Saturday, October 17, 2020

പാർടിക്ക്‌ അഖിലേന്ത്യാ കേന്ദ്രം

കമ്യൂണിസ്റ്റ് പാർടി 1920ൽ സ്ഥാപിക്കപ്പെട്ടുവെങ്കിലും ആദ്യത്തെ ഒരു ദശകക്കാലത്തുടനീളം സ്ഥിരമായി പ്രവർത്തിക്കുന്ന കേന്ദ്ര നേതൃത്വമില്ലാതെ പ്രവർത്തനം നടത്തേണ്ടതായി വന്നു. കമ്യൂണിസ്റ്റ് പാർടി ഉണ്ടായിരുന്നുവെന്നതും ഓരോ പാർടി അംഗവും രാഷ്ട്രീയവും സംഘടനാപരവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നതും ശരിയാണ്. എന്നാൽ, അവരുടെ മുഖ്യപ്രവർത്തനമണ്ഡലം, പ്രത്യേകിച്ചും 1920കളുടെ രണ്ടാം പകുതിയിൽ പെസന്റ്സ് ആൻഡ് വർക്കേഴ്സ് പാർടി ആയിരുന്നു. ഒരു ബഹുജന വിപ്ലവ പാർടി കെട്ടിപ്പടുക്കുന്നതിലായിരുന്നു അവർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്; അതിൽ കമ്യൂണിസ്റ്റ് ഇതരർക്കുപോലും പങ്കുവഹിക്കാനുണ്ടായിരുന്നു.

പരസ്യമായി കേന്ദ്രീകൃതമായ ഒരു കമ്യൂണിസ്റ്റ് പാർടി രൂപീകരിക്കുന്നതിനുള്ള ശ്രമം നടക്കവേയാണ്‌ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർക്കുമേൽ മീററ്റ് കേസ് അടിച്ചേൽപ്പിക്കപ്പെട്ടത്. 1928 ഡിസംബർ 27 മുതൽ 29 വരെ കൽക്കത്തയിൽ ചേർന്ന സിപിഐയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ രഹസ്യയോഗത്തിൽ ഇത് ചർച്ച ചെയ്യപ്പെടുകയുണ്ടായി. എന്നാൽ, എന്തെങ്കിലുമൊരു നടപടി കൈക്കൊള്ളുന്നതിനുമുമ്പ്‌, ഇതുസംബന്ധിച്ച് മൂർത്തമായ തീരുമാനത്തിൽ എത്തിച്ചേരുന്നതിനു മുമ്പുതന്നെ മിക്കവാറും എല്ലാ പ്രമുഖ നേതാക്കളും അറസ്റ്റ്‌ ചെയ്യപ്പെട്ടു; ഇത് എല്ലാ പ്രമുഖ കമ്യൂണിസ്റ്റ് പ്രവർത്തനകേന്ദ്രങ്ങളിലും സംഘടനാപരമായ വിടവിന് ഇടയാക്കി.

ഒറ്റപ്പെട്ട കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾ പ്രവർത്തനം നടത്തിയിരുന്നെങ്കിലും പ്രത്യയശാസ്ത്രപരമോ സംഘടനാപരമായിപ്പോലുമോ ഏകീകൃത സ്വഭാവം ഉണ്ടായിരുന്നില്ല. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ശേഷിയുള്ള കേന്ദ്ര സംഘടനയും ഉണ്ടായിരുന്നില്ല. വ്യത്യസ്ത കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾ പരസ്പരം ബന്ധപ്പെടാതെ വേറിട്ട് നിൽക്കുകയായിരുന്നു. അതേസമയത്ത്, 1933 ആദ്യം ജാമ്യം നേടി ജയിലിനുപുറത്തുവന്ന ഡോ. ജി അധികാരി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന വിവിധ മാർക്സിസ്റ്റ്–- ഇടതുപക്ഷ ഗ്രൂപ്പുകളെ ചലിപ്പിക്കുന്നതിലും ഏകീകൃതമായ ഒരു പാർടി വീണ്ടും രൂപപ്പെടുത്തുന്നതിലും പ്രമുഖമായ പങ്കുവഹിക്കുകയുണ്ടായി.

മീററ്റ് തടവുകാരുടെ മോചനത്തോടുകൂടി, അവർ തടവിലാക്കപ്പെട്ടതോടെ അറ്റുപോയ പഴയബന്ധം പുനഃസ്ഥാപിക്കപ്പെട്ടുവെന്നുമാത്രമല്ല, നിരവധി പുതിയ വ്യക്തികളും ഗ്രൂപ്പുകളും പാർടിയിലേക്ക് ആകൃഷ്ടരാകുകയുമുണ്ടായി. ജയിൽ മോചിതരായ വിപ്ലവകാരികളായ  ദേശീയവാദികളിൽ ഗണ്യമായ വിഭാഗത്തിനും ഗാന്ധിയൻ സമരശൈലിയുടെ പാപ്പരത്തത്തെക്കുറിച്ചും സ്വാതന്ത്ര്യസമരത്തെ സോഷ്യലിസത്തിലേക്കും കമ്യൂണിസത്തിലേക്കും നയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധ്യപ്പെടുകയുണ്ടായി. സോഷ്യലിസ്റ്റ്–- കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾക്ക് വളരാൻ അനുയോജ്യമായ ഇത്തരമൊരന്തരീക്ഷത്തിലാണ് കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ സ്ഥിരമായി പ്രവർത്തിക്കുന്ന കേന്ദ്ര നേതൃത്വത്തോടുകൂടി ഉയർന്നുവന്നത്.

