Monday, March 5, 2012

തോട്ടപ്പള്ളി ഹാര്‍ബറില്‍ സംഘര്‍ഷം: മൃതദേഹം കരയിലെത്തിക്കാന്‍ സ്പീഡ് ബോട്ട് അയച്ചില്ല

അമ്പലപ്പുഴ: നാലുദിവസത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ മത്സ്യത്തൊഴിലാളിയുടെ മൃതദേഹത്തോടും സര്‍ക്കാര്‍ അനാദരവ് . ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ സന്തോഷിന്റെ മൃതദേഹം ഞായറാഴ്ച പകല്‍ 10.30 ഓടെയാണ് കണ്ടെടുത്തത്. കരയ്ക്കെത്തിച്ചത് അഞ്ചരമണിക്കൂറിനു ശേഷവും. മൃതദേഹം വേഗത്തില്‍ കരയിലെത്തിക്കാനുള്ള നടപടിയൊന്നും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായില്ല. മൃതദേഹം കണ്ടെടുക്കുമ്പോള്‍ മത്സ്യബന്ധനബോട്ടുകള്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിനാല്‍ "ജാക്സണ്‍" എന്ന ബോട്ടില്‍ മൃതദേഹം കയറ്റി തോട്ടപ്പള്ളി ഹാര്‍ബറിലേക്കു തിരിച്ചു. മൃതദേഹവുമായി ഈ ബോട്ട് എത്തിയത് അഞ്ചരമണിക്കൂറിനുശേഷമാണ്. പൊലീസിന്റെയോ ഫിഷറീസ് വകുപ്പിന്റെയോ സ്പീഡ് ബോട്ട് ഉണ്ടായിരുന്നെങ്കില്‍ ഒരുമണിക്കൂറിനുള്ളില്‍ മൃതദേഹം കരയ്ക്കെത്തിക്കാമായിരുന്നു. 2.45 ഓടെയാണ് രണ്ട് സ്പീഡ് ബോട്ടുകള്‍ തോട്ടപ്പള്ളി ഹാര്‍ബറില്‍നിന്ന് പുറപ്പെട്ടത്. അപ്പോളെക്കും മൃതദേഹം വഹിച്ചുള്ള ബോട്ട് കരയിലെത്താറായിട്ടുണ്ടായിരുന്നു.

മൃതദേഹം എത്തിക്കാന്‍ വൈകിയപ്പോള്‍ ഹാര്‍ബറില്‍ തടിച്ചുകൂടിയ മറ്റ് മത്സ്യത്തൊഴിലാളികള്‍ ഉദ്യോഗസ്ഥര്‍ക്കുനേരെ തിരിഞ്ഞു.ഇത് തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറില്‍ സംഘര്‍ഷത്തിനിടയാക്കി. കൊല്ലം കലക്ടര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ ഈ സമയം ഹാര്‍ബറില്‍ ഉണ്ടായിരുന്നു. ഒടുവില്‍ പൊലീസെത്തിയാണ് തൊഴിലാളികളെ പിന്തിരിപ്പിച്ചത്. മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നല്‍കാത്ത അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ വളഞ്ഞവഴി തീരത്തും പുന്നപ്ര ആദ്യപാഠം കടല്‍ത്തീരത്തും തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് തീരസുരക്ഷാ സായാഹ്നം സംഘടിപ്പിക്കും.
(വി പ്രതാപ്)

കാണാതായവര്‍ക്കായുള്ള തെരച്ചില്‍ നിര്‍ത്തി

കൊച്ചി: കപ്പല്‍ ഇടിച്ചു തകര്‍ന്ന ഡോണ്‍ -1 ബോട്ടിനുള്ളിലെ തെരച്ചില്‍ നാവികസേന അവസാനിപ്പിച്ചു. അപകടത്തില്‍ കാണാതായ ഒരാളുടെ മൃതദേഹമേ കണ്ടെടുക്കാനായുള്ളു. മറ്റു രണ്ടുപേരുടെ മൃതദേഹങ്ങള്‍ ബോട്ടിനുള്ളില്‍ ഇല്ലെന്ന് നാവികസേനാ അധികൃതര്‍ അറിയിച്ചു. പരിശോധന നടത്തിയിരുന്ന പത്ത് മുങ്ങല്‍ വിദഗ്ധരും കരയിലേക്കു മടങ്ങി. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍ ഐസിജിഎസ് ലക്ഷ്മീഭായ് എന്ന കപ്പല്‍ തുടര്‍ന്നും കടലില്‍ പരിശോധന നടത്തും.

