Monday, March 5, 2012

ചരിത്ര പ്രദര്‍ശനം ഇന്നുമുതല്‍ ; കാരാട്ട് ഉദ്ഘാടനം ചെയ്യും

സിപിഐ എം ഇരുപതാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ഒരുമാസം നീളുന്ന ചരിത്ര പ്രദര്‍ശനത്തിന് തിങ്കളാഴ്ച തുടക്കമാകും. "സോഷ്യലിസമാണ് ഭാവി" എന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനം ടൗണ്‍ഹാളില്‍ വൈകിട്ട് അഞ്ചിന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. ഇഎംഎസിന്റെ നാമധേയത്തില്‍ ടൗണ്‍ഹാളിനുമുന്നില്‍ പ്രത്യേകം തയാറാക്കിയ ഗ്രൗണ്ടിലാണ് പ്രദര്‍ശനം. ഏപ്രില്‍ 8 വരെ നീളുന്ന പ്രദര്‍ശനം രാവിലെ 9 മുതല്‍ രാത്രി 8 വരെയാണ്.

സമകാലീനം, സാര്‍വദേശീയം, ദേശീയം, കേരളം, കോഴിക്കോട് എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായി പോസ്റ്ററും പ്രധാന ചരിത്ര മുഹൂര്‍ത്തങ്ങളെ ചിത്രീകരിക്കുന്ന ശില്‍പ്പങ്ങളും ഒരുക്കിയിട്ടുണ്ട്. ചരിത്രരേഖകളുടെയും അംഗീകൃത പഠനപ്രബന്ധങ്ങളുടെയും പിന്‍ബലത്തോടെയാണ് പ്രദര്‍ശനത്തിലെ ഓരോ വാക്കും ദൃശ്യവും ഒരുക്കിയത്. വിശദാംശങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ പ്രദര്‍ശന നഗരിക്കകത്ത് റഫറന്‍സ് ലൈബ്രറിയുമുണ്ട്. താളിയോലകളടക്കം അപൂര്‍വ രേഖകളും ഗ്രന്ഥങ്ങളും പഴയ ആനുകാലികങ്ങളും പ്രദര്‍ശനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.

അമേരിക്ക നേതൃത്വം നല്‍കുന്ന ആഗോള സാമ്രാജ്യത്വ ശക്തികള്‍ ഉയര്‍ത്തുന്ന ഭീഷണിയും അതിന് ദാസ്യപ്പെടുന്ന മൂന്നാംലോക ഭരണാധികാരികളുടെ നടപടിയും പ്രദര്‍ശനത്തിലെ പ്രതിപാദ്യ വിഷയമാണ്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ അധികാരമേറ്റ ഇടതുപക്ഷ സര്‍ക്കാരുകള്‍ മുന്നോട്ടുവയ്ക്കുന്ന ബദല്‍സമീപനങ്ങളും മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ തിരിച്ചുവരവുകളും അമേരിക്കയിലും മറ്റു വികസിത മുതലാളിത്ത രാജ്യങ്ങളിലും മുഴങ്ങുന്ന കുത്തക വിരുദ്ധ മുദ്രാവാക്യങ്ങളും അറബ് വസന്തവും സംബന്ധിച്ച സന്ദേശങ്ങള്‍ പ്രദര്‍ശനത്തിന്റെ അവസാന ഭാഗത്തെത്തുമ്പോള്‍ ലഭിക്കും. നഗരിയില്‍ ചെറു തിയേറ്ററും ഒരുക്കിയിട്ടുണ്ട്്. പ്രസിദ്ധ സംവിധായകരുടെ ഡോക്യുമെന്ററികളും ഫീച്ചര്‍ ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കും. പ്രദര്‍ശനത്തിലെ വിഷയത്തിലൂന്നിയ ചോദ്യാവലി സന്ദര്‍ശകര്‍ക്ക് നല്‍കുകയും ശരിയുത്തരമെഴുതുന്നവര്‍ക്ക് ദിവസവും സമ്മാനം നല്‍കുകയും ചെയ്യും. തുടര്‍പഠനത്തിനാവശ്യമായ പുസ്തകങ്ങള്‍ ലഭ്യമാക്കുന്ന പുസ്തകശാലയും പ്രദര്‍ശന ഉള്ളടക്കം പുസ്തകരൂപത്തിലും സിഡിയിലും ലഭിക്കുന്ന സ്റ്റാളുകളും ഉണ്ട്.

കൈത്തറി സ്റ്റാള്‍ , സുഭിക്ഷ സ്റ്റാള്‍ , സിപ്കോ സ്റ്റാള്‍ , ദേശാഭിമാനി ബുക്ക് ഹൗസ് സ്റ്റാള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഇഎംഎസ് ആദ്യമായി ലേഖനമെഴുതിയ "ഉണ്ണിനമ്പൂതിരി" മാസികയും 1920ലെ കമ്യൂണിസ്റ്റ് പാര്‍ടി താഷ്കന്റ് യോഗത്തിന്റെ മിനുട്ട്സും കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രഥമ കാണ്‍പുര്‍ സമ്മേളനത്തിലെ(1925) ബാഡ്ജും സ്ലിപ്പും പ്രദര്‍ശനത്തിലെ അപൂര്‍വതയാണ്.

