Tuesday, October 6, 2020

കമ്യൂണിസ്റ്റ്‌ പാർടി രൂപം കൊണ്ടപ്പോൾ

 കമ്യൂണിസ്‌റ്റ്‌ പാർടി രൂപീകരണത്തിന്റെ നൂറാം വാർഷികമാണ്‌ 17ന്‌. പാർടിയുടെയും പ്രസ്ഥാനത്തിന്റെയും മുന്നേറ്റചരിത്രവും വിവിധ ദശാസന്ധികളിൽ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനം വഹിച്ച പങ്കും വിശദമാക്കുന്ന ലേഖനങ്ങളും കുറിപ്പുകളും  ഇന്നുമുതൽ വായിക്കാം

 ഒന്നാം ലോകയുദ്ധത്തിനുമുമ്പ്‌ പ്രവർത്തനമാരംഭിച്ച ഇന്ത്യയിലെ ദേശീയവിപ്ലവകാരികൾ 1920കളുടെ ആദ്യമായിരുന്നു കമ്യൂണിസ്റ്റുകാരായി മാറിയത്. പരസ്പരം സമ്പർക്കം പുലർത്തിയിരുന്ന രണ്ടു ഘടകം അവരെ സ്വാധീനിച്ചിരുന്നു: ഒന്നാമത്, ദേശീയ പ്രസ്ഥാനത്തിനുള്ളിൽ ഒന്നാം ലോകയുദ്ധത്തിന്റെ കാലത്തും അതിന് തൊട്ടുമുമ്പും മിതവാദികളായ നേതാക്കളും വിപ്ലവകാരികളായ അണികളും തമ്മിൽ ഉയർന്നുവന്ന സമരത്തിന്റെ അനുഭവം.

രണ്ടാമത്, ലോകമാസകലമുള്ള വിപ്ലവകാരികളെ എന്നപോലെ ഇന്ത്യൻ വിപ്ലവകാരികളെയും 1917 നവംബറിലെ റഷ്യൻ തൊഴിലാളിവർഗവിപ്ലവം ആവേശം കൊള്ളിച്ചു. ഒട്ടേറെ ഇന്ത്യൻ വിപ്ലവകാരികൾ ലോകത്തിലെ ആദ്യത്തെ തൊഴിലാളിവർഗ വിപ്ലവത്തിന്റെ നാട്ടിലേക്ക് ഏറെക്കുറെ ഒരു തീർഥയാത്രതന്നെ നടത്തി. ബുദ്ധിമുട്ട് നിറഞ്ഞ ഇത്തരമൊരു സംരംഭം ഏറ്റെടുക്കാത്തവർ ബോംബെയിലും കൽക്കത്തയിലും മദ്രാസിലും യുപി, പഞ്ചാബ് മേഖലയിലും ചെറിയ കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾക്ക് രൂപം നൽകി.

സിപിഐ താഷ്‌കന്റിൽ രൂപീകരിക്കപ്പെട്ടു

നിരവധി യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ക്യാനഡയിലും മറ്റും പോയി പ്രവാസികളായി കഴിഞ്ഞിരുന്ന ഇന്ത്യൻ വിപ്ലവകാരികളെയും റഷ്യൻ വിപ്ലവം സ്വാധീനിച്ചു. അവരിൽ ചിലർ താഷ്‌കന്റ്‌ (ഇന്നത്തെ ഉസ്‌ബെക്കിസ്ഥാൻ തലസ്ഥാനം) എന്ന സോവിയറ്റ് നഗരത്തിൽ കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ എന്ന പേരിൽ പാർടി സംഘടിപ്പിക്കുന്നതിന്‌ മുൻകൈയടുത്തു. 1920 ഒക്ടോബർ 17 നായിരുന്നു ആദ്യ യോഗം ചേർന്നത്‌. എം എൻ റോയ്‌, അബനി മുഖർജി, (ഇരുവരുടെയും ഭാര്യമാരും) മുഹമ്മദ്‌ അലി, മുഹമ്മദ്‌ ഷഫീഖ്‌, എം പി ബി ടി ആചാര്യ എന്നിവർ ആ യോഗത്തിൽ പങ്കെടുത്തു. ഷഫീഖിനെയാണ്‌ സെക്രട്ടറിയായി തെരഞ്ഞെടുത്തത്‌. ഇന്ത്യക്ക് പുറത്തുവച്ചാണ് രൂപീകരിക്കപ്പെട്ടതെങ്കിലും നാട്ടിലുള്ള നിരവധി യുവ ഇന്ത്യൻ കമ്യൂണിസ്റ്റുകാരെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിൽ ഈ പുതിയ സംഘടന ഒരുപാട് കാര്യങ്ങൾ  ചെയ്തു. സ്വന്തം നാട്ടിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്ന കമ്യൂണിസ്റ്റുകാരുടെ നിരവധി കൊച്ചുകൊച്ചു ഗ്രൂപ്പുകൾക്ക് മാർക്സിസം–-ലെനിനിസത്തിൽ ആദ്യമായി സൈദ്ധാന്തികവും പ്രായോഗികവുമായ വിദ്യാഭ്യാസം നൽകിയത് ആ സംഘടനയായിരുന്നു. അതുകൊണ്ട് ‘‘കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ ആയി മാറിയതിന്റെ ആദ്യ അടിത്തറയായി താഷ്‌കന്റ് കമ്മിറ്റിയെ കണക്കാക്കാവുന്നതാണ്.

