Monday, March 5, 2012

തദ്ദേശസ്ഥാപനങ്ങള്‍ക്ക് തിരിച്ചടി; പദ്ധതിവിഹിതം വെട്ടിക്കുറയ്ക്കുന്നു

ധനകമീഷന്‍ നിര്‍ദേശങ്ങള്‍ അട്ടിമറിച്ച് തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള പ്ലാന്‍ഫണ്ടില്‍ വന്‍ കുറവുവരുത്തുന്നു. സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധിയുടെ പേരിലുള്ള ഈ വെട്ടിക്കുറയ്ക്കല്‍ , തദ്ദേശസ്ഥാപനങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കും. ഇതോടെ, മുന്‍ യുഡിഎഫ് ഭരണകാലത്തെ ദുരവസ്ഥയിലേക്ക് തദ്ദേശസ്ഥാപനങ്ങള്‍ വീണ്ടും എത്തുമെന്ന് ഉറപ്പായി.

ഡോ. എം എ ഉമ്മന്‍ ചെയര്‍മാനായുള്ള നാലാം ധനകമീഷന്റെ നിര്‍ദേശമനുസരിച്ച് അടുത്ത സാമ്പത്തികവര്‍ഷം തദ്ദേശസ്ഥാപനങ്ങള്‍ക്ക് പദ്ധതിത്തുകയായി 3388 കോടി വകയിരുത്തേണ്ടതാണ്. എന്നാല്‍ , 3225 കോടി നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായി അറിയുന്നു. പദ്ധതിവിഹിതത്തിനുപുറമെ ജനറല്‍ പര്‍പ്പസ് ഗ്രാന്റും മെയിന്റനന്‍സ് ഗ്രാന്റും വെട്ടിക്കുറയ്ക്കാനും നീക്കമുണ്ട്. ഇത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയാകും. വിഹിതം കുറയുന്നത് തദ്ദേശസ്ഥാപനങ്ങളുടെ ധനമാനേജ്മെന്റിനെ ബാധിക്കും.

ശമ്പളം കൊടുക്കാന്‍പോലും കഴിയാത്ത അവസ്ഥയിലായിരുന്ന തദ്ദേശസ്ഥാപനങ്ങളെ രക്ഷപ്പെടുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലായിരുന്നു. അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി നിര്‍ണായക വകുപ്പുകള്‍ പലതും തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറിക്കഴിഞ്ഞു. ആവശ്യത്തിനുള്ള പണം ലഭിച്ചില്ലെങ്കില്‍ ഇവയുടെ വികസനത്തില്‍ തിരിച്ചടിയുണ്ടാകും. സംസ്ഥാനത്തിന്റെ പദ്ധതിവിഹിതത്തില്‍ 30 ശതമാനം തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്നായിരുന്നു നാലാം ധനകമീഷന്റെ നിര്‍ദേശം. 2011 ജനുവരിയില്‍ സമര്‍പ്പിച്ച ധനകമീഷന്‍ റിപ്പോര്‍ട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗീകരിച്ചു. അതനുസരിച്ച് പദ്ധതിവിഹിതവും ജനറല്‍ പര്‍പ്പസ് ഗ്രാന്റും മെയിന്റനന്‍സ് ഗ്രാന്റുമടക്കം 4100 കോടി കഴിഞ്ഞ സാമ്പത്തികവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കി. മുന്‍വര്‍ഷം 3000 കോടി നല്‍കിയ സ്ഥാനത്തായിരുന്നു ഇത്. പദ്ധതിത്തുകയായി 2750 കോടിയും ജനറല്‍ പര്‍പ്പസ് ഗ്രാന്റായി 617 കോടിയും മെയിന്റനന്‍സ് ഗ്രാന്റായി 793 കോടിയും ലഭിച്ചത് തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിച്ചു. ഇത് പടിപടിയായി ഉയര്‍ത്തണമെന്ന കമീഷന്‍ നിര്‍ദേശം അട്ടിമറിച്ചാണ് പൊടുന്നനെയുള്ള വെട്ടിക്കുറവ്.

ജനകീയാസൂത്രണത്തിന്റെ തുടക്കത്തില്‍ 30 ശതമാനം ഫണ്ടാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയത്. ഒന്നാം ധനകമീഷന്‍ നിര്‍ദേശിച്ചതിന്റെ അഞ്ചുമടങ്ങായിരുന്നു അത്. പ്രഭാത് പട്നായിക് ചെയര്‍മാനായ രണ്ടാം ധനകമീഷന്‍ ഇത് വ്യവസ്ഥാപിതമാക്കി. സംസ്ഥാന പദ്ധതിത്തുകയുടെ 25 ശതമാനം തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറണമെന്നായിരുന്നു രണ്ടാം ധനകമീഷന്റെ നിര്‍ദേശം. സംസ്ഥാനത്തിന്റെ നികുതിവരുമാനത്തില്‍ 3.5 ശതമാനം ജനറല്‍ പര്‍പ്പസ് ഗ്രാന്റായും 5.5 ശതമാനം മെയിന്റനന്‍സ് ഗ്രാന്റായും നല്‍കണമെന്ന ശുപാര്‍ശയും ഉണ്ടായിരുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് മൂന്നാം ധനകമീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഇത് അട്ടിമറിച്ചു. 25 ശതമാനം പദ്ധതിവിഹിതമെന്ന വ്യവസ്ഥ എടുത്തുമാറ്റി. നിശ്ചിത തുക മാറ്റിവയ്ക്കുകയും അതിന്റെ 10 ശതമാനംവീതം ഓരോവര്‍ഷവും വര്‍ധിപ്പിക്കാനുമായിരുന്നു തീരുമാനം. ജനറല്‍ പര്‍പ്പസ് ഗ്രാന്റും മെയിന്റനന്‍സ് ഗ്രാന്റും വെട്ടിക്കുറച്ചു. ഗ്രാമീണറോഡുകളുടെ തകര്‍ച്ചയ്ക്ക് ഇത് കാരണമായി. ഇത് അവസാനിപ്പിച്ച് നാലാം ധന കമീഷന്‍ റിപ്പോര്‍ട്ടിലൂടെ പഴയനില പുനഃസ്ഥാപിക്കുകയാണ് ചെയ്തിരുന്നത്.
(ആര്‍ സാംബന്‍)

deshabhimani 050312

1 comment:

  1. ധനകമീഷന്‍ നിര്‍ദേശങ്ങള്‍ അട്ടിമറിച്ച് തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള പ്ലാന്‍ഫണ്ടില്‍ വന്‍ കുറവുവരുത്തുന്നു. സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധിയുടെ പേരിലുള്ള ഈ വെട്ടിക്കുറയ്ക്കല്‍ , തദ്ദേശസ്ഥാപനങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കും. ഇതോടെ, മുന്‍ യുഡിഎഫ് ഭരണകാലത്തെ ദുരവസ്ഥയിലേക്ക് തദ്ദേശസ്ഥാപനങ്ങള്‍ വീണ്ടും എത്തുമെന്ന് ഉറപ്പായി.

    ReplyDelete