Saturday, October 17, 2020

കമ്യൂണിസ്റ്റ്‌ പാർടിക്ക്‌ നൂറ്റാണ്ട്‌

 ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പാർടി പിറവിയെടുത്തിട്ട്‌  ഒരു നൂറ്റാണ്ട്‌ പൂർത്തിയാകുകയാണ്‌. പുതിയ ലോകം സാധ്യമാണെന്ന്‌ ലോകത്തെ ബോധ്യപ്പെടുത്തിയ മഹത്തായ റഷ്യൻ വിപ്ലവം ആഴത്തിൽ സ്വാധീനിച്ച  പ്രവാസികളായ ചില  ഇന്ത്യൻ വിപ്ലവകാരികൾ താഷ്‌കന്റിൽ  ‘കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ’ രൂപീകരിക്കുന്നതിന്‌ മുന്നിട്ടിറങ്ങുകയും  1920 ഒക്ടോബർ 17ന്‌ യോഗം ചേരുകയുമുണ്ടായി. കുറച്ചു പതിറ്റാണ്ടുകളായി ആഗോളവൽക്കരണ‐ ഉദാരവൽക്കരണ  നയങ്ങളും ‘ഘടനാപരമായ’ പരിഷ്‌കാരങ്ങളും  തീർത്ത ഭയാനകമായ  അസമത്വത്തിനും ജർമനിയെയും ഇറ്റലിയെയും ഓർമിപ്പിക്കുംവിധം ഹിന്ദുത്വ ഫാസിസം തീർക്കുന്ന ഹിംസാത്മകതയ്‌ക്കുമെതിരായ  വിവിധതരം പ്രക്ഷോഭങ്ങൾക്ക്‌  പുതിയ മാനം കൈവരുന്ന അവസ്ഥയിലാണ്‌ പാർടി രൂപീകരണ ശതാബ്ദിവർഷം മുന്നിലെത്തിയിരിക്കുന്നത്‌. 

മുതലാളിത്ത വ്യവസ്ഥ ചെന്നകപ്പെട്ട സർവതലസ്‌പർശിയായ പ്രതിസന്ധിക്കും  കൊറോണ വൈറസ്‌ സൃഷ്ടിച്ച അനിയന്ത്രിതമായ അരക്ഷിതാവസ്ഥയ്‌ക്കും മുന്നിൽ  ഒരിക്കലും കുലുങ്ങില്ലെന്ന്‌ വീമ്പിളക്കിയ വൻകിട  മുതലാളിത്ത ഭരണകൂടങ്ങൾപോലും  നിലതെറ്റി അന്ധാളിച്ചുനിൽക്കുകയാണ്. ഈ സാമ്പത്തിക‐സാമൂഹ്യ‐ആരോഗ്യ പ്രതിസന്ധിയും  പുതിയ ചൂഷണങ്ങൾക്കും കൊള്ളയ്‌ക്കും കുത്തകകൾക്ക്‌ പാദസേവ ചെയ്യാനുമുള്ള  മികച്ച അവസരമാക്കുകയാണ്‌ മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണം.  ഭരണഘടനയുടെ അന്തഃസത്തയെയും  നിയമവ്യവസ്ഥയെയും ഔപചാരിക പാർലമെന്ററി സംവിധാനത്തെപ്പോലും  നിർവീര്യമാക്കി ജനകോടികളെ ദയാരഹിതമായി ചതച്ചരയ്‌ക്കുകയാണ്‌.

തൊഴിലാളി‐ കർഷക ദ്രോഹനയങ്ങളും ന്യൂനപക്ഷ‐ദളിത്‌‐ സ്ത്രീ‐ ബുദ്ധിജീവി വേട്ടകളും  എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു. ജനലക്ഷങ്ങൾ ജീവത്യാഗംചെയ്‌ത്‌  പൊരുതിനേടിയ സ്വാതന്ത്ര്യവും പരമാധികാരവും സ്വാശ്രയത്വവും സ്വദേശി സങ്കൽപ്പവും  തകർത്തു തരിപ്പണമാക്കിക്കൊണ്ടിരിക്കുന്നു. ഈ പശ്‌ചാത്തലത്തിലാണ് ഇന്ത്യൻ കമ്യൂണിസത്തിന്റെ ദീർഘവും സാഹസികവും  തീക്ഷ്‌ണവും രണോത്സുകവുമായ നൂറ്റാണ്ട്‌ മുൻനിർത്തി ആലോചിക്കേണ്ടത്. പ്രസ്ഥാനത്തിന്റെ പിറവി, കുതിപ്പുകളും കിതപ്പുകളും ഏറ്റെടുക്കേണ്ട പുതിയ ദൗത്യങ്ങൾ, സ്വയംനവീകരണങ്ങൾ തുടങ്ങിയവയെല്ലാം മുൻവിധികളില്ലാതെ പാർടി പരിശോധിക്കുമെന്നുറപ്പ്‌.    