മീന്‍പിടിക്കാനുപയോഗിക്കുന്ന വല ചുറ്റിയിരിക്കുന്നതു മൂലം മുങ്ങല്‍ വിദഗ്ധര്‍ക്ക് പരിശോധന ദുഷ്കരമായിരുന്നു. മീറ്ററുകളോളം നീളത്തിലാണ് വല ചുറ്റിയിരിക്കുന്നത്. ഇത് മുറിച്ചു നീക്കി ബോട്ടിനുള്ളില്‍ പ്രവേശിക്കുന്നത് വളരെയധികം ശ്രമകരവും അപകടം നിറഞ്ഞതുമായിരുന്നു. കടലില്‍ 47 മീറ്റര്‍ ആഴത്തിലാണ് ബോട്ടിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്നത്. ജലത്തിന്റെ കനത്ത മര്‍ദ്ദം മൂലം ഇത്രയും ആഴത്തില്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് 15 മിനിട്ടില്‍ കൂടുതല്‍ ജോലി ചെയ്യാനാവില്ല. കൂടാതെ വല മുറിച്ചു മാറ്റുന്നത് വളരെയധികം അപകടകരവുമാണ്. മുങ്ങല്‍ വിദഗ്ധര്‍ ഇതില്‍ കുടുങ്ങാതെ നോക്കണം. പരിശോധനയ്ക്കു ശേഷം തിരികെ ജലോപരിതലത്തിലേക്ക് എത്തുന്നതിന് 25 മിനിട്ടോളം എടുക്കും. ജലത്തിന് മര്‍ദ്ദവ്യത്യാസം ഉണ്ടാവുന്ന മേഖലകളില്‍ അല്‍പനേരം നിന്ന് ഘട്ടം ഘട്ടമായാണ് മുങ്ങല്‍ വിദഗ്ധര്‍ ജലോപരിതലത്തില്‍ എത്തുന്നത്. ഒറ്റയടിക്ക് ഉയര്‍ന്നു വന്നാല്‍ മര്‍ദ്ദവ്യത്യാസം മൂലം ജീവന്‍ തന്നെ അപകടത്തിലായേക്കാം. രക്തത്തില്‍ ഓക്സിജന്റെ അളവ് കുറയുന്നതു മൂലം തിരികെയെത്തിക്കഴിഞ്ഞാല്‍ 12 മണിക്കൂറോളം വിശ്രമിച്ചതിനു ശേഷമേ വീണ്ടും മുങ്ങല്‍വിദഗ്ധര്‍ക്ക് കടലില്‍ ഇറങ്ങാനാവൂ. രക്തത്തിലെ രാസഘടകങ്ങളുടെ അളവ് വ്യത്യാസപ്പെടുന്നതും അപകടകരമാണ്. ഓക്സിജന്‍ സിലിണ്ടര്‍ , ഡൈവിങ് സ്യൂട്ട് എന്നിവ ധരിച്ച് വല മുറിച്ചു നീക്കാനുള്ള ആയുധങ്ങളും ആഴക്കടലില്‍ തെരച്ചില്‍ നടത്താനുള്ള പ്രത്യേകതരം ലൈറ്റുകളുമായാണ് മുങ്ങല്‍ വിദഗ്ധര്‍ ബോട്ടിനു സമീപത്ത് എത്തിയത്. നേവിയുടെ പത്ത് മുങ്ങല്‍ വിദഗ്ധരില്‍ രണ്ടു പേര്‍ വീതം ഊഴമിട്ടാണ് മുങ്ങി പരിശോധന നടത്തിയത്.

പ്രഭുദയയിലെ പരിശോധന വൈകും

കൊച്ചി: മീന്‍പിടിത്ത ബോട്ട് ഇടിച്ചുതകര്‍ത്തതെന്നു കരുതുന്ന പ്രഭുദയ എന്ന ചരക്കുകപ്പലിലെ പരിശോധന വൈകും. കപ്പല്‍ ചെന്നൈ തുറമുഖത്ത് തിങ്കളാഴ്ച രാത്രിയേ എത്തൂ എന്ന് കൊച്ചിയിലെ മര്‍ക്കന്റൈല്‍ മറൈന്‍ വിഭാഗം(എംഎംഡി) അധികൃതര്‍ അറിയിച്ചു. കപ്പലെത്തുന്ന സമയം കണക്കാക്കിയാവും കൊച്ചിയിലെ എംഎംഡി ക്യാപ്റ്റന്‍ സന്തോഷ്കുമാര്‍ പരിശോധനയ്ക്കായി യാത്ര തിരിക്കുക. ഇദ്ദേഹത്തോട് ഞായറാഴ്ച ചെന്നൈയിലെത്താനാണ് ആദ്യം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ , കപ്പല്‍ വൈകുന്നതിനാല്‍ സന്തോഷ്കുമാര്‍ യാത്ര മാറ്റിവച്ചു. പ്രഭുദയ തന്നെയാണോ ബോട്ടില്‍ ഇടിച്ചതെന്ന് സ്ഥിരീകരിക്കാനുള്ള പ്രാഥമിക പരിശോധനയാണ് നടക്കുക. കപ്പലിലെ യാത്രാവിവരങ്ങള്‍ രേഖപ്പെടുത്തുന്ന ലോഗ് ബുക്ക്, സന്ദേശങ്ങള്‍ രേഖപ്പെടുത്തുന്ന വൊയേജ് ഡാറ്റാ റെക്കോര്‍ഡര്‍ (വിഡിആര്‍) എന്നിവ പരിശോധിക്കും.