പ്രദര്‍ശനം നിറഞ്ഞ സദസ്സില്‍ "ഓള്‍ഗ" ആവേശമായി; പോരാട്ടമായിരുന്നു ആ ജീവിതം

നൊന്തുപെറ്റ കുഞ്ഞിനെ തന്നില്‍നിന്ന് അടര്‍ത്തി മാറ്റിയപ്പോഴും ഗ്യാസ് ചേംബറില്‍ നാസി ഭരണകൂടം മരണം വിധിക്കുമെന്നറിഞ്ഞപ്പോഴും ഓള്‍ഗ പതറിയില്ല. പുതിയൊരു പ്രഭാതം വിരിയാന്‍ പോരാട്ടങ്ങളുടെ കനല്‍പാതകള്‍ താണ്ടിയ ആ കമ്യൂണിസ്റ്റുകാരി കൊതിച്ചു. സാമൂഹ്യനീതിക്കും സ്വതന്ത്ര്യത്തിനുമായുള്ള പോരാട്ടമാണ് ജീവിതമെന്ന് ഓള്‍ഗ മനസ്സില്‍ കുറിച്ചിട്ടിരുന്നു. വിശ്വസിച്ച ആശയത്തില്‍ അടിയുറച്ച് അവള്‍ പൊരുതി.ജീവിതം നിറയെ മുറിവുകളും ദുരന്തങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന യുവതിയുടെ കഥയാണ് സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ രണ്ടാം ദിവസം പ്രദര്‍ശിപ്പിച്ചത്. ബ്രസീലില്‍നിന്നുള്ള ജേമെ മൊജാര്‍ദീം സംവിധാനം ചെയ്ത "ഓള്‍ഗ" ആസ്വാദക മനസ്സ് പിടിച്ചുലച്ചു. ടൗണ്‍ഹാളിലെ ഭരത് മുരളി നഗറില്‍ നിറഞ്ഞ സദസ്സിലായിരുന്നു പ്രദര്‍ശനം.

ഹിന്ദി ചിത്രമായ ഫിറാഖ് ഉള്‍പ്പെടെ മൂന്നു ചിത്രങ്ങളാണ് ഞായറാഴ്ച പ്രദര്‍ശിപ്പിച്ചത്. മുസ്ലിം വേട്ടയ്ക്കുശേഷം ഗുജറാത്തിലെ ആയിരക്കണക്കിന് മനുഷ്യരുടെ യഥാര്‍ഥ ജീവിതാവസ്ഥകളിലൂടെ സഞ്ചരിക്കുകയായിരുന്നു "ഫിറാഖ്". സംഗീതജ്ഞനായ ഖാന്‍ സാഹിബിന്റെ ജീവിതത്തിലൂടെ വംശഹത്യയുടെ നാളുകളിലും തുടര്‍ന്നും അവര്‍ അനുഭവിച്ച ദുരിതപൂര്‍ണമായ അനുഭവങ്ങളുടെ ഭീകരത ചിത്രം പകര്‍ത്തുന്നു. ഹിന്ദുക്കള്‍ ഏറെയുള്ള വാസസ്ഥലത്താണ് ഖാന്‍ ജീവിക്കുന്നത്. അദ്ദേഹത്തിന്റെ വേലക്കാരന്‍ കരീംമിയാന്‍ ഇടക്കിടെ മുസ്ലിം ജനത അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും യാഥാര്‍ഥ്യത്തിലേക്ക് ഉണരാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. ഖാന്‍ സൂഫീ സംഗീതത്തിനുവേണ്ടി സ്വയംസമര്‍പ്പിച്ചതുപോലെ കഴിയുകയായിരുന്നു. നസ്റുദ്ദീന്‍ ഷായുടെ തകര്‍പ്പന്‍ അഭിനയമാണ് ചിത്രത്തില്‍ . ശക്തമായ പൊളിറ്റിക്കല്‍ ത്രില്ലറായാണ് നിരൂപകര്‍ ഫിറാഖിനെ വാഴ്ത്തിയത്. പ്രമുഖ നടി നന്ദിതാദാസാണ് സംവിധായിക. സ്പാനിഷ് ചിത്രമായ ഈവന്‍ ദി റെയിനും പ്രദര്‍ശിപ്പിച്ചു. മേളയില്‍ ഇന്ന് പകല്‍ 10.30- ദി പിയാനിസ്റ്റ് (ഫ്രഞ്ച്) പകല്‍ 1.30- നെയ്ത്തുകാരന്‍ (മലയാളം) വൈകിട്ട് 70 എ സെപ്പറേഷന്‍ (ഇറാന്‍)

