Saturday, March 24, 2012

യുവജന പ്രതിഷേധത്തെതുടര്‍ന്ന് ഉത്തരവ് പിന്‍വലിച്ചു

മാനന്തവാടി: കെംമ്പ് ആംബുലന്‍സ് സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ വീണ്ടും ഉന്നതങ്ങളില്‍ നീക്കം. ഇതിന്റെ ഭാഗമായി കെംമ്പ് ആംബുലന്‍സുകളിലെ ജീവനക്കാരെ വ്യാഴാഴ്ച പിരിച്ചുവിട്ടു. യുവജന പ്രതിഷേധത്തെ തുടര്‍ന്ന് പിരിച്ചുവിട്ട ഉത്തരവ് ഡിഎംഒ താല്‍ക്കാലികമായി റദ്ദാക്കി. ജില്ലക്ക് അനുവദിച്ച രണ്ട് കെംമ്പ് ആംബുലന്‍സുകളും തിരിച്ചുകൊണ്ടുപോകാന്‍ ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം ശ്രമിച്ചിരുന്നു. ഡിവൈഎഫ്ഐ അടക്കമുള്ള യുവജന സംഘടനകള്‍ വഴിയില്‍ വെച്ച് ആംബുലന്‍സുകള്‍ തടഞ്ഞതിനെ തുടര്‍ന്ന് ഈ നീക്കം പരാജയപ്പെട്ടിരുന്നു. പട്ടികവര്‍ഗ ക്ഷേമ മന്ത്രി പി കെ ജയലക്ഷ്മിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത ശേഷമേ തുടര്‍ നടപടികളുണ്ടാവൂയെന്ന് കലക്ടര്‍ അറിയിച്ചിരുന്നു. മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ചചെയ്യുമെന്ന് ഉറപ്പ് നല്‍കിയ പ്രശ്നം ചര്‍ച്ചനടക്കുന്നതിന് മുമ്പേ നടപ്പാക്കാനാണ് ആരോഗ്യവകുപ്പിലെ ഉന്നതര്‍ ശ്രമിച്ചത്. വെള്ളിയാഴ്ചയായിരുന്നു ചര്‍ച്ച നിശ്ചയിച്ചിരുന്നത്. എന്നാല്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് വാഹനം, ലോഗ്ബുക്ക്, ഫോണ്‍ , താക്കോല്‍ എന്നിവ തിരിച്ചേല്‍പ്പിക്കണമെന്ന് ആംബുലന്‍സിലെ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. ജില്ലാ ആശുപത്രി സ്ഥിതി ചെയ്യുന്ന മണ്ഡലത്തിലെ എംഎല്‍എ മന്ത്രിയായിട്ടു പോലും ഒരു ആംബുലന്‍സ് നിലനിര്‍ത്താന്‍ പോലും കഴിയുന്നില്ലെന്നതാണ് വസ്തുത. മന്ത്രിയുടെ അറിവോടെയാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നാണ് അറിയുന്നത്.

വെള്ളിയാഴ്ച ഡിവൈഎഫ്ഐയുടെയും മറ്റ് യുവജന സംഘടനകളുടെയും നേതൃത്വത്തില്‍ ഡെപ്യൂട്ടി ഡിഎംഒയെ തടഞ്ഞുവെച്ചിരുന്നു. ഇതേ തുടര്‍ന്ന് ഡിഎംഒ എത്തിയാണ് ഉത്തരവ് താല്‍ക്കാലികമായി പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കിയത്. അടുത്തുചേരുന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം വരെ നിലവിലുള്ള സ്ഥിതി തുടരുമെന്നാണ് ഡിഎംഒ അറിയിച്ചിരിക്കുന്നത്. ആംബുലന്‍സ് സര്‍വീസുകള്‍ നിലനിര്‍ത്താന്‍ മുന്‍കൈ എടുക്കേണ്ട മന്ത്രി പി കെ ജയലക്ഷ്മി ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസുകാരടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടും യൂത്ത് കോണ്‍ഗ്രസ് നേതാവുകൂടിയായ മന്ത്രി ഒരു ഇടപെടലും നടത്താതിരിക്കുന്നത് ഒത്തുകളിയുടെ ഭാഗമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സ്വന്തം മണ്ഡലത്തിലെ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കാന്‍ മന്ത്രി വേണ്ടത്ര താല്‍പ്പര്യം കാണിക്കുന്നില്ലെന്നത് യൂത്ത് കോണ്‍ഗ്രസിനിടയിലും അഭിപ്രായ വ്യത്യാസത്തിന് ഇടയാക്കിയിട്ടുണ്ട്.

deshabhimani 240312

1 comment:

  1. കെംമ്പ് ആംബുലന്‍സ് സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ വീണ്ടും ഉന്നതങ്ങളില്‍ നീക്കം. ഇതിന്റെ ഭാഗമായി കെംമ്പ് ആംബുലന്‍സുകളിലെ ജീവനക്കാരെ വ്യാഴാഴ്ച പിരിച്ചുവിട്ടു. യുവജന പ്രതിഷേധത്തെ തുടര്‍ന്ന് പിരിച്ചുവിട്ട ഉത്തരവ് ഡിഎംഒ താല്‍ക്കാലികമായി റദ്ദാക്കി. ജില്ലക്ക് അനുവദിച്ച രണ്ട് കെംമ്പ് ആംബുലന്‍സുകളും തിരിച്ചുകൊണ്ടുപോകാന്‍ ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം ശ്രമിച്ചിരുന്നു. ഡിവൈഎഫ്ഐ അടക്കമുള്ള യുവജന സംഘടനകള്‍ വഴിയില്‍ വെച്ച് ആംബുലന്‍സുകള്‍ തടഞ്ഞതിനെ തുടര്‍ന്ന് ഈ നീക്കം പരാജയപ്പെട്ടിരുന്നു.

    ReplyDelete