Wednesday, March 14, 2012

ആന്റണിക്കും യുഡിഎഫിനെ രക്ഷിക്കാനാവില്ല: പിണറായി

പിറവത്ത് ഉപതെരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പായിരിക്കുന്ന യുഡിഎഫിനെ രക്ഷിക്കാനുള്ള എ കെ ആന്റണിയുടെ അവസാന ശ്രമമാണ് എല്‍ഡിഎഫ് ഭിന്നതയിലാണെന്ന ആരോപണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫില്‍ ഒരു ഭിന്നതയുമില്ല. മറിച്ചുപറഞ്ഞ് ആന്റണി അനുയായികളെ ആശ്വസിപ്പിക്കാനൊന്നും ശ്രമിക്കേണ്ട. "കാല്‍ കുഴിച്ചിട്ട മന്തന്‍ വഴിയേ പോകുന്നവരെ മന്താ" എന്ന് വിളിക്കുന്നതു പോലെയാണ് ആന്റണിയുടെ പരാമര്‍ശം- പിണറായി കൂട്ടിച്ചേര്‍ത്തു. പാമ്പാക്കുടയില്‍ ചേര്‍ന്ന എല്‍ഡിഎഫ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പിറവത്ത് യുഡിഎഫ് പരാജയപ്പെടുമെന്ന് ഏറ്റവും നന്നായി അറിയാവുന്നത് ഉമ്മന്‍ചാണ്ടിക്കാണ്. എം ജെ ജേക്കബ് നല്ല ഭൂരിപക്ഷത്തോടെ ജയിക്കും. ആ വെപ്രാളത്തിലാണ് ഉമ്മന്‍ചാണ്ടി. അതുകൊണ്ട് തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ സര്‍ക്കാരിനു തുടരാനുള്ള ധാര്‍മികാവകാശം ഇല്ലാതാകും. അതിന് തടയിടാന്‍ എന്ത് ചെയ്യാന്‍കഴിയുമെന്ന ആലോചനയിലായിരുന്നു അദ്ദേഹം. അങ്ങനെയാണ് പ്രതിപക്ഷത്തുനിന്ന് ഒരാളെ ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ ചീഫ്വിപ്പും ചേര്‍ന്ന് കണ്ടെത്തുകയും കാലുമാറ്റിയെടുക്കുകയും ചെയ്തത്. കേരളരാഷ്ട്രീയ സംസ്കാരത്തിന് ഒട്ടും ചേരാത്ത നടപടിയാണിത്. "ആയാറാം ഗയാറാം" രാഷ്ട്രീയത്തിനെതിരാണ് കേരളം. അതുകൊണ്ടുതന്നെ ഉമ്മന്‍ചാണ്ടിയുടെ ഈ നടപടിയില്‍ കേരളമാകെ പ്രതിഷേധത്തിലാണ്. പിറവം ഉപതെരഞ്ഞെടുപ്പില്‍ നീതിബോധമുള്ള മുഴുവന്‍ ആളുകളും, അവരില്‍ എല്‍ഡിഎഫില്‍ അല്ലാത്തവര്‍വരെ ഈ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് പ്രതികരിക്കണം. ഏതെങ്കിലും വഞ്ചകനെ കൂട്ടുപിടിച്ചാല്‍ എല്‍ഡിഎഫിനെ തകര്‍ക്കാന്‍ കഴിയുമോ? ആന്റണിയും ഈ വഞ്ചനയ്ക്ക് അംഗീകാരം കൊടുത്തതായി വ്യക്തമായി. മാന്യമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരാണ് എല്‍ഡിഎഫ്. ഞങ്ങള്‍ ഒന്നു കൈ കാണിച്ചാല്‍ തകര്‍ന്നുപോകുന്നതേയുള്ളു യുഡിഎഫ്. പക്ഷേ, ഞങ്ങള്‍ അത് ചെയ്യില്ല. ജനവിധിയില്‍ക്കൂടി മാത്രമേ എല്‍ഡിഎഫ് അധികാരമേല്‍ക്കൂ.

