Wednesday, July 25, 2012

തീര്‍പ്പാക്കാതെ 1,31,937 ഫയല്‍


സെക്രട്ടറിയറ്റില്‍ ഒരുമാസത്തിലധികമായി തീരുമാനമാകാതെ കിടക്കുന്ന 1,31,937 ഫയലുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. റവന്യൂവകുപ്പിലും പൊതുവിദ്യാഭ്യാസവകുപ്പിലും തദ്ദേശഭരണവകുപ്പിലുമാണ് കൂടുതല്‍ ഫയല്‍ തീര്‍പ്പാകാതെ കിടക്കുന്നത്. തദ്ദേശഭരണവകുപ്പില്‍ 16,238, റവന്യൂവകുപ്പില്‍ 12,359, പൊതുവിദ്യാഭ്യാസവകുപ്പില്‍ 11,695, ആഭ്യന്തരവകുപ്പില്‍ 9170, ധനവകുപ്പില്‍ 8457, ആരോഗ്യവകുപ്പില്‍ 8126, ജലവിഭവവകുപ്പില്‍ 5017, വ്യവസായവകുപ്പില്‍ 4834 എന്നിങ്ങനെയാണ് കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം. പട്ടികജാതി- വര്‍ഗ വികസനവകുപ്പില്‍ 2533ഉം ഭക്ഷ്യവകുപ്പില്‍ 2533 ഫയലുകളുമുണ്ട്.

നിയമസഭയില്‍ രൂക്ഷ വിമര്‍ശം; ഭരണപക്ഷത്തും എതിര്‍പ്പ്

തോട്ടഭൂമിയുടെ അഞ്ച് ശതമാനം ടൂറിസംപദ്ധതികള്‍ക്ക് അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗം വി ഡി സതീശന്റെ വിമര്‍ശം. ഭൂപരിഷ്ക്കരണനിയമം അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദം നടന്നു. ഭൂപരിഷ്ക്കരണ നിയമഭേദഗതി സര്‍ക്കാരിന്റെ കണ്ണുതെറ്റിയാല്‍ ദുരുപയോഗംചെയ്യുമെന്ന് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. മൂന്നാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ കൈയേറ്റകേസുകളില്‍ ഇത് സര്‍ക്കാരിന് തിരിച്ചടിയാകാനും സാധ്യതയുണ്ട്. പാട്ടക്കരാര്‍ കഴിഞ്ഞ മുഴുവന്‍ വനഭൂമിയും തിരിച്ചെടുക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. സതീശന്റെ നിലപാടിനോട് യോജിപ്പാണെന്ന് ഡോ. തോമസ് ഐസക്ക് അറിയിച്ചു. ഈ നിലപാടിനെതിരെയാണ് പി സി ജോര്‍ജ് ഉള്‍പ്പെടെയുള്ള ഭരണപക്ഷം നിലകൊള്ളുന്നത്. ഇവരെ പിന്തിരിപ്പിക്കാന്‍ തയ്യാറുണ്ടോയെന്ന് സതീശന്‍ നിലപാട് വ്യക്തമാക്കണം. ഒരു ലക്ഷത്തോളം ഹെക്ടര്‍ ഭൂമി നഷ്ടപ്പെടാന്‍ ഇടയാക്കുന്നതാണ് നിയമഭേദഗതിയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, നിയമത്തെ ഇന്ന് എതിര്‍ക്കുന്ന പ്രതിപക്ഷം 2005ല്‍ ബില്‍ പാസാക്കിയപ്പോള്‍ ഒന്നും ചെയ്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ചയില്‍ ഇടപെട്ട് പറഞ്ഞു. 2004ല്‍ തോട്ട വ്യവസായം പ്രതിസന്ധി നേരിട്ടപ്പോള്‍ എഐടിയുസി നേതാവ് സി എ കുര്യന്റെ നേതൃത്വത്തില്‍ എല്ലാ ട്രേഡ് യൂണിയനുകളും ചേര്‍ന്നാണ് നിയമഭേദഗതി നിര്‍ദേശം മുന്നോട്ടുവച്ചത്. സിപിഐഎം പ്രതിനിധി കെ കെ ജയചന്ദ്രന്‍ മാത്രമാണ് പ്രത്യേകം ചര്‍ച്ച ചെയ്യണമെന്ന് നിര്‍ദേശിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ ബില്‍ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചു. പിന്നീട് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമത്തിന് അനുമതി വേണ്ടെന്ന് അറിയിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്ലാന്റേഷന്‍ കണ്‍സള്‍ട്ടേഷന്‍ കമ്മിറ്റിയില്‍ ഒരു ട്രേഡ് യൂണിയന്‍ പ്രതിനിധിയും ഇക്കാര്യം ആവശ്യപ്പെട്ടില്ലെന്ന് പി കെ ഗുരുദാസന്‍ പറഞ്ഞു. തോട്ട വ്യവസായരംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നാണ് ആവശ്യപ്പെട്ടത്. അല്ലാതെ തോട്ടഭൂമി വകമാറ്റാന്‍ ഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗുരുദാസന്‍ പറഞ്ഞു. ഭേദഗതി തിരുത്താന്‍ പുതിയ നിയമഭേദഗതി കൊണ്ടുവന്നുകൂടേയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു.