deshabhimani 050312

3 comments:

  1. നാലുദിവസത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ മത്സ്യത്തൊഴിലാളിയുടെ മൃതദേഹത്തോടും സര്‍ക്കാര്‍ അനാദരവ് . ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ സന്തോഷിന്റെ മൃതദേഹം ഞായറാഴ്ച പകല്‍ 10.30 ഓടെയാണ് കണ്ടെടുത്തത്. കരയ്ക്കെത്തിച്ചത് അഞ്ചരമണിക്കൂറിനു ശേഷവും. മൃതദേഹം വേഗത്തില്‍ കരയിലെത്തിക്കാനുള്ള നടപടിയൊന്നും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായില്ല. മൃതദേഹം കണ്ടെടുക്കുമ്പോള്‍ മത്സ്യബന്ധനബോട്ടുകള്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിനാല്‍ "ജാക്സണ്‍" എന്ന ബോട്ടില്‍ മൃതദേഹം കയറ്റി തോട്ടപ്പള്ളി ഹാര്‍ബറിലേക്കു തിരിച്ചു. മൃതദേഹവുമായി ഈ ബോട്ട് എത്തിയത് അഞ്ചരമണിക്കൂറിനുശേഷമാണ്. പൊലീസിന്റെയോ ഫിഷറീസ് വകുപ്പിന്റെയോ സ്പീഡ് ബോട്ട് ഉണ്ടായിരുന്നെങ്കില്‍ ഒരുമണിക്കൂറിനുള്ളില്‍ മൃതദേഹം കരയ്ക്കെത്തിക്കാമായിരുന്നു. 2.45 ഓടെയാണ് രണ്ട് സ്പീഡ് ബോട്ടുകള്‍ തോട്ടപ്പള്ളി ഹാര്‍ബറില്‍നിന്ന് പുറപ്പെട്ടത്. അപ്പോളെക്കും മൃതദേഹം വഹിച്ചുള്ള ബോട്ട് കരയിലെത്താറായിട്ടുണ്ടായിരുന്നു.

    ReplyDelete
  2. അര്‍ത്തുങ്കലില്‍ ബോട്ട് തകര്‍ത്തതെന്ന് കരുതുന്ന ഇന്ത്യന്‍ചരക്കുകപ്പല്‍ "പ്രഭുദയ"യെ അധികൃതര്‍ ചെന്നൈ തുറമുഖത്തേക്കു കൊണ്ടുപോയതില്‍ ദുരൂഹത. കേസില്‍നിന്ന് രക്ഷപ്പെടാനും തെളിവുകള്‍ നശിപ്പിക്കാനും കപ്പല്‍ കമ്പനിക്ക് വഴിയൊരുക്കി കൊടുക്കാനാണ് ഈ തീരുമാനമെന്നാണ് സൂചന. കൊച്ചി ഒഴിവാക്കി ചെന്നൈ തെരഞ്ഞെടുത്തതിനു പിന്നില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒത്താശയുമുണ്ട്. അര്‍ത്തുങ്കലില്‍ അപകടം ഉണ്ടാക്കിയത് "പ്രഭുദയ" ആണെന്ന് സൂചന ലഭിക്കുമ്പോഴേക്ക് കപ്പല്‍ ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തിനു സമീപം എത്തിയിരുന്നു. അവിടെനിന്ന് കൊച്ചിയിലേക്കുള്ള ദൂരം 321 നോട്ടിക്കല്‍ മൈലാണ്. ചെന്നൈയിലെത്താനാകട്ടെ 425 നോട്ടിക്കല്‍ മൈലും. ദൂരക്കൂടുതലുള്ള ചെന്നൈയില്‍ അടുത്താല്‍ മതിയെന്ന നിര്‍ദേശം ദുരൂഹമാണ്. അപകടം ഉണ്ടായ സ്ഥലത്തിനു സമീപത്തെ തുറമുഖമെന്ന നിലയിലും കപ്പല്‍ കൊണ്ടുവരേണ്ടത് കൊച്ചിയിലാണ്. കേസ് എടുത്തത് അമ്പലപ്പുഴ പൊലീസാണ്. പൊലീസിന്റെ തുടര്‍ നടപടിപോലും തടയുന്നതാണ് അധികൃത തീരുമാനം. കപ്പല്‍കമ്പനിക്ക് കേരള ഹൈക്കോടതിയെ ഒഴിവാക്കി ചെന്നൈ ഹൈക്കോടതിയെ സമീപിപ്പിക്കാന്‍ അവസരവും ഒരുങ്ങും. കപ്പല്‍ ഉടമകളായ തൊലാനി ഷിപ്പിങ് കോര്‍പറേഷന്റെ സമ്മര്‍ദ്ദത്തിന് അധികൃതര്‍ വഴങ്ങുകയായിരുന്നുവെന്ന് കരുതുന്നു. രണ്ട് മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊന്ന സംഭവത്തില്‍ ഇറ്റാലിയന്‍ കപ്പല്‍ എന്‍റിക്ക ലെക്സി കൊച്ചിയിലാണ് എത്തിച്ചത്. ഈ കേസിലെ പ്രതികള്‍ക്ക് സംസ്ഥാനത്ത് നേരിടേണ്ടി വന്ന പ്രതിഷേധവും മാധ്യമങ്ങളുടെ ഇടപെടലുകളും പുതിയ കേസില്‍ ഒഴിവാക്കുകയായിരുന്നു അധികൃത നീക്കത്തിന് പിന്നിലെന്നാണ് സൂചന.

