Saturday, October 17, 2020

ഇന്നും ജ്വലിക്കുന്ന വീരതെലങ്കാന

 നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിലെയും ഒപ്പം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെയും അത്യുജ്വലമായ അധ്യായങ്ങളിലൊന്നാണ് തെലങ്കാനയിലെ ജനകീയ സായുധസമരം. 1946ൽ മുമ്പത്തെ ഹൈദരാബാദ് സംസ്ഥാനത്ത് നിലനിന്നിരുന്ന നൈസാം ഭരണത്തിന്റെ ഫ്യൂഡൽ ചൂഷണത്തിനെതിരായി ആരംഭിച്ച സമരം 1951 വരെ തുടർന്നു. ജനങ്ങളുടെ, പ്രത്യേകിച്ച് തെലങ്കാനയിലെ ജനങ്ങളുടെ, സാമൂഹ്യ സാമ്പത്തിക ജീവിതത്തിൽ ആധിപത്യം വഹിച്ചിരുന്ന അടിസ്ഥാന ഘടകം അനിയന്ത്രിതമായ ഫ്യൂഡൽ ചൂഷണമായിരുന്നു. സംസ്ഥാനത്തെ ഭൂമിയുടെ 60 ശതമാനത്തോളവും സർക്കാർ ഭൂമിയായിരുന്നു; 10 ശതമാനത്തോളം നൈസാമിന്റെ സ്വന്തം എസ്റ്റേറ്റുമായിരുന്നു. പലവിധത്തിലുള്ള നിയമവിരുദ്ധ നിർബന്ധ പിരിവുകളും നിർബന്ധിതമായുള്ള ജോലിയെടുപ്പിക്കലും സർവസാധാരണമായിരുന്നു.

ജാഗിർദാർമാർക്കു പുറമെ, ദേശ്‌മുഖ്‌മാരും ദേശ്പാണ്ഡെകളുമുണ്ടായിരുന്നു; ആദ്യകാലത്ത് അവരായിരുന്നു സർക്കാരിനുവേണ്ടി നികുതി പിരിച്ചിരുന്നത്. പിന്നീട് അവർ കള്ളക്കളികളിലൂടെ ഏറ്റവും ഫലഭൂയിഷ്‌ഠമായ ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമി തട്ടിയെടുത്ത് ഭൂപ്രഭുക്കളായി മാറി. ഈ ഭൂമിയിൽ കൃഷിചെയ്തിരുന്ന കർഷകർ കുടിയാന്മാരുടെ നിലയിലേക്ക് തരംതാഴ്ത്തപ്പെട്ടു. 

തെലങ്കാനയിൽ പരക്കെയുണ്ടായിരുന്ന സാമൂഹ്യ പ്രതിഭാസമായിരുന്നു വെറ്റി സമ്പ്രദായം. ഓരോ ദളിത് കുടുംബവും കുടുംബത്തിൽനിന്ന് ഒരു ആണിനെ വെറ്റി ചെയ്യുന്നതിന് അയക്കണമായിരുന്നു. ഭൂപ്രഭുവിന്റെ വീട്ടിലെ വീട്ടുജോലികൾ ചെയ്യുന്നതും സന്ദേശവാഹകരായി പ്രവർത്തിക്കുന്നതും ഇവരുടെ ജോലിയായിരുന്നു. ചെരുപ്പ് തുന്നുകയോ കാർഷികജോലികൾക്കായുള്ള തുകൽ ഉപകരണങ്ങൾ തയ്യാറാക്കുകയോ ചെയ്തിരുന്ന ദളിതർ ഇവ ഭൂപ്രഭുക്കൾക്ക് വില വാങ്ങാതെ നൽകാൻ നിർബന്ധിതരായിരുന്നു. കർഷകരെയും വെറ്റിയിൽനിന്ന്‌ ഒഴിവാക്കിയിരുന്നില്ല. ഭൂപ്രഭുക്കളുടെ പാടത്ത് വെള്ളം നനച്ചുകഴിയുന്നതുവരെ കർഷകർക്ക് സ്വന്തം പാടം നനയ്ക്കാൻ പറ്റുമായിരുന്നില്ല. കർഷകത്തൊഴിലാളികൾ കൂലിയൊന്നും കൂടാതെ ഭൂപ്രഭുക്കളുടെ പാടത്ത് പണിയെടുക്കണമായിരുന്നു.

