Sunday, March 25, 2012

രാഷ്ട്രപതി വിദേശ സന്ദര്‍ശനങ്ങള്‍ക്ക്‌ചെലവഴിച്ചത് 205 കോടി രൂപ

രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഇതുവരെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി ചെലവഴിച്ചത് റെക്കോര്‍ഡ് തുക. ഈയിനത്തില്‍ ഇതുവരെ 205 കോടി രൂപ ചെലവഴിച്ച പ്രതിഭാ പാട്ടീല്‍ തന്റെ മുന്‍ഗാമികളെയെല്ലാം വളരെയേറെ പിന്‍തള്ളിയിരിക്കുകയാണ്. 2007ല്‍ രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റായി ചുമതലയേറ്റ പ്രതിഭാ പാട്ടീല്‍ ഇതുവരെ 12 വിദേശ യാത്രകളിലായി നാല് ഭൂഖണ്ഡങ്ങളിലെ 22 രാജ്യങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.

പ്രതിഭയുടെ അഞ്ചു വര്‍ഷ കാലാവധി അവസാനിക്കാന്‍ ആറ് മാസം കൂടി ബാക്കിയുള്ളപ്പോള്‍ ഒരു ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം കൂടി അവര്‍ നടത്താനുണ്ട്. എയര്‍ ഇന്ത്യയില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളാണ് പ്രതിഭ ഇതുവരെ വിദേശ യാത്രകള്‍ക്കായി ചെലവഴിച്ച തുക വ്യക്തമാക്കിയത്. തന്റെ ബന്ധുക്കള്‍ക്കൊപ്പമാണ് പ്രതിഭ വിദേശ യാത്രകളെല്ലാം നടത്തിയിരിക്കുന്നത്. ചാര്‍ട്ട് ചെയ്ത ബോയിംഗ് 747-400 വിമാനങ്ങളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. ചാര്‍ട്ട് ചെയ്ത വിമാനങ്ങള്‍ക്കായി മാത്രം 169 കോടി രൂപയാണ് ചെലവായതെന്ന് എയര്‍ ഇന്ത്യ പുറത്തു വിട്ട വിവരങ്ങള്‍ വെളിപ്പെടുത്തുന്നു.

വിദേശങ്ങളിലെ താമസത്തിനും പ്രാദേശിക യാത്രകള്‍ക്കും മറ്റു ചെലവുകള്‍ക്കുമായാണ് 36 കോടി രൂപ ചെലവഴിച്ചത്. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ഈ അപേക്ഷ ഏകദേശം മൂന്ന് വര്‍ഷത്തെ കാലതാമസത്തിന് ശേഷമാണ് അധികൃതര്‍ പരിഗണിച്ചത്. പ്രസിഡന്റിന്റെ യാത്രകള്‍ക്കുള്ള വിമാനങ്ങളുടെ ചെലവുകള്‍ വഹിക്കുന്ന പ്രതിരോധ മന്ത്രാലയം ആര്‍ ടി ഐ അന്വേഷണത്തെ വിലക്കിയതും വളരെ കുറച്ച് മാത്രം വിവരങ്ങള്‍ നല്‍കിയതുമാണ് അപേക്ഷയുടെ മറുപടി വൈകാന്‍ കാരണമായത്. പ്രസിഡന്റിന്റെ യാത്രാ ചെലവിനത്തില്‍ എയര്‍ ഇന്ത്യ നല്‍കിയ 169 കോടിയുടെ ബില്ലില്‍ 153 കോടി രൂപയും പ്രതിരോധ മന്ത്രാലയം അടച്ചിട്ടുണ്ട്.

janayugom 260312

1 comment:

  1. രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഇതുവരെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി ചെലവഴിച്ചത് റെക്കോര്‍ഡ് തുക. ഈയിനത്തില്‍ ഇതുവരെ 205 കോടി രൂപ ചെലവഴിച്ച പ്രതിഭാ പാട്ടീല്‍ തന്റെ മുന്‍ഗാമികളെയെല്ലാം വളരെയേറെ പിന്‍തള്ളിയിരിക്കുകയാണ്. 2007ല്‍ രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റായി ചുമതലയേറ്റ പ്രതിഭാ പാട്ടീല്‍ ഇതുവരെ 12 വിദേശ യാത്രകളിലായി നാല് ഭൂഖണ്ഡങ്ങളിലെ 22 രാജ്യങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.

    ReplyDelete