ആര്‍ബിട്രേഷന്‍ കോടതി: ചട്ടഭേദഗതി അനുചിതം- എ കെ ബാലന്‍

സഹകരണ ആര്‍ബിട്രേഷന്‍ കോടതിയില്‍ പ്രസീഡിങ് ഓഫീസര്‍ നിയമനത്തിനുള്ള അഭിഭാഷകവൃത്തിയിലെ പരിചയം ഏഴുവര്‍ഷമായി ചുരുക്കിയുള്ള സഹകരണചട്ട ഭേദഗതി അനുചിതമാണെന്ന് എ കെ ബാലന്‍ നിയമസഭയില്‍ പറഞ്ഞു. 15 വര്‍ഷത്തെ പ്രവൃത്തിപരിചയമെന്ന മുന്‍ ചട്ടം പുനഃസ്ഥാപിക്കണമെന്ന് ചട്ടഭേദഗതി നിര്‍ദേശം മുന്നോട്ടുവച്ച് അദ്ദേഹം ആവശ്യപ്പെട്ടു. 2009ല്‍ അന്നത്തെ സര്‍ക്കാരാണ് പ്രവൃത്തിപരിചയം 15 വര്‍ഷമായി നിശ്ചയിച്ചത്. ഇത് ഏഴുവര്‍ഷമായി ചുരുക്കിയത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. അഴീക്കോട്, തിരുവനന്തപുരം ആര്‍ബിട്രേഷന്‍ കോടതികളില്‍ പ്രസീഡിങ് ഓഫീസര്‍മാരുടെ ഒഴിവ് വരുന്ന ഘട്ടത്തിലാണ് ചട്ടഭേദഗതി കൊണ്ടുവന്നതെന്നും ബാലന്‍ പറഞ്ഞു. വ്യവസ്ഥ പുനഃസ്ഥാപിക്കില്ലെന്ന് സര്‍ക്കാരിനുവേണ്ടി മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. ഭേദഗതി നിര്‍ദേശം സര്‍ക്കാര്‍ വോട്ടിനിട്ട് തള്ളി.

കരാറുകാര്‍ക്ക് രണ്ടുമാസത്തെ കുടിശ്ശിക മാത്രം: ധനമന്ത്രി

കരാറുകാര്‍ക്ക് രണ്ടുമാസത്തെ കുടിശ്ശിക മാത്രമാണ് നല്‍കാനുള്ളതെന്ന് മന്ത്രി കെ എം മാണി നിയമസഭയില്‍ പറഞ്ഞു. മാര്‍ച്ചിലെ ബില്‍ തുക കൊടുത്തു. ഏപ്രിലിലെ തുക വിതരണം ചെയ്യാന്‍ ഉത്തരവിട്ടു. മെയ്, ജൂണ്‍ മാസത്തിലെ കുടിശ്ശിക മാത്രമാണ് കൊടുക്കാനുള്ളതെന്ന് ഉപധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടിയായി മന്ത്രി പറഞ്ഞു. തോട്ടങ്ങളുടെ അഞ്ചുശതമാനം ടൂറിസം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കുന്ന തീരുമാനം യുഡിഎഫ് നയമാണ്. നെല്ല് സംഭരണത്തിന്റെ വില കുടിശ്ശികയായ 58 കോടി വിതരണം ചെയ്യാനുണ്ടെന്നും മന്ത്രി പറഞ്ഞു.

deshabhimani 250712

No comments:

Post a Comment