ഈ ഫ്യൂഡൽ തട്ടിയെടുക്കലുകളിൽ ഏറ്റവും വഷളായത് പെൺകുട്ടികളെ ‘അടിമ'കളാക്കി വയ്ക്കലാണ്. ഭൂപ്രഭുക്കൾ തങ്ങളുടെ പെൺമക്കളെ വിവാഹം കഴിച്ച്‌ കൊടുക്കുമ്പോൾ ഈ അടിമ പെൺകുട്ടികളെ സമ്മാനമായി നൽകുന്നു. ഭൂപ്രഭുക്കൾ ഈ പെൺകുട്ടികളെ തങ്ങളുടെ വെപ്പാട്ടികളായും ഉപയോഗിക്കുന്നു. ഈ പ്രശ്നമുന്നയിച്ചാണ് 1940കളുടെ തുടക്കത്തിൽ കർഷകജനത ഭൂപ്രഭുക്കളുമായി ഏറ്റുമുട്ടിയത്. ആ കാലമായപ്പോൾ കമ്യൂണിസ്റ്റ്‌ പാർടി സംഘടിത ശക്തിയായി കഴിഞ്ഞിരുന്നു. നൈസാമിന്റെ ഭരണം സ്വേച്ഛാധിപത്യഭരണമായിരുന്നു. ഇത്തരത്തിലുള്ള ഒരു ഭരണ സംവിധാനത്തിനെതിരെ ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തിന്റെ വികാസത്താൽ സ്വാധീനിക്കപ്പെട്ട് അസംഖ്യം ലിബറൽ ചിന്താഗതിക്കാർ ആന്ധ്ര മഹാസഭ എന്നപേരിൽ സംഘടിതരായി. മഹാരാഷ്ട്ര പരിഷത്തും കന്നട പരിഷത്തുമായി മറ്റു രണ്ടുമേഖലയിലെ ലിബറലുകളും സംഘടിച്ചു.

തുടക്കത്തിൽ ആന്ധ്ര മഹാസഭയുടെ പ്രവർത്തനം ഭരണസംവിധാനത്തിൽ പരിഷ്കരണം, പൗര സ്വാതന്ത്ര്യങ്ങൾ, കൂടുതൽ സ്കൂളുകൾ, ഭൂസ്വത്തുള്ള പ്രമാണിവർഗത്തിനുള്ള സൗജന്യങ്ങൾ തുടങ്ങിയവ ആവശ്യപ്പെടുന്ന പ്രമേയങ്ങൾ പാസാക്കുന്നതിൽ പരിമിതപ്പെട്ടിരുന്നു. ആന്ധ്ര മഹാസഭയെ ജനങ്ങളിലേക്കെത്തിക്കാൻ കമ്യൂണിസ്റ്റ്‌ പാർടി വിസ്മയകരവും ബൃഹത്തുമായ പ്രവർത്തനമാണ് നടത്തിയത്. കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ ഇടതുപക്ഷം വെറ്റി സമ്പ്രദായം നിർത്തലാക്കൽ, കൊള്ളപ്പാട്ടം ചുമത്തൽ, കുടിയാന്മാരെ ഒഴിപ്പിക്കൽ എന്നിവ നിരോധിക്കലും ഭൂമിയിൽ ഉടമസ്ഥാവകാശം നൽകലും, നികുതിയും പാട്ടവും കുത്തനെ വെട്ടിക്കുറയ്ക്കൽ,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കുകയും ഈ ആവശ്യങ്ങൾക്കു പിന്നിൽ ജനങ്ങളെ അണിനിരത്തുകയും ചെയ്തു.