ജനാധിപത്യം, പാർലമെന്ററി സംവിധാനം, അടിസ്ഥാനവർഗങ്ങളുടെ പരിതാപകരമായ സ്ഥിതി, കാർഷികരംഗം തുടങ്ങിയ മേഖലകളിൽ ഭൂരിപക്ഷത്തിന്റെ താൽപ്പര്യവും ശാസ്‌ത്രീയ പരിപ്രേക്ഷ്യവും പ്രായോഗിക കർമപദ്ധതിയും ആദ്യമായി മുന്നോട്ടുവച്ച്‌  ദേശീയ പ്രസ്ഥാനത്തിന്‌ അതുവരെ അപരിചിതമായ ബഹുജനാടിത്തറയും  പുതിയ ദിശാബോധവും നൽകിയത്‌ കമ്യൂണിസ്റ്റ്‌ പാർടിയാണ്‌. അതിലൂടെ  മിതവാദ സമീപനങ്ങൾക്കു പകരം പ്രക്ഷോഭം  ഊർജസ്വലമാക്കാനുമുള്ള സംഭാവനകളാണ് പാർടി നൽകിയതും. ഈയർഥത്തിൽ 1921 ഡിസംബർ 27ന്‌ ചേർന്ന അഹമ്മദാബാദ് എഐസിസി സമ്മേളനം എടുത്തുപറയേണ്ടതാണ്‌. എം എൻ റോയിയും അബനി മുഖർജിയും പ്രതിനിധികൾക്കിടയിൽ ഒരു നയരേഖ വിതരണം ചെയ്തു. തുറന്ന കത്ത്‌ എന്ന നിലയിലായിരുന്നു അത്‌. ട്രേഡ്‌ യൂണിയനുകളും കിസാൻസഭയും ഉന്നയിക്കുന്ന അടിയന്തരമായ ജീവൽപ്രശ്‌നങ്ങളും ആവശ്യങ്ങളും സ്വന്തം മുദ്രാവാക്യമായി കോൺഗ്രസ്‌ ഏറ്റെടുക്കണമെന്ന്‌ ഇരുവരും ആവശ്യപ്പെട്ടു.

തുടർച്ചയെന്നോണം കമ്യൂണിസ്‌റ്റ്‌ പാർടിയംഗവും പ്രശസ്‌ത കവിയുമായ ഹസ്റത് മൊഹാനി പൂർണ സ്വാതന്ത്ര്യ പ്രമേയവും അവതരിപ്പിച്ചു.  പരമാധികാര സ്വതന്ത്ര രാജ്യം എന്ന സങ്കൽപ്പവും അതിനായുള്ള ചെറുത്തുനിൽപ്പും  ദേശീയ നേതൃത്വത്തിൽ ചർച്ചയാകുന്നത്‌ അതേത്തുടർന്നാണ്‌. മറ്റൊരു പ്രസ്ഥാനവും ആവശ്യപ്പെടുംമുമ്പ്‌  കമ്യൂണിസ്റ്റ്‌ പാർടി അതിന്റെ രൂപീകരണകാലംമുതൽ പരിപൂർണ സ്വാതന്ത്ര്യം എന്ന ആവശ്യം ശക്തമായി മുന്നോട്ടുവച്ചിരുന്നു. അതുകൊണ്ടുതന്നെ പാർടിയുടെ ഉദയത്തിന്റെയും മുന്നേറ്റത്തിന്റെയും ആവേശകരമായ  ചരിത്രം സ്വാതന്ത്ര്യസമരത്തിന്റെ അഭേദ്യഭാഗവുമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷക‐ തൊഴിലാളി സംഘടനകൾ വ്യത്യസ്‌തമായ വീക്ഷണങ്ങളുടെ കരുത്തോടെ മുന്നേറി. ഭൂപരിഷ്‌കരണവും ന്യായമായ കൂലിയും അങ്ങനെയാണ്‌ അടിയന്തരാവശ്യമായി മാറിയതും. ബാലഗംഗാധര തിലകനെ അറസ്‌റ്റ്‌ ചെയ്‌തപ്പോൾ ബോംബെ തൊഴിലാളികൾ ഒന്നടങ്കം പണിമുടക്കിയപ്പോൾ ലെനിൻ റഷ്യയിലിരുന്ന്‌ ആവേശത്തോടെ ആരാധനാപൂർവം എഴുതിയത്‌ ‘ഇന്ത്യൻ തൊഴിലാളിവർഗത്തിന്‌ പ്രായപൂർത്തിയായിരിക്കുന്നു’വെന്നാണെന്നത്‌ മറക്കാനാകാത്തതാണ്‌.  