    ReplyDelete
  3. ബോട്ടിനെ ഇടിച്ചെന്നു കരുതുന്ന പ്രഭുദയ എന്ന ചരക്കുകപ്പല്‍ പരിശോധിക്കാന്‍ കേരള പൊലീസ് ചെന്നൈയിലെത്തിയെങ്കിലും കപ്പല്‍ എത്താത്തതിനാല്‍ പരിശോധന നടന്നില്ല. കപ്പല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ചെന്നൈയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘത്തിലെ സിഐ അജയനാഥ് പറഞ്ഞു. കപ്പല്‍ എത്തിയാല്‍ ആദ്യം മര്‍ക്കന്റൈല്‍ മറൈന്‍ വിഭാഗം(എംഎംഡി) പരിശോധിക്കും. ഇതിനായി കൊച്ചി മര്‍ക്കന്റൈല്‍ മറൈന്‍ വിഭാഗം ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ സന്തോഷ്കുമാര്‍ തിങ്കളാഴ്ച ചെന്നൈയ്ക്കു പുറപ്പെട്ടു. ഇടിച്ചത് പ്രഭുദയയാണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ പൊലീസിന് കപ്പലിന്റെ ക്യാപ്റ്റനെയും മറ്റു ജീവനക്കാരെയും ചോദ്യം ചെയ്യാനാകൂ. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ സയന്റിഫിക് അസിസ്റ്റന്റുമാരുടെ മൂന്നംഗ സംഘവും പൊലീസിനൊപ്പമുണ്ട്. ആലപ്പുഴ ഡിവൈഎസ്പി കെ മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചെന്നൈയിലെത്തിയത്. അതേസമയം പ്രഭുദയയിലെ പരിശോധന അനിശ്ചിതത്വത്തിലായതായും സൂചനയുണ്ട്. ചെന്നൈ തുറമുഖം വഴി ഇരുമ്പയിര് കൈകാര്യം ചെയ്യുന്നത് ചെന്നൈ ഹൈക്കോടതി നേരത്തേ തടഞ്ഞിരുന്നു. ഇതുമൂലം കപ്പലിന് നങ്കൂരമിടാന്‍ ചെന്നൈ തുറമുഖം അധികൃതര്‍ ബര്‍ത്ത് അനുവദിക്കുന്നില്ല. കപ്പല്‍ അടുപ്പിക്കാന്‍ തടസമുള്ളതായി കാണിച്ച് ചെന്നൈ തുറമുഖ ട്രസ്റ്റ് തിങ്കളാഴ്ച വൈകിട്ട് കപ്പല്‍ ഉടമകളായ തൊലാനി ഷിപ്പിങ് കമ്പനിയുടെ ചെന്നൈ ഏജന്റിന് കത്തു നല്‍കിയതായി അറിയുന്നു. പ്രഭുദയയില്‍ നിന്ന് ഒരാള്‍ കടലില്‍ വീണതുമൂലമാണ് കപ്പല്‍ ചെന്നൈയില്‍ എത്താന്‍ ഒരു ദിവസം വൈകിയത്. കടലില്‍ വീണയാളെ ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുകയായിരുന്നു.

    ReplyDelete