Monday, March 26, 2012

കാര്‍ഷിക സര്‍വകലാശാലാ ഭൂമി പഞ്ചായത്തിനു നല്‍കാനുള്ള തീരുമാനം റദ്ദാക്കി

തൃശൂര്‍ : കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഭൂമി കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തിന് സൗജന്യമായി കൊടുക്കാനുള്ള സര്‍വകലാശാല എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനം ജനറല്‍ കൗണ്‍സില്‍ യോഗം റദ്ദാക്കി. കൊല്ലം ജില്ലയിലെ കൊട്ടാരക്കര വെട്ടിക്കവല പഞ്ചായത്തിലെ സദാനന്ദപുരത്തെ കാര്‍ഷിക സര്‍വകലാശാലയുടെ കൃഷി സമ്പ്രദായ ഗവേഷണകേന്ദ്രത്തിന്റെ (ഫാര്‍മിങ് സിസ്റ്റം റിസര്‍ച്ച് സ്റ്റേഷന്‍) 13.5 സെന്റ് സ്ഥലം വിട്ടുകൊടുക്കാനുള്ള നീക്കമാണ് ജനറല്‍ കൗണ്‍സില്‍ തടഞ്ഞത്.

തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജില്‍ ചേര്‍ന്ന യോഗമാണ് സ്ഥലം കൈമാറാനുള്ള എക്സിക്യുട്ടീവ് കമ്മിറ്റിയുടെയും രജിസ്ട്രാറുടെയും തീരുമാനം റദ്ദാക്കിയത്. സ്ഥലം കൈമാറാനാവശ്യപ്പെട്ട് സ്റ്റേഷന്‍ ഹെഡിന് രജിസ്ട്രാര്‍ കത്തയച്ചിരുന്നു. ഇതുസംബന്ധിച്ച് "ദേശാഭിമാനി"യില്‍ 21ന് പ്രസിദ്ധീകരിച്ച വാര്‍ത്ത ചൂണ്ടിക്കാട്ടി കൗണ്‍സില്‍ അംഗങ്ങള്‍ രജിസ്ട്രാറുടെയും എക്സിക്യുട്ടീവ് കമ്മിറ്റിയുടെയും തീരുമാനങ്ങള്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് തീരുമാനം റദ്ദാക്കിയതായും പഞ്ചായത്തിന് ഭൂമി വിട്ടുകൊടുക്കില്ലെന്നറിയിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. ബേസിക് സയന്‍സ്, ഹോര്‍ട്ടികള്‍ച്ചര്‍ തുടങ്ങിയ കോഴ്സുകള്‍ തുടങ്ങാന്‍ യോഗം തീരുമാനിച്ചു. ഹോര്‍ട്ടികള്‍ച്ചര്‍ ബിഎസ്സിക്ക് 30 സീറ്റ് അനുവദിക്കാനും നിര്‍ദേശമുണ്ട്.

വയനാട്ടില്‍ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് കോഴ്സും തുടങ്ങും. കാലാവസ്ഥാവ്യതിയാനത്തെ സംബന്ധിച്ച് പഠനവും ഗവേഷണവും നടത്താന്‍ പുതിയ അക്കാദമി ആരംഭിക്കും. ഭക്ഷ്യസുരക്ഷയ്ക്കും ജൈവകൃഷിക്കും പ്രാധാന്യം നല്‍കും. പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സ്റ്റുഡന്റ് ബെനഫിറ്റ് ഫണ്ട് സ്വരൂപിക്കും. അഫിലിയേറ്റ് കോളേജുകള്‍ അനുവദിക്കാന്‍ സര്‍വകലാശാലാ ആക്ട് ഭേദഗതി ചെയ്യാനുള്ള നിര്‍ദേശം രാജ്യത്തെ മറ്റ് കാര്‍ഷിക സര്‍വകലാശാലകളുടെ മാതൃകാനിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. തുക കൂട്ടിയെങ്കിലും ബജറ്റ് തുക സര്‍വകലാശാലയുടെ ആവശ്യങ്ങള്‍ക്ക് അപര്യാപ്തമാണ്. വൈസ് ചാന്‍സലര്‍ ഡോ. കെ ആര്‍ വിശ്വംഭരന്‍ അധ്യക്ഷനായി. എം പി വിന്‍സെന്റ് എംഎല്‍എ ബജറ്റ് നിര്‍ദേശം വായിച്ചു. ഡോ. എ അനില്‍കുമാര്‍ , വി എസ് സത്യശീലന്‍ , അച്യുത് ശങ്കര്‍ , ഡോ. ജോസ്ജോസഫ്, ഡോ ആര്‍തര്‍ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

deshabhimani 260312

No comments:

Post a Comment