1944ന്റെ തുടക്കംമുതൽ കമ്യൂണിസ്റ്റ്‌ പാർടിയുടെ നേതൃത്വത്തിൽ ആന്ധ്ര മഹാസഭ സെമിന്ദാർമാർക്കും ദേശ്‌മുഖ്‌കൾക്കുമെതിരെ നിരവധി സമരം നടത്തി. വെറ്റി നടപ്പാക്കുന്നതും അവസാനിപ്പിച്ചു. 1946 ജൂലൈയിൽ ഒരു പ്രകടനം സംഘടിപ്പിക്കുകയുണ്ടായി; ഇതിനുനേരെ ഭൂപ്രഭുക്കൾ വെടിവച്ചു; ഇത് ദൊദ്ദി കൊമരയ്യ എന്ന ഗ്രാമീണ സംഘം നേതാവിന്റെ മരണത്തിന് ഇടയാക്കി. കൊമരയ്യയുടെ രക്തസാക്ഷിത്വം കർഷകജനതയുടെ അണകെട്ടി നിന്നിരുന്ന രോഷം കത്തിജ്വലിപ്പിച്ചു. നൽഗോണ്ടയിലെ എല്ലാ താലൂക്കിലുമുള്ള ജനങ്ങൾ കൂട്ടത്തോടെ ഉണർന്നെണീറ്റു. ഒരു ഗ്രാമത്തിലെ ആളുകൾ ലാത്തികളും കവണകളുമെല്ലാമായി അയൽ ഗ്രാമങ്ങളിലേക്ക് മാർച്ചുചെയ്ത് അവരെയും അണിനിരത്തി. ഏതാനും ആഴ്ചകൾക്കുള്ളിൽ, നൽഗോണ്ടയിലെയും അയൽ ജില്ലകളിലെയും ഏകദേശം 300–-400 ഗ്രാമത്തിൽ പ്രസ്ഥാനം വ്യാപിച്ചു. ഭൂമിയുടെയും ഒഴിപ്പിക്കലിന്റെയും വെറ്റിയുടെയും നിർബന്ധിത ധാന്യ ലെവികളുടെയും പ്രശ്നം സെമിന്ദാരി സമ്പ്രദായം ഇല്ലാതാക്കുക എന്ന മുദ്രാവാക്യവുമായി ബന്ധപ്പെടുത്തപ്പെട്ടു. 

കമ്യൂണിസ്റ്റ്പാർടി ജനകീയവളന്റിയർ സേനയ്ക്കുള്ള പരിശീലനം ആരംഭിച്ചു;  ഈ വളന്റിയർമാരാണ് 1945ലും 1946ലും ഭൂപ്രഭുക്കളുടെ ഗുണ്ടാ ആക്രമണങ്ങളിൽനിന്ന് കർഷകരെ സംരക്ഷിച്ചത്. തെലങ്കാനയിലെ ജനങ്ങളുടെ അസംതൃപ്തിയും മുന്നേറ്റവും അത്യഗാധമായിരുന്നു. അതുകൊണ്ടുതന്നെയാണ് അവർ വെറ്റിക്ക് അറുതിവരുത്തിയത്. ജനങ്ങൾ ഭൂപ്രഭുക്കളുടെ സായുധ ആക്രമണങ്ങളെ ചെറുക്കാൻ തുടങ്ങി.  കർഷകരുടെ മുന്നേറ്റം നൈസാം ഭരണത്തിന്റെ അടിത്തറയെത്തന്നെ പിടിച്ചുലച്ചു.

ഇന്ത്യ സർക്കാർ നൈസാം സർക്കാരിന് ആയുധങ്ങളും പടക്കോപ്പുകളും നൽകുകയും ചെയ്തു. നൈസാം ‘റസാക്കർമാർ' എന്നറിയപ്പെടുന്ന സായുധ കൊലയാളിസംഘത്തെ സംഘടിപ്പിച്ചു; ഇവർ സർക്കാരിന്റെ പിന്തുണയോടെ ഗ്രാമീണർക്കുമേൽ ആക്രമണമഴിച്ചുവിട്ടു. ചരിത്രത്തിൽ ആദ്യമായി ‘‘കൃഷിഭൂമി കർഷകന്'' എന്ന മുദ്രാവാക്യം ഉയർത്തപ്പെട്ടു. 