  സ്വാതന്ത്ര്യമുന്നേറ്റത്തെ ആധുനിക ജനാധിപത്യ‐ മതനിരപേക്ഷ റിപ്പബ്ലിക്കിനായുള്ള  സമരമാക്കി മാറ്റിയ കമ്യൂണിസ്റ്റ്‌ പാർടി,  ഫെഡറൽ പ്രശ്‌നം, ബഹുഭാഷാ പ്രസക്തി, ഭാഷാ സ്വത്വം,  സാമൂഹ്യനീതി, ജാതി ഉച്ചനീചത്വം തുടങ്ങിയ കാര്യങ്ങൾ ദേശീയപ്രസ്ഥാനത്തിന്റെ അജൻഡയിലെത്തിച്ചു. ബ്രിട്ടീഷുകാർ അടിച്ചേൽപ്പിക്കുന്ന  ഇന്ത്യാ ആക്ടിനു പകരം   ഭരണഘടനാ അസംബ്ലി രൂപീകരിക്കണമെന്ന  ആവശ്യവും ഉന്നയിക്കുകയുണ്ടായി. ഇന്ത്യാ ആക്ട്‌ തള്ളിക്കളയാനും സ്വതന്ത്രമായ ഭരണഘടനാ നിർമാണ അസംബ്ലിക്കുവേണ്ടി  വാദിക്കാനും കോൺഗ്രസിന്‌ പ്രേരണയായതും കമ്യൂണിസ്‌റ്റ്‌ പാർടി  നിലപാടാണ്‌. സ്വതന്ത്ര പരമാധികാര സിവിൽ സമൂഹം എന്ന കാഴ്‌ചപ്പാട്‌ പ്രചരിപ്പിക്കാനും മുന്നിട്ടിറങ്ങി.  എന്നാൽ, ദീപ്‌തമായ ഇത്തരം ചരിത്ര വസ്‌തുതകൾ തമസ്‌കരിക്കുകയാണ്‌ സംഘപരിവാരവും മറ്റു വലതുപക്ഷ ശക്തികളും ബുദ്ധിജീവികളും മാധ്യമ വൃന്ദങ്ങളും. കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ ഇന്ത്യയിൽ എന്താണ്‌ പ്രസക്തിയെന്ന ചോദ്യത്തിന്‌,  കമ്യൂണിസ്‌റ്റ്‌ പാർടിയില്ലാത്ത ഇന്ത്യയുടെ പ്രസക്തിയെന്താണെന്നാണ്‌ ഉത്തരം. വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും അഭിമുഖീകരിച്ചാണ്‌ പ്രസ്ഥാനം ഒരു നൂറ്റാണ്ടിലെത്തിയിരിക്കുന്നത്‌. അതിനാൽ  മാർക്‌സിസവും കമ്യൂണിസ്‌റ്റ്‌ പാർടിയും വിജയങ്ങളിൽനിന്നു മാത്രമല്ല, പരാജയങ്ങളിൽനിന്നും ഊർജം സംഭരിച്ച്‌ മുന്നേറുമെന്നുറപ്പ്‌.

deshabhimani editorial 171020

No comments:

Post a Comment