എന്നാൽ, ഇതിന് ഒരു പ്രധാന പോരായ്മയുണ്ട്. താഷ്‌കന്റ് കമ്മിറ്റി സ്വയം കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ എന്ന് വിളിക്കുന്നുണ്ടെങ്കിലും അത്‌ പ്രവർത്തിച്ചിരുന്നത്, അതിന്റെ ഓഫീസ് രാജ്യത്തിനുപുറത്തായിരുന്നു. ഈ കാരണത്താൽ, ഇന്ത്യൻ കമ്യൂണിസ്റ്റുകാരിൽ ഒരു വിഭാഗം താഷ്കന്റിൽ രൂപീകരിക്കപ്പെട്ട സംഘടനയെ കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യയുടെ അടിത്തറയായി കണക്കാക്കിയിരുന്നില്ല. ആയതിനാൽ, അവർ യുപിയിലെ കാൺപുർ നഗരത്തിൽ ഇന്ത്യൻ കമ്യൂണിസ്റ്റുകാരുടെ പരസ്യമായ ഒരു സമ്മേളനം ചേരാൻ തീരുമാനിച്ചു. അങ്ങനെ കാൺപുരിൽ നിയമവിധേയമായി പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ രൂപീകരിക്കുകയുമുണ്ടായി. ചിലരുടെ അഭിപ്രായത്തിൽ ഇതാണ് യഥാർഥത്തിൽ കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യയുടെ അടിത്തറ; കാരണം ഇത് രൂപീകരിക്കപ്പെട്ടതും പ്രവർത്തിച്ചതും രാജ്യത്തിനുള്ളിലാണ്.’’ എന്ന്‌ ഇ എം എസ്‌ എഴുതി.