പാർടി പതിനായിരത്തോളം അംഗങ്ങളുള്ള വില്ലേജ് സ്ക്വാഡുകളും  രണ്ടായിരത്തിലധികം അംഗങ്ങളുള്ള സ്ഥിരം ഗറില്ലാ സ്ക്വാഡുകളും രൂപീകരിച്ചു. സമരത്തിൽ രണ്ടായിരത്തോളം പോരാളികളും നേതാക്കളും ജീവൻ ബലിയർപ്പിച്ചു. വെറ്റി, നിയമവിരുദ്ധമായ പിടിച്ചുപറിക്കലുകൾ, ഭൂമിയിൽനിന്ന് ഒഴിപ്പിക്കൽ, കൊള്ളപ്പലിശയ്ക്കുള്ള വായ്പകൾ, അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പീഡനങ്ങൾ, ഗ്രാമങ്ങളിലെ മർദനങ്ങൾ എന്നിവയ്ക്കെല്ലാം അറുതിവരുത്തി. 

1948 സെപ്തംബർ 13ന് കേന്ദ്ര സർക്കാർ ‘‘പൊലീസ് നടപടി'' ആരംഭിച്ചു. ഇന്ത്യൻ സൈന്യം തെലങ്കാനയിലേക്ക് കടന്ന് ഒരാഴ്ചയ്ക്കുള്ളിൽ ആക്രമണം ആരംഭിച്ചു. എല്ലാ ഗറില്ലാ സ്ക്വാഡുകളെയും പാർടിയെയും നശിപ്പിക്കാൻ തീരുമാനിച്ചുറച്ച ആക്രമണമാണുണ്ടായത്. ഓടിപ്പോയിരുന്ന ദേശ്‌മുഖ്‌മാരും ഭൂപ്രഭുക്കളും തങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങിവരികയും തങ്ങളുടെ ഭൂമിയും ധാന്യങ്ങളും തിരിച്ചുപിടിക്കാൻ അധികൃതരുമായി കൈകോർക്കുകയും ചെയ്തു. 1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നപ്പോൾ ഔപചാരികമായി രാജപ്രമുഖൻ എന്ന നിലയിൽ നൈസാമിനെയാണ് പ്രഖ്യാപിച്ചത്.

തെലങ്കാന സമരത്തിലെ പോരാളികളെ വ്യാജ വിചാരണകൾക്ക് വിധേയരാക്കുകയും അവരിൽ ചിലർക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. പുതിയ ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വരുന്നതിനുമുമ്പുതന്നെ തെലങ്കാന പോരാളികളുടെ വധശിക്ഷ രഹസ്യമായി തിരക്കിട്ട് നടപ്പാക്കാനുള്ള വ്യഗ്രതയിലായിരുന്നു ഇന്ത്യ സർക്കാർ.

ഒരു വിഭാഗം സഖാക്കൾ ഇന്ത്യൻ സൈന്യത്തിന്റെ സായുധ ആക്രമണങ്ങൾക്കെതിരായ സായുധ ചെറുത്തുനിൽപ്പ് ഉപേക്ഷിക്കണമെന്നും പരസ്യമായതും നിയമവിധേയമായതുമായ സമരരൂപങ്ങൾ സ്വീകരിക്കണമെന്നും വാദിക്കുകയുണ്ടായി. നിലവിൽ തെലങ്കാന സായുധ ചെറുത്തുനിൽപ്പ് തുടരാൻ കഴിയില്ലെന്നും സമരം പിൻവലിക്കാനുള്ള സമയമായിക്കഴിഞ്ഞെന്നും തീരുമാനിക്കപ്പെട്ടു. സായുധസമരം തുടരുകയാണെങ്കിൽ, അത് വ്യക്തിഗത ഭീകരപ്രവർത്തനമായി അധഃപതിക്കുകയെന്ന വിപത്ത് വ്യക്തമായിരുന്നു. 

അതുപോലെതന്നെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ തെലങ്കാന സമരത്തെ സംരക്ഷിക്കുന്നതിനായി പ്രധാനപ്പെട്ട ഐക്യദാർഢ്യ പ്രക്ഷോഭവും ക്യാമ്പയിനുമൊന്നും ഉണ്ടായതുമില്ല. തെലങ്കാന സായുധസമരം പിൻവലിക്കാനുള്ള തീരുമാനം 1951 ഒക്ടോബർ 21ന് പ്രഖ്യാപിക്കപ്പെട്ടു.

No comments:

Post a Comment