1933 ഡിസംബറിൽ ബംഗാളിലെ കമ്യൂണിസ്റ്റുകാർ കൽക്കത്തയിൽ അഖിലേന്ത്യാ സമ്മേളനം വിളിച്ചുചേർത്തു. ഡോ. ജി അധികാരി, അബ്ദുൾ ഹാലിം, സോമനാഥ് ലാഹിരി, ഡോ. രണേൻസെൻ (ബംഗാൾ), പി സി ജോഷി (കാൺപുർ), എസ് ജി പടാക്ക, ഗുർദീപ്‌സിങ് (പഞ്ചാബ്) എന്നിവർ ഇതുസംബന്ധിച്ച കൂടിയാലോചനകളിൽ പങ്കെടുത്തു. മൂന്ന് വിധത്തിൽ ആ യോഗം പ്രാധാന്യമർഹിക്കുന്നതായിരുന്നു: (1) സിപിഐയുടെ താൽക്കാലിക കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു. (2) താൽക്കാലികമായി കരട് നിയമാവലി അംഗീകരിക്കപ്പെട്ടു. (3) കരട് രാഷ്ട്രീയ തീസിസ് അംഗീകരിക്കപ്പെട്ടു. ഡോ. അധികാരിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു; പ്രൊവിൻഷ്യൽ (പ്രവിശ്യാ)കമ്മിറ്റികൾ എത്രയും വേഗം പുനഃസംഘടിപ്പിക്കണമെന്നും തീരുമാനിച്ചു.

കേന്ദ്ര കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും രൂപീകരിക്കപ്പെട്ടത്, കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ രേഖകൾ കമ്യൂണിസ്റ്റുകാർക്കും ഇടതുപക്ഷക്കാർക്കും ലഭ്യമാക്കൽ, ഇന്ത്യൻ രാഷ്ട്രീയസാഹചര്യം, ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ സംഘടിപ്പിക്കൽ, ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകരുമായി ബന്ധം സ്ഥാപിക്കൽ എന്നിത്യാദി കാര്യങ്ങളിൽ കമ്യൂണിസ്റ്റ് പാർടിയുടെ കാഴ്ചപ്പാടും നയങ്ങളും വിശദീകരിക്കുന്ന രേഖകൾ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾകൊണ്ട് അടയാളപ്പെടുത്തപ്പെട്ടു.

സിപിഐയുടെ താൽക്കാലിക കേന്ദ്രകമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയ തീസിസ്, കേന്ദ്രീകൃതവും അച്ചടക്കമുള്ളതും ഏകീകരിക്കപ്പെട്ടതും ബഹുജന സ്വഭാവമുള്ളതും ഒളിവിൽ പ്രവർത്തിക്കുന്നതുമായ കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കലാണ് അടിസ്ഥാനപരവും മുഖ്യവുമായ കടമയെന്ന് തറപ്പിച്ചുപറയുകയുണ്ടായി. കരട് തീസിസ് അംഗീകരിച്ച സിപിഐ കോമിന്റേണുമായി ഔപചാരികമായി അഫിലിയേറ്റ് ചെയ്തു. ഇതോടെ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം പുതിയൊരു ഗതിക്രമത്തിലേക്ക് കടന്നു.

കൽക്കത്ത യോഗത്തിന്റെ നേതൃത്വത്തെയും  തീരുമാനങ്ങളെയും കോമിന്റേൺ അംഗീകരിച്ചു; 1934ൽ കോമിന്റേൺ മുഖപത്രമായ ഇംപ്രെക്കോറിൽ രണ്ട് പ്രധാന രേഖ പ്രസിദ്ധീകരിച്ചു–-താൽക്കാലിക കരട് നിയമാവലിയും കരട് രാഷ്ട്രീയ തീസിസും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര നേതൃത്വം കമ്യൂണിസ്റ്റ് ഇന്റർനാഷണൽ നിർദേശിച്ച ചട്ടക്കൂടിനുള്ളിൽ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിലെ മാറ്റങ്ങൾ വിലയിരുത്തിക്കൊണ്ട് പ്രവർത്തനമാരംഭിച്ചു. ദേശീയവും സാർവദേശീയവുമായ സാഹചര്യങ്ങൾ അതിവേഗം മാറിക്കൊണ്ടിരുന്നതിനാൽ ഇത് എളുപ്പമുള്ള കടമയായിരുന്നില്ല.

തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രനേതൃത്വം (വ്യക്തികളുടെ മാറ്റത്തോടുകൂടി) 1964ൽ പാർടി പിളർന്നതുവരെ തുടർന്നു. മുമ്പ്‌ നടത്തിയ നിഷ്ഫലമായ ശ്രമങ്ങൾക്കുപരി 1933–-34 കാലത്താണ് പാർടി സെന്ററിന്റെ വിജയകരമായ രൂപീകരണം സാധ്യമായത് എന്ന് ഒറ്റവാക്യത്തിൽ പറയാൻ കഴിയും. 1934ഓടുകൂടി കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ ഒരു ദശകത്തിലേറെക്കാലത്തെ മർദന നടപടികളെയെല്ലാം അതിജീവിച്ചുകൊണ്ട് സജീവമായി പ്രവർത്തനമാരംഭിച്ചു.

(കടപ്പാട്‌: പീപ്പിൾസ്‌ ഡെമോക്രസി)

No comments:

Post a Comment