ഒക്ടോബർ സോഷ്യലിസ്‌റ്റ്‌ വിപ്ലവം ലോകത്തെങ്ങുമുള്ള ഇന്ത്യക്കാരായ വിപ്ലവകാരികളെയും സ്വാധീനിച്ചു. ബർലിനിൽ വീരേന്ദ്രനാഥ ചതോപാധ്യായും അമേരിക്കയിലെ ഗദർപാർടിക്കാരും ബോൾഷെവിക്കുകളുമായി ബന്ധം വയ്‌ക്കാൻ ആഗ്രഹിച്ചിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഖിലാഫത്ത്‌ പ്രസ്ഥാനക്കാർ ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടം തുടരണമെന്ന പക്ഷക്കാരായിരുന്നു. അതിൽ ചിലർ പോരാട്ടം തുടരാനായി അഫ്‌ഗാനിസ്ഥാനിലേക്ക്‌ പോയി. അവിടെനിന്ന്‌ പലരും താഷ്‌കന്റിലേക്ക്‌ എത്തി. ഈ മുഹാജിറുകളെ സോവിയറ്റ്‌ അധികൃതർ സ്വീകരിക്കുകയും ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടം തുടരാൻ അവരെ സഹായിക്കുകയും ചെയ്‌തു. കമ്യൂണിസ്‌റ്റ്‌ പാർടിയുമായും ബോൾഷെവിക്ക്‌‌ വിപ്ലവകാരികളുമായി ബന്ധപ്പെട്ട ഇവരിൽ 25 പേർ കമ്യൂണിസം പഠിക്കാനായി മോസ്‌കോയിലെ കമ്യൂണിസ്‌റ്റ്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ ടോയ്‌ലേഴ്‌സ്‌ ഓഫ്‌ ഈസ്‌റ്റിൽ ചേർന്നു. കമ്യൂണിസ്‌റ്റ്‌ ഇന്റർനാഷനിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട എം എൻ റോയ്‌ ഏഷ്യാറ്റിക്ക്‌ ബ്യൂറോയുടെ ചുമതലക്കാരനായി താഷ്‌കന്റിലെത്തി.  മുഹാജിറുകൾക്കിടയിൽ പ്രവർത്തിക്കാൻ ഇത്‌  റോയിക്ക്‌ അവസരം നൽകി. കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ രൂപം നൽകി ബ്രിട്ടീഷ്‌ വിരുദ്ധസമരം തുടരാൻ ഉത്‌സുകരായിരുന്നു ഈ മുഹാജിറുകൾ. ഇതേ ഘട്ടത്തിൽ തന്നെയാണ്‌ ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടിയും ഇന്തോ ചൈന കമ്യൂണിസ്‌റ്റ്‌ പാർടിയും രൂപംകൊണ്ടത്‌.

താഷ്‌കന്റിലെ കമ്യൂണിസ്‌റ്റ്‌ ഗ്രൂപ്പിന്റെ ലഭ്യമായ രേഖകൾ അനുസരിച്ച്‌ രണ്ട്‌ യോഗമാണ്‌ ചേർന്നിട്ടുള്ളത്‌. 1920 ഡിസംബർ 15ന്റെ യോഗത്തിന്റെ മിനിട്‌സ്‌ അനുസരിച്ച്‌ മൂന്നുപേരെ പുതുതായി കാൻഡിഡേറ്റ്‌ മെമ്പർമാരായി പാർടിയിൽ ഉൾപ്പെടുത്തി. അബ്‌ദുൾ ആദേർ സെഹ്‌റായി, മസൂദ്‌ അലി ഷാ കാസി, അക്‌ബർഷാ എന്നിവരായിരുന്നു അത്‌. ഈ ഘട്ടത്തിലാണ്‌ ബർലിനിലുള്ള വീരേന്ദ്ര നാഥ്‌ ചതോപാധ്യായയും മറ്റും മോസ്‌കോയിലെത്തി കൊമിന്റേണുമായി ചർച്ച നടത്തിയത്‌. ഇന്ത്യൻ സ്വാതന്ത്ര്യത്തിനുശേഷം കമ്യൂണിസ്‌റ്റ്‌ പാർടി രൂപീകരണം എന്നതായിരുന്നു അവരുടെ പദ്ധതി. എം എൻ റോയ്‌ ഗ്രൂപ്പിനെ കമ്യൂണിസ്റ്റ്‌ പാർടിയായി അംഗീകാരം നൽകുന്നതിനെയും ചതോപാധ്യായ എതിർത്തു. എന്നാൽ, എല്ലാ വിഭാഗത്തിന്റെയും വീക്ഷണങ്ങൾ കേട്ടശേഷം കൊമിന്റേൺ താഷ്‌കന്റിലെ ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ ഗ്രൂപ്പിന്‌ അംഗീകാരം നൽകി. എന്നാൽ, താഷ്‌കന്റിലെ ഈ കമ്യൂണിസ്‌റ്റ്‌ ഗ്രൂപ്പിന്‌ ഒരു പരിപാടി ഉണ്ടായിരുന്നില്ല. എങ്കിലും കമ്യൂണിസ്‌റ്റ്‌ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഈ സമിതിക്ക്‌ കഴിഞ്ഞു.