പിറവത്ത് യുഡിഎഫ് ജനകീയപ്രശ്നങ്ങളിലേക്ക് ചര്‍ച്ച കൊണ്ടുപോകാന്‍ അധൈര്യപ്പെടുകയാണ്. കാരണം അവിടങ്ങളിലെല്ലാം അവര്‍ പരാജയമാണ്. അതുകൊണ്ടാണ് ജനശ്രദ്ധ തിരിക്കാന്‍ "സംസ്കാരച്ചടങ്ങുകള്‍" നാട്ടിലാകെ പ്രദര്‍ശിപ്പിക്കുന്നത്. ജാര്‍ഖണ്ഡിലെ പ്രശ്നത്തില്‍ കോണ്‍ഗ്രസിലെ ഭിന്നിപ്പ് പരിഹരിക്കാന്‍ ചുമതലപ്പെട്ട ആളാണ് ആന്റണി. അവിടെച്ചെന്ന് അതൊന്നും പരിഹരിക്കാന്‍ കഴിയില്ലെന്ന് ആന്റണിക്ക് അറിയാം. അതുകൊണ്ടാണ് അദ്ദേഹം നേരെ പിറവത്തുവന്ന് എല്‍ഡിഎഫിനെതിരെ ഭിന്നിപ്പ് ആരോപിച്ചത്. ജാര്‍ഖണ്ഡ്പ്രശ്നത്തില്‍ കേന്ദ്രമന്ത്രി റാവത്ത് മന്ത്രിസ്ഥാനം മാത്രമല്ല കോണ്‍ഗ്രസിനെയും ഉപേക്ഷിക്കുകയാണ്. അവിടെയുള്ള 32 എംഎല്‍എമാരില്‍ പകുതി തന്നോടൊപ്പമാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ഈ തരത്തില്‍ അതിരൂക്ഷമാണ് അവിടത്തെ ഭിന്നിപ്പ്. കോണ്‍ഗ്രസിനെക്കുറിച്ചും യുഡിഎഫിനെക്കുറിച്ചും ആരുവന്ന് നല്ലത് പറഞ്ഞാലും ജനങ്ങള്‍ വിശ്വസിക്കില്ല.

കോണ്‍ഗ്രസിനെ കോണ്‍ഗ്രസുകാര്‍പോലും അംഗീകരിക്കുന്നില്ല എന്നതിന്റെ തെളിവാണ് കഴിഞ്ഞ പണിമുടക്കില്‍ കോണ്‍ഗ്രസ് നേതാവ് പ്രസിഡന്റായ ഐഎന്‍ടിയുസി പങ്കെടുത്തത്. അഞ്ച് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പൊതുവികാരം കോണ്‍ഗ്രസ് ഭരണത്തില്‍ വേണ്ടെന്നുതന്നെയാണ്. അതുകൊണ്ടാണ് പഞ്ചാബില്‍ നിലവിലുള്ള സര്‍ക്കാരിന്റെ കക്ഷിയെ വീണ്ടും അധികാരത്തിലേറ്റുക എന്ന പുതുചരിത്രംതന്നെ ഉണ്ടായത്. കോര്‍പറേറ്റുകള്‍ക്കുവേണ്ടിയാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത്. സാധാരണക്കാരന്‍ അവരുടെ മുന്നിലില്ല. ലക്ഷക്കണക്കിനുകോടി രൂപയുടെ അഴിമതിയുടെ ഭരണമാണ് യുപിഎയുടേത്. ഇങ്ങനെയുള്ള കോണ്‍ഗ്രസിനെ ജനങ്ങള്‍ ഉപേക്ഷിച്ചിരിക്കുകയാണ്. ഈ കോണ്‍ഗ്രസിനെ പിറവത്ത് വിജയിപ്പിക്കണമെന്നു പറഞ്ഞാല്‍ പിറവത്തുകാര്‍ അംഗീകരിക്കുമെന്ന് വ്യാമോഹിക്കേണ്ടതില്ല- പിണറായി പറഞ്ഞു.

deshabhimani 140312

1 comment:

  1. പിറവത്ത് ഉപതെരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പായിരിക്കുന്ന യുഡിഎഫിനെ രക്ഷിക്കാനുള്ള എ കെ ആന്റണിയുടെ അവസാന ശ്രമമാണ് എല്‍ഡിഎഫ് ഭിന്നതയിലാണെന്ന ആരോപണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫില്‍ ഒരു ഭിന്നതയുമില്ല. മറിച്ചുപറഞ്ഞ് ആന്റണി അനുയായികളെ ആശ്വസിപ്പിക്കാനൊന്നും ശ്രമിക്കേണ്ട. "കാല്‍ കുഴിച്ചിട്ട മന്തന്‍ വഴിയേ പോകുന്നവരെ മന്താ" എന്ന് വിളിക്കുന്നതു പോലെയാണ് ആന്റണിയുടെ പരാമര്‍ശം- പിണറായി കൂട്ടിച്ചേര്‍ത്തു. പാമ്പാക്കുടയില്‍ ചേര്‍ന്ന എല്‍ഡിഎഫ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete