Thursday, March 1, 2012

നയം മാറ്റിയില്ലെങ്കില്‍ പ്രക്ഷോഭം തുടരും

തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ച് നയമാറ്റത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് കേന്ദ്ര ട്രേഡ്യൂണിയനുകള്‍ മുന്നറിയിപ്പുനല്‍കി. രാജ്യത്തെ തൊഴില്‍മേഖലയാകെ സ്തംഭിച്ച ദേശീയ പണിമുടക്കില്‍നിന്ന് പാഠം ഉള്‍കൊണ്ട് കേന്ദ്രം ട്രേഡ്യൂണിയനുകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് ട്രേഡ്യൂണിയന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് എല്ലാ ട്രേഡ്യൂണിയനുകളെയും ചര്‍ച്ചയ്ക്ക് വിളിക്കണമെന്ന് ഐഎന്‍ടിയുസി പ്രസിഡന്റ് ജി സഞ്ജീവ റെഡ്ഡി പറഞ്ഞു. അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ വികാരം സര്‍ക്കാര്‍ മനസ്സിലാക്കണം. ട്രേഡ്യൂണിയനുകളുടെ ആവശ്യങ്ങളോട് അനുഭാവപൂര്‍വം പ്രതികരിക്കണം. സമരത്തെ രാഷ്ട്രീയലക്ഷ്യത്തോടെയുള്ള ഒന്നായി കാണേണ്ടതില്ല. സാധാരണക്കാരുടെ ആവശ്യമാണ് ട്രേഡ്യൂണിയനുകള്‍ മുന്നോട്ടുവച്ചത്. വിലക്കയറ്റം തടയുക, കരാര്‍ തൊഴില്‍ അവസാനിപ്പിക്കുക എന്നതൊക്കെ രാജ്യം മുന്നോട്ടുവയ്ക്കുന്ന ആവശ്യമാണ്. അതിന് രാഷ്ട്രീയവ്യത്യാസങ്ങളില്ല. കരാര്‍ തൊഴില്‍ അവസാനിപ്പിക്കാനുള്ള നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ തയ്യാറാകണം. സ്ഥിരം ജീവനക്കാരന്‍ 30,000 രൂപ ശമ്പളം വാങ്ങുമ്പോള്‍ അതേ ജോലിയെടുക്കുന്ന കരാര്‍ ജീവനക്കാരനും തൊഴിലാളിക്കുമൊക്കെ 3000-4000 രൂപയാണ് ശമ്പളം. മിനിമം കൂലി പതിനായിരം രൂപയാക്കണം. എല്ലാവര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കണം. ലാഭത്തിലുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പന അവസാനിപ്പിക്കണം- സഞ്ജീവ റെഡ്ഡി പറഞ്ഞു.

സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നാണ് ട്രേഡ്യൂണിയനുകളുടെ ഒറ്റക്കെട്ടായ ആവശ്യമെന്ന് സിഐടിയു ജനറല്‍സെക്രട്ടറി തപന്‍ സെന്‍ പറഞ്ഞു. കോര്‍പറേറ്റുകള്‍ക്ക് പ്രശ്നം നേരിടുമ്പോള്‍ ദിവസം മുഴുവന്‍ ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി മാറ്റിവയ്ക്കാറുണ്ട്. രാജ്യത്തെയാകെ നിലനിര്‍ത്തുന്ന തൊഴിലാളികളുടെ ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖംതിരിക്കുകയാണ്. ഈ നിലപാട് തിരുത്തണം- തപന്‍ സെന്‍ പറഞ്ഞു. തൊഴിലാളിഐക്യം തുടരുമെന്നും ഒറ്റക്കെട്ടായി ട്രേഡ്യൂണിയനുകള്‍ മുന്നോട്ടുപോകുമെന്നും നേതാക്കള്‍ പറഞ്ഞു. എഐടിയുസി നേതാവ് ഗുരുദാസ്ദാസ് ഗുപ്ത, ബിഎംഎസ് സെക്രട്ടറി ബി എന്‍ റായ്, സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ , ആര്‍ എ മിത്തല്‍ (എച്ച്എംഎസ്), സത്യബാന്‍ (എഐയുടിയുസി), എസ് പി തിവാരി (ടിയുസിസി), സ്വപന്‍ മുഖര്‍ജി (എഐസിസിടിയു) എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 010312

1 comment:

  1. സാധാരണക്കാരുടെ ആവശ്യമാണ് ട്രേഡ്യൂണിയനുകള്‍ മുന്നോട്ടുവച്ചത്. വിലക്കയറ്റം തടയുക, കരാര്‍ തൊഴില്‍ അവസാനിപ്പിക്കുക എന്നതൊക്കെ രാജ്യം മുന്നോട്ടുവയ്ക്കുന്ന ആവശ്യമാണ്. അതിന് രാഷ്ട്രീയവ്യത്യാസങ്ങളില്ല. കരാര്‍ തൊഴില്‍ അവസാനിപ്പിക്കാനുള്ള നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ തയ്യാറാകണം. സ്ഥിരം ജീവനക്കാരന്‍ 30,000 രൂപ ശമ്പളം വാങ്ങുമ്പോള്‍ അതേ ജോലിയെടുക്കുന്ന കരാര്‍ ജീവനക്കാരനും തൊഴിലാളിക്കുമൊക്കെ 3000-4000 രൂപയാണ് ശമ്പളം. മിനിമം കൂലി പതിനായിരം രൂപയാക്കണം. എല്ലാവര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കണം. ലാഭത്തിലുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പന അവസാനിപ്പിക്കണം

    ReplyDelete