1921ൽ അഹമ്മദാബാദിൽ ചേർന്ന എഐസിസി സമ്മേളനത്തിലെ പ്രതിനിധികൾക്ക്‌ എം എൻ റോയിയും അബനി മുഖർജിയും ഒരു തുറന്നകത്ത്‌ എഴുതുകയുണ്ടായി. ട്രേഡ്‌യൂണിയൻ ആവശ്യങ്ങളും കിസാൻസഭയുടെ ആവശ്യങ്ങളും സ്വന്തം ആവശ്യങ്ങളായി കോൺഗ്രസ്‌ മുന്നോട്ടുവയ്‌ക്കണമെന്ന്‌ അവർ ആവശ്യപ്പെട്ടു. രാജ്യത്ത്‌ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും ആവശ്യപ്പെടുന്നതിന്‌ മുമ്പുതന്നെ സിപിഐ അതിന്റെ രൂപീകരണകാലംമുതൽ പരിപൂർണ സ്വാതന്ത്ര്യം എന്ന ആവശ്യം ശക്തമായി മുന്നോട്ടുവച്ചിരുന്നു. അഹമ്മദാബാദ്‌ കോൺഗ്രസിൽ ഹസ്രത്ത്‌ മൊഹാനി പരിപൂർണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കുകയും ചെയ്‌തു. കമ്യൂണിസത്തിലേക്ക്‌ ആകർഷിക്കപ്പെട്ട മൊഹാനി അതിൽ അംഗമാകുകയും ചെയ്‌തിരുന്നു. അപ്രായോഗികമെന്ന്‌ പറഞ്ഞ്‌ ആ പ്രമേയത്തെ ഗാന്ധിജി എതിർക്കുകയുണ്ടായി.

ഇതിനിടയിൽ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലായി പ്രവർത്തിക്കുന്ന കമ്യൂണിസ്‌റ്റ്‌‌ ഗ്രൂപ്പുകളുമായി കൊമിന്റേണിന്റെ സഹായത്തോടെ എം എൻ റോയ്‌ ബന്ധപ്പെട്ടു. മുംബൈയിലെ എസ്‌ എ ഡാങ്കെ, കൊൽക്കത്തയിലെ മുസഫർ അഹമ്മദ്‌, മദിരാശിയിലെ ശിങ്കാരവേലു ചെട്ടിയാർ എന്നിവരുമായാണ്‌  ബന്ധപ്പെട്ടത്‌. 1922–-23 കാലത്താണ്‌ ‘വാൻഗാർഡ്‌ ഓഫ്‌ ഇന്ത്യൻ ഇൻഡിപെൻഡൻസ്‌’ എന്ന പ്രസിദ്ധീകരണത്തിന്‌ എം എൻ റോയ്‌ തുടക്കമിട്ടത്‌‌. കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യയുടെ ആദ്യത്തെ ഔദ്യോഗിക പ്രസിദ്ധീകരണമായിരുന്നു ഇത്‌. ബർലിനിൽ നിന്നായിരുന്നു ആദ്യം അച്ചടിച്ചത്‌. കമ്യൂണിസ്‌റ്റ്‌ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ച പ്രസീദ്ധീകരണമായിരുന്നു ഇത്‌. കമ്യൂണിസ്റ്റ്‌‌ പ്രചാരണം ശക്തമാകുന്നതിന്റെ അപകടം മനസ്സിലാക്കിയ ബ്രിട്ടീഷ്‌ ഭരണാധികാരികൾ ‘വാൻഗാർഡ്’‌ ഇന്ത്യയിൽ നിരോധിച്ചു. താഷ്‌കന്റിൽ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ഗ്രൂപ്പിന്‌ തുടക്കമിട്ട 1920ൽ തന്നെയാണ്‌ ഓൾ ഇന്ത്യ ട്രേഡ്‌യൂണിയൻ കോൺഗ്രസിനും(എഐടിയുസി)  രൂപം നൽകുന്നത്‌. കമ്യൂണിസ്‌റ്റ്‌ പാർടിയുമായി ബന്ധപ്പെട്ടതോടെ ഈ ട്രേഡ്‌യൂണിയൻ സംഘടന തൊഴിലാളി വർഗത്തിന്റെ  ഉശിരുള്ള പ്രസ്ഥാനമായി വളർന്നു. അതായത്‌ കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യയുടെ രൂപീകരണത്തിലെ നിർണായക വഴിത്തിരിവാണ്‌ താഷ്‌കന്റിൽ 1920ൽ രൂപംകൊണ്ട കമ്യൂണിസ്‌റ്റ്‌ ഗ്രൂപ്പ്‌.

No comments:

Post a Comment