Sunday, July 29, 2012

ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ നിയമനവും വിവാദത്തില്‍


ചലച്ചിത്ര അക്കാദമിയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ (പ്രോഗ്രാംസ്) നിയമനവും വിവാദത്തില്‍. പ്രശസ്ത നാടക-ചലച്ചിത്രപ്രവര്‍ത്തക സജിത മഠത്തിലിനെ കരാര്‍ കാലാവധി തീരുംമുന്‍പ് പിരിച്ചുവിട്ട ഒഴിവിലാണ് വിവാദ നിയമനം. റേഡിയോ മിര്‍ച്ചിയില്‍ പ്രൊഡ്യൂസറായിരുന്ന ജയന്തി നരേന്ദ്രനാണ് പുതിയ ഡെപ്യൂട്ടി ഡയറക്ടര്‍.

സിനിമ, ടെലിവിഷന്‍, റേഡിയോ മേഖലയിലെ അഞ്ചുവര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തനപരിചയവും അവാര്‍ഡ് നല്‍കല്‍, ഫെസ്റ്റിവലുകളുടെ നടത്തിപ്പ് എന്നിവയിലെ പങ്കാളിത്തവുമാണ് തസ്തികയ്ക്ക് പ്രവൃത്തിപരിചയമായി നിശ്ചയിച്ചിരുന്നത്. 34 പേരാണ് അപേക്ഷിച്ചത്. ഇതില്‍ നാലുപേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. ചലച്ചിത്രമേളകളില്‍ പ്രവര്‍ത്തനപരിചയമുള്ള പലരെയും തഴഞ്ഞ് മന്ത്രിയുടെ സമ്മര്‍ദത്തില്‍ നിയമനം നടത്തിയെന്നാണ് പരാതി. ചലച്ചിത്രമേഖലയില്‍ വേണ്ടത്ര പ്രവര്‍ത്തനപരിചയമില്ലാത്തതിനാല്‍ ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍തന്നെ നിയമനത്തെ ആദ്യം എതിര്‍ത്തെങ്കിലും ഒടുവില്‍ മന്ത്രിയുടെ സമ്മര്‍ദത്തിന് വഴങ്ങി. ചലച്ചിത്ര അക്കാദമിയില്‍ നേരത്തെ നടത്തിയ നിയമനങ്ങളും ആക്ഷേപങ്ങള്‍ക്കിടയാക്കിയിരുന്നു. അക്കാദമിയില്‍ പ്രോഗ്രാം മാനേജരായി യുഡി ക്ലര്‍ക്കിനെയും ഫിനാന്‍സ് മാനേജരായി ഹൈസ്കൂള്‍ നാച്വറല്‍ സയന്‍സ് അധ്യാപികയെയും നിയമിച്ചത് വിവാദമായിരുന്നു. മന്ത്രി കെ ബി ഗണേശ്കുമാറിന്റെ സഹോദരി ബിന്ദു ബാലകൃഷ്ണനെ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായും നിയമിച്ചിരുന്നു

deshabhimani 290712

No comments:

Post a Comment