും

മോസ്കോ: വ്ളാദിമിര്‍ ലെനിന്റെ നേതൃത്വത്തില്‍ നടന്ന 1917ലെ മഹത്തായ ഒക്ടോബര്‍വിപ്ലവത്തിന്റെ 96-ാം വാര്‍ഷികം ലോകത്താകെയുള്ള പുരോഗമന പ്രസ്ഥാനങ്ങള്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. റഷ്യയില്‍ തലസ്ഥാനമായ മോസ്കോയിലും മറ്റുനഗരങ്ങളിലും ആയിരങ്ങള്‍ അണിനിരന്ന റാലികള്‍ നടന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെയും മറ്റു സംഘടനകളുടെയും നേതൃത്വത്തില്‍ വിവിധ ചടങ്ങുകള്‍ സംഘടിപ്പിച്ചു.

1941ല്‍ ഒക്ടോബര്‍വിപ്ലവത്തിന്റെ 24-ാം വാര്‍ഷികത്തില്‍ നടന്ന വിഖ്യാതമായ സൈനികപരേഡിനെ അനുസ്മരിച്ച് മോസ്കോയില്‍ റഷ്യന്‍ സൈന്യം വാര്‍ഷികപരേഡ് നടത്തി. അഡോള്‍ഫ് ഹിറ്റ്ലറുടെ നാസി ജര്‍മനിക്കെതിരായ പോരാട്ടത്തിന് സജ്ജരായി റഷ്യന്‍ സൈനികര്‍ നടത്തിയ ഐതിഹാസിക പരേഡിന്റെ 72-ാം വാര്‍ഷിക അനുസ്മരണം വികാരനിര്‍ഭരമായിരുന്നു.

റഷ്യന്‍ ജനതയ്ക്കാകെ ഉയിര്‍പ്പേകിയ 1941 നവംബര്‍ ഏഴിലെ പരേഡില്‍നിന്ന് റഷ്യന്‍ സൈനികര്‍ നേരെ പോയത് നാസികളുടെ ആക്രമണത്തെ നേരിടാനാണ്. കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് സോവിയറ്റ് യൂണിയന്‍ ഒക്ടോബര്‍ വിപ്ലവ വാര്‍ഷികത്തില്‍ ജനങ്ങളെ അഭിവാദ്യംചെയ്തു. സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കും സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ വീണ്ടെടുപ്പിനായുമുള്ള പോരാട്ടത്തില്‍ എല്ലാ സഖാക്കള്‍ക്കും പാര്‍ടി കേന്ദ്രകമ്മിറ്റി വിജയം നേര്‍ന്നു. തൊഴിലാളിവര്‍ഗത്തിന്റെ ഇച്ഛാശക്തിയാല്‍ എല്ലാ തരത്തിലുമുള്ള ചൂഷണത്തിനും അടിച്ചമര്‍ത്തലിനും പരാജയം സമ്മനിച്ചതാണ് ഒക്ടോബര്‍വിപ്ലവം. അതുവഴി ലോകത്തിന് ആദ്യമായി ഒരു സോഷ്യലിസ്റ്റ് രാജ്യം ലഭിച്ചു. മനുഷ്യനെ മനുഷ്യന്‍ ചൂഷണംചെയ്യുന്നത് അവസാനിപ്പിക്കാനായി. വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും അടക്കമുള്ള മേഖലകളില്‍ ജനക്ഷേമകരമായ പദ്ധതികള്‍ നടപ്പായി. ഭാവിയെക്കുറിച്ച് ജനങ്ങളില്‍ ആത്മവിശ്വാസമുണ്ടായി. പൊതുഉടമസ്ഥതയില്‍ സോവിയറ്റ് സമൂഹത്തിന്റെ വികസനം ദ്രുതഗതിയിലായിരുന്നു. ശാസ്ത്രസാങ്കേതികമേഖലയിലടക്കം വന്‍ കുതിച്ചുചാട്ടമുണ്ടായി. ഇന്ന് ആഗോള സാമ്രാജ്യത്വം പ്രതിസന്ധി നേരിടുമ്പോള്‍ പ്രതിവിധി സോഷ്യലിസംമാത്രമാണെന്ന് സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടി ഫസ്റ്റ് സെക്രട്ടറി സെര്‍ജി അലക്സാന്‍ഡ്രോവ് ഓര്‍മിപ്പിച്ചു. ലോകജനതയുടെയും ഭൂമിയിലെ എല്ലാ വിഭവങ്ങളുടെയും മേല്‍ അധീശത്വം സ്ഥാപിക്കാന്‍ സാമ്രാജ്യത്വം ശ്രമിക്കുകയാണ്. വംശഹത്യയും അടിമവല്‍ക്കരണവും ചെറുക്കാന്‍ ഒക്ടോബര്‍വിപ്ലവത്തിന്റെ ആശയങ്ങളിലൂടെ സോഷ്യലിസ്റ്റ് പാതയിലേക്ക് മടങ്ങാനും സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ വീണ്ടെടുപ്പിനും പാര്‍ടി ആഹ്വാനംചെയ്തു

deshabhimani

No comments:

Post a Comment