ചരിത്ര സ്മരണകളുണര്‍ത്തി "പായക്കപ്പല്‍"

കൊയിലാണ്ടി: ലോകത്തിന് ഇന്ത്യയിലേക്ക് വഴിതുറന്ന ചരിത്ര"യാന"ത്തിന്റെ മാതൃകയില്‍ "പായകപ്പല്‍". പാര്‍ടി കോണ്‍ഗ്രസിന് സ്വാഗതമോതി കൊയിലാണ്ടി പഴയ ബസ്സ്റ്റാന്‍ഡിന് മുന്‍വശത്താണ് പായക്കല്‍ മാതൃക സ്ഥാപിച്ചത്. 1498ല്‍ വാസ്ഗോഡഗാമ ഇന്ത്യയിലേക്കുള്ള യാത്രക്ക് പായകപ്പല്‍ ഉപയോഗിച്ചതോടെയാണ് ചരിത്രത്തില്‍ "പായക്കപ്പല്‍" സ്ഥാനം നേടിയത്. ചരിത്ര യാത്രയുടെ ഓര്‍മപ്പെടുത്തലായ പായക്കപ്പല്‍ മാതൃക ഷാജി പൂക്കാടിന്റെ നേതൃത്വത്തിലാണ് തീര്‍ത്തത്. പണ്ട് പുറംകടലില്‍ നങ്കൂരമിട്ടിരുന്ന പായക്കപ്പലുകള്‍ കടലിനിക്കരെയുള്ളവര്‍ക്ക് ദൂരക്കാഴ്ച മാത്രമായപ്പോള്‍ ദേശീയ പാതയോരത്തെ ഈ ദൃശ്യം ആസ്വദിക്കാന്‍ നിരവധിയാളുകളാണ് എത്തുന്നത്. ചെത്തുതൊഴിലാളി യൂണിയന്‍ (സിഐടിയു) താലൂക്ക് കമ്മിറ്റിയാണ് മാതൃക സ്ഥാപിച്ചത്. ഇന്ത്യക്ക് മേലുള്ള വൈദേശികാധിപത്യത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് പായക്കപ്പല്‍ മാതൃക.

"അഗ്നിനിലാവ് " ഡോക്യുഫിക്ഷന്‍ നിര്‍മാണം അവസാനഘട്ടത്തില്‍

കോഴിക്കോട്: സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ആദ്യകാല തൊഴിലാളി നേതാവും നാടക പ്രവര്‍ത്തകനുമായിരുന്ന പുതിയേടത്ത് അച്യുതമേനോക്കിയുടെ ത്യാഗോജ്വല സമര ജീവിതം ആസ്പദമാക്കി ജനപങ്കാളിത്തത്തോടെ നിര്‍മിക്കുന്ന "അഗ്നി നിലാവ്" ഡോക്യുഫിക്ഷന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ഫറോക്ക് സ്റ്റാന്‍ഡേര്‍ഡ് ഓട്ടുകമ്പനിയിലും പുതിയങ്ങാടി പാലക്കടയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം. ഓട്ടുകമ്പനി തൊഴിലാളികളും പാലക്കടയിലെ നാട്ടുകാരും അഭിനയിക്കുന്ന ഡോക്യുഫിക്ഷനില്‍ നാടക-സീരിയല്‍ -സിനിമാ രംഗത്തെ പ്രശസ്തര്‍ അണിനിരക്കുന്നു. ചന്ദ്രശേഖരന്‍ തിക്കോടിയാണ് രചന. ഗവേഷണവും സംവിധാനവും സന്തോഷ് പാലക്കട. സംഗീതം വില്‍സന്‍ സാമുവല്‍ , ഗാനരചന പി കെ ഗോപി, ക്യാമറ വത്സന്‍ മാത്യു.

deshabhimani 050312

1 comment:

  1. സിപിഐ എം ഇരുപതാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ഒരുമാസം നീളുന്ന ചരിത്ര പ്രദര്‍ശനത്തിന് തിങ്കളാഴ്ച തുടക്കമാകും. "സോഷ്യലിസമാണ് ഭാവി" എന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനം ടൗണ്‍ഹാളില്‍ വൈകിട്ട് അഞ്ചിന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. ഇഎംഎസിന്റെ നാമധേയത്തില്‍ ടൗണ്‍ഹാളിനുമുന്നില്‍ പ്രത്യേകം തയാറാക്കിയ ഗ്രൗണ്ടിലാണ് പ്രദര്‍ശനം. ഏപ്രില്‍ 8 വരെ നീളുന്ന പ്രദര്‍ശനം രാവിലെ 9 മുതല്‍ രാത്രി 8 വരെയാണ്.

